മുഹറം 6 ഓമച്ചപ്പുഴ മോല്യേര്പാപ്പ വഫാത്ത്

മലപ്പുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിൽപ്പെട്ട ഓമച്ചപ്പുഴയിലും പരിസര പ്രദേശങ്ങളിലും  മോയ്‌ല്യേരുപ്പാപ്പ എന്ന് ജനങ്ങള്‍ ബഹുമാനത്താല്‍ വിളിച്ചിരുന്ന  സൂഫീവര്യനായിരുന്നു ഹാഫിള് അബൂബക്കര്‍ കുട്ടി മുസ്‌ലിയാര്‍. 

മരണം വരെ മുതഅല്ലിമായി ജീവിക്കാൻ ആഗ്രഹിച്ച മഹാനായിരുന്നു അദ്ദേഹം 
അതിനാൽ തന്നെ അദ്ദേഹത്തിന് ധാരാളം ഉസ്താദുമാർ ഉണ്ടായിരുന്നു അതിൽ പലരും തന്റെ സമപ്രായക്കാരോ തന്നെക്കാൾ പ്രായം കുറഞ്ഞവരോ ആയിരുന്നു എന്നത് പ്രത്യേകം എടുത്ത് പറയേണ്ടതാണ്

സൂഫിവര്യനായ ചെമ്പ്ര പോക്കർ മുസ്ലിയാർ - കുറ്റൂർ കമ്മുണ്ണി മുസ്ലിയാർ - യാഫിഈ സൈതാലി മുസ്ലിയാർ -
 KK സ്വദഖത്തുള്ള മുസ്ലിയാർ
നിറമരുതൂർ ബീരാൻ കുട്ടി മുസ്ലിയാർ
തുടങ്ങിയ മഹാന്മാരിൽ നിന്ന് തസവ്വുഫിന്റെ പല
കിതാബുകളും ഇദ്ദേഹം ഓതിയിട്ടുണ്ട്

ആലുവായ് അബൂബക്കർ മുസ്ലിയാരാണ് മോല്യേര് ഉപ്പാപ്പയുടെ പ്രധാന ശൈഖ്

ചെമ്പ്ര പോക്കർ മുസ്ലിയാർ ഉപ്പാപ്പയിൽ നിന്ന് പല ഇജാസ തുകളും കരസ്ഥമാക്കിയിട്ടുണ്ട്

ഹിജ്‌റ 1313ന് ഓമച്ചപ്പുഴ വരിക്കോട്ടില്‍ സൈതലവി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനായാണ് ജനനം.

 പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഇരുമ്പാലശ്ശേരി വലിയ കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍,  കക്കാട് മരക്കാര്‍ മുസ്‌ലിയാര്‍, കിടങ്ങയം ഇബ്രാഹീം മുസ്‌ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുവര്യന്മാർ

 ഉസ്താദായ കിടങ്ങയം ഇബ്രാഹീം മുസ്‌ലിയാര്‍ ബോംബെയിലെ കല്യാണിലെ ദര്‍സ് വിട്ട് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ശിഷ്യനായ അബൂബക്കര്‍ കുട്ടി മുസ്‌ലിയാരെയാണ് ഏല്‍പിച്ചത്. ഇവിടത്തെ അധ്യാപന കാലത്ത് സ്വന്തമായിത്തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയതിനാല്‍ ഹാഫിള് അബൂബക്കര്‍ കുട്ടി മുസ്‌ലിയാർ എന്നാണ് അറിയപ്പെട്ടിരുന്നത്
 1382 മുഹറം 6-നായിരുന്നു (1962 ജൂണ്‍ 9) വിയോഗം.

പ്രസിദ്ധ പണ്ഡിതനായ വെള്ളിയാമ്പുറം സെയ്താലി മുസ്‌ലിയാര്‍ക്ക് മുതഫരിദ് ഓതിക്കൊടുത്തത് അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു. എന്നാല്‍ സെയ്താലി മുസ്‌ലിയാരില്‍ നിന്നും മഹല്ലിയുടെ അല്‍പഭാഗം പഠിക്കാന്‍ അദ്ദേഹം താല്‍പര്യം കാണിച്ചു. 

ഇദ്ദേഹം മന്ത്രിച്ച് ഊതിയ വെള്ളം കൊണ്ട് മാരക രോഗങ്ങൾക്കും പേവിശബാദ ഏറ്റവർക്കും സുഖം ലഭിച്ചിരുന്നു
ഇദ്ദേഹത്തെ ഒരു നോക്ക് കാണാനും അനുഗ്രഹം വാങ്ങാനും ദിനംപ്രതി നിരവധിയാളുകൾ ഓമച്ചപ്പുഴ ഗ്രാമത്തിലേക്കെത്തിയിരുന്നു

കാലങ്ങളായുള്ള വിഭാഗീയത നാല് ചേരിയാക്കി മാറ്റിയ ഓമച്ചപ്പുഴ നിവാസികളെ  ഒരുമിപ്പിക്കുന്നതിനായ് നാല് പള്ളിയിൽ നടന്നിരുന്ന ജുമുഅ ഒന്നാക്കി 
അതിനായി നിർമിച്ചതാണ് പുതിയ പള്ളി [പുത്തന്‍പള്ളി]
അതിന്റെ  നിര്‍മാണത്തിന് മുന്‍കൈയെടുത്തത് അബൂബക്കര്‍കുട്ടി മുസ് ലിയാരായിരുന്നു. ഇതെ പള്ളിയില്‍ തന്നെയാണ് അദ്ദേഹവും കരിങ്കപ്പാറ മുഹമ്മദ് മുസ് ലിയാരും അന്ത്യവിശ്രമം കൊള്ളുന്നത്. രണ്ടുപേരുടെയും ഖബറുകള്‍ ചേര്‍ന്നാണ് കിടക്കുന്നത്. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അസ്ഹരി, നെല്ലിക്കുത്ത് ബാപ്പുട്ടി മുസ് ലിയാര്‍ എന്നിവര്‍ അനുശോചന കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്.

------------------------------------------------
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

ഓമച്ചപ്പുഴ മോല്യേരുപ്പാപ്പയെ ഇനിയുമേറെ പഠിക്കാനുണ്ട്

🎫🎫🎫

 മോല്യേരുപ്പാപ്പയെ വായിക്കുന്നിടത്ത്, അവിടുത്തെ സേവനങ്ങളെ ഓർക്കുന്നിടത്ത് നമ്മളിനിയും എവിടെയുമെത്തിയിട്ടില്ല എന്നതാണ് സത്യം.

മഹാനവർകളെ പറയുമ്പോൾ മലബാറിലെ മറ്റു മഹത്തുക്കളെ വിലയിരുത്തുന്നത് പോലെത്തന്നെ,
 ചില കറാമത്തുകളിലും
 വാക്ഫലങ്ങളിലും ജുമുഅയുടെ ഏകീകരണം പോലുള്ള സുപ്രധാനമായ ഏതാനും പ്രവർത്തനങ്ങളിലുമാണ് നമ്മൾ ചെന്നെത്താറ്.

ഇവ പറയേണ്ടതാണെന്നും ഇനിയുമേറെ പറയണമെന്നുമുള്ള കാര്യത്തിൽ നമുക്കാർക്കും സംശയമില്ല.

പക്ഷെ,
അവിടുത്തെ ഇൽമും ഇബാദത്തും തദ്രീസ് രീതികളും നമ്മളിനിയും അന്വേഷിച്ചറിയേണ്ടതുണ്ട്.

അവയുടെ ഫലങ്ങൾ മാത്രമായാണ് കറാമത്തുകൾ പ്രതിഫലിച്ചത്.

അത്കൊണ്ട് തന്നെ അവിടുത്തെ ഇൽമും ഇബാദത്തുമറിഞ്ഞാൽ സാധാരണക്കാരായ നമുക്ക് കറാമത്തുകൾ കേൾക്കുന്നതിലേറെ പാഠങ്ങളുൾക്കൊള്ളാനുണ്ടാകും.

 വിജ്ഞാന സേവനവും പള്ളിദർസുകളുടെ പ്രചരണവുമായിന്നു മേലേരുപ്പാപ്പയെന്ന ശ്രേഷ്ഠ വ്യക്തിയുടെ മുഖ്യ വിനോദം.

മതവിഭാഗകക്ഷിഭേദമന്യേ, ഇന്ന് മലബാറിൽ ജീവിച്ചിരിക്കുന്ന പ്രമുഖ സുന്നിപണ്ഡിതരെല്ലാം ഓമച്ചപ്പുഴയോടും അവിടത്തെ പള്ളിദർസുകളോടും കടപ്പാടുള്ളവരാണ്.

അതിൻ്റെ പ്രയോക്താക്കളോ ശിഷ്യശ്രേണിയിലെ അംഗങ്ങളോ ആയ അവരെല്ലാം
മോല്യേരുപ്പാപ്പയുടെ വൈജ്ഞാനിക നവോത്ഥാനത്തിൻ്റെ വരവുഫലം തന്നെയാണ്.

മഹാനവർകൾ ഓമച്ചപ്പുഴ കേന്ദ്രിതമായി ദർസ് പുനരേഖീകരിക്കാൻ ചില ചരിത്ര പശ്ചാതലങ്ങൾ കൂടിയുണ്ട്.

താനൂർ വലിയകുളങ്ങര പള്ളിയിൽ നിന്നാണ് ആ ചരിത്രം തുടങ്ങേണ്ടത്.

കേരളീയ ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമകാല സാക്ഷ്യങ്ങളിലൊന്നാണ് താനൂര്‍ വലിയകുളങ്ങര പള്ളി.

  രാജ്യത്തെ പ്രഥമ പള്ളിദര്‍സ് ഇവിടെയാണെന്നാണ് ചരിത്ര രേഖകൾ പറയുന്നത്.

 പ്രസിദ്ധ പണ്ഡിതനായിരുന്ന ഇമാം മുഹമ്മദ് ബ്‌നു അബ്ദുല്ലാഹില്‍ ഹളറമി അൽഖാഹിരി (റ) (യമന്‍) ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്.

ഹിജ്‌റ വര്‍ഷം 670 കാലയളവിലായിരുന്നു ഇത്.

ബഗ്ദാദ്,യമന്‍,ഹിജാസ്, ഹളര്‍മൗത്ത് എന്നിവിടങ്ങളിലെ നിരവധിപണ്ഡിതന്‍മാര്‍ പലപ്പോഴായി ഇവിടെ ദര്‍സുകള്‍ക്കു നേതൃത്വം നല്‍കിയതായി കണക്കാക്കുന്നു.

 കേരളത്തില്‍ മാദിഹു റസൂൽ വെളിയങ്കോട് ഉമര്‍ഖാസി (റ), 
ശൈഖുൽമശാഇഖ്പരപ്പനങ്ങാടി അവുക്കോയ മുസ്‌ലിയാര്‍ (റ), അബ്ദുര്‍റഹ്മാന്‍ നഖ്ശബന്ധി (റ), പള്ളിപ്പുറം യൂസുഫ് മുസ്‌ലിയാര്‍ (റ),കോടഞ്ചേരി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ (റ), ആനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍ (റ),
എന്നിവർ
ഇവിടെ വിവിധ കാലങ്ങളിൽ മുദരിസുകളായിരുന്നു.

മലബാറിലെ ഖിലാഫത് പ്രക്ഷോപങ്ങളുടെ കേന്ദ്രമായിരുന്നു വലിയകുളങ്ങര പള്ളി.
മുദരിസായിരുന്ന പരീക്കുട്ടി മുസ്ലിയാർ പ്രസിഡൻറും പുത്തൻപുരക്കൽ കുഞ്ഞിക്കാദർ സെക്രട്ടറിയുമായ കമ്മറ്റിയായിരുന്നു താനൂരിൽ ഖിലാഫത്ത് പ്രക്ഷോപ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.

പരീകുട്ടി മുസ്ലിയാർ ബ്രട്ടീഷുകാരോട് ഒരു സഹകരണവും പാടില്ലെന്ന് വാദിക്കുന്ന 'മുഹിമ്മാത്തുൽ മുഅമിനീൻ, രചിച്ചതോടെ 
വലിയ കുളങ്ങര പള്ളിയും താനൂർ ഖിലാഫത്ത് പ്രസ്ഥാനവും ബ്രട്ടീഷുകാരുടെ കണ്ണിലെ കരടായി മാറി.

അവർ നിരന്തരം അറസ്റ്റും ആക്രമവുമായി താനൂരിൽ നിരങ്ങി.
പുത്തൻപുരക്കൽ കുഞ്ഞിക്കാദറിനെ വഞ്ചിച്ചു തൂക്കിലേറ്റി.
പരീക്കുട്ടി മുസ്ലിയാർ നാടുവിട്ടു മക്കയിലെത്തി.

ബ്രട്ടീഷുകാരുടെ ആക്രമവും പരീക്കുട്ടി മുസ്ലിയാരുടെ നാടുവിടലും കാരണം അൽപ്പകാലം വലിയ കുളങ്ങരപള്ളിയിലെ ദർസ് മുടങ്ങി.

പിന്നീട് സമസ്ത സ്ഥാപക നേതാവ് പാങ്ങില്‍ എ.പി അഹ്മദ് കുട്ടി മുസ്‌ലിയാരാണ് ഇവിടെ ദർസ് പുനസ്ഥാപിച്ചത്.

ദാരിദ്രവും ബ്രട്ടീഷ് ആക്രമണവും വിദ്യാർഥികളുടെ ആധിക്യവും ഇക്കാലത്ത് പാങ്ങിലോരെ നന്നായി തളർത്തിയിരുന്നു.
എങ്കിലും വിജ്ഞാന വിസ്മയങ്ങളുടെ മികവുകളേറെ മേളിച്ച അക്കാലത്താണ് മോല്യേരുപ്പാപയും കരിങ്കപ്പാറ ഉസ്താദും ഉണ്ണീൻകുട്ടി ഉസ്താദും പിന്നീട് സൈദാലി ഉസ്താദുമൊക്കെ വലിയകുളങ്ങര പള്ളിയിലെത്തുന്നത്.
 
ഈ വിനീതൻ്റെ വല്യുപ്പ ആലാശ്ശേരി അബ്ദുൽ ഖാദർ ഹാജിയടക്കം സാധാരണക്കാരായി ജീവിച്ച നിരവധി ഓമച്ചപ്പുഴക്കാർ ഇക്കാലത്ത് വലിയ കുളങ്ങര പള്ളിയിൽ പഠിച്ചിട്ടുണ്ട്.

പാങ്ങിലോരുടെ ഏറ്റവും ഇഷ്ടപ്പെട്ട ശിഷ്യരായിരുന്നു മോല്ലേരുപ്പാപ്പയും കരിങ്കപ്പാറ ഉസ്താദുമെന്ന് നമ്മൾ പലകുറി കേട്ടതിനാൽ അങ്ങോട്ടുകടക്കുന്നില്ല.

കൊടും ദാരിദ്ര്യം മൂലം വലിയ കുളങ്ങര പള്ളിയുടെ ദർസിലേക്ക് കൂടുതൽ കുട്ടികളെ ചേർക്കാൻ കഴിയാത്ത അവസ്ഥയറിഞ്ഞതിനാൽ ഒരു പരിഹാരവും കൂടിയായാണ് ഓമച്ചപ്പുഴയിൽ വിപുലമായ ദർസ് ആരംഭിക്കാൻ മോല്യേ രുപ്പാപ്പ മുൻകൈയെടുക്കുന്നത്.

പിൽക്കാലത്ത് ദർസിൽ ഉറുദുവും മറ്റു ഭാഷകളും പഠിപ്പിച്ച് ഇസ്ലാഹുൽ ഉലൂം കോളെജാക്കി മാറ്റാനും ദാരിദ്ര്യം കൂടി ഒരു കാരണമാണ്.

വിവിധ മഹല്ലുകളിൽ വഅളിന് വന്ന് പിരിവെടുത്താണ് ഉസ്താദവർകൾ കോളെജ് പോറ്റിയത്.
നമ്മുടെ ഓമച്ചപ്പുഴയിലും നാൽപ്പത് ദിവസത്തോളം പാങ്ങിലോര് വഅള് പറഞ്ഞിട്ടുണ്ട്.


താനൂർ ഇസ്ലാഹുൽ ഉലൂം കോളെജിന് സമീപം പഴമയുടെ പ്രൗഡിയോടെ ഇന്നും നിലകൊള്ളുന്ന ഈ പള്ളി,
 കൊത്തുപണികളാലും നിര്‍മാണ വൈദഗ്ധ്യത്താലും മനോഹരമാണ്. 

 പളളിദര്‍സിനോടു ചേര്‍ന്ന് അമൂല്യമായ ഗ്രന്ഥങ്ങളുടെ കലവറയായ ഒരുലൈബ്രറിയുമുണ്ട്. മുദര്‍രിസായിരുന്ന ഇമാം ഹദ്‌റമി (റ) അദ്ദേഹത്തിന്റെ കൈപ്പടയില്‍ ഹിജ്‌റ 675ല്‍ എഴുതിയ അബൂ ഇസ്ഹാഖ് ശീറാസിയുടെ തന്‍ബീഹ് എന്ന ഗ്രന്ഥത്തിന്റെ കോപ്പിയടക്കം നിരവധി ഗ്രന്ഥങ്ങളുടെ കയ്യെഴുത്ത് പ്രതികൾ ലൈബ്രറിയിലുണ്ട്.

 ജവാഹിറുല്‍ ഖംസ മുതൽ തുഹ്ഫ, ഖാമൂസ്, ഇംദാദ്,റൗള എന്നിവയുടെ പഴക്കം ചെന്ന കൈയെഴുത്ത് പ്രതികള്‍ വരെ ഇവിടെ ക്കാണാം. ഹനഫി മദ്ഹബിലെയും പല ഗ്രന്ഥങ്ങൾ ഇവിടെയുണ്ട്.

 സ്വര്‍ണലിപിയില്‍ എഴുതിയ ഗ്രന്ഥങ്ങളും ലൈബ്രറിയില്‍ കാണാം.

'താ' എന്നാൽ ഇത് എന്നും 'നൂർ' എന്നാൽ പ്രകാശമെന്നുമുള്ള താനൂർ എന്ന പേര് തന്നെ ഈ പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്ന് പറയപ്പെടാറുണ്ട്.

വലിയ കുളങ്ങര പള്ളി 
മോഡലിൽ ഓമച്ചപ്പുഴയിൽ ആരംഭിച്ച ദർസ് വിപുലപ്പെട്ട് പിൽകാലത്ത് കേരളത്തിൻ്റെ ദർസീ തലസ്ഥാനങ്ങളിലൊന്നായി ഓമച്ചപ്പുഴ വികസിക്കുകയായിരുന്നു.

വലിയ കുളങ്ങര പള്ളിയിലേതുപോലെത്തന്നെ വിപുലമായ ഖുത്വബ്ഖാനയും ഓമച്ചപ്പുഴ കീഴ്മുറിപ്പള്ളിയിലുമുണ്ടായിരുന്നു.( സിംഹഭാഗവും ഉപയോഗ ശൂന്യമായെങ്കിലും അവയിലെ ഏതാനും ചില ഗ്രന്ഥങ്ങൾ ഇന്നും പള്ളിഷെൽഫിൽ സൂക്ഷിച്ചിരിപ്പുണ്ട്.)

വലിയകുളങ്ങര പള്ളിയിലെ രചനാ സംസ്കാരവും വേറിട്ടതായിരുന്നു.
കരിങ്കപ്പാറ ഉസ്താദിൻ്റെയും സൈദാലി ഉസ്താദിൻ്റെയും മോല്യോരുപ്പാപ്പയുടെയും തഅലീഖാത്തെഴുത്തിൻ്റെ ഉദ്ഭവം ഇവിടെ നിന്നാണാരംഭിക്കുന്നത്.

നമ്മുടെ കയ്യിലുള്ള നന്നാക്കിയ ഫത്ഹുൽ മുഈനടക്കം കനപ്പെട്ട പല രചനകളും ഉരുവം കൊള്ളുന്നത് ഇവിടെ നിന്നാണ്.
പിന്നീട് ആ വിസ്മയ ചരിത്രം ഓമച്ചപ്പുഴയിൽ തുടരുകയായിരുന്നു.

കരിങ്കപ്പാറ ഉസ്താദിനെയും അവിടുന്ന് അനുബന്ധ മെഴുതിയ മഹല്ലിയും പരാമർശിക്കാതെ ഒരു ദിവസവും ഒരു ദർസിലും കഴിഞ്ഞു പോകാറില്ല.
സൈദാലി ഉസ്താദ്, വൈലത്തൂർബാവ ഉസ്താദ്, പാനൂർ തങ്ങൾ, അസ്ഹരിതങ്ങൾ, കുണ്ടൂർ ഉസ്താദ്, തിരൂരങ്ങാടി ബാപ്പു ഉസ്താദ് ,തിരൂരങ്ങാടി ഹസനുസ്താദ് തുടങ്ങി
പകര ഉസ്താദ് വരെ ഈ രചനാ വിപ്ലവത്തിൻ്റെ തുടർ വഴികളാണ്.
ഓമച്ചപ്പുഴ പുത്തൻപള്ളിയിലെയും സുന്നി സെൻ്ററിലെയും മുദരിസുമാരുടെ രചനകളും ഈ കണ്ണികളോട് ചേർത്തുവായിക്കണം.

✍️
അബ്ദുസലാം ബുഖാരി, ഓമച്ചപ്പുഴ
9744817499


Comments