ശീസ് (അ), ഇദ് രീസ് (അ) 11


വാനിലേക്കുയർന്നു (1)...

രാജ്യം ഭരിക്കുന്ന ഒരു രാജാവ്. നല്ല രാജാവായിത്തീരാൻ ആഗ്രഹിക്കുന്ന ആളാണ്. പേര് ആമൂൻ. രാജാവ് ഇദ് രീസ് (അ)ന്റെ ഉപദേശങ്ങൾക്ക് വില കല്പിക്കുന്നു. എല്ലാം അനുസരിച്ചുപോരുന്നു. പൊതുജനങ്ങൾക്കു വേണ്ടിയുള്ള ഉപദേശങ്ങളാണവ...

രാജാവായ തനിക്കുവേണ്ടി പ്രത്യേക ഉപദേശം ലഭിക്കണം. രാജാവ് തന്റെ ആവശ്യം നബിയുടെ മുമ്പിൽ വെച്ചു. ഇദ് രീസ് (അ) അപേക്ഷ സ്വീകരിച്ചു. രാജാവിനെ ഉപദേശിച്ചു. ഈ ഉപദേശം എല്ലാ ഭരണാധികാരികൾക്കും സ്വീകരിക്കാവുന്നതാണ്. എല്ലാ കാലത്തേക്കും പറ്റുന്നതാണ്. അവ താഴെ കെടുക്കുന്നു...

സൃഷ്ടാവായ അള്ളാഹുവിനെ സൂക്ഷിക്കുക. അധികാരം നിന്നെ ഏല്പിച്ചത് അല്ലാഹുവാണെന്ന കാര്യം ഓർക്കുക. നീ നിന്നെ തന്നെ  ശുദ്ധീകരിക്കുക.  അന്യന്റെ ധനം മോഹിക്കരുത്,  പ്രജകളില്ലെങ്കിൽ രാജാവില്ല എന്ന് ഓർമ്മവേണം. പ്രജകൾക്ക്  നന്മ ചെയ്യുന്ന രാജാവായിരിക്കുക. ഇഹലോകത്തേക്കാൾ പരലോകത്തിന് പ്രാധാന്യം നൽകുക. ശത്രുക്കളുമായി പടപൊരുതേണ്ടി വരുമ്പോൾ ബുദ്ധിമാൻമാരുമായി കൂടിയാലോചന നടത്തുക. സ്വന്തം അഭിപ്രായം മാത്രം മതി എന്നു വിചാരിക്കരുത്. ശത്രുക്കളുടെ സ്ഥിതിഗതികൾ അറിയുന്നതിന്ന് സമർത്ഥന്മാരെ നിയോഗിക്കണം. ആരെയും ചതിക്കരുത്. നിയമങ്ങൾ നടപ്പിലാക്കും മുമ്പ് നന്നായി  ചിന്തിക്കണം. നടപ്പിൽ വരുമോയെന്ന് ചിന്തിച്ചറിയണം. നല്ലവരുമായി കൂടിയാലോചിക്കാം. നന്മയുണ്ടാകുമെന്ന് കണ്ടാൽ നിയമം എഴുതിവെക്കണം. വായിച്ചു നേക്കിതെറ്റ് തിരുത്തണം. എന്നിട്ട് വിളംബരം ചെയ്യാം. കർഷകരുടെ കാര്യം മറന്നു പോവരുത്. അവരെ പ്രോത്സാഹിപ്പിക്കണം. കർഷകർ തളർന്നാൽ രാജ്യം തളർന്നു. നിന്റെ ഖജനാവ് നിറയ്ക്കുന്നതും  നിന്റെ സൈന്യത്തെ  ബലപ്പെടുത്തുന്നതും കർഷകരാണെന്ന ഓർമ്മവേണം. രാജാവ് ഉപദേശം സ്വീകരിച്ചു. സൽഭരണം വന്നു...

വീട് വെയ്ക്കാൻ തുടങ്ങിയത് ഇദ് രീസ് (അ) ന്റെ കാലത്താണെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. ചുമരുകളും മേൽപ്പുരയുമുള്ള വീടുകൾ, അടച്ചുറപ്പുള്ള വീടുകൾ. കാടുകൾ വെട്ടിത്തെളിയിച്ച് കൃഷിചെയ്തു. ജലസേചനം നടത്തി കൃഷി പരിപോഷിച്ചു. കൃഷി സ്ഥലങ്ങൾക്കടുത്തു തന്നെ മനുഷ്യൻ വീട് വെച്ചു താമസം തുടങ്ങി. ജനപ്പെരുപ്പമുള്ള സ്ഥലങ്ങൾ പട്ടണങ്ങളാക്കി മാറ്റി. യാത്ര ചെയ്യാൻ വീതിയുള്ള വഴികളുണ്ടാക്കി. സാധനങ്ങൾ വാങ്ങാനും വിൽക്കാനും മാർക്കറ്റുകളുണ്ടായി...

ഇദ് രീസ് (അ) ഗ്രാമങ്ങൾക്ക് രൂപം നൽകി. നിരവധി ഗ്രാമങ്ങളുണ്ടായി. കൃഷിസ്ഥലങ്ങൾ, നാൽക്കാലികൾ, മേച്ചിൽ സ്ഥലങ്ങൾ, അനേകം വീടുകൾ, ആരാധനാലയങ്ങൾ. അക്കാലത്ത് നൂറ്റി അമ്പത് പട്ടണങ്ങളുണ്ടായിരുന്നുവെന്നാണ് കണക്ക്. അതിൽ നൂറ് പട്ടണങ്ങൾ ഇദ് രീസ് (അ) തന്നെ നിർമ്മിച്ചതായിരുന്നു. പണത്തിന്ന് ഭരണാധികാരികളുണ്ടായിരുന്നു. നിയമങ്ങളും വ്യവസ്ഥകളുമുണ്ടായിരുന്നു. 'സുഹാർ' എന്ന പട്ടണം ലോക പ്രസിദ്ധമായിരുന്നു. ലോക ചരിത്രത്തിൽ ആദ്യമായി കുതിര സവാരി നടത്തിയത് ഇദ് രീസ് (അ) ആണെന്ന് കാണുന്നു. വിശാലമായ രാജ്യത്തിന്റെ  എല്ലാ ഭാഗത്തും എത്തിച്ചേരാൻ കുതിര സവാരി വേണ്ടിവന്നു...

ഖാബീലിന്റെ സന്താനപരമ്പര വളർന്നു. ആൾബലമുണ്ടായി. അവരെ ശൈത്വാന്മാർ സഹായിച്ചു. ഇദ് രീസ് (അ) അവരുമായി യുദ്ധം ചെയ്തു. യുദ്ധത്തിൽ വാളും പരിചയും ഉപയോഗിച്ചു. അവ ആദ്യമായി ഉപയോഗിച്ചത് ഇദ് രീസ് (അ) ആയിരുന്നു. മുപ്പത് ഏടുകൾ അല്ലാഹു ഇദ് രീസ് (അ)ന്ന് ഇറക്കിക്കൊടുത്തു. സന്മാർഗത്തിന്റെ  മഹത്തായ വെളിച്ചം ഈ ഏടുകളിലൂടെ അക്കാലത്തെ മനുഷ്യർക്കു ലഭിച്ചു. അവ നന്നായി പാരായണം ചെയ്യപ്പെട്ടു. മനുഷ്യമനസ്സുകൾ പ്രകാശിതമായി. സത്യവിശ്വാസികളുടെ മനസ്സുകൾ ഈമാൻ കൊണ്ട് അലങ്കരിക്കപ്പെട്ടു...

ഇദ് രീസ് (അ) തന്റെ അറുപത്തഞ്ചാമത്തെ വയസ്സിൽ ബുർദുഖാം എന്ന വനിതയെ വിവാഹം ചെയ്തു. സന്തോഷകരമായ ജീവിതം നയിച്ചു. അവർക്കൊരു പുത്രൻ ജനിച്ചു. പുത്രന്ന് മുത്തുശൽഹ് എന്ന് പേരിട്ടു.  ഇദ് രീസ് (അ)നെ അല്ലാഹു ആകാശത്തേക്ക് ഉയർത്തുകയാണ് ചെയ്തത്. ആകാശത്തേക്ക് ഉയർത്തപ്പെടും മുമ്പ് ഈ പുത്രനെ തന്റെ പിൻഗാമിയായി നിശ്ചയിച്ചു. മുത്തുശൽഹ് വളർന്നു വലുതായി. രാജാധികാരവും മത പ്രബോധനവും നടത്തിവന്നു. നല്ലൊരു പണ്ഡിതനും ബുദ്ധിമാനായ ഭരണാധികാരിയുമായിരുന്നു...

മുത്തുശൽഹ് നൂറ്റി എഴുപതാമത്തെ വയസ്സിൽ ഒരു വിവാഹം ചെയ്തു. ഭാര്യയുടെ പേര് അറബ എന്നായിരുന്നു. രാജ്യം വളരെ  ഏറെ ഐശ്വര്യം കൈവരിച്ച കാലം. ഗ്രാമങ്ങളും പട്ടണങ്ങളും വളർന്നു. ഇരുമ്പിന്റെ ഉപയോഗം വർദ്ധിച്ചു. കൃഷിയും കന്നുകാലികളും വളർന്നു. അറബ ഒരു പുത്രനെ പ്രസവിച്ചു. സൗഭാഗ്യവാനായ പുത്രന്ന് ലാമക് എന്ന് പേരിട്ടു...

അനുഗ്രഹങ്ങളുടെ മധ്യത്തിൽ  സ്നേഹ-വാത്സല്യങ്ങൾ  വേണ്ടുവോളം  അനുഭവിച്ചാണ് ലാമക്ക് വളർന്നത്. പിതാവായ മുത്തുശൽഹ് തൊള്ളായിരത്തി എൺപത്തി രണ്ട് വയസ്സ് വരെ ജീവിച്ചു. ഈലുൽ എന്ന  സ്ഥലത്ത്  വെച്ച് അദ്ദേഹം വഫാത്തായി. വമ്പിച്ച  ജനാവലിയുടെ  സാന്നിധ്യത്തിൽ അദ്ദേഹത്തെ ഖബറടക്കി.  പിതാവിന്റെ പിൻഗാമിയായി വന്നത് പുത്രൻ ലാമക് ആയിരുന്നു.

ഖാബീലിന്റെ സന്താനപരമ്പരയിൽ പെട്ടവർ ഇടക്കിടെ യുദ്ധങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഏത് രാജ്യത്തായിരുന്നാലും അവർ പ്രശ്നക്കാരായിരുന്നു. ഇബ്ലീസ് അവരെക്കൊണ്ട് പലതരം ദുഷ്കൃത്യങ്ങൾ ചെയ്യിച്ചുകൊണ്ടിരുന്നു. ശൈത്വാൻമാർ ഉദ്ദേശിക്കുന്ന കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിച്ചു. ലാമക് ഇവരുമായി പടപൊരുതിയിട്ടുണ്ട്. ലാമക്കിന്ന് 187-)o മത്തെ വയസ്സിൽ ഒരു പുത്രൻ ജനിച്ചു. പ്രസിദ്ധനായ നൂഹ് നബി (അ). ലാമക് എണ്ണൂറ് വയസ്സുവരെ ജീവിച്ചു.അതിന്ന് ശേഷം വഫാത്തായി.

സൂറത്ത് മർയമിൽ ഇദ് രീസ് (അ)നെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാകുന്നു.  "വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു." (19:56)
 "അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു." (19:57)

ഇദ് രീസ് (അ)ന്ന് അല്ലാഹു മുപ്പത് ഏടുകൾ ഇറക്കിക്കൊടുത്തു. സമുന്നത സ്ഥാനം നൽകി അനുഗ്രഹിച്ചു. താഴെ പറയുന്ന കാര്യങ്ങൾ ആ പ്രവാചകന്റെ സവിശേഷതയായി പറയപ്പെട്ടിട്ടുണ്ട്.
1. ആദ്യമായി പേനകൊണ്ടെഴുതി
2. ആദ്യമായി വസ്ത്രം തുന്നിയുണ്ടാക്കി
3. തുന്നിയ വസ്ത്രം ആദ്യമായി ധരിച്ചു.
4. യുദ്ധസാമഗ്രികൾ ആദ്യമായി ഉണ്ടാക്കി
5. സത്യനിഷേധികൾക്കെതിരെ ആദ്യമായി യുദ്ധം ചെയ്തു.
6. ആദ്യത്തെ കുതിര സഞ്ചാരക്കാരൻ

ഇദ് രീസ് (അ)നെ അല്ലാഹു ആകാശത്തേക്ക് ഉയർത്തിയെന്ന് പലരും രേഖപ്പെടുത്തിയിട്ടുണ്ട്...


Comments