ഇസ്‌ലാമിക ശരീഅത്തും ലഹരി വസ്തുക്കളും

മനുഷ്യര്‍ക്ക് നന്മയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. തിന്മകളെ കുറിച്ചത് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി പല വസ്തുക്കളെയും ഇസ്‌ലാമിക ശരീഅത്ത് നിഷിദ്ധമാക്കിയിട്ടുണ്ട്. മനുഷ്യനിലെ ഭൗതികവും ആത്മീയവുമായ ഉദ്ദേശ്യലക്ഷ്യങ്ങളെ സംരക്ഷിക്കുകയെന്നതാണ് ഈ നിഷിദ്ധമാക്കലിന് പിന്നിലെ തത്വം. ദീന്‍, ശരീരം, ബുദ്ധി, സന്താനം, സമ്പത്ത് എന്നിവയാണ് പ്രസ്തുത ലക്ഷ്യങ്ങള്‍. അതിന്റെ ഭാഗമായി അതിലേക്ക് കൂട്ടിചേര്‍ക്കാവുന്ന മറ്റ് രണ്ട് ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് സ്വാതന്ത്ര്യവും നീതിയും.
ശരീഅത്ത് ആവശ്യപ്പെടുന്ന സംരക്ഷണത്തിന് രണ്ട് തലങ്ങളാണുള്ളത്. ഒന്ന് സംരക്ഷണത്തിന്റെയും രണ്ടാമത്തേത് പരിചരണത്തിന്റെയും. ദോഷങ്ങളെയും ഉപദ്രവങ്ങളെയും തടയലും നീക്കികളയലുമാണ് സംരക്ഷണത്തിന്റെ തലം. പ്രതീക്ഷിക്കുന്ന ഒരു ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനുള്ള ശ്രമമാണ് പരിചരണത്തിന്റെ തലം. ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണപ്രകാരം ‘ഇബാദത്താണ്’ എല്ലാറ്റിന്റെയും ലക്ഷ്യം. കാരണം അല്ലാഹു പറയുന്നു: ‘എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ മനുഷ്യവര്‍ഗത്തെയും ജിന്നുവര്‍ഗത്തെയും നാം സൃഷ്ടിച്ചിട്ടില്ല.’ (അദ്ദാരിയാത്ത്: 56) ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബുദ്ധിയാണ്. ബുദ്ധി നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ദീന്‍ ചടങ്ങുകളും ആചാരങ്ങളും മാത്രമാണ്. ബുദ്ധിയുടെ അഭാവത്തില്‍ ശരീരത്തിന്റെ ചലനങ്ങള്‍ അരാജകത്വമായിരിക്കും. ബുദ്ധിയില്ലാത്ത സന്താനങ്ങളും അരാജകത്വം തന്നെയാണ് സൃഷ്ടിക്കുക. ബുദ്ധിയില്ലാതെ പണമുണ്ടാകുന്നത് നാശവും കുഴപ്പവുമാണ്. ബുദ്ധിയില്‍ നിന്ന് വേറിട്ട സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഫലം കുഴപ്പങ്ങളും അക്രമവുമാണ്. അതുകൊണ്ടാണ് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനമായി ശരീഅത്ത് അതിനെ പരിഗണിച്ചിരിക്കുന്നത്. ബുദ്ധിയില്ലാത്തവന് ഇസ്‌ലാമില്‍ ബാധ്യതകളില്ല. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘മൂന്ന് പേരില്‍ നിന്ന് പേനകള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു (അതിന്റെ പേരില്‍ അവര്‍ ചോദ്യം ചെയ്യപ്പെടുകയില്ലെന്ന് ഉദ്ദേശ്യം). ഉറങ്ങുന്നവന്‍ ഉണരുന്നത് വരെ, ചെറിയകുട്ടി പ്രായപൂര്‍ത്തിയെത്തുന്ന് വരെ, ഭ്രാന്തന് വിവേകം ഉണ്ടാകുന്നത് വരെ.’ (അഹ്മദ്, അബൂദാവൂദ്, ഹാകിം)
അതുകൊണ്ട് തന്നെ ശരീഅത്ത് ബുദ്ധിയുടെ സംരക്ഷണത്തിന് കര്‍ശനമായ നിയമങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ തളര്‍ത്തുകയോ ദുര്‍ബലപ്പെടുത്തുകയോ ചെയ്യുന്ന എല്ലാറ്റിനെയും അത് നിഷിദ്ധമാക്കുന്നു. ഇസ്‌ലാം ബുദ്ധിയെ സംരക്ഷിച്ചതിന്റെ ഒന്നാമത്തെ ഉദാഹരണമായി നമുക്ക് മദ്യത്തെ എടുക്കാം. ‘അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണ്ട് ഭാഗ്യം നോക്കുന്നതുമെല്ലാം പൈശാചിക വൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്കു വിജയ സൗഭാഗ്യം പ്രതീക്ഷിക്കാം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അതില്‍നിന്നൊക്കെ വിരമിക്കുമോ?’ (അല്‍മാഇദ: 90-91) മദ്യവും സമാനമായ വസ്തുക്കളും ബുദ്ധിയെ ഇല്ലാതാക്കുന്നതോടൊപ്പം തന്നെ മറ്റ് ഉദ്ദേശ്യങ്ങളെ കൂടിയത് ദോഷകരമായി ബാധിക്കുന്നു. വ്യക്തിക്കും സമൂഹത്തിനും ഉണ്ടാക്കുന്ന എല്ലാ ദോഷങ്ങളെയും ദീന്‍ തടയുന്നു. ഇത്തരത്തില്‍ മദ്യം ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് പ്രത്യേകം വിവരിക്കാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് ശരീരത്തിനുണ്ടാക്കുന്ന ദോഷങ്ങളെ തെളിയിക്കുന്ന നിരവധി പഠനങ്ങളുണ്ട്. മദ്യപാനം പ്രത്യുല്‍പാദന ശേഷി കുറക്കുമെന്നുള്ളതും ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മറ്റ് മയക്കുമരുന്നുകളെയും ലഹരിപദാര്‍ത്ഥങ്ങളെയും മദ്യത്തോടാണ് താരതമ്യപ്പെടുത്തേണ്ടത്. പലപ്പോഴും മദ്യത്തിന്റെ ദോഷത്തേക്കാള്‍ ശക്തമായ ദോഷങ്ങളാണ് അവയിലുള്ളതെന്നും കാണാം.
സമൂഹത്തിന്റെ ഭദ്രതയും സത്യസന്ധതയുമാണ് മദ്യവും ലഹരിവസ്തുക്കളും തകര്‍ക്കുന്നത്. കുടുംബ സംവിധാനത്തെയും അത് ദുര്‍ബലപ്പെടുത്തുന്നു. ആളുകളില്‍ മടിയും ഭീരുത്വും അലസതയും അത് സൃഷ്ടിക്കുന്നു. സമൂഹത്തെ എല്ലാത്തരത്തിലും പിന്നോട്ടടിപ്പിക്കുന്നതിന് മതിയായ കാരണങ്ങളാണ് അവയെല്ലാം. അതുകൊണ്ട് ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കള്‍ക്കും മദ്യത്തിന്റെ അതേ വിധി തന്നെയാണ് ശരീഅത്ത് കല്‍പിക്കുന്നത്. വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളും അത് ശക്തിപ്പെടുത്തുന്നു.
അല്ലാഹു പറയുന്നു: ‘അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.’ (അല്‍-അഅ്‌റാഫ്: 157)‘പ്രവാചകന്‍ ഇവരോടു പറയുക: ‘എന്റെ റബ്ബ് നിഷിദ്ധമാക്കിയിട്ടുള്ളത് രഹസ്യവും പരസ്യവുമായ മ്ലേച്ഛതകളാണ്.’ (അല്‍-അഅ്‌റാഫ്: 33)‘അല്ലയോ വിശ്വസിച്ചവരേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണ്ട് ഭാഗ്യംനോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക.’ (അല്‍-മാഇദ : 90)
ഹദീസുകളില്‍പ്രവാചകന്‍(സ) പറഞ്ഞു: ‘ജിബ്‌രീല്‍ എന്റെ അടുക്കല്‍ വന്നു പറഞ്ഞു: അല്ലയോ മുഹമ്മദ്, മദ്യത്തെയും അത് വാറ്റുന്നവനെയും വാറ്റിക്കുന്നവനെയും കുടിക്കുന്നവനെയും അത് ചുമക്കുന്നവനെയും ചുമത്തുന്നവനെയും വില്‍ക്കുന്നവനെയും കുടിപ്പിക്കുന്നവനെയും നിശ്ചയം അല്ലാഹു ശപിച്ചിരിക്കുന്നു.’പ്രവാചകന്‍(സ) പറഞ്ഞു: ‘മത്തു പിടിപ്പിക്കുന്ന എല്ലാ പാനീയവും ഹറാമാണ്. മത്തു പിടിപ്പിക്കുന്ന എല്ലാ വസ്തുവിനെയും ഞാന്‍ നിരോധിക്കുന്നു.’ മറ്റൊരിക്കല്‍ പറഞ്ഞു: ‘ഏതൊന്നിന്റെ കൂടുതല്‍ പരിമാണം ലഹരി പിടിപ്പിക്കുന്നുണ്ടോ അതിന്റെ ചുരുങ്ങിയ പരിമാണവും നിഷിദ്ധമാണ്.’ആഇശ(റ) പറയുന്നു: തീര്‍ച്ചയായും അല്ലാഹു മദ്യത്തെ നിരോധിച്ചത് അതിന്റെ പേരിന്റെ പേരിലല്ല, മറിച്ച് അതിന്റെ അനന്തരഫലത്താല്‍ മാത്രമാണ്. മദ്യത്തിന്റെ ഫലമുണ്ടാക്കുന്ന എല്ലാ പാനീയങ്ങളും മദ്യം പോലെ നിഷിദ്ധമാണ്. (ദാറഖുത്വ്‌നി)

Comments