എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!"
ഒരു പാവപ്പെട്ട കർഷകൻ മഹാജ്ഞാനിയായ ഒരു ഗുരുവിനെ കാണുവാൻ ചെന്നു, ഗുരുവിനോട് അയാൾ ചോദിച്ചു, ഗുരോ..! "ഞാൻ എന്തുകൊണ്ടാണ് ഇത്ര പാവപ്പെട്ടവൻ ആയത് എന്ന് അറിയാൻ കഴിയുമോ? ഉടനെ തന്നെ ഗുരു പറഞ്ഞു, "കാരണം വേറൊന്നുമല്ല, ദാനം ചെയ്യാൻ നീ പഠിച്ചില്ല."
അത് കേട്ട് അതിശയം പ്രകടിപ്പിച്ച് ആ ദരിദ്ര കർഷകൻ ചോദിച്ചു, "പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!"
അതിന് ഗുരു മറുപടി പറഞ്ഞത് ഇങ്ങനെ:
"നിന്റെ മുഖത്തിന് മറ്റുള്ളവർക്ക് വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും. നിന്റെ ചുണ്ടുകൾക്ക് മറ്റുള്ളവർക്ക് നല്ല വാക്കുകൾ കൊടുക്കാൻ കഴിയും, ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും. നിന്റെ കൈകൾക്ക് ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച് സഹായിക്കുവാൻ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്ക് കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്!"
മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ദാനം ചെയ്യുകയാണ്. മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ദാനം ചെയ്യുകയാണ്. മറ്റൊരാൾ നിങ്ങളോട് ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ചെയ്യാൻ കഴിയുമ്പോഴും അയാളോട് ക്ഷമിച്ചാൽ നിങ്ങൾ ദാനം ചെയ്യുകയാണ്. ഒറ്റയ്ക്ക് വിഷമിച്ചിരിക്കുന്നു എന്ന് തോന്നുന്നവരോട് നല്ല വാക്കുകൾ പറഞ്ഞ് നിങ്ങൾ കൂട്ടിരുന്ന് അവർക്ക് ആശ്വാസമാകുമെങ്കിൽ നിങ്ങൾ ദാനം ചെയ്യുകയാണ്.
ദാനം പണത്തെ കുറിച്ച് മാത്രമെന്നത് വെറും തെറ്റായ ധാരണയാണ്. അതിനാൽ, ദാനം ചെയ്യുക. നിങ്ങൾ ദരിദ്രരല്ലെന്ന് തിരിച്ചറിയുക.
📚📚📚📚
Comments
Post a Comment