പരാതിപ്പെട്ടികൾ അടച്ചു നന്ദിയുള്ളവരാകുക.
പത്തു വർഷം കൂടുമ്പോൾ രണ്ടു വാക്ക് മാത്രം ശിഷ്യർക്ക് ഗുരുവിനോട് പറയാം. ഇതായിരുന്നു ആ ആശ്രമത്തിലെ നിയമം. അതനുസരിച്ചുള്ള പത്തു വർഷത്തെ നിശ്ശബ്ദതതയ്‌ക്ക് ശേഷം ഒരു ശിഷ്യൻ ഗുരുവിനടുത്തെത്തി. രണ്ടു വാക്കുകൾ പറയാൻ ഗുരു അനുവാദം കൊടുത്തു.
'കിടക്ക കട്ടിയാണ് ' ശിഷ്യൻ പറഞ്ഞു.
വീണ്ടും പത്തു വർഷം കഴിഞ്ഞപ്പോൾ ഗുരുവിനെ കണ്ടു ശിഷ്യൻ പറഞ്ഞു.
'ഭക്ഷണം മോശമാണ്'.
പിന്നെയും പത്തു വർഷങ്ങൾ കടന്നു പോയി. രണ്ടു വാക്കുകൾ കൂടി പറയാൻ ഗുരുആ വശ്യപ്പെട്ടു. ശിഷ്യൻ പറഞ്ഞു.
'ഞാൻ വിടുകയാണ്'.
ഗുരു ചിരിച്ചു കൊണ്ടു പറഞ്ഞു.
'നല്ലത്, കാരണം മുപ്പത് കൊല്ലമായി നീ പരാതി മാത്രമേ പറഞ്ഞിട്ടുള്ളൂ'.
ഇതിൽ തെല്ലും അതിശയോക്തിയില്ല കാരണം, നമ്മിൽ പലരും മുപ്പതും അമ്പതും വർഷങ്ങളായി പരാതി മാത്രം പറഞ്ഞു ജീവിക്കുന്നവരാണ്. 'സുഖമാണോ' എന്നു ആരെങ്കിലും കുശലം ചോദിച്ചാൽ 'സുഖമായിരിക്കുന്നു ' എന്നു സന്തോഷത്തോടെ പറയുന്നതിന് പകരം 'കുഴപ്പമില്ല അങ്ങനെ പോകുന്നു' എന്നു പരിഭവത്തോടെ പറയുന്നവരാണ് ബഹുഭൂരിപക്ഷവും.
'ചെരിപ്പ് ഇല്ല എന്നു ഞാൻ വേദനിച്ചു. കാലുകളില്ലാത്തവരെ കാണുന്നതു വരെ' എന്ന് ഒരു ചൈനീസ് പഴമൊഴിയുണ്ട്.
ഇന്നത്തെ നമ്മുടെ കുറവുകളെയും പ്രശ്നങ്ങളെയും പരാതികളോടെ സമീപിക്കുന്നതിനു പകരം വളരാനും വികസിക്കാനുമുള്ള അവസരങ്ങളായി അവയെ കണ്ടാൽ മതി.
പ്രശ്നങ്ങളെയും പരാജയങ്ങളെയും കുറവുകളേയും ചൊല്ലി പരാതികൾ പറയാൻ തുടങ്ങുമ്പോൾ അവ നൽകുന്ന പാഠങ്ങൾ നമുക്ക് നഷ്ടമാകുകയാണ് ചെയ്യുന്നത്.
🌹🌹🌹🌹
Comments
Post a Comment