കസ്തൂരിയുടെ ഗന്ധമുള്ള യുവാവ്

മഹാനായ യാഫീഈ (റ) ഒരു യുവാവിനെ പരിചയപെടുത്തുന്നു. കസ്തൂരിയുടെ സുഗന്ധമാണ്  ആ യുവാവിനെ എപ്പോഴും! പള്ളിയിലും മറ്റും വന്നാൽ അയാളിരിക്കുന്ന ഭാഗം മാത്രം നല്ല കസ്തൂരിയുടെ സുഗന്ധം അടിച്ചു വീശും.  



യാഫിഈ (റ) അയാളോട് അന്വേഷിച്ചു : "സഹോദരാ... ഇങ്ങനെ കസ്തൂരിയിൽ കുളിച്ചു നടക്കാൻ എത്ര പണമാണ് നിങ്ങൾ ചിലവഴിക്കുന്നത്? 



"ഞാൻ ഇതിന് വേണ്ടി ഒന്നും ചിലവാക്കിയിട്ടില്ല. ഒരു സുഗന്ധവും ഉപയോഗിക്കാറുമില്ല".



യാഫിഈ (റ) അതിശയത്തോടെ അദ്ദേഹത്തെ നോക്കി. അയാൾ തുടർന്നു: "ഈ സുഗന്ധം എനിക്ക് ലഭിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്......"



ആ യുവാവ് തന്റെ കഥ പറഞ്ഞു: "ഞാൻ ചെറുപ്പത്തിലേ നല്ല ഭംഗിയുള്ള ആളായിരുന്നു. കച്ചവടക്കാരനായിരുന്ന ഉപ്പയെ എപ്പോഴും ജോലിയിൽ സഹായിക്കും. 



ഒരു ദിവസം ഒരു കിഴവി ഞങ്ങളുടെ കടയിൽ വന്നു. "കുറച്ചു സാധനങ്ങളുമായി എന്റെ കൂടെ വരാമോ? വീട്ടിൽ കാണിച്ച് സെലക്ട് ചെയ്യാം, ബാക്കി തിരിച്ചു കൊണ്ടു വരാം" എന്നു പറഞ്ഞപ്പോൾ കച്ചവടം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി ഞാൻ അവരുടെ കൂടെ പോയി.



ചെന്നു നോക്കുമ്പോൾ ഒരു വർണക്കൊട്ടാരം! കിഴവി എന്നെ അകത്തേക്കു കൂട്ടികൊണ്ടു പോയി. അകത്തളത്തിലെ ഒരു റൂമിലേക്കാണ് അവരെന്നെ കൊണ്ടുപോയത്. അവിടെ കണ്ണഞ്ചിപ്പിക്കുന്ന ഒരു സുന്ദരി ഇരിക്കുന്നു. അവളുടെ മാദകത്വം ആരെയും ആകർഷിക്കും. കൊഞ്ചിക്കുഴഞ്ഞു ശൃംഗാരഭാവത്തിൽ അവളെന്നോട് മധുരമായി സംസാരിച്ചു:  "ചെറുപ്പക്കാരാ.... ഈ കൊട്ടാരത്തിൽ നിനക്ക് വേണ്ടതെല്ലാം ഉണ്ട്, എല്ലാം നിനക്കെടുക്കാം. നിന്നെ എനിക്കു വേണം. എന്റെ ആഗ്രഹം നിറവേറ്റാൻ നീ എന്നോടൊപ്പം ശയിക്കണം".



പറഞ്ഞു തീരും മുമ്പ് അവളെന്നെ അവളുടെ മാറിടത്തിലേക്ക് വലിച്ചിട്ടു. ഞാൻ ഭയപ്പാടോടെ അവളിൽ നിന്ന് കുതറി മാറി: "അല്ലാഹ്...... അല്ലാഹ്... നീ നോക്കുന്നില്ലേ ഇത് നീ ഇഷ്ടപ്പെടുമോ?"



കെണിയിലകപ്പെട്ടു എന്നും രക്ഷപെടാൻ സാധ്യമല്ല എന്നും തീർച്ചയായിരുന്നു. പെട്ടെന്നെനിക്കൊരു ബുദ്ധി തോന്നി. "എനിക്കൊന്നു ബാത്ത് റൂമിൽ പോകാൻ സൗകര്യം ചെയ്യാമോ?" - സംശയത്തിനിട കൊടുക്കാതെ ഞാനന്വേഷിച്ചു. 



പരിചാരകരായ ഭടന്മരോടപ്പം എന്നെ ബാത്ത് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇനിയെന്ത്? ഞാനാലോചിച്ചു. ഒടുവിൽ സ്വന്തം കാഷ്ടം എടുത്ത് ഞാൻ ശരീരമാസകലം പുരട്ടി. ദുർഗന്ധം വമിക്കുന്ന ശരീരവുമായി മാനസിക രോഗിയെ പോലെ പുറത്തേക്ക് ഇറങ്ങി.



എല്ലാവരും അറപ്പോടെ മൂക്കുപൊത്തി. ശരീരത്തിൽ മലം പുരട്ടി വരുന്ന എന്റെ വികൃതരൂപം കണ്ടപ്പോൾ ആ സ്ത്രീ അട്ടഹസിച്ചു കൊണ്ട് ആക്രോശിക്കുന്നുണ്ടായിരുന്നു: "ഈ ഭ്രാന്തനെ പിടിച്ചു പുറത്താക്കൂ....!"



അവരെന്നെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി ഓടിച്ചു. കുറേ ദൂരം ചെന്നു ഞാൻ തിരിഞ്ഞു നോക്കി. ആരും എന്നെ പിൻതുടരുന്നില്ല എന്ന് മനസ്സിലായപ്പോൾ തൊട്ടടുത്ത ഒരു അരുവിയിലിറങ്ങി ശരീരമെല്ലാം കഴുകി വൃത്തിയാക്കി. നേരെ വിട്ടിലേക്ക് നടന്നു.



നല്ല ക്ഷീണമുണ്ടായിരുന്നു. കിടന്നതേ ഓർമയുള്ളൂ, ഉറങ്ങിപ്പോയി. ഉറക്കത്തിൽ ഒരാൾ വന്നു. "സുലൈഖ ബീവിയിൽ നിന്ന് രക്ഷപെട്ട യൂസുഫ് നബിയെയും തോൽപ്പിച്ചു കളഞ്ഞല്ലോ മേനേ..." എന്നു പറഞ്ഞു. ഞാൻ ചോദിച്ചു: "നിങ്ങൾ ആരാണ്?"


"ഞാൻ ജിബ് രീൽ!"



ഉടനെ ജിബ് രീൽ (അ) എന്റെ മുഖത്തും ശരീരത്തിലും ഒന്ന് തടവി. അന്ന് രാത്രി സ്വപ്നത്തിൽ ജീബ് രീൽ (അ) എന്നെ തടവിയപ്പോൾ മുതൽ ലഭിച്ചതാണീ സുഗന്ധം. എത്ര വില കൊടുത്താലും ഇതു ലഭിക്കില്ല.

Comments