നീ ആരായിത്തീരും
ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു.
“ഗുരുവേ, ഞാൻ അങ്ങയെ എങ്ങനെയാണ് കാണേണ്ടത് ? ഗുരുവായോ, അദ്ധ്യാപകനായോ, യജമാനനായോ, പ്രബോധകനായോ, സതീർത്ഥ്യനായോ, പിതാവായോ, അതോ ദൈവമായോ?”
സൗമ്യമായ ഒരു പുഞ്ചിരിയോട് കൂടി ഗുരു ഇങ്ങനെ പ്രതിവചിച്ചു.
“എന്നെ ഒരു ഗുരുവായി കണ്ടാൽ നീ ഒരു നല്ല ശിഷ്യനാകും. അദ്ധ്യാപകനായി കണ്ടാൽ നീ ഒരു നല്ല വിദ്യാർത്ഥിയാകും. യജമാനനായി കണ്ടാൽ നീ ഒരു നല്ല ഭൃത്യനാകും. നീ എന്നെ ഒരു പ്രബോധകനായി കണ്ടാൽ നീ ഒരു നല്ല ശ്രോതാവാകും. സതീർത്ഥ്യനായി കണ്ടാൽ നീ ഒരു നല്ല സുഹൃത്താകും. പിതാവായി കണ്ടാൽ നീ നല്ലൊരു മകനാകും. നീ എന്നെ ദൈവമായി കണ്ടാൽ നീ നല്ലൊരു ഭക്തനാകും.”
ശിഷ്യന്റെ അത്ഭുതം കൊണ്ട് വിടർന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം തുടർന്നു.
“നീ എന്നെ ഏത് രീതിയിൽ കണ്ടാലും എന്നിൽ അത് യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല. പക്ഷെ, അത് തീർച്ചയായും നിന്നിൽ മാറ്റമുണ്ടാക്കും. നാളെ നീ ആരായിത്തീരും എന്നത് ഇന്ന് നീ എന്നെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.”
ഈ ഭൂമിയിലുള്ള ഏതൊന്നിനെയും കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനം, നമ്മുടെ ചിന്താഗതിയുടെയും മനോഭാവത്തിന്റെയും കൂടി വ്യാഖ്യാനമാണ്. ആ വസ്തുവിന്റെയോ വ്യക്തിയുടെയോ ധർമ്മത്തെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയാണ് അവിടെ പ്രതിഫലിക്കുന്നത്.
ഇത് പോലെത്തന്നെയാണ് സഹജീവികളൊടുള്ള നമ്മുടെ മനോഭാവവും. നമുക്കവരിലെ നന്മ മാത്രം കാണാൻ സാധിച്ചാൽ അത് നമ്മുടെയുള്ളിലെ നന്മയുടെ മഹത്വം കൊണ്ടാണ്. നമുക്കവരിലെ തിന്മ മാത്രമാണ് കാണാൻ സാധിക്കുന്നതെങ്കിൽ അത് നമ്മുടെയുള്ളിലെ തിന്മയുടെ ആധിക്യം കൊണ്ടുമാണ്.
അതിനാൽ ഏത് വസ്തുവിലും ഏത് വ്യക്തിയിലും നന്മ മാത്രം കണ്ടെത്തുക. നല്ലത് മാത്രം ചിന്തിക്കുക. നല്ലതിനുവേണ്ടി മാത്രം പ്രവർത്തിക്കുക.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
Comments
Post a Comment