ശീസ് (അ), ഇദ് രീസ് (അ) 08

 ഉപദേശങ്ങൾ ... (2)

ശീസ് (അ)ന്റെ തൊഴിൽ വ്യാപാരമായിരുന്നു. അതിൽ നിന്നു കിട്ടുന്ന ലാഭം മുഴുവൻ അനാഥർക്കും, അഗതികൾക്കും, രോഗികൾക്കും, യാത്രക്കാർക്കും വിതരണം ചെയ്യുകയായിരുന്നു പതിവ്. ഇത് കാരണം പാവപ്പെട്ടവർ അദ്ദേഹത്തോടൊപ്പം കൂടുമായിരുന്നു. ദരിദ്രരെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തു വന്നു. ജനങ്ങൾ ശീസ് (അ)ന്റെ ഉപദേശങ്ങൾ താല്പര്യപൂർവ്വം നടപ്പിലാക്കി. അവർക്കു ആത്മീയമായി വളരെയേറെ ഉയർന്നു വരാൻ സാധിച്ചു...

അപരിചിതരെ സ്നേഹിക്കുക. ശീസ് (അ)ന്റെ സവിശേഷമായ ഉപദേശം. സഞ്ചാര ജീവിതം നയിച്ചിരുന്ന കാലമാണത്. തങ്ങൾക്കും മൃഗങ്ങൾക്കും വെള്ളവും ആഹാരവും തേടി നടക്കുന്ന കാലം. സഞ്ചാര വേളയിൽ അപരിചിതർ കണ്ടുമുട്ടും. ആ അപരിചിതത്വം നീങ്ങണം. പരസ്പരം സഹായിക്കണം. സഹായം ചിലപ്പോൾ വാക്ക് കൊണ്ടായിരിക്കും. വഴിയറിയാത്തവർക്ക് ശരിയായ ദിശ പറഞ്ഞു കൊടുത്താൽ അതും വലിയൊരു സഹായമായിരിക്കും...

ഭൂമിയിൽ ആദ്യമായി ഈത്തപ്പന നട്ടുവളർത്തിയത് ശീസ് (അ) ആണെന്ന് ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. തത്വശാസ്ത്രം എന്ന വിജ്ഞാനശാഖ മനുഷ്യവർഗ്ഗത്തിന്ന് ആദ്യമായി നൽകിയതും മഹാനവർകളാകുന്നു. ശീസ് (അ) വിവാഹം കഴിക്കുകയും കുടുംബ ജീവിതം നയിക്കുകയും ചെയ്തു. മക്കളും അവരുടെ മക്കളുമൊക്കെയായി ധാരാളം അംഗങ്ങളുള്ള കുടുംബം. സന്താനങ്ങൾ തൊള്ളായിരം വർഷം വരെ ജീവിച്ചു...

ശീസ് (അ) തൊള്ളായിരത്തി മുപ്പത് വർഷം ജീവിച്ചു. ജ്യേഷ്ഠ സഹോദരൻ ഹാബീലിനെക്കുറിച്ചു വേദനയോടെ ഓർക്കും. പലപ്പോഴും ദുഃഖം മറ്റുള്ളവരുമായി പങ്കുവെക്കും. ശാപം ഏറ്റ് വാങ്ങിയ ഖാബീൽ. തങ്ങളിൽ നിന്നെല്ലാം അകന്നുപോയി. ഖാബീലിന്റെ സന്താനങ്ങളും പിഴച്ച വഴിയിലൂടെ സഞ്ചരിച്ചു. ഇബ്ലീസാണ് അവരെ നയിക്കുന്നത്. ഭൂമിയിൽ ആദ്യമായി ബിംബങ്ങൾ ഉണ്ടാക്കിയത് അവരിൽ ഒരാളാണ്. ഇബ്ലീസ് വേണ്ടത് പോലെ  സഹായിച്ചു. അഞ്ച്ബിംബങ്ങൾ ഉണ്ടാക്കി. 'വദ്ദ്, സുവാഅ, യഗൂസ്, നസ്റ്, യഊഖ്' പുണ്യപുരുഷന്മാരുടെ രൂപങ്ങൾ. അങ്ങനെ ബിംബാരാധന തുടങ്ങി. ശൈത്വാൻമാർ ജനങ്ങളെ ബിംബങ്ങളുടെ മുമ്പിലേക്ക് ആട്ടിത്തെളിച്ച് കൊണ്ട് വന്നു...

ശീസ് (അ)ന്റെ കാലം അവസാനിക്കുകയാണ്. തന്റെ പുത്രന്മാരിൽ പ്രമുഖനെ പിൻഗാമിയായി തിരെഞ്ഞെടുത്തു. ഈ പിൻഗാമിയുടെ പേര് അനുശ് എന്നായിരുന്നു. ബയറാദ് എന്നായിരുന്നു പിൻഗാമിയുടെ പേരെന്ന് ഒരു റിപ്പോർട്ടിൽ കാണുന്നു. അനൂശ് ആ സമൂഹത്തിന്റെ ഭരണാധികാരിയും മത നേതാവും ആയിരുന്നു. ഖാബീലിന്റെ സന്താനപരമ്പരയും ശക്തിപ്രാപിച്ചു കൊണ്ടിരുന്നു. അവർ തിന്മയുടെ ശക്തികൾ. അനൂശിന്റെ സൈന്യവും ഖാബീൽ സന്തതികളും തമ്മിൽ യുദ്ധം നടന്നിട്ടുണ്ട്. ഖാബീൽ സന്തതികൾ തോറ്റു. അവരെ പിടിച്ച് അടിമകളാക്കി...

ശീസ് (അ) പുത്രന്മാർക്ക് ആവശ്യമായ ഉപദേശങ്ങളെല്ലാം നൽകി. ആരാധനാമുറകൾ പഠിപ്പിച്ചു. നിരവധിയാളുകളേടൊപ്പം മക്കയിൽ ചെന്ന് ഹജ്ജ് ചെയ്തു. ഒരു കാലഘട്ടം അവസാനിക്കുകയാണ്. മരണ ദൂതനെത്തി. റഹ്മത്തിന്റെ മലക്കുകളെത്തി. റൂഹ് ശരീരം വിട്ടു പോയി. ശീസ് (അ) വഫാത്തായി...

ഒരു സമൂഹത്തിന്റെ വിരഹവേദന ലോകം കണ്ടു. ആദം (അ) വഫാത്തായപ്പോൾ മരണാനന്തര കാര്യങ്ങൾ എങ്ങനെ നിർവ്വഹിക്കണമെന്ന് മലക്കുകൾ പഠിപ്പിച്ചു കെടുത്തിട്ടുണ്ട്. ശീസ് (അ) വഫാത്തായപ്പോൾ മക്കൾ അത് നിർവ്വഹിക്കാൻ പ്രാപ്തരായി കഴിഞ്ഞിരുന്നു. മരണാനന്തര കർമ്മങ്ങൾ പൂർത്തിയാക്കി. മയ്യിത്ത് നിസ്കാരവും നടന്നു. പിതാവ് ആദം (അ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്ക് മയ്യിത്ത് കൊണ്ട്പോയി. ജനാസ ഖബറടക്കി...

ആദ്യ പിതാവും ആദ്യ മാതാവും അവരുടെ പുത്രനും മണ്ണിലേക്കു മടങ്ങി. അവർ കൊളുത്തിയ സന്മാർഗ്ഗത്തിന്റെ വെളിച്ചം തലമുറകളിലൂടെ കൈമാറിപ്പോന്നു. ശീസ് (അ)ന്റെ പുത്രൻ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു. കാർഷിക വികസനത്തിന്ന് വേണ്ടി പല നടപടികളും കൈക്കൊണ്ടു. ജലസേചന സൗകര്യം വർദ്ധിപ്പിച്ചുവെന്നതാണ് എടുത്തു പറയേണ്ട നേട്ടം. തടാകങ്ങൾ  നിർമ്മിച്ചു. തടാകങ്ങളിൽ നിന്  തോട് വെട്ടി കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം കൊണ്ടുപോയി. യുദ്ധത്തിൽ തടവുകാരായി പിടിച്ചു അടിമകളാക്കി മാറ്റിയ ഖാബീൽ സന്തതികളെയും ഈ ജോലികളിൽ പങ്കെടുപ്പിച്ചു...

അനൂശിന്റെ പിൻഗാമിയായി വന്നത് പുത്രൻ ഖബീനിൽ ആയിരുന്നു. പിതാവിന്റെ  പാത  ശ്രദ്ധയോടെ പിന്തുടർന്നു. ശരീഅത്ത് കാര്യക്ഷമമായി നടപ്പിലാക്കി. അദ്ധേഹത്തിന്റെ  പിൻഗാമിയായി വന്നത് പുത്രൻ മഹ് ലായീൽ ആയിരുന്നു. പ്രശസ്തനായ ഭരണാധികാരിയും മതപ്രബോധകനുമായിരുന്നു മഹ് ലായീൽ...

പട്ടണങ്ങളും കോട്ടകളും നിർമ്മിച്ചു തുടങ്ങിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. ഭരണ പരിഷ്കാരങ്ങളുടെ കാലമായിരുന്നു അത്. ബാബൽ പട്ടണവും സൂസ് പട്ടണവും നിർമ്മിച്ചത് മഹ് ലായീൽ ആകുന്നു...

ഇദ്ധേഹം ഇബ്ലീസിന്റെ സൈന്യവുമായി നേർക്കുനേർ പോരാടിയിട്ടുണ്ട്. ഇബ്ലീസും സൈന്യവും മഹ് ലായീലിന്റെ ആത്മീയ ശക്തിക്ക് മുമ്പിൽ തോറ്റു പോയി. നിശ്ശേഷം പരാജയപ്പെട്ട ശൈത്വാൻമാർ മലകളുടെ മുകളിലേക്കും വിജന പ്രദേശങ്ങളിലേക്കും പിന്മാറി. ജനങ്ങളോട് അദ്ദേഹം വാചാലമായി പ്രസംഗിച്ചു. കിരീടം ധരിച്ച രാജാവായിരുന്നു. വളരെ പ്രശസ്തമായ കിരീടം. നാൽപത് കൊല്ലകാലം ആ രാജഭരണം നിലനിന്നു. സത്യവും നീതിയും നിലനിന്നു. ഇദ്ദേഹത്തിന്റെ പിൻഗാമി 'യറൂദ്' എന്ന പുത്രനായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനാണ് ഹനൂഹ്. ഇദ്ദേഹം ചരിത്രത്തിൽ അറിയപ്പെടുന്നത് ഇദ്‌രീസ് (അ) എന്ന പേരിലാകുന്നു ...


ശീസ് (അ), ഇദ് രീസ് (അ) 09


Comments