വാതിലടഞ്ഞില്ല!


ഇശാ പ്രാർത്ഥന കഴിഞ്ഞു മസ്ജിദുൽ അഖ്സയിലെ പാത്രിയർക്കീസ് വാതിലുകൾ ഓരോന്നായി അടച്ചു പ്രധാന കവാടത്തിൽ എത്തി.അടക്കാൻ നോക്കിയപ്പോൾ ആ വാതിൽ അടക്കാൻ കഴിഞ്ഞില്ല.

സഹായത്തിനു ആളുകളെ വിളിച്ചു.എന്നിട്ടും വാതിൽ അടക്കാൻ കഴിയാതെയപ്പോൾ നാളെ ആശാരിമാരെ വിളിച്ചു ശരിയാക്കിക്കാം എന്ന് പറഞ്ഞു അവർ അവിടെ നിന്നും പോയി.നബി സ തങ്ങൾക്ക് സ്വാഗതമോതി മസ്ജിദുൽ അഖ്സ യുടെ കവാടം മലർക്കെ തുറന്നു കിടന്നു.

തിരുനബി സ യുടെ യാത്രയുടെ ഒരു അടയാളമായിരുന്നു അത്.മാത്രമല്ല,നബി സ യെ കുറിച്ച് ഹിറഖ്ൽ രാജാവ് ചില ചോദ്യങ്ങൾ അബൂ സുഫ്യാൻ റ(അവരുടെ ഇസ്ലാമിനു മുമ്പ്)വിനോട് ചോദിച്ച ചരിത്രം സുവിദിതമാണല്ലോ.

ഈ സംസാരങ്ങൾ ക്കിടയിൽ നബി സ തങ്ങൾ കള്ളം പറഞ്ഞു എന്ന് വരുത്തിത്തീർക്കാൻ വേണ്ടി നബി സ യുടെ ഇസ്റാഅ് യാത്ര പരാമർശിക്കുന്നുണ്ട്. മക്കയിൽ നിന്നും ഫലസ്തീനിലേക്ക് ഒരു രാത്രി കൊണ്ട് യാത്ര ചെയ്യുക എന്നത് അവിശ്വസനീയമാണ്.ആയതിനാൽ നബി സ യുടെ ഇസ്റാഅ് യാത്ര യെ കുറിച്ച് പറഞ്ഞിൽ ഹിറഖ്ൽ നബി യെ കളവാക്കുമെന്നാണ് കരുതിയത്.എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.

മസ്ജിദുൽ അഖ്സ യുടെ കവാടം അടക്കാൻ ശ്രമിച്ച പാത്രിയർക്കീസ് ആ സഭയിലുണ്ടായിരുന്നു.അദ്ദേഹം പ്രസ്തുത സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചു.

അദ്ദേഹം പറഞ്ഞു:അബൂ സുഫ്യാൻ പറഞ്ഞ യാത്രയെ കുറിച്ച് എനിക്കറിയാം.അന്നേ ദിവസം മസ്ജിദുൽ അഖ്സ യുടെ കവാടം അടക്കാൻ കഴിഞ്ഞിരുന്നില്ല.രാവിലെ വന്നപ്പോൾ പ്രയാസമില്ലാതെ വാതിൽ അടയുകയും ചെയ്തു.മാത്രമല്ല അവിടെയുള്ള പാറയിൽ ഒരു വാഹനം കെട്ടിയ കൊളുത്തും ഉണ്ടായിരുന്നു.
നമ്മുടെ വേദങ്ങളിൽ ഒരു പ്രവാചകൻ മസ്ജിദുൽ അഖ്സ യിൽ നിന്നും ആകാശ യാത്ര നടത്തുമെന്ന് .വാതിൽ അടയാത്ത രാത്രി അതായിരിക്കും സംഭവിച്ചതെന്ന് ഞാൻ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു.ആ പ്രവാചകൻ ആരാണെന്ന് ഇപ്പോൾ ബോധ്യമായി.
(സീറത്തുൽ ഹലബിയ്യ പ്രസ്തുത സംഭവം വിശദമായി പറയുന്നുണ്ട്)

നിസ്കാരം കഴിഞ്ഞു,വാനലോകത്തേക്കുള്ള യാത്ര ആരംഭിക്കും മുമ്പ് ജിബ്‌രീൽ അ നബി സ തങ്ങൾക്ക് ഒരു ട്രേയിൽ രണ്ടു തരം പാനീയങ്ങൾ ഉള്ള രണ്ടു ഗ്ലാസുകൾ കൊടുത്തു.ഒരു ഗ്ളാസിൽ പാലും മറ്റേ ഗ്ളാസിൽ കള്ളുമായിരുന്നു.

ഇഷ്ടമുള്ളത് എടുക്കാൻ പറഞ്ഞപ്പോൾ നബി സ പാലിന്റെ ഗ്ളാസ് സെലക്ട് ചെയ്തു.
ആഹ്...അങ്ങ് പ്രകൃതി ദത്തമായത് തെരഞ്ഞെടുത്തല്ലോ എന്ന് പറഞ്ഞു ജിബ്‌രീൽ അ നബി സ യെ അഭിനന്ദിച്ചു.

ആകാശ യാത്രക്കവർ തയ്യാറെടുത്തു...


മുഹമ്മദ് സാലിം മപ്പാട്ടുകര

Comments