ലിസയ്യിദിനൽ ഫഖീഹിൽ മുഖദ്ദമി ശ്ലൈഖി മുഹമ്മദിബ്നി അലിബാ അലവി...


ഹദ്ദാദ് റാതീബ് ചൊല്ലുന്നവർക്ക് സുപരിചിതമായ വരികൾ.
ഈ വരികളിൽ പരാമർശിക്കപ്പെട്ട ശൈഖ് ഫഖീഹുൽ മുഖദ്ദം ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ?.

നിത്യേന അവിടുത്തെ പേരിൽ ഫാതിഹ ഓതി ഹദ്‌യ ചെയ്യാൻ മഹാന്മാർ നമ്മോട് നിർദേശിച്ചിട്ടുണ്ടെങ്കിൽ അവിടുത്തെ മഹത്വം ചെറുതായിരിക്കില്ലല്ലോ.

അതെ, മുസ്‌ലിം ലോകം അത്യാദരവോടെ വീക്ഷിക്കുന്ന വലിയ്യാണ് ശൈഖ് ഫഖീഹുൽ മുഖദ്ദം(റ). ബാഅലവി ത്വരീഖതിന്റെ സ്ഥാപകൻ എന്ന വിശേഷണം മാത്രം മതി അവിടുത്തെ വലിപ്പം മനസിലാക്കാൻ.

മമ്പുറം തങ്ങൾ, ഫള്ൽ തങ്ങൾ തുടങ്ങിയവരിൽ നിന്ന് കേരള മുസ്‌ലിം സമൂഹം ഏറ്റുവാങ്ങിയ ആത്മീയ നിധിയാണ്
ബാഅലവി ത്വരീഖത്. ഹദ്ദാദ് റാതീബും അങ്ങനെ തന്നെ. നമ്മുടെ പൂർവികരായ ഉസ്താദുമാരിൽ ഭൂരിഭാഗവും ബാഅലവി ത്വരീഖത് സ്വീകരിച്ചവരായിരുന്നുവല്ലോ.

തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അവ കൈമാറ്റം ചെയ്യപ്പെട്ടു. ഇന്നും വിശ്വാസികൾക്ക് അവ നിത്യജീവിതത്തിന്റെ ഭാഗമാണ്.  
പാരമ്പര്യമായി ദിനേന വീടകങ്ങളിലും പള്ളികളിലും ദർസുകളിലുമെല്ലാം ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) തയ്യാറാക്കിയ ഹദ്ദാദ് റാതീബ് ചൊല്ലാറുണ്ട്. 

ഹി 574ൽ യമനിലായിരുന്നു ഫഖീഹ് മുഖദ്ദം ശൈഖ് മുഹമ്മദ് ബ്നു അലി ബാഅലവി(റ)ന്റെ ജനനം. വഫാത് ദുൽഹിജ്ജ മാസത്തിലെ അവസാന വെള്ളിയാഴ്ച രാവിലും. ഹി. 653 ൽ ഇതേ ദിവസമായിരുന്നു അത്. ഫഖീഹ് മുഖദ്ദം എന്നതിന് പുറമെ അബൂതരീം എന്ന വിശേഷണ നാമവും അവിടുത്തേക്കുണ്ട്. അബ്ജദ് അക്കക്കെട്ട് പ്രകാരം അവിടുത്തെ വഫാതിന്റെ വർഷമായ 653ആണ് അതിന്റെ മൂല്യമെന്നതും
പ്രസ്താവ്യമാണ്. 

അൽഹംദുലില്ലാഹ്, ബദറുസ്സാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി തങ്ങളോടൊപ്പം രണ്ട് തവണ ഫഖീഹ് മുഖദ്ദം തങ്ങളുടെ മഖ്ബറ ഉൾക്കൊള്ളുന്ന സൻബൽ സിയാറത് ചെയ്തത് ഓർമകളിലിപ്പോഴും നിറഞ്ഞു നിൽക്കുകയാണ്. 

വളരെ ആദരവോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അവിടെ സിയാറതിനെത്തുന്നത്. സൻബൽ സ്ഥിതി ചെയ്യുന്ന തരീം പട്ടണത്തിന്റെ പിതാവ് കൂടിയാണ് ഫഖീഹ് മുഖദ്ദം തങ്ങൾ. നിരവധി മഹാന്മാരുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ പ്രദേശമാണത്. 

തരീമിലെ പാതയോരങ്ങൾ ശൈഖില്ലാത്തവർക്ക് ശൈഖാണെന്നാണല്ലോ പണ്ഡിതന്മാർ നമ്മെ പഠിപ്പിച്ചത്. അവിടത്തെ ഏറ്റവും പ്രസിദ്ധമായ സിയാറത്ത് കേന്ദ്രങ്ങളിലൊന്നാണ് ഫഖീഹ് മുഖദ്ദം തങ്ങളുടെ സൻബൽ മഖ്ബറ. എഴുപത് ബദരീങ്ങൾ, എൺപത് അഖ്താബുകൾ തുടങ്ങി പതിനായിരത്തിലധികം മഹത്തുക്കളുടെ ഖബ്റുകളാണ് സൻബലിലുള്ളതെന്നാണ് ശൈഖ് അബ്ദുറഹ്മാൻ സഖാഫ് തങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. 

ഹദ്ദാദ് റാതീബിന്റെ രചയിതാവ് ശൈഖ് അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) ഫഖീഹ് മുഖദ്ദം തങ്ങളെ സ്ഥിരമായി സിയാറത് ചെയ്യാറുണ്ടായിരുന്നു. നിറകണ്ണുകളോടെയാണ് സിയാറത് കഴിഞ്ഞ് അവിടുന്ന് തിരിച്ചു വരാറുള്ളത്. മറ്റു പല ആരിഫീങ്ങളും സൻബൽ സന്ദർശിച്ചിരുന്നതായും ചരിത്രത്തിൽ കാണാം. 

മഹാനവർകളുടെ വഫാതിന്റെ ദിവസമന്നെ നിലക്ക് ഇന്ന് എല്ലാവരും അവരെ പ്രത്യേകമായി സ്മരിക്കുകയും അവരുടെ പേരിൽ ഫാതിഹയും യാസീനും ഹദ് യ ചെയ്യുകയും ചെയ്യുമല്ലോ. പ്രത്യേകിച്ചും, നാളെ(28/O7/2022) രാവിലെ 5.30AMന് ബദ്റുദ്ദുജാ ഇസ് ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ  ഫഖീഹ് മുഖദ്ദം   
ശൈഖ് മുഹമ്മദ് ബ്നു അലി ബാഅലവി(റ)വിന്റെ പേരിലുള്ള
ഉറൂസ് മുബാറകും ബദ്ർ മൗലിദ് സദസ്സും നടക്കുകയാണ്. എല്ലാവരുടെയും സാന്നിധ്യം പരിപാടിയിൽ ഉണ്ടാകണമെന്ന്
അഭ്യർഥിക്കുകയാണ്.
അല്ലാഹു, ശൈഖ് ഫഖീഹ് മുഖദ്ദം തങ്ങളുടെ കൂടെ സ്വർഗീയ ആരാമത്തിൽ സംഗമിക്കാൻ നമുക്കും ഭാഗ്യം നൽകട്ടെ...

✍️ Sayyid Shihabudheen bhukhari

Comments