ശീസ് (അ), ഇദ് രീസ് (അ) 06

ബിംബങ്ങൾ വന്ന വഴി ... (2)

ശീസ് (അ) ന്റെ കണ്ണുകൾ നിറഞ്ഞു പോയി. ഉപ്പയുടെ വാക്കുകൾ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അല്ലാഹുവേ..! ഉപ്പാക്ക് അത്യുന്നത സ്ഥാനം നൽകണമേ...

ഉമ്മയുടെ കാര്യം..! അവർ തീരെ അവശയാണ്. വേർപ്പാടിന്റെ ദുഃഖം ഉമ്മയെ തളർത്തിക്കഴിഞ്ഞു. നാല്പതിനായിരം വരുന്ന മനുഷ്യർ ഇന്ന് ഭൂമിയിൽ ഉണ്ട്. അവരുടെ ഉമ്മയാണിത്. ഇനി വരുന്ന കോടാനുകോടി മനുഷ്യരുടെ ഉമ്മ. അന്ത്യനാൾ വരെ വരുന്നവർക്കും ഉമ്മ. മക്കൾ ഉൽക്കണ്ഠയിലാണ്...

ഉമ്മയുടെ ചുറ്റും അദൃശ്യ ശക്തികൾ വന്നു കൂടിയിട്ടുണ്ട്. മലക്കുകളുടെ സമൂഹം. മരണത്തിന്റെ മാലാഖയും വരുന്നു. ശീസ് (അ) മലക്കുകളെ കാണുന്നു. ആശയവിനിമയം നടക്കുന്നു. ഉമ്മാക്ക് കണക്കാക്കിയ വായുവും വെള്ളവും തീർന്നു. ഭൂമിയിൽ അധ്വാനിച്ചു ജീവിച്ച ഉമ്മ ഇതാ പോവുകയായി. ഉപ്പ പോയ ലോകത്തേക്ക് ഉമ്മയും പോവുന്നു. അവരും  അത് തന്നെയാണ് കൊതിച്ചത്. ഉപ്പയുടെ ഭാഗമാണ്  ഉമ്മ. ഉപ്പയുടെ വാരിയെല്ലിൽ നിന്നാണ്  ഉമ്മയെ സൃഷ്ടിച്ചത്...

അക്കാലത്തവർ സ്വർഗത്തിലായിരുന്നു. ഇബ്ലീസിന്റെ ചതിക്കുഴിയിൽ പെട്ടുപോയി. അങ്ങിനെയവർ ഭൂമിയിലെത്തി. അക്കാര്യങ്ങളെല്ലാം എത്രയോ തവണ കേട്ടിട്ടുണ്ട്. ഭൂമിയിൽ ഖലീഫയായി നിയോഗിക്കപ്പെട്ടു. ഉപ്പ പോയി. ഇനി ഖലീഫ ശീസ് നബിയാണ്. നബിക്കുശേഷം മറ്റൊരു ഖലീഫ. സന്മാർഗത്തിലേക്കു നയിക്കുന്നത് ഖലീഫയാണ്. ഉമ്മയുടെ കണ്ണുകൾ എന്തൊക്കെയോ കാണുന്നു. ഉമ്മയുടെ സമീപത്തേക്ക് ഉപ്പയും വന്നിട്ടുണ്ടോ..? ഭൂമിയിൽ നിന്ന് യാത്ര പോവുകയാണ്. മക്കളും, പൗത്രൻമാരും, അവരുടെ മക്കളും പിന്നീടുള്ള കുട്ടികളുമെല്ലാം കൂടി നാല്പതിനായിരം വരും. അവർ ഉമ്മയെ യാത്ര അയക്കുകയാണ്. ഉജ്ജ്വലമായ യാത്രയയപ്പ്. ഉമ്മയുടെ കണ്ണുകൾ അടഞ്ഞു. ശ്വാസം നിലച്ചു...

"ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ..."

(തീർച്ചയായും നാം അല്ലാഹുവിന്നുള്ളതാകുന്നു. തീർച്ചയായും നാം അവനിലേക്ക് മടക്കപ്പെടുകയും ചെയ്യും.)

ഉപ്പ വഫാത്തായപ്പോൾ മലക്കുകൾ വന്ന് മയ്യിത്ത് സംസ്കരണ മുറകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. അത്പോലെ ചെയ്യാം. ശീസ് (അ) എല്ലാറ്റിനും നേതൃത്വം നൽകുന്നു. പെൺമക്കൾ ഉമ്മയെ കുളിപ്പിച്ചു. ശീസ് (അ) വേണ്ട നിർദ്ദേശങ്ങൾ നൽകി. സുഗന്ധം പുരട്ടിയ തുണികളിൽ കഫൻ ചെയ്തു. മയ്യിത്ത് നിസ്കരിച്ചു. ഉപ്പയുടെ സമീപം ഖബറടക്കി. മക്കൾ നെടുവീർപ്പിട്ടു. ഒരു കാലഘട്ടം അവസാനിച്ചു. ആദ്യ പിതാവും ആദ്യ മാതാവും യാത്രയായി. ആദം (അ) വഫാത്തായ മൂന്നാം ദിവസം ഹവ്വ (റ) യും വഫാത്തായി. അങ്ങനെ ഒരു റിപ്പോർട്ടുണ്ട്. ആദം (അ) വഫാത്തായി ഒരു വർഷം കഴിഞ്ഞ് ഹവ്വ (റ) വഫാത്തായിയെന്ന് മറ്റൊരു റിപ്പോർട്ട് ...

എല്ലാവരും ശീസ് (അ)ന്റെ മുഖത്തേക്ക് നോക്കി. ഇനി എല്ലാവർക്കുമുള്ള അഭയകേന്ദ്രം ഇതാണ്. മതപ്രബോധകനായ നബിയും, ആ സമൂഹത്തിന്റെ ഭരണാധികാരിയുമാണ് ശീസ് (അ). ഇസ്ലാമിക  ശരീഅത്ത് അനുസരിച്ചുള്ള ഭരണം. സത്യവും നീതിയും നടപ്പാക്കി. ശാന്തിയും സമാധാനവും നിലനിന്നു. ശീസ് (അ) അവർകൾക്ക് ഏടുകൾ ഇറക്കപ്പെട്ടു. ആദ്യമായി ഹീബ്രു ഭാഷ സംസാരിച്ചത് ശീസ് നബി (അ) ആണെന്ന് റിപ്പോർട്ടുണ്ട്. ശീസ് നബി (അ) ചെരുപ്പ് ധരിച്ചു. തൊപ്പിയും ധരിച്ചു. ഇത് ചര്യയായി നടപ്പാക്കിയത് ശീസ് (അ) ആണെന്ന് കാണുന്നു. ഇറക്കപ്പെട്ട ഏടുകളിൽ തത്വശാസ്ത്രം, തച്ചുശാസ്ത്രം, ഗണിതം, ഗാന ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഉണ്ടായിരുന്നു ...


ശീസ് (അ), ഇദ് രീസ് (അ) 07

Comments