ശീസ് (അ), ഇദ് രീസ് (അ) 10


പേനകൊണ്ടെഴുതിയ ആദ്യമനുഷ്യൻ ... (2)

ഇദ് രീസ് (അ) ആദ്യമായി പേനകൊണ്ട് എഴുതിയപ്പോൾ ലോകം ആശ്ചര്യപ്പെട്ടു. തയ്യൽ പണി തുടങ്ങിയതും ഇദ്‌രീസ് (അ) ആകുന്നു. തുണി വെട്ടി തുന്നിച്ചേർത്തു ഉടുപ്പുണ്ടാക്കി. ശരീരത്തിൽ ധരിച്ചു. ഇവിടെയും ഒന്നാമൻ തന്നെ...

അത് വരെ തോൽ ധരിച്ചാണ് നടന്നിരുന്നത്. വസ്ത്രം മനുഷ്യ ശരീരത്തെ സുന്ദരമാക്കുന്നു. മനുഷ്യന്ന് ഭംഗി കൂട്ടുന്നത് വസ്ത്രങ്ങളാണ്. അലങ്കാര വസ്ത്രങ്ങൾ വന്നതോടെ സൗന്ദര്യബോധവും വളർന്നു. വസ്ത്രം ശരീരത്തിന്ന്  സുരക്ഷ നൽകുന്നു. ചുടുംതണുപ്പും വരുമ്പോൾ രക്ഷയാകുന്നത് വസ്ത്രമാണ്. വസ്ത്രങ്ങളുടെ കണ്ടുപിടിത്തം മനുഷ്യവർഗ്ഗ ചരിത്രത്തിലെ മഹാ സംഭവമാണ്. നാഗരികതയുടെ  ആൾക്കാരെന്ന് വിശേഷിക്കപ്പെടുന്ന ഗ്രീക്കുകാർക്ക് വഴി വെളിച്ചമായത് ഇദ് രീസ് (അ)ന്റെ നടപടികളായിരുന്നു. നെയ്ത് നല്ലൊരു കൈത്തൊഴിലായി വളർത്തിയെടുത്തു...

ഇരുമ്പിന്റെ ഉപയോഗം വർദ്ധിച്ചു. പല വസ്തുക്കൾ നിർമ്മിക്കുവാനുള്ള  വിദ്യ പഠിച്ചു. കല്ലിന്റെ ആയുധങ്ങളും മറ്റും ഉപയോഗിച്ചിരുന്നവർ ഇരുമ്പിന്റെ ആയുധങ്ങളും കാർഷികോപകരണങ്ങളും ഉപയോഗിച്ചു തുടങ്ങി. മനുഷ്യവർഗ്ഗത്തിന്റെ നാഗരികതയിലേക്കുള്ള പ്രയാണത്തിന്റെ മഹാസംഭവമാണിത്. ഗണിതശാസ്ത്രം, തർക്കശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗോളശാസ്ത്രം എന്നീ വൈജ്ഞാനിക ശാഖകളും ഇദ് രീസ് (അ)ന്റെ കൈക്ക് പ്രത്യക്ഷമായി. ഇവയെല്ലാം നാഗരികതയിലേക്കുള്ള പ്രയാണത്തിലെ അവിസ്മരണീയ സംഭവങ്ങളാകുന്നു. വളരെ ശ്രദ്ധേയമായ മറ്റെരുകാര്യം പറയാം. അളവും തൂക്കവും ഏർപ്പെടുത്തി. ഇതിന്ന് എന്ത് മാത്രം പ്രധാന്യമുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. അളവും തൂക്കവുമില്ലാത്ത ഒരു കാലത്തെക്കുറിച്ചു സങ്കൽപ്പിക്കാൻ പോലും കഴിയില്ല...

ഇദ് രീസ് (അ) തൗഹീദ് പഠിപ്പിച്ചു. അല്ലഹുവിനെ  അറിഞ്ഞ്  ആരാധിക്കാൻ പ്രേരിപ്പിച്ചു. ജനങ്ങൾ പഠനത്തിൽ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചു. വൈജ്ഞാനിക മുന്നേറ്റമുണ്ടായി. ഇദ് രീസ് (അ)ന്റെ ആരാധന മലക്കുകൾ പോലും  അതിശയിപ്പിച്ചിരുന്നുവെന്ന് രേഖകളിൽ കാണുന്നു. തയ്യൽ ജോലി ചെയ്യുമ്പോൾ സൂചികാണ്ടുള്ള ഓരോ കുത്തിനും തസ്ബീഹ് ചൊല്ലിയിക്കുന്നു. ഇദ് രീസ് (അ) മധുരശബ്ദത്തിൽ നടത്തിയ ഉപദേശങ്ങൾ വളരെ പ്രസിദ്ധമാണ്. മനുഷ്യമനസ്സുകളെ ശുദ്ധീകരിക്കാനും, ഈമാനിന്റെ വെളിച്ചം പരത്താനും പര്യാപ്തമായ  ഉപദേശങ്ങൾ... അവയിൽ ചിലത് താഴെ കൊടുക്കാം...

ദുരാഗ്രഹങ്ങൾ കൈവെടിയുക, ദുർമാർഗ്ഗികളോട് സഹകരിക്കരുത്, കള്ളസത്യം ചെയ്യരുത്, വിഷമങ്ങൾ സഹിക്കേണ്ടി വന്നാലും സത്യം പറയണം, സത്യത്തിന്റെ കൂടെ നിൽക്കണം, കളവ് പറയരുത്, അഹംഭാവം പാടില്ല, വിനയം വേണം, താഴ്മവേണം, കഴിയാവുന്നേടത്തോളം ചോദിച്ചു വരുന്നവരോട് ഇല്ല എന്ന് പറയരുത്, ആത്മാവിനെ അലങ്കരിക്കുക, ആത്മാവിനെ ശുദ്ധീകരിക്കുക, സൽസ്വഭാവികളാവുക, കാര്യങ്ങൾ നന്നായി ആലോചിച്ചു ചെയ്യണം, ധൃതി പാടില്ല, അബദ്ധം വരുത്തരുത്, ലജ്ജ വേണം, മാനക്കേടാവുന്നത് പറയുകയോ ചെയ്യുകയോ അരുത്, പശ്ചാത്തപിക്കുക, ആരാധനകൾ മുറുകെപ്പിടിക്കുക, സൽക്കർമ്മങ്ങളിൽ അത്യാഗ്രഹിയാവുക, എല്ലാവരോടും നല്ല നിലയിൽ വർത്തിക്കുക, വിജ്ഞാനം നേടുക, വിദ്യയെ സ്നേഹിക്കുക, മറ്റുള്ളവർക്ക് വിദ്യ നൽകുക, കാപട്യം ഒഴിവാക്കുക, കപടന്മാരുമായി കൂട്ടുകൂടരുത്, ഉള്ളും പുറവും ഒരു പോലെയാവണം, മനസ്സിലൊന്ന് പുറത്ത് മറ്റൊന്ന് എന്ന നില വരരുത്, മഹാന്മാരെ ആദരിക്കുക, അനുസരിക്കുക, രാജാക്കന്മാരെയും ഭരണകർത്താക്കളെയും അനുസരിക്കുക, ബുദ്ധിമാൻമാരുമായി കാര്യങ്ങൾ കൂടിയാലോചന നടത്തുക, ആരെയും പരിഹസിക്കരുത്, രോഗികളുടെ ആരോഗ്യത്തിന്ന് പ്രാർത്ഥിക്കുക,  സദസ്സുകളിൽ മാന്യത പാലിക്കുക, പരസ്പരം സംസാരിക്കേണ്ടി വന്നാൽ സംസാരം ഉച്ചത്തിലാവരുത്, അധികസംസാരം ഉപേക്ഷിക്കുക, ആവശ്യത്തിന് മാത്രം സംസാരിക്കുക, സംസാരത്തിന്റെ മര്യാദകൾ പാലിക്കുക, നല്ല കാര്യങ്ങൾ അവസരം കിട്ടിയാൽ വേഗതയിൽ ചെയ്യുക. വൈകിയാൽ അവസരം നഷ്ടപ്പെട്ടു പോയേക്കാം, സന്താനങ്ങളെജ്ഞാനികളാക്കുക, അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ആരാധിക്കുക, നിസ്കാരത്തിൽ മനസ്സിനെ ഏകാഗ്രമാക്കുക, ദുഃഖിക്കുന്നവരോടൊപ്പം ദുഃഖിക്കുക, വഴിയാത്രക്കാർക്ക് ആഹാരം നൽകുക, വിശന്നവർക്കാഹാരം നൽകുക, ദാഹിച്ചവർക്ക് ജലം നൽകുക, ബന്ധുവിന്റെ മരണത്താൽ ദുഃഖിക്കുന്നവർക്ക് ക്ഷമ ഉപദേശിക്കുക, ആപത്ത് വരുമ്പോൾ പതറിപ്പോവരുത്. പാദങ്ങളിൽ ഉറച്ചു നിൽക്കുക, കോപം വരുമ്പോൾ അസഭ്യം പറയരുത്, നന്നായി പരിശോധിച്ച് ഉറപ്പു വരുത്താതെ ഒരാളെയും സ്നേഹിതനാക്കരുത്, ദുർമാർഗ്ഗികളെ സന്മാർഗത്തിലേക്ക് കൊണ്ട് വരുന്നവരാണ് നല്ല രാജാക്കന്മാർ, ദുർമാർഗികളെയും കുഴപ്പക്കാരെയും സഹായിക്കുന്നവർ ദുഷ്ടരാജാക്കന്മാരാണ്. ഒരാൾ ഞെരുക്കത്തിൽ പെടുമ്പോൾ അയാളെ സഹായിക്കുന്നവൻ ശാന്തൻ. തന്നിലില്ലാത്ത ഗുണങ്ങൾ വർണ്ണിച്ച് സ്വയം സ്തുതിക്കുന്നവനെ പ്രത്യേകം ശ്രദ്ധിക്കണം. ജനങ്ങളോടും കൃപ കാണിക്കുന്ന ഉദ്യോഗസ്ഥരെയാണ്  രാജാക്കന്മാർ നിയമിക്കേണ്ടത്. കളവ് പറയുന്നവരുമായി കൂട്ടുകൂടുന്നത് മരീചികയുടെ പിന്നാലെ വെള്ളം തേടിപ്പോവുന്നത് പോലെയാകുന്നു...

ഇദ് രസ് (അ)ന്റെ ഉപദേശങ്ങൾക്ക് ജനങ്ങൾ വലിയ വില കല്പിച്ചിരുന്നു. അവർ ഉപദേശം സ്വീകരിച്ചു. സജ്ജനങ്ങളായി.


ശീസ് (അ), ഇദ് രീസ് (അ) 11

Comments