സോഷ്യല്‍ മീഡിയ എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്?
സോഷ്യല്‍ മീഡിയ എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്?
കൗമാരക്കാര്‍ 'യഥാര്‍ത്ഥ ലോകത്തില്‍' വളരെ കുറച്ച് സമയമേ ചിലവഴിക്കുന്നുള്ളുവെന്നും ഓണ്‍ലൈനിലാണ് അവര്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നതെന്നുമുള്ള പരാതികള്‍ നമ്മള്‍ വ്യാപകമായി കേള്‍ക്കുന്നതാണ്. 12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ നാലില്‍ മൂന്ന് ശതമാനത്തിനും സാമൂഹിക മാധ്യമ വിലാസങ്ങള്‍ ഉണ്ടെന്നും ആഴ്ചയില്‍ ഇവര്‍ ശരാശരി 19 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചിലവഴിക്കാറുണ്ടെന്നുമുള്ള പഠനങ്ങള്‍ വരുന്നതിനിടയിലാണിത്.
ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന സമയത്തേക്കാള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്, ഉപയോക്താക്കളുടെ വ്യക്തിത്വത്തേയും സ്വഭാവത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങളാവും കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നത്. ഉദാഹരണത്തിന്, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവും നാര്‍സിസവും തമ്മില്‍ ബന്ധമുണ്ടെന്നും സാമൂഹിക മാധ്യമങ്ങള്‍, സാമൂഹിക തീരുമാനമെടുക്കല്‍ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും അനുകമ്പ കുറയ്ക്കുകയും ചെയ്യുമെന്നും സമീപകാല പഠനം പറയുന്നു.
കൗമാരക്കാരുടെ സ്വാഭാവത്തിലും ധാര്‍മ്മിക വളര്‍ച്ചയിലും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം മനസിലാക്കാനും വികസനത്തില്‍ സാമൂഹിക മാധ്യമങ്ങളുടെ സംഭാവനകള്‍ മനസിലാക്കാനുമാണ് സമകാലിക പഠനങ്ങള്‍ ലക്ഷ്യമിടുന്നത്. ഇത്തരം ഒരു പഠനത്തില്‍, യുകെയില്‍ എമ്പാടുമുള്ള 11നും 17നും ഇടയില്‍ പ്രായമുള്ള കൗമാരക്കാരുടെ 1,738 മാതാപിതാക്കള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തുകയും, സാമൂഹിക മാധ്യമങ്ങളെ കുറിച്ചും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുന്ന ധാര്‍മ്മികമായ (അധാര്‍മ്മികവും) സന്ദേശങ്ങളെ കുറിച്ചുമുള്ള അവരുടെ വികാരങ്ങള്‍ എന്തൊക്കെയെന്നതിനെ കുറിച്ച് ഒരു നിര ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു.
സാമൂഹിക മാധ്യമങ്ങളോടുള്ള ഭൂരിപക്ഷം മാതാപിതാക്കളുടെയും പ്രതികരണം പ്രതികൂലമാണ് എന്നാണ് ഇതുവരെയുള്ള കണ്ടെത്തലുകള്‍ പറയുന്നത്. ഒരു കൗമാരക്കാരന്റെ സ്വഭാവത്തെയോ ധാര്‍മ്മിക വികസനത്തെയോ 'തടസപ്പെടുത്തുകയോ അടിച്ചമര്‍ത്തുകയോ' ചെയ്യുമെന്നാണ് സര്‍വെയില്‍ പങ്കെടുത്തവരില്‍ പകുതിയില്‍ കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. സാമൂഹിക മാധ്യമങ്ങള്‍ക്ക് 'അതിനെ വളര്‍ത്താനോ പിന്തുണയ്ക്കാനോ' കഴിയും എന്ന് അഭിപ്രായപ്പെട്ടത് സര്‍വെയില്‍ പങ്കെടുത്തവരില്‍ 15 ശതമാനം മാത്രമായിരുന്നു.
സോഷ്യല്‍ മീഡിയ എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്?
പ്രതിലോമകരം മാത്രമല്ല
രക്ഷകര്‍ത്താക്കളുടെ സാമൂഹിക മാധ്യമ ഉപയോഗത്തെ കുറിച്ചും സര്‍വെയില്‍ ചോദ്യങ്ങളുണ്ടായിരുന്നു. അവിടെ 'പുരോഗമനപരമായ സ്വഭാവ സവിശേഷതകള്‍' കാണാന്‍ സാധിക്കുന്നില്ലെന്നാണ് സ്ഥിരമായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രക്ഷകര്‍ത്താക്കള്‍ പറയുന്നത്. ആത്മനിയന്ത്രണം, സത്യസന്ധത, വിനയം തുടങ്ങിയ സ്വഭാവഗുണങ്ങള്‍ അവിടെ വളരെ അപൂര്‍വമായി മാത്രമേ കണ്ടെത്താന്‍ സാധിക്കുന്നുള്ളു. മറിച്ച് ദേഷ്യവും അസഹിഷ്ണുതയും ആക്രമണോത്സുകതയും അജ്ഞതയും വളരെ കൂടുതലാണെന്നും ചില രക്ഷകര്‍ത്താക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍, എല്ലാ ഫലങ്ങളും നിരാശാജനകവും പ്രതീക്ഷയ്ക്ക് വകയില്ലാത്തതുമല്ല. നല്ലതിന് വേണ്ടിയുള്ള സ്രോതസായും സാമൂഹിക മാധ്യമങ്ങള്‍ക്ക് മാറാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഹാസ്യം, സൗന്ദര്യത്തെ പ്രകീര്‍ത്തിക്കല്‍, ക്രിയാത്മകത, ദയ, സ്‌നേഹം, ധൈര്യം തുടങ്ങിയ നല്ല ധാര്‍മ്മിക സന്ദേശങ്ങള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും വായിക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നതായി സ്ഥിരമായി സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രക്ഷകര്‍ത്താക്കള്‍ പറയുന്നു. ഇത്തരം നല്ല സന്ദേശങ്ങള്‍ വായിക്കുന്നത് കൗമാരക്കാരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അഭിലഷണീയമായ സ്വാധീനം ചെലുത്താന്‍ സഹായിക്കുമെന്നും അവര്‍ വിലയിരുത്തുന്നു.
ഫെയ്‌സ്ബുക്കും ട്വിറ്ററും പോലെയുള്ള വെബ്‌സൈറ്റുകളിലെ ഉപയോക്താക്കള്‍ വ്യത്യസ്ത മതങ്ങള്‍, സംസ്‌കാരങ്ങള്‍, സാമൂഹിക ശ്രേണികള്‍ എന്നിവിടങ്ങളില്‍ നിന്നും വരുന്ന പുതിയ കാഴ്ചപ്പാടുകളും സാഹചര്യങ്ങളും ഉള്ളവരായതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത്തരം ഓണ്‍ലൈന്‍ സാഹചര്യങ്ങളുമായുള്ള ഇടപഴകലുകള്‍ കൗമാരക്കാരെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളവരും സഹിഷ്ണുക്കളും ആക്കി മാറ്റുകയും ഇത് ഫലത്തില്‍ അവരുടെ അനുകമ്പാശേഷിയെ വികസിപ്പിക്കുകയും ചെയ്യും. 'യഥാര്‍ത്ഥ ജീവിതത്തില്‍' ഒരു പക്ഷെ അവര്‍ക്ക് ഒരിക്കലും സാധ്യമല്ലാത്ത രീതിയില്‍ മറ്റുള്ളവരുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് കാര്യങ്ങള്‍ വീക്ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ അവര്‍ക്ക് അവസരം നല്‍കുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.
ധാര്‍മ്മിക പിന്തുണ
സഹാനുഭൂതിയിലേക്കുള്ള ഈ തുറന്നുവിടല്‍ എപ്പോഴും സാധ്യമാകണമെന്നില്ല. വര്‍ദ്ധിച്ച് വരുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ ഇതിന്റെ തെളിവാണ്. 2015ല്‍ വന്ന ഒരു റിപ്പോര്‍ട്ട് 13നും 20നും ഇടയില്‍ പ്രായമുള്ള 62 ശതമാനം പേരും അധിക്ഷേപത്തിന് ഇരയാവുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ സാഹചര്യങ്ങളില്‍ അനുകമ്പ എപ്പോഴും ഒരു പങ്ക് വഹിക്കണം എന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൂടാതെ ഇന്റര്‍നെറ്റിന്റെ സ്വഭാവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അത് പ്രദാനം ചെയ്യുന്ന അദൃശ്യതയും അജ്ഞാതത്വവും നിമിത്തം യഥാര്‍ത്ഥ ജീവിതത്തില്‍ പെരുമാറുന്നതില്‍ നിന്നും വ്യത്യസ്തമായി ചിലര്‍ ഓണ്‍ലൈനില്‍ പെരുമാറാറുണ്ട്. ധാര്‍മ്മികതയുള്ള വ്യക്തി എന്ന് ഒരാള്‍ സ്വയം വിലയിരുത്തുമ്പോള്‍ തന്നെ അധാര്‍മ്മികമായി പെരുമാറാന്‍ ഒരാള്‍ക്ക് സാധിക്കുന്ന തരത്തിലുള്ള ഒരു 'ധാര്‍മ്മിക വിച്ഛേദത്തിലേക്ക്' ഇത് നയിച്ചേക്കാം. ഈ 'വിച്ഛേദമാണ്' സൈബര്‍ അധിക്ഷേപ പെരുമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
സാമൂഹിക മാധ്യമങ്ങളെ അപ്പാടെ വിലക്കാന്‍ ഇത് ചില മാതാപിതാക്കളെയെങ്കിലും പ്രലോഭിപ്പിച്ചേക്കാമെങ്കിലും ദീര്‍ഘകാലത്തില്‍ അത് വിജയപ്രദമായ ഒരു തന്ത്രമായി മാറാനുള്ള സാധ്യത കുറവാണ്. സാമൂഹിക മാധ്യമങ്ങള്‍ എവിടെയും പോകുന്നില്ല. പകരം, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവും കൗമാരക്കാരുടെ സ്വഭാവവും ധാര്‍മ്മിക മൂല്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമ്മള്‍ കൂടുതല്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ഈ ഗവേഷണം ഇക്കാര്യത്തില്‍ ശക്തമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഒരു ഉപദേശം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിജയകരമായ വഴികാട്ടല്‍ ആവശ്യപ്പെടുന്ന ഒരു ധാര്‍മ്മിക സ്ഥലിയാണ് ഓണ്‍ലൈന്‍ പരിസ്ഥിതി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ധാര്‍മ്മിക വിച്ഛേദം പോലെയുള്ള ഘടകങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്ന് മനസിലാക്കുന്നതിലൂടെ കൗമാരക്കാര്‍ക്ക് ഇടപെടാന്‍ കഴിയുന്ന സുരക്ഷിതവും സന്തുലിതവുമായ പാത സൃഷ്ടിക്കാന്‍ ഈ പഠനത്തിന് സാധിച്ചേക്കും.
Comments
Post a Comment