ലഹരി


യുവതലമുറയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മഹാവിപത്താണ് ലഹരി. അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളും കാംപസുകളുമാണെന്നത് ഇനിയെങ്കിലും തിരിച്ചറിയണം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിക്കുന്ന വന്‍ സാമ്ബത്തിക ശക്തികളുടെ വിളനിലമാണ് നമ്മുടെ കുട്ടികള്‍. അവരെയും അതിലൂടെ വരുന്ന തലമുറയേയുമാണ് ഇത് തകര്‍ക്കുന്നത്. ചില ദുര്‍ബല സുഖവും രസവും നല്‍കുന്ന അനേകം മയക്കുമരുന്നുകള്‍ യൗവനത്തിനു ചുറ്റും വട്ടമിട്ടു കളിക്കുകയാണ്. എല്ലാത്തിനും എത്തിപ്പിടിക്കാവുന്ന ദൂരമേയുള്ളൂ. ആദ്യം സുഹൃത്തുക്കളുമൊത്തു രസത്തിനുവേണ്ടി തുടങ്ങും. പിന്നെ, ആവേശമായി, ആമോദമായി അതു തുടരും. ഓരോ പ്രാവശ്യവും ലഹരി കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കണം. രുചിയും ചേരുവയുമുള്ളത് തേടിക്കൊണ്ടിരിക്കണം. അതാണ് ഇതിന്റെ സ്വഭാവം.

ലക്ഷണങ്ങള്‍

കൂട്ടുകാരുടെ പ്രേരണ, പരസ്യങ്ങളുടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സ്വാധീനം, സ്വയം ചികിത്സക്കായി കണ്ടെത്തല്‍ ഇങ്ങനെയാണ് മയക്കുമരുന്നുകളിലേക്ക് അടുക്കുന്നത്. പിന്നീട് സ്ഥിരമായി അത് ലഭിക്കണം. ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥതകളുണ്ടാവും. വിലകൂടിയ മയക്കുമരുന്നുകള്‍ ലഭിക്കാന്‍ ചെയ്യുന്ന അരുതായ്മകള്‍ വേറെയും. ജോലിക്ക് പോകാതിരിക്കുക, കളവ്, കൊലപാതകം, കള്ളക്കടത്ത്, മയക്കുമരുന്നു കച്ചവടം തുടങ്ങിയവകളിലേര്‍പ്പെടുക ഇതൊക്കെ ലഹരിക്ക് അടിമപ്പെട്ടവരുടെ സ്വഭാവമാണ്. മയക്കുമരുന്നിനോടുള്ള അടിമത്തം അസാന്മാര്‍ഗികതയിലേക്കുള്ള പടിവാതിലായി മാറുന്ന കാഴ്ചയാണ് ഇന്ന് കണ്ടുവരുന്നത്. ബോധാവസ്ഥയില്‍ മനുഷ്യന് ചെയ്യാന്‍ സാധിക്കാത്തതും കഴിയാത്തതും ചിലപ്പോള്‍ ലഹരിക്കടിമയായവന് കഴിയും. വലിയ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുന്നതും ഒരാള്‍ നിരവധി പേര്‍ക്കുനേരെ അക്രമങ്ങള്‍ക്ക് തയാറാവുന്നതും ഇതിന്റെ അടയാളമാണ്. അക്രമം നടത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിക്കപ്പെടുമ്ബോള്‍ അവരില്‍ പലരും ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് നാം അറിയാറുണ്ട്. അതിന്റെ പിന്നിലെ കാരണം ഇതാണ്. കാംപസുകളിലും മറ്റു കേന്ദ്രങ്ങളിലും നടക്കുന്ന വലിയ ഡാന്‍സ് പാര്‍ട്ടികളിലും ഡി.ജെ പാര്‍ട്ടികളിലും മണിക്കൂറുകളോളം നിന്ന് തുള്ളാനും ചാടാനുമുള്ള കരുത്ത് നല്‍കുന്നത് ഇത്തരം ലഹരികളാണ്. ശരിയായ ആരോഗ്യമുള്ളയാള്‍ക്ക് പോലും കഴിയാത്ത രീതിയില്‍ അത്യാവേശത്തോടെ തുടര്‍ച്ചയായി ഇത്തരം പരിപാടികളില്‍ പങ്കാളിയാവുന്നവരില്‍ ബഹുഭൂരിപക്ഷവും ലഹരി ഉപയോഗിച്ചവരായിരിക്കും.എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് പോലുള്ളവ അത്യധികം ഭീകര പരിവര്‍ത്തനങ്ങളാണു വ്യക്തിയില്‍ ഉണ്ടാക്കുന്നത്. ആത്മഹത്യകള്‍പോലും സംഭവിക്കുന്നു. ചിലപ്പോള്‍ വ്യക്തി മാത്രമല്ല കൂടെപ്പോവുക. കുടുംബമൊന്നടങ്കം പോകുന്നു. അല്ലെങ്കില്‍ കുടുംബത്തെ മുഴുവന്‍ കൊന്ന് സ്വയം അടങ്ങുന്നു.

ചികിത്സ ഫലപ്രദം

യുവതലമുറ കൂടുതലായി ഉപയോഗിക്കുന്ന മയക്കുമരുന്നാണ് എം.ഡി.എം.എ. ഒറ്റത്തവണ ഉപയോഗിച്ചാല്‍ തന്നെ ഇതിന്റെ അടിമയായി മാറുന്നു. മണമോ രുചിയോ ഇല്ലാത്തതിനാല്‍ വീട്ടുകാര്‍ക്ക് സംശയത്തിന് വക നല്‍കാതെ ഇത് ഉപയോഗിക്കാം. മദ്യപാനത്തിനുണ്ടാവുന്നത് പോലുള്ള ദുര്‍ഗന്ധം, ആട്ടം തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിനുണ്ടാവില്ല. പാനീയങ്ങളില്‍ കലര്‍ത്തിയും മറ്റുമാണ് വിദ്യാര്‍ഥികള്‍ ഇത് ഉപയോഗിക്കുന്നത്. ഉപയോഗിച്ച്‌ അര മണിക്കൂറിനകം നാഡീ ഞരമ്ബുകളെ ഉത്തേജിപ്പിക്കുന്ന ഈ ലഹരി ഒരു ഗ്രാം ഉപയോഗിച്ചാല്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ ശരീരത്തില്‍ നില്‍ക്കുന്നു. നിമിഷങ്ങള്‍ക്കകം എന്തും ചെയ്യാമെന്ന അവസ്ഥയിലെത്തുന്നു. തുടര്‍ച്ചയായി ഉപയോഗിച്ചവരുടെ ആയുസ് കുറയുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പെണ്‍കുട്ടികളെ മയക്കാനും ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്ന 'പാര്‍ട്ടി ഡ്രഗ്' ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. വേദനയില്ലായ്മ കാരണം എന്ത് അക്രമവും അഴിച്ചുവിടാന്‍ ഇത് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്റ്റല്‍ രൂപത്തിലുള്ള എം.ഡി.എം.എ (മെത്തലിന്‍ ഡയോക്‌സിന്‍ മെത്താഫെറ്റാമിന്‍) യുവാക്കള്‍ക്കിടയില്‍ മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷനായും ഉപയോഗിക്കുന്നു. ഇന്ത്യന്‍ പിപണിയില്‍ ലക്ഷങ്ങളും രാജ്യാന്തര വിപണിയില്‍ കോടികളുമാണ് ഇതിന്റെ വില.

പിന്മാറ്റം സാഹസികം

മയക്കുമരുന്നുപയോഗത്തില്‍ നിന്നുള്ള പിന്മാറ്റം വളരെ സാഹസികമാണ്. രക്ഷപ്പെടണമെന്ന സ്വബോധമുള്ളവര്‍ക്കേ ചികിത്സകൊണ്ട് പ്രയോജനമുള്ളൂ. രോഗിയറിയാതെ മുക്തമാക്കാമെന്ന അവകാശവാദങ്ങള്‍ പൂര്‍ണമായിക്കൊള്ളണമെന്നില്ല. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് എന്നിവരടങ്ങിയ ഒരു ടീമിന്റെ സമഗ്രമായ പരിശ്രമവും ചികിത്സയുമാണഭികാമ്യം. മയക്കുമരുന്നുപയോഗം പെട്ടെന്ന് നിര്‍ത്തുമ്ബോള്‍ ഉണ്ടാവുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ കഴിവതും ഫലപ്രദമായ മരുന്നുകള്‍ ഉപയോഗിച്ച്‌ കുറക്കുക എന്നതാണ് ചികിത്സയുടെ ആദ്യപടി. ബോധവല്‍ക്കരണവും ഉപയോഗിച്ചാലുണ്ടാവുന്ന ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ഉത്‌ബോധനവുമാണ് നല്‍കുക. ഉപയോഗം തുടങ്ങാനും തുടരാനുമുണ്ടായ സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതോടൊപ്പം മരുന്നില്ലാതെ തന്നെ ജീവിതത്തിന്റെ സന്തോഷം കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും ആരായണം. ഡി അഡിക്ഷന്‍ ചികിത്സക്ക് ഫലപ്രദമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും ഇന്ന് ധാരാളമുണ്ട്. അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമ്ബൂര്‍ണ സഹകരണവും വേണം. ഇതിന് പ്രചോദനമാകുന്ന റീഹാബിലിറ്റേഷന്‍ സെന്ററുകളും ഇന്ന് ധാരാളമുണ്ട്. ലഹരിക്കടമപ്പെട്ടയാളോട് ഗുണദോഷം വലിയ രീതിയില്‍ ഫലപ്രദമല്ല. ഉപദേശം കേള്‍ക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല ഇത്തരക്കാര്‍. ഇവരെ ഉടന്‍ വിദഗ്ധരായ ഡോക്ടറെ കാണിക്കുകയാണ് വേണ്ടത്.

രക്ഷിതാക്കള്‍ കരുത്തരാവണം

എന്റെ മകന്‍ ലഹരിയുപയോഗിക്കാത്ത നല്ല വനാണെന്ന മുന്‍ധാരണ എല്ലാ രക്ഷിതാക്കളും ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മക്കളുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കണം. അവരുടെ സൗഹൃദവലയങ്ങള്‍, യാത്ര, തിരിച്ചുവരുന്ന സമയം എല്ലാം പരിശോധിക്കണം. ഇടക്കിടെ സൗഹാര്‍ദപരമായി ബാഗുകള്‍വരെ പരിശോധിക്കാം. മക്കള്‍ ലഹരിക്കടിമയാണെന്ന് ബോധ്യമായാലും അതു അംഗീകരിക്കാത്ത നിരവധി രക്ഷിതാക്കളുണ്ട്. ഈ സമീപനം മാറ്റണം. കുട്ടികളുടെ അവസ്ഥ മനസ്സിലാക്കി അവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാനുള്ള സംവിധാനം ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാല്‍ കുടുംബത്തിന് നാണക്കേടാവില്ലേ എന്നു കരുതി ഒന്നും ചെയ്യാതിരുന്നാല്‍ എല്ലാം അവതാളത്തിലാവും. നിതാന്ത ജാഗ്രതയും ശ്രദ്ധയുമാണ് ആവശ്യം.

(ഇന്ത്യന്‍ സൈക്യാട്രിക്സ് സൊസൈറ്റി
ട്രഷററാണ് ലേഖകന്‍)

Comments