കല്‍ച്ചീളുകള്‍ ഏറ്റുവാങ്ങി
വീര്‍ത്ത ഉദരത്തില്‍ മൃദുലമായിതടവിക്കൊണ്ട് ഖൗലബിന്‍ത് ഖുവൈലിദ് നെടുവീര്‍പ്പിട്ടു. പോയകാലത്തിന്‍റെ ഏടുകളിലെ ഓര്‍മകള്‍ ഖൗലയെ വേദനിപ്പിച്ചുകൊണ്ടിരുന്നു. വിവാഹിതയായ താന്‍ എന്തിനാണ് ഒരന്യപുരുഷന്‍റെ കൈത്തണ്ടയില്‍ കിടന്നുകൊടുത്തത്? അഭിശപ്തമായ ആ ദുര്‍ബലനിമിഷം ഓര്‍ക്കുമ്പോള്‍ ലജ്ജയും കുറ്റബോധവും കൊണ്ട് വിറച്ചു പോകുന്നു. പ്രണയത്തിന്‍റെ വലക്കണ്ണികളില്‍ കുടുങ്ങി താന്‍ ലോകം വിസ്മയിച്ചുപോയി. അയാളുടെ ചാരത്തിരുന്നപ്പോള്‍ തന്‍റെ ഓരോ അണുവും ത്രസിച്ചു ഒരഗ്നിജ്വാലയായി അയാളില്‍ പടര്‍ന്നു. പരിസരബോധം വന്നപ്പോഴാണ് ചെയ്ത തെറ്റിനെക്കുറിച്ചോര്‍ത്തത്. ആ പാപഭാരം ഇപ്പോള്‍ തന്‍റെ ഉദരത്തില്‍ വളരുകയാണ്. തന്‍റെ ഗോത്രമായ ഗാമിദിനും മുസ്‌ലിം സമുദായത്തിനും താനൊരു ഭാരമായി. ഉടയതമ്പുരാന്‍റെ കോടതിയില്‍ പ്രതിയായി. ഒളിപ്പിച്ചുവെച്ചാലും മറയാത്ത വിധം ആ തെറ്റ് പുറത്തായിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ദൃഷ്ടിയില്‍ മൂടിവെച്ചാലും റബ്ബിന്‍റെ മുന്നില്‍ മൂടിവെക്കാനാകില്ലല്ലോ.
“എന്‍റെ റബ്ബേ, ഞാനെന്താണ് ചെയ്യേണ്ടത്. ഞാനെന്തിനാണിങ്ങനെ ജീവിക്കുന്നത്. പെണ്ണുങ്ങളെ വഞ്ചിക്കാനും ചതിയില്‍പ്പെടുത്താനും പെട്ടെന്ന്‍ കഴിയും. ആണുങ്ങളുടെ ചക്കരവാക്കില്‍ പെട്ടെന്ന്‍ വിശ്വസിച്ചുപോകും. പിന്നീടാണ് കാര്യബോധം വരിക”. ഖൗല നൊമ്പരപ്പെട്ടു. ചെയ്തുപോയ തെറ്റിന് മാപ്പിരന്നു. ഖേദത്തിന്‍റെ കൊടുമുടി കയറാന്‍ താന്‍ ഒരുക്കമാണ്. പക്ഷേ തനിക്കള്ളാഹു മാപ്പുനല്‍കുമോ? തന്നെ സ്വീകരിക്കാതെ തള്ളുമോ? ഇല്ല. എന്‍റെ റബ്ബെന്നെ തട്ടിക്കളയില്ല. നൂറു പേരെ വധിച്ച മഹാപാപിക്ക് മാപ്പരുളിയവനല്ലേ അവന്‍. അവന്‍റെ കരുണാകടാക്ഷം കനിയാതിരിക്കില്ല. അതികഠിനമായ ശിക്ഷയാണ് വിവാഹിതയായ വ്യഭിചാരിക്ക് ഇസ്‌ലാം വിധിച്ചിട്ടുള്ളത്. എറിഞ്ഞുകൊല്ലുക. സാരമില്ല. ഞാനതു സഹിച്ചുകൊള്ളാം. ചെയ്ത തെറ്റിനുവേണ്ടിയല്ലേ. ശിക്ഷ ഭയന്നു ഒളിപ്പിച്ചുവെച്ചിട്ടുകാര്യമില്ല. എത്രയും വേഗം നബി(ﷺ)യുടെ സന്നിധിയിലെത്തി കുറ്റസമ്മതം നടത്തുകതന്നെ.
ഖൗലയെ കണ്ടപ്പോള്‍ നബി(ﷺ) ചോദിച്ചു:
‘എന്താണ് നീ ഇങ്ങനെ വന്നുനില്‍ക്കുന്നത്?’
‘ഞാനൊരു സങ്കടം ബോധിപ്പിക്കാന്‍ വന്നതാണ്’.
‘എന്തു സങ്കടമാണ് പറയൂ’.
‘എന്നെ ശിക്ഷിച്ചു ശുദ്ധിയാക്കിത്തരണം. അരുതാത്ത ആ തെറ്റ് ഞാന്‍ ചെയ്തുപോയി’.
‘ഇല്ല. നീ വ്യഭിചരിച്ചിട്ടുണ്ടാവില്ല. ചുംബിച്ചതോ മറ്റോ ആകാം’.
‘അല്ല റസൂലേ, വ്യഭിചാരം തന്നെ നടന്നു’.
കുറ്റസമ്മതവുമായി കോടതിയില്‍ നേരിട്ട് ഹാജരാകുന്ന പ്രതിയെ രക്ഷപ്പെടുത്തുകയല്ല. രക്ഷപ്പെടാനുള്ള പഴുതുവെച്ചുകൊടുക്കല്‍ ജഡ്ജിയുടെ സാമാന്യബാധ്യതയാണ്. തദടിസ്ഥാനത്തില്‍ ഏറ്റുപറഞ്ഞത് വ്യാഖ്യാനിച്ച് വേണമെങ്കില്‍ ഖൗലക്കും രക്ഷപ്പെടാം. അതിനുള്ള സൂചന നബി(ﷺ) നല്‍കിക്കഴിഞ്ഞു. പക്ഷേ ഖൗല ആ പിടിവള്ളിയില്‍ തൂങ്ങിയില്ല. നാലുതവണ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു.
‘അല്ല. ഞാന്‍ വ്യഭിചരിച്ചതുതന്നെയാണ്. എന്നെ ശിക്ഷിച്ചു ശുദ്ധിയാക്കിത്തരണം’.
നബി(ﷺ)യുടെ ചാരത്തേക്കടുത്തുനിന്ന്‍ സ്വരം താഴ്ത്തി ഖൗല വീണ്ടും പറഞ്ഞു: “ഞാന്‍ ഗര്‍ഭിണിയാണ് തിരുദൂതരേ. ശിക്ഷിച്ചേ മതിയാകൂ”.
‘എങ്കില്‍ നിന്നെ ഇപ്പോള്‍ ശിക്ഷിക്കാന്‍ നിര്‍വ്വാഹമില്ല. തിരികെ പോകൂ. പ്രസവമെല്ലാം കഴിഞ്ഞുവരിക’.
വിധികേട്ട് സ്തബ്ധയായ ഖൗല മനമില്ലാമനസ്സോടെ തിരികെ പോന്നു. തന്‍റെ ജീവിതം തുലച്ച ആ സംഭവത്തെ അനവധിതവണ പിരാകിക്കൊണ്ട്, തന്‍റെ ഖേദത്തിന്‍റെ മാറാപ്പ് നബി(ﷺ)യുടെ മുന്നില്‍ തുറന്നിട്ടതില്‍ സമാധാനിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു..............
__________________________
ഖൗല പ്രസവിച്ചു!
ഒട്ടും താമസിച്ചില്ല, പൈതലിനെ ഒരു തുണിക്കഷ്ണത്തില്‍ പൊതിഞ്ഞു അവള്‍ നബി(ﷺ)യുടെ മുന്നിലെത്തി.
‘എന്‍റെ പ്രസവം കഴിഞ്ഞിരിക്കുന്നു. ഇതാ കുഞ്ഞ്. ഇനി താമസം വേണ്ട. എന്നെ ശിക്ഷിക്കാന്‍ ഉത്തരവിട്ടാലും’.
നബി(ﷺ) പറഞ്ഞു: “ഇല്ല, നിന്നെ ശിക്ഷിക്കാനായിട്ടില്ല. ഈ ശിശുവിന്‍റെ മുലകുടി കഴിഞ്ഞ് വരൂ. അപ്പോഴാകാം ശിക്ഷ”.
നിരാശയായി ഖൗല ഇത്തവണയും തിരിച്ചുപോന്നു. രണ്ടുവര്‍ഷം വേഗം കഴിയണമേയെന്ന്‍ മനമുരുകി പ്രാര്‍ത്ഥിച്ചു. കല്ലുകളുമായി ആളുകള്‍ വളഞ്ഞുനിന്ന്‍ തന്നെ എറിയുന്നത് ഖൗല മനസ്സില്‍ കണ്ടു. വേദനകൊണ്ട് പുളയുകയും രക്തംവാര്‍ന്നൊഴുകി മരിക്കുകയും ചെയ്യുന്ന രംഗം തെളിഞ്ഞുവന്നു. എന്നാലും സാരമില്ല. അള്ളാഹു പൊറുത്തുതന്നെങ്കിലോ? അതല്ലേ വലിയ നേട്ടം. ശരീഅത്ത് കോടതി വിധിച്ച ശിക്ഷ അനുഭവിച്ചതുകൊണ്ട് പരലോകത്തെ ശിക്ഷ ഒഴിവായെന്നുറപ്പിക്കാനാവില്ല. അതെല്ലാം അള്ളാഹുവിന്‍റെ തീരുമാനപ്രകാരമാണ് സംഭവിക്കുക. എങ്കിലും നൂറ്റൊന്നാവര്‍ത്തിച്ച തന്‍റെ മനസ്താപം അള്ളാഹുവിന്‍റെയും റസൂലിന്‍റെയും മുന്നില്‍ വെളിപ്പെടുത്തുവാന്‍ കഴിയുമല്ലോ.
ഇനിയും കാത്തിരിക്കാനാവില്ല. ഒട്ടും താമസിയാതെ ശിക്ഷക്ക് കീഴടങ്ങണം. ഒരു റൊട്ടിക്കഷ്ണമെടുത്ത് കുട്ടിയുടെ വായയില്‍ തിരുകി. ഒരു കഷ്ണം കുട്ടിയുടെ കയ്യില്‍പിടിപ്പിച്ചു. ശേഷം കുട്ടിയെ എടുത്ത് ഒക്കത്തുവെച്ച് ഖൗല സര്‍വധൈര്യവും സംഭരിച്ച് നബി(ﷺ)യുടെ സന്നിധിയിലെത്തി.
‘ഈ കുട്ടിയുടെ മുലകുടി കഴിഞ്ഞു. ഇപ്പോള്‍ ആഹാരം കഴിക്കാനായിരിക്കുന്നു. എന്നെ ഇനിയും മടക്കിവിടാതെ ശിക്ഷിക്കണം നബിയേ’.
കഥയറിയാതെ ചിരിക്കുന്ന ആ ശിശുവിനുനേരെ നബി(ﷺ) കൈ നീട്ടി. അള്ളിപിടിച്ച കുഞ്ഞിനെ ഉമ്മയുടെ ശരീരത്തില്‍ നിന്ന്‍ അടര്‍ത്തിയെടുത്ത് ഒരാളെ ഏല്‍പ്പിച്ചു.
നൊന്തുപെറ്റ തന്‍റെ പൈതലിനെ ഖൗല അവസാനമായൊന്നു നോക്കി. അവളുടെ നയനങ്ങള്‍ നിറഞ്ഞൊഴുകി. നെഞ്ച് പിടച്ചു. സര്‍വ്വാംഗം തളരുന്നതുപോലെ. ഉമ്മയെ വേര്‍പ്പെട്ട ശിശുവിന്‍റെ ഏങ്ങല്‍ കര്‍ണപുടങ്ങളില്‍ തുളച്ചുകയറി...
മദീനാശരീഫിലെ മസ്ജിദുന്നബവിയുടെ തെക്കുഭാഗത്ത് കുഴിയൊരുങ്ങി. മദീനയില്‍ തെക്കോട്ട് തിരിഞ്ഞാണ് നിസ്കരിക്കുന്നത്. അങ്ങോട്ടാണ് ഖിബിലദിശ. അവിടെയുള്ള ഒരു പ്രത്യേകസ്ഥലത്തുവെച്ചാണ് ശരീഅത്ത് കോര്‍ട്ട് ശിക്ഷ നടപ്പാക്കുന്നത്. കുഴിയില്‍ ഇരുത്തി അരക്കൊപ്പം മണ്ണിട്ട് മൂടിയശേഷം പ്രതിയെ കുറ്റം ഒന്നുകൂടി ഓര്‍മിപ്പിക്കുന്നു. പ്രതിയോട് വ്യക്തിപരമായി യാതൊരു വെറുപ്പോ പ്രതികാരമോ ഇല്ലെന്ന്‍ തുറന്നു പറയുന്നു. അള്ളാഹുവിന്‍റെ വിധി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് തെര്യപ്പെടുത്തുന്നു.
ഖൗലയെ കുഴിയില്‍ ഇരുത്തി. അരവരെ മണ്ണിട്ടുമൂടി. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്‍റെ തലവലിച്ചു ശരീരമാകെ പുതച്ചുകെട്ടി. ഏറുകൊണ്ട് പുളയുമ്പോള്‍ വസ്ത്രം നീങ്ങിപ്പോകാതിരിക്കാനാണത്. ചുറ്റും സ്വഹാബിമാര്‍ കല്ലുകളുമായി കൂടിനിന്നു. ദൃഷ്ടികള്‍ താഴെക്കിട്ട് പരലോകം മാത്രം മനസ്സില്‍ കണ്ട് ഖൗല മൗനിയായി ഇരുന്നു. വാടിത്തളര്‍ന്ന ആ ശരീരത്തില്‍ മനസ്സ് ദൃഢവും ശക്തവുമായിരുന്നു. വന്നുപോയ തെറ്റിനോട് പുച്ഛവും അള്ളാഹുവിന്‍റെ മാപ്പില്‍ ഉറച്ച പ്രതീക്ഷയും വെച്ചിരുന്നു. കല്ല് കയ്യിലേന്തിയവര്‍ തുരുതുരാ എറിയാന്‍ തുടങ്ങി.....
എത്ര തുടച്ചിട്ടും ഖാലിദ്ബിന്‍വലീദ്(رضي الله عنه)വിന്‍റെ മുഖത്തുനിന്ന്‍ രക്തക്കറ പോകുന്നില്ല. ഖാലിദ്(رضي الله عنه)വിന് ദേഷ്യം പിടിച്ചു. കടപ്പല്ല് ഞെരിച്ചു. ഖൗലയെ അസഭ്യം പറയാന്‍ തുടങ്ങി; ‘വൃത്തികെട്ടവള്‍, തേവിടിശ്ശി. അവളുടെ തലയില്‍ നിന്നൊഴുകിയ ചോരയാണ് എന്‍റെ മുഖത്തായത്. ഛെ!’
പക്ഷേ നബി(ﷺ) ഖാലിദ്(رضي الله عنه)വിനെ തിരുത്തി. “അങ്ങനെ പറയരുത്. അള്ളാഹുവാണെ, ആ സ്ത്രീയുടെ തൗബ അതിശക്തമാണ്”.
ഖൗലയുടെ മയ്യിത്ത് കുളിപ്പിച്ച് നിസ്കരിക്കുവാന്‍ നബി(ﷺ) കല്‍പിച്ചപ്പോള്‍ ഉമര്‍(رضي الله عنه) ചോദിച്ചു: ‘അവള്‍ക്ക് നിസ്കരിക്കുകയോ? വ്യഭിചാരിയല്ലേ ആ സ്ത്രീ?’
“ഉമറേ, ആ സ്ത്രീയുടെ പശ്ചാതാപം അതിവിപുലമാണ്. മദീനയിലെ എഴുപതു പേരുടെ തൗബയുമായി തട്ടിച്ചുനോക്കിയാല്‍ അവരാരും ആ സ്ത്രീയോടൊപ്പമെത്തുകയില്ല”. തിരുനബി(ﷺ) ഉമര്‍(رضي الله عنه)വിനെ തിരുത്തി....
· (ഏഴു മഹാപാപങ്ങളില്‍ ഒന്നാണ് വ്യഭിചാരം. നീചവും നികൃഷ്ടവുമായ ലൈംഗികബന്ധമാണത്. പരലോകത്ത് കഠിനമായ ശിക്ഷ അതിനുണ്ട്. ലൈംഗികാവയവങ്ങള്‍ പഴുത്തുചീഞ്ഞ് ചീഞ്ചലമൊലിക്കുന്ന വൃത്തിഹീനമായ ശിക്ഷ നരകത്തിലവര്‍ക്കുണ്ട്. ശരീഅത്ത് കോടതി നിലവിലുള്ള വ്യവസ്ഥിതിയില്‍ വ്യഭിചാരത്തിന് ഹദ്ദ്(ശിക്ഷ) നടപ്പിലാക്കുന്നതാണ്. വ്യഭിചരിച്ചത് വിവാഹിതരാണെങ്കില്‍ ഇരുവരെയും എറിഞ്ഞു കൊല്ലേണ്ടതും അവിവാഹിതരാണെങ്കില്‍ നൂറുതവണ പ്രഹരിച്ച് ഒരുവര്‍ഷം നാടുകടത്തേണ്ടതുമാണ്. കുറ്റം നഗ്നദൃഷ്ടികൊണ്ട് കൃത്യമായി കണ്ട നാലുസാക്ഷികള്‍ കോടതിയില്‍ സാക്ഷിനിന്നാലാണ് ശിക്ഷ വിധിക്കുക. സാക്ഷികളില്ലാതെ പ്രതി നാലുതവണ കുറ്റം ഏറ്റുപറഞ്ഞാലും ശിക്ഷിക്കപ്പെടും. ഖൗലയുടെ കാര്യത്തില്‍ അതാണ് സംഭവിച്ചത്. ഇസ്‌ലാമിന്‍റെ ശിക്ഷാവിധികള്‍ സമൂഹത്തെ കുറ്റമുക്തമാക്കാന്‍ പര്യാപ്തമാണ്. ശിക്ഷയുടെ കാഠിന്യം കുറ്റകൃത്യങ്ങളെ തടയുന്നു. തെറ്റുവരാതെ സൂക്ഷിക്കണം. മനുഷ്യരായതുകൊണ്ട് തെറ്റുകള്‍ സംഭവിച്ചേക്കാം. അഥവാ അങ്ങനെയുണ്ടായാല്‍ പശ്ചാതപിച്ചു മടങ്ങണം. തൗബ അള്ളാഹുവിന് ഇഷ്ടമാണ്. തൗബ ചെയ്യുന്നവര്‍ക്ക് അവന്‍ മാപ്പരുളുന്നതാണ്. ഹിമാലയത്തെക്കാള്‍ വലുതായ പശ്ചാതാപം ഖൗലക്കുണ്ടായിരുന്നതിന് തെളിവാണ് പരസ്യമായി കുറ്റം ഏറ്റുപറഞ്ഞു ശിക്ഷ ഏറ്റുവാങ്ങിയത്. മാത്രമല്ല. ആ മഹതിയെ കുറ്റംപറഞ്ഞ സ്വഹാബിമാരെ തിരുനബി(ﷺ) ശാസിക്കുകയും ചെയ്തു. അതിനാല്‍ അവരുടെ തെറ്റിനെക്കാള്‍ വലുതായി നാം കാണേണ്ടത് അവരുടെ തൗബയെയാണ്).
═════════════
Comments
Post a Comment