മനഃസുഖം
ഒരു പ്രമാണിയായിരുന്നു ഏലിയാബ്. പണവും പ്രൗഢിയും വേണ്ടതിലേറെ. ശുശ്രൂഷിക്കുവാന്‍ ദാസവൃന്ദവും. പക്ഷേ, അദ്ദേഹത്തിനല്പംപോലും മനഃസമാധാനമില്ലായിരുന്നു. എങ്ങനെയെങ്കിലും മരിച്ചാല്‍ മതിയെന്നായി ചിന്ത. ഒരിക്കല്‍ ഒരു പുണ്യപുരുഷന്‍ അദ്ദേഹത്തെ കാണുവാനെത്തി. സംസാരത്തിനിടയില്‍, തന്റെ കൈവശമുണ്ടായിരുന്ന ഒരു പച്ചമരുന്ന് ഏലിയാബിനെ അദ്ദേഹം കാണിച്ചു. വിവിധ രോഗങ്ങള്‍ സുഖപ്പെടുത്തുന്ന അദ്ഭുതശക്തിയുള്ള ഒരു മരുന്നായിരുന്നു അത്.
പക്ഷേ, ഏലിയാബ് പറഞ്ഞു: ''അത്ഭുതശക്തിയുള്ള ഔഷധംകൊണ്ട് എനിക്കെന്തു പ്രയോജനം? എന്റെ ശരീരത്തിനു നല്ല ആരോഗ്യമുണ്ട്. എന്നാല്‍, എന്റെ ആത്മാവിന്റെ സ്ഥിതി അതല്ല. എന്റെ ആത്മാവിനെ എന്തോ തീരാരോഗം ഗ്രസിച്ചിരിക്കുന്നു. എന്റെ മനസിലാണെങ്കില്‍ എപ്പോഴും അസ്വസ്ഥതകള്‍ മാത്രം. ഞാന്‍ എത്രയുംവേഗം മരിച്ചിരുന്നെങ്കില്‍!''
അപ്പോള്‍ ആ പുണ്യപുരുഷന്‍ പറഞ്ഞു: ''നിങ്ങള്‍ വിഷമിക്കേണ്ട. തീര്‍ച്ചയായും ഈ പച്ചമരുന്ന് നിങ്ങളുടെ ആത്മാവിനു ഗുണംചെയ്യും. അതുപോലെ ഈ മരുന്ന് നിങ്ങളുടെ അസ്വസ്ഥമായ മനസിനു കുളിര്‍മ നല്കുകയും ചെയ്യും.'' ഒരു പച്ചമരുന്ന് എങ്ങനെയാണ് ആത്മാവിനും മനസിനും ഗുണം ചെയ്യുക എന്ന് ഏലിയാബ് സ്വയം ചോദിക്കുമ്പോള്‍ ആ പുണ്യപുരുഷന്‍ തുടര്‍ന്നു: ''ഈ മരുന്നു കൊണ്ടുപോയി രോഗികളായ ഏഴുപേര്‍ക്കു സൗഖ്യം നല്കുക.
അതിനുശേഷം മരിക്കണമെങ്കില്‍ മരിച്ചുകൊള്ളൂ.'' താന്‍ കേട്ട കാര്യത്തെക്കുറിച്ച് ഏലിയാബിനു അത്ര ബോധ്യം വന്നില്ല. എങ്കിലും പറഞ്ഞതു ദൈവാരൂപിയുള്ള ഒരു നല്ല മനുഷ്യനല്ലേ എന്നു കരുതി ഏലിയാബ് ആ പച്ചമരുന്നുവാങ്ങി. അധികം താമസിക്കാതെ അദ്ദേഹം രോഗികളെ തേടിയിറങ്ങി.
അത്ഭുതകരമായിരുന്നു ഈ ദിവ്യ ഔഷധത്തിന്റെ ഫലം. ആ മരുന്ന് സ്വീകരിച്ച രോഗികളൊക്കെ സുഖം പ്രാപിച്ചു. അവര്‍ അദ്ദേഹത്തിനു ഹൃദയപൂര്‍വം നന്ദിപറഞ്ഞു. അവരുടെ നന്ദി ഏലിയാബിന്റെ മനം കുളിര്‍പ്പിച്ചു. ദരിദ്രരായിരുന്ന അവരെ ഏലിയാബ് വാരിക്കോരി സഹായിച്ചു. അപ്പോള്‍ ഏലിയാബിന്റെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചു. അദ്ദേഹത്തിന്റെ ആത്മാവ് അതിവേഗം സൗഖ്യമായി. മരിക്കണമെന്ന ചിന്ത അദ്ദേഹത്തില്‍നിന്ന് ഓടിയകന്നു. അപ്പോള്‍ ഏലിയാബിനെപ്പോലെ സന്തോഷമുള്ളവര്‍ ആ നാട്ടില്‍ ആരുമുണ്ടായിരുന്നില്ല.
കുറേകഴിഞ്ഞപ്പോള്‍ പഴയ പുണ്യപുരുഷന്‍ വീണ്ടും ഏലിയാബിനെ സന്ദര്‍ശിക്കാനെത്തി. അദ്ദേഹത്തെ കണ്ടയുടനെ ഏലിയാബ് അദ്ദേഹത്തിന്റെ പാദത്തില്‍വീണ് നമസ്‌കരിച്ചു. അപ്പോള്‍ പുതിയൊരു പച്ചമരുന്ന് നീട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''ഇതു മരിക്കുവാന്‍ സഹായിക്കുന്ന ഒരു മരുന്നാണ്. ഈ മരുന്ന് കഴിച്ച് ഇനി മരിച്ചുകൊള്ളൂ.'' അപ്പോള്‍ ജാള്യത്തോടെ ഏലിയാബ് പറഞ്ഞു: ''മരിക്കാന്‍ ഞാനിപ്പോള്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത് ജീവിതമാണ്. കാരണം ജീവിതംകൊണ്ട് എന്തുനേടാമെന്ന് എനിക്കിപ്പോള്‍ നന്നായി മനസിലായി.'
ഈ കഥയിലെ നായകനായ ഏലിയാബ് ജീവിതംകൊണ്ട് എന്തുനേടാമെന്നാണ് കണ്ടെത്തിയത്? പൊന്നും പണവുമോ? ലോകത്തിലെ പ്രതാപവും ഐശ്വര്യവുമോ? ജീവിത സുഖങ്ങളോ? തന്റെ ജീവിതംകൊണ്ട് പൊന്നും പണവും പ്രതാപവും ഐശ്വര്യവും ജീവിതസുഖങ്ങളുമൊക്കെ നേടാന്‍ സാധിക്കുമെന്ന് ഏലിയാബ് നേരത്തെ കണ്ടെത്തിയിരുന്നു. പക്ഷേ, അവയൊന്നും തന്റെ ആത്മാവിന് ശാന്തി നേടിത്തരില്ല എന്ന് അദ്ദേഹം മനസിലാക്കി.
എന്നാല്‍, അദ്ദേഹം പുണ്യപുരുഷന്‍ ആവശ്യപ്പെട്ടതുപോലെ മറ്റുള്ളവരെ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ രോഗഗ്രസ്തമായിരുന്ന ആത്മാവ് സൗഖ്യമായി. മനസും ഹൃദയവും സമാധാനംകൊണ്ട് നിറഞ്ഞു. അപ്പോള്‍ ജീവിതംകൊണ്ട് താന്‍ യഥാര്‍ഥത്തില്‍ നേടേണ്ടത് എന്താണെന്നും അത് എങ്ങനെയാണ് നേടേണ്ടതെന്നുമുള്ള തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായി. അതുകൊണ്ടാണ്, മരണമല്ല ജീവിതമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഏലിയാബ് ആ ദിവ്യമനുഷ്യനോട് പറഞ്ഞത്.
നാം നമ്മുടെ ജീവിതത്തില്‍ എന്താണ് നേടുന്നത്? പൊന്നും പണവുമോ? അധികാരവും പ്രശസ്തിയുമോ? ജീവിത സുഖങ്ങളോ? ഇവയില്‍ പലതും നമ്മുടെ അനുദിന ജീവിതത്തിന് ഒരുപരിധിവരെ ആവശ്യമാണ്. എന്നാല്‍, പൊന്നും പണവും ആവശ്യമാണെന്നുകരുതി അവ മറ്റുള്ളവരില്‍നിന്ന് ഏതുവിധേനയും പിടിച്ചുപറിക്കാമോ? അധികാരത്തിനും പ്രശസ്തിക്കും വേണ്ടി ആരെയും തേജോവധം ചെയ്യുകയും ചവിട്ടിമെതിക്കുകയും ചെയ്യാമോ? ജീവിതസുഖം നേടുന്നതിനുവേണ്ടി ആരെയും നശിപ്പിക്കാമോ?
പക്ഷേ, ഇവയൊക്കെ ഒരു മന:സ്സാക്ഷിക്കടിപോലും കൂടാതെ ചെയ്താലും നമ്മുടെ ജീവിതത്തില്‍ സുഖമുണ്ടാകുമോ? സന്തോഷം ഉണ്ടാകുമോ? കാര്യങ്ങള്‍ അങ്ങനെയായിരുന്നെങ്കില്‍ ഈ ലോകത്തില്‍ സുഖവും സന്തോഷവും അനുഭവിക്കുന്നവരുടെ എണ്ണം എത്ര വലുതാകുമായിരുന്നു!
എന്നാല്‍, വാസ്തവം അതാണോ? മറ്റുള്ളവരെ കുത്തിക്കവര്‍ന്നും കൈക്കൂലി വാങ്ങിയും കരിഞ്ചന്ത നടത്തിയും പണമുണ്ടാക്കുന്ന എത്രപേരുടെ ജീവിതത്തില്‍ യഥാര്‍ഥ സുഖമുണ്ട്? മറ്റുള്ളവരെ ചവുട്ടിമെതിച്ചും അവരെ തേജോവധം ചെയ്തും അധികാരം ആസ്വദിക്കുന്ന എത്രപേരുടെ ജീവിതത്തില്‍ സമാധാനം ഉണ്ട്? വാസ്തവത്തില്‍ അവരുടെയൊക്കെ ആത്മാവ് രോഗഗ്രസ്തമല്ലേ?
അവരുടെ മനസ് അസ്വസ്ഥതയുടെ നെരിപ്പോടല്ലേ? ജീവിതത്തില്‍ യഥാര്‍ഥ സുഖവും സന്തോഷവും ഹൃദയസമാധാനവുമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ അതിനുള്ള എളുപ്പവഴി മറ്റുള്ളവരുടെ നന്മകള്‍ പിടിച്ചെടുക്കുകയല്ല, പ്രത്യുത നമ്മുടെ നന്മകള്‍ പങ്കുവയ്ക്കുകയാണ്.
മറ്റുള്ളവരുടെ ധനം ഉള്‍പ്പെടെയുള്ള നന്മകളൊന്നും അന്യായമായി സ്വന്തമാക്കിക്കൊണ്ട് നമ്മുടെ ജീവിതത്തില്‍ യഥാര്‍ഥ സുഖവും സന്തോഷവും നേടാന്‍ സാധിക്കുകയില്ലെന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍, നമ്മുടെ നന്മകള്‍ ധാരാളമായി മറ്റുള്ളവരുമായി പങ്കുവച്ചുകൊണ്ട് നമ്മുടെ ജീവിതത്തില്‍ സ്ഥായിയായ സുഖവും സന്തോഷവും കണ്ടെത്താന്‍ സാധിക്കുമെന്നതില്‍ സംശയംവേണ്ട.
നമ്മുടെ ആത്മാവ് രോഗഗ്രസ്തമാണോ? നമ്മുടെ ഹൃദയത്തില്‍ ശാന്തിയും സമാധാനവുമില്ലേ? എങ്കില്‍, നാം നമ്മിലേക്കു മാത്രം ഉള്‍വലിഞ്ഞു നമ്മുടെ സുഖത്തിനും സന്തോഷത്തിനുമായി മാത്രം ജീവിക്കുന്നവരാണെന്നതില്‍ സംശയമില്ല. നമ്മുടെ ഹൃദയത്തില്‍ ശാന്തിയുണ്ടോ?
നമ്മുടെ ആത്മാവ് ആരോഗ്യമുള്ളതാണോ? എങ്കില്‍, നാം സ്വാര്‍ത്ഥതയുടെ വേലിക്കെട്ടുകള്‍ പൊളിച്ചു മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിക്കൂടി ജീവിക്കുന്ന വ്യക്തികളാണെന്ന് ആത്മാര്‍ഥമായി അഭിമാനിക്കാം. ജീവിതംകൊണ്ട് എന്താണ് നേടേണ്ടതെന്നും അതെങ്ങനെയാണ് നേടേണ്ടതെന്നും നാം എപ്പോഴും ഓര്‍മിച്ചിരുന്നെങ്കില്‍ ജീവിതം എത്രയോ മനോഹരമാകുമായിരുന്നു.
🌻🍂🍃🌻🍂🍃🌻🍂
കടപ്പാട് : ഓൺലെെൻ
➿➿➿➿➿➿➿➿
Comments
Post a Comment