പഠനം അടിച്ചേൽപിക്കാനാവില്ല
ഗുരുകുലത്തിലെ എല്ലാ നിയമങ്ങളും പാലിച്ചു ശിഷ്യൻ ജീവിച്ചു. പക്ഷേ, രാത്രിയിൽ മതിലുചാടി പുറത്തുപോകുന്ന സ്വഭാവമുണ്ടായിരുന്നു ആ ശിഷ്യന്. ഒരുദിവസം ഗുരു അതു കണ്ടുപിടിച്ചു. മതിലിനോടുചേർന്ന് ഒരു പീഠം വച്ചിരിക്കുന്നത് അദ്ദേഹം കണ്ടു. ഗുരു അതെടുത്തുമാറ്റി ആ സ്ഥാനത്തു നിശ്ചലനായി നിന്നു. പുറത്തുപോയ ശിഷ്യൻ തിരിച്ചെത്തി. പീഠം ഉണ്ടെന്നു കരുതി അയാൾ ഗുരുവിന്റെ തലയിൽ ചവിട്ടി ഇറങ്ങി. മങ്ങിയ വെളിച്ചത്തിൽ ഗുരുവിന്റെ മുഖം കണ്ട ശിഷ്യൻ ഭയന്നു. ഗുരു പറഞ്ഞു: ‘‘നല്ല തണുപ്പുണ്ട്, ജലദോഷം പിടിക്കാതെ നോക്കണം’’. പിന്നീടു ശിഷ്യൻ രാത്രി മതിലുചാടിയിട്ടില്ല. പഠനം ഒരു സ്വയംപ്രേരിത പ്രക്രിയയാണ്. അത് അടിച്ചേൽപിക്കാനാവില്ല. പഠനമുറികളും പാഠ്യപദ്ധതികളും നൽകുന്നതിനെക്കാൾ വലിയ അറിവ് പ്രായോഗികജീവിതം നൽകും. പഠനം പുറത്തുനിന്നുള്ള നിർദേശങ്ങളെ അനുസരിക്കുന്നതല്ല; ഉള്ളിൽനിന്നുവരുന്ന ബോധത്തെ അനുഗമിക്കുന്നതാണ്. എഴുതിവച്ച നിയമങ്ങളുടെ ഭീഷണിസ്വരത്തെക്കാൾ എഴുതപ്പെടാത്ത മനുഷ്യത്വത്തിന്റെ ആർദ്രസമീപനങ്ങൾക്കാണു മനുഷ്യനെ സ്വാധീനിക്കാൻ കഴിയുക.