ശബ്ദിച്ചാൽ നമ്മുടെ ജോലി പോകും
🌹🌹🌹🌹🌹🌹🌹🌹
B.A വരെ പഠിച്ച ഒരാൾ നിരവധി ജോലികൾക്ക് അപേക്ഷ നൽകി. അവസാനം, ഒരു മൃഗശാലയിൽ നിന്നും ഇൻ്റർവ്യൂ കാർഡ് വന്നു.
ഇൻ്റർവ്യൂവിന് മൃഗശാലയിൽ എത്തിയ അയാളോട് പ്രതീക്ഷിക്കുന്ന ശമ്പളം എത്രയാണെന്ന് ചോദിച്ചു: പ്രതീക്ഷിക്കുന്ന ശമ്പളം അയ്യായിരമാണെന്ന് പറഞ്ഞു.
" ഞങ്ങൾ നിങ്ങൾക്ക് അമ്പതിനായിരം ശമ്പളം തരാം. നിങ്ങൾക്കാ ജോലിചെയ്യാൻ പറ്റുമോ? മൃഗശാലയുടെ മാനേജർ ചോദിച്ചു.
"സാർ, എനിക്ക് അത്തരത്തിലുള്ള ഉന്നതജോലി ചെയ്യാനുള്ള കഴിവും വിദ്യാഭ്യാസവുമൊന്നുമില്ല." അയാൾ മറുപടി പറഞ്ഞു.
"അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല. ഞങ്ങൾ നിങ്ങൾക്കാവശ്യമായ എല്ലാവിധ പരിശീലനങ്ങളും നൽകുന്നതാണ്." മാനേജർ പറഞ്ഞു.
"നിങ്ങൾ പരിശീലനം തരുമെങ്കിൽ ഞാൻ റെഡി. " അയാൾ ഉത്തരം പറഞ്ഞു. അവർ അയാൾക്ക് ജോലിയെക്കുറിച്ച് വിശദീകരിച്ചുകൊടുത്തു.
"ഈ മൃഗശാലയിൽ ഒരു കുരങ്ങനുണ്ടായിരുന്നു. എല്ലാവരെയും നന്നായി രസിപ്പിച്ചിരുന്ന ആ കുരങ്ങായിരുന്നു മൃഗശാലയുടെ ആകർഷണം. നമ്മുടെ വരുമാനമായ ആ കുരങ്ങ് മരിച്ചുപോയി. മരിച്ച വിവരം, പക്ഷേ ജനങ്ങൾക്കറിയില്ല. അതിനാൽ ആ കുരങ്ങിനെ പരിശീലിപ്പിച്ച ആൾ നിങ്ങൾക്ക് പരിശീലനം നൽകും. നിങ്ങൾ കുരങ്ങ് വേഷത്തിൽ കുരങ്ങ് കളിച്ചാൽ മതി."
എല്ലാം പറഞ്ഞതുപോലെ സംഭവിച്ചു. അടച്ചിട്ടിരുന്ന മൃഗശാല തുറന്നു. ജനങ്ങൾ ഇരമ്പിവന്നു. ഏറ്റവും ആകർഷണീയമായ കുരങ്ങിൻ്റെ കളി കണ്ട് ജനം ആർത്തു ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്തു. അയാൾക്ക് മാസത്തിൽ അമ്പതിനായിരം രൂപ കിട്ടിയതിനാൽ അയാൾ സന്തോഷവാനായി.
ഒരു ദിവസം കുരങ്ങ് ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടുകയായിരുന്നു. പെട്ടെന്ന് പിടുത്തം വിട്ട കുരങ്ങ് സിംഹത്തിൻ്റെ കൂട്ടിൽ ചെന്നുവീണു. ഹൊ! എന്തായിരിക്കും അപ്പോൾ സംഭവിക്കുക നിങ്ങളൊന്ന് സങ്കൽപ്പിച്ചു നോക്കൂ. പാവം ആ മനുഷ്യൻ സഹായത്തിനായി വിളിച്ചു."അയ്യോ, രക്ഷിക്കണേ, രക്ഷിക്കണേ....!!" അയാൾ കുരങ്ങ് വേഷത്തിലാണെന്നതൊക്കെ മറന്നു പോയി.
അപ്പോൾ സിംഹം അയാളോട് പറഞ്ഞു:
"മിണ്ടാതിരിയെടോ....!! ശബ്ദം വെക്കല്ല! ശബ്ദം വെച്ചാൽ നമ്മുടെ രണ്ടു പേരുടെയും ജോലി പോകും!! "
📚📚📚📚
Comments
Post a Comment