ശീസ് (അ), ഇദ് രീസ് (അ) 09

പേനകൊണ്ടെഴുതിയ ആദ്യ മനുഷ്യൻ ... (1)

ഒരുനൂറ്റാണ്ട് കാലം കടന്നു പോയിരിക്കുക്കുന്നു. ആദ്യ പിതാവായ ആദം (അ) വഫാത്തായിട്ട്  നൂറ് വർഷം കഴിഞ്ഞിരിക്കുന്നു. ആദം (അ)ന്റെ സന്താന പരമ്പരയിൽ ഒരു പുത്രൻ ജനിക്കാൻ പോകുന്നു. ആ പുത്രൻ അനുസ്മരിക്കപ്പെട്ടു. ഭൂമിയിൽ മനുഷ്യരുള്ള കാലമത്രയും അല്ലാഹുവിന്റെ അമ്പിയാക്കളിൽ ഒരു പ്രമുഖ വ്യക്തിത്വം. ഉമ്മയാകാൻ പോകുന്ന ഗർഭിണി. അവരുടെ പേര് ബസൂറ എന്നാണെന്ന് കാണുന്നു...

ആദം സന്തതികൾ നൂറ് വർഷം കൊണ്ട് നിരവധി പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കൃഷിയും കാലി വളർത്തലുമാണ് മുഖ്യതൊഴിൽ. ജലസേചന സൗകര്യമുള്ള പ്രദേശങ്ങളിലേക്ക് ജനങ്ങൾ നീങ്ങിപ്പോവും. നദീതീരങ്ങൾ നോക്കിയാണ് അധികവും സഞ്ചാരം. നൈൽ നദി പാഞ്ഞൊഴുകുന്നത് ഈജിപ്തിലാണ്. ഒരു വലിയ സംഘം അങ്ങോട്ട് പോയി. കൃഷിയും കാലി വളർത്തലുമായി നൈൽ നദീതീരങ്ങളിൽ അവർ താമസിച്ചു. അതിൽ ഒരു കുടുംബത്തിലെ അംഗമാണ് ബസൂറ...

മാസം തികഞ്ഞു. വേദന തുടങ്ങി. നൈൽ തീരത്ത് ഉൽക്കണ്ഠയുടെ നിമിഷങ്ങൾ. പുത്രൻ പിറന്നു. നൈലിലെ ഓളങ്ങൾ പോലെ മനുഷ്യ മനസ്സുകളിലും ആഹ്ലാദം അലതല്ലി. ഇതൊരു റിപ്പോർട്ടാണ്. മറ്റൊന്നിൽ കാണുന്നത് ഇങ്ങനെയാണ്. ആദം സന്തതികളിൽ കുറേ പേർ ശാം ഭാഗത്തേക്ക് യാത്രയായി. ശാമിൽ താമസമാക്കിയ ഒരു കുടുംബത്തിലാണ് പുത്രൻ പിറന്നത്. കുഞ്ഞിന്ന് ഹനൂഹ് എന്ന് പേരിട്ടു. പിൽക്കാലത്ത് അറിയപ്പെട്ടത് ഇദ് രീസ് എന്ന പേരിലാകുന്നു. കുടുംബക്കാർ  ഇദ് രീസിനെ ഓമനിച്ചു വളർത്തി...

ഇദ് രീസിന്ന് കായികവും മാനസികവുമായ കരുത്ത് കിട്ടി. മറ്റുള്ളവരെ അതിശയിപ്പിക്കുന്ന ബുദ്ധിശക്തിയായിരുന്നു. പേനയുടെ ഉപയോഗം ... മനുഷ്യവർഗ്ഗചരിത്രത്തിലെ മഹാ സംഭവമാണിത്. എഴുതാൻ തുടങ്ങൽ. മനുഷ്യ വളർച്ചയുടെ ചരിത്രമാണത്. ആദ്യഘട്ടത്തിൽ പേനയില്ല ഒന്നും രേഖപ്പെടുത്തിയില്ല. രേഖകൾ ഓർമ്മയിലായിരുന്നു. കേൾക്കുന്ന കാര്യങ്ങൾ  ഓർമ്മയിൽ സൂക്ഷിക്കുക. ഓർമ്മകൾക്കപ്പുറം ഒരു രേഖയുണ്ടാവുന്ന കാര്യം അന്നത്തെ സാധാരണക്കാർക്ക് ഊഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞ കാര്യങ്ങൾ ഓർമ്മയിൽ സൂക്ഷിക്കും. നാളുകൾ നിങ്ങുമ്പോൾ പുതിയ അറിവുകൾ പിന്നെയും  പിന്നെയും വന്നു കൊണ്ടിരിക്കും. മനുഷ്യരുടെ ഓർമ്മശക്തിക്ക് പരിധിയുണ്ട്. പരിധിക്കപ്പുറം വരുന്നത് മറന്നു പോവും. മറക്കാതിരിക്കാൻ രേഖപ്പെടുത്തണം...

ഇദ് രീസ് (അ) ന്റെ കാലം വന്നു. സമൂഹം വളർന്നു വികസിച്ചു. പല നാടുകളുണ്ടായി. നാടുകൾക്ക് പേരുകൾ വന്നു. എങ്ങനെയാണ് നാടുകൾക്ക് പേരുണ്ടാവുന്നത് ..? ഒരാളുടെ പേരിൽ നിന്ന് നാട്ടിനു പേരുണ്ടാവാം, ഒരു തറവാട്ടിന്റെ പേര് നാട്ടിന്റെ പേരായി മാറാം, ഒരു കിണറിന്റെ പേര്, ഒരു തോട്ടത്തിന്റെ പേര്, ഒരു കുളത്തിന്റെ പേര് നാട്ടിന്റെ പേരായിത്തീരാം. പണ്ട് നടവഴികളേയുള്ളൂ. റോഡില്ല. ഒരു വഴി മറ്റൊരു വഴിയെ മുറിച്ചു കടന്നാൽ നാലും കൂടിയ മുക്കായി. നാലുമുക്ക്, വഴിമുക്ക്, എന്നൊക്കെ പേര് വരും. ലേകമെമ്പാടും നാടുകൾക്കങ്ങനെ പേര് വന്നു. നാടുകൾ വളർന്നപ്പോൾ സംഭവങ്ങൾ ധാരാളമായി. ദീൻ നടത്താനും രാജ്യം ഭരിക്കാനും വന്ന ഇദ് രീസ് നബി (അ) ന്ന് ബുദ്ധിമുട്ട് നേരിട്ടു. അപ്പോൾ അല്ലാഹു ഖലമിന്റെ പ്രയോഗം പഠിപ്പിച്ചു. പ്രവാചകന്മാർക്ക് കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ അല്ലാഹു മലക്കുകളെ നിയോഗിക്കും...

പ്രകൃതിയിൽ നിറയെ വർണ്ണങ്ങളാണ്. സൂര്യോദയവും സൂര്യാസ്തമയവും മനുഷ്യനെ വിസ്മയം കൊള്ളിക്കുന്ന കാഴ്ച്ചയാണ്. ഒരിക്കലും ഭംഗികുറയാത്ത കാഴ്ചകൾ. ആയിരം തവണ സൂര്യാസ്തമയം കണ്ട ആൾക്ക് വീണ്ടും കാണാൻ മോഹമായിരിക്കും. എന്തെല്ലാം വർണ്ണങ്ങളാണ് വിണ്ണിൽ വിരിയുന്നത്. മാനത്താണല്ലോ മഴവില്ല് വരുന്നത്. ഭൂമിലെ ചെടികൾക്കെല്ലാം വർണ്ണങ്ങളുണ്ട്. പൂക്കൾക്ക് അനേകം വർണ്ണങ്ങളാണ്. കല്ലിലും വർണ്ണങ്ങളാണ്. കല്ലുകൾ കൊണ്ട് ചിലർ വർണ്ണചിത്രങ്ങൾ വരക്കാറുണ്ട്...

പേനയുടെ പ്രയോഗം മനുഷ്യരെ പഠിപ്പിച്ച ആദ്യത്തെ ആളാണ് ഇദ് രീസ് (അ). ഇലകളുടെ നീരെടുത്താൽ നല്ല ചായം കിട്ടും. അത്കൊണ്ട് എഴുതണം. കല്ല് കൊണ്ടെഴുതാം. കടലാസില്ലാത്ത കാലം. എഴുത്ത് പതിയുന്ന എന്തിലും മനുഷ്യന്ന് എഴുതാൻ കഴിയും. ഇങ്ങനെ രേഖകൾ വന്നുതുടങ്ങി. പേനയുടെ ആൾ എന്ന നിലയിൽ ഇദ് രീസ് (അ)നെ മനുഷ്യവർഗ്ഗം നന്ദിയോടെ ഓർക്കുന്നു...

ഇദ് രീസ് (അ) മിതഭാഷിയായിരുന്നു. കൂടുതൽ ചിന്ത, ഫിക്റ്, കുറച്ചു സംസാരം. നന്നായി ചിന്തിച്ച ശേഷമേ വാക്കുകൾ പുറത്ത് വരികയുള്ളൂ. അബദ്ധം പറ്റില്ല. എല്ലാ വിഭാഗക്കാരോടും ഇടപെടും. എല്ലാവർക്കും ഇഷ്ടമാണ്. ഖാബീലിന്റെ സന്താനപരമ്പരയിൽ പെട്ടവർക്കാണ് വിരോധം. അവരും ഇദ് രീസ് നബി (അ) തമ്മിൽ യുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഖാബീലിന്റെ സന്താനപരമ്പരയിൽ പെട്ട നിരവധി പേർ തടവുകാരായി പിടിക്കപ്പെട്ടു. അവരിൽ പലരും ഇദ് രീസ് (അ) നെക്കൊണ്ട് വിശ്വസിച്ചു. സത്യവിശ്വാസികളായിത്തീർന്നു...

ആരെയും ആകർഷിക്കുന്ന ഇമ്പമുള്ള ശബ്ദത്തിന്റെ ഉടമയായിരുന്നു ഇദ് രീസ് (അ). താഴോട്ട് നോക്കി വിനയപൂർവ്വമാണദ്ധേഹം നടക്കുക. താഴ്മയും ലാളിത്യവും ജീവിത ദൗത്യമായിരുന്നു. വാളുകളും കുന്തങ്ങളും നിർമ്മിച്ചു. അവ ഉപയോഗിക്കാൻ അനുയായികളെ പഠിപ്പിച്ചു. വാളും കുന്തവും ഉപയോഗിച്ച് ആദ്യമായി യുദ്ധം ചെയ്തത് ഇദ് രീസ് നബി (അ) ആയിരുന്നു. പേന, വാൾ, കുന്തം ഇവയിൽ ഒന്നാമൻ...


ശീസ് (അ), ഇദ് രീസ് (അ) 10

Comments