നീതിയും, അനീതിയും.
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
പാത്രത്തിൽ നെയ്യുമായി വഴികളിലൂടെ നടന്ന് വിൽക്കുന്ന ഒരു സ്ത്രീയെ സമ്പന്നനായ ഒരാൾ കണ്ടു. അയാൾ ചോദിച്ചു :
“എന്താണ് ഈ പാത്രത്തിൽ ?.”
“നെയ്യാണ്.”
“നല്ലതാണോ, കാണട്ടെ.”
സ്ത്രീ പാത്രം തലയിൽ നിന്നും ഇറക്കി വെയ്ക്കുന്നതിനിടയിൽ പാത്രത്തിന്റ മൂടി തുറന്നു പോയി. സമ്പന്നനായ ആളുടെ വസ്ത്രത്തിൽ നെയ്യ് വീണു.
സമ്പന്നൻ ദേഷ്യത്തോടെ ചോദിച്ചു:
“നിങ്ങൾ എന്താണ് ഈ ചെയ്തത്. നിങ്ങൾക്കെന്താ കണ്ണ് കണ്ട് കൂടേ ?.”
സ്ത്രീ പറഞ്ഞു:
“ക്ഷമിക്കണം മുതലാളി, അറിയാതെ സംഭവിച്ചു പോയതാ.”
സമ്പന്നൻ ദേഷ്യത്തോടെ പറഞ്ഞു:
“അത്യാവശ്യമായ് ഒരു പർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഞാൻ. നിങ്ങൾ കാരണം ഇനി എങ്ങിനെ ഈ ഡ്രസ്സുമിട്ട് പോകും.”
“എനിക്ക് മറ്റൊരു ഡ്രസ്സ് വാങ്ങിക്കാനുള്ള പൈസ നിങ്ങൾ തരണം.”
“ഞാനോ ?!. ഞാൻ പാവമാണ് മുതലാളി,
എന്റെ കൈയിൽ എവിടെന്നാണ് കാശ്.” സ്ത്രീ പറഞ്ഞു.
“അതൊന്നും എനിക്കറിയില്ല. എനിക്ക് കാശ് കിട്ടിയേ തീരൂ. ”
സമ്പന്നന്റെ വാശി കണ്ട് സ്ത്രീ ചോദിച്ചു,
“എത്ര പൈസയാണ് നിങ്ങൾക്ക് വേണ്ടത്?.”
സമ്പന്നൻ പറഞ്ഞു:
“ആയിരം രൂപ.”
സ്ത്രീ കരഞ്ഞു പറഞ്ഞു:
“എന്റെ കൈയിൽ അത്ര രൂപയൊന്നും ഇല്ല.
വൈകിട്ട് വരെ ഈ പാത്രത്തിൽ നെയ്യ് കൊണ്ട് പോയി വിറ്റാൽ പോലും അത്ര കാശ് കിട്ടില്ല.”
എന്നാൽ അഹങ്കാരിയായ സമ്പന്നൻ അതൊന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു.
അതിനിടയിൽ അത് വഴി പോകുകയായിരുന്ന ഒരു ചെറുപ്പക്കാരൻ സ്ത്രീയുടെ കരച്ചിലും അപേക്ഷയും സമ്പന്നന്റെ ദേഷ്യവും വാശിയും കേട്ടു.
അടുത്തെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു,
ചെറുപ്പക്കാരൻ തന്റെ കീശയിൽ നിന്നും
വേഗം ആയിരം രൂപയെടുത്ത് സമ്പന്നന് നൽകി. അത് വാങ്ങി കീശയിലിട്ട് പോകാൻ തുടങ്ങിയ സമ്പന്നനോട് ചെറുപ്പക്കാരൻ ചോദിച്ചു:
“എവിടേക്കാണ് പോകുന്നത് ?”
സമ്പന്നൻ തിരിച്ചു ചോദിച്ചു:
“അത് നിങ്ങൾക്കറിയേണ്ട കാര്യമെന്താണ്?”
“അതല്ല നിങ്ങൾക്ക് ഞാൻ നിങ്ങളുടെ ഡ്രസ്സിന്റെ കാശ് തന്നില്ലെ ?”
“തന്നു അത് കൊണ്ട് ?!”
ചെറുപ്പക്കാരൻ പറഞ്ഞു:
“അത് കൊണ്ട് ആ വസ്ത്രം തന്നിട്ട് പോകണം.”
സമ്പന്നൻ ദേഷ്യത്തോടെ ചോദിച്ചു:
“എന്നിട്ട് ഞാൻ വസ്ത്രമില്ലാതെ പോകണമെന്നാണോ നിങ്ങൾ പറയുന്നത് ?.”
സംസാരം നടക്കുന്നതിനിടയിൽ ഇവരുടെ അടുക്കലേക്ക് ആളുകൾ വന്ന് കൂടിക്കൊണ്ടിരുന്നു.
ചെറുപ്പക്കാരൻ പറഞ്ഞു:
“അതെനിക്കറിയില്ല, നിങ്ങൾ ഡ്രസ്സിന്റെ കാശ് പറഞ്ഞു. ഞാൻ നൽകുകയും ചെയ്തു. ഇനി ആ ഡ്രസ്സ് എന്റേതാണ്. അത് നിങ്ങൾ തന്നേ പറ്റൂ.”
കാര്യങ്ങളറിഞ്ഞ ജനങ്ങളും ചെറുപ്പക്കാരന്റെ കൂടെ കൂടി.
സമ്പന്നൻ ചോദിച്ചു:
“ഈ ഡ്രസ്സ് എനിക്ക് തരാൻ പറ്റില്ല. പകരം ഞാൻ എന്ത് ചെയ്യണം ?”
ചെറുപ്പക്കാരൻ പറഞ്ഞു:
" ഈ ഡ്രസ്സ് ഇപ്പോൾ എന്റേതാണ്. അത് തരാൻ കഴിയില്ല എങ്കിൽ ഇനി എനിക്ക് ആ ഡ്രസ്സിന്റെ കാശ് തന്നാൽ മതി.”
സമ്പന്നൻ തന്റെ കീശയിൽ നിന്നും ആയിരം രൂപയെടുത്ത് ചെറുപ്പക്കാരന് നേരെ നീട്ടി.
ചെറുപ്പക്കാരൻ പറഞ്ഞു:
“ഇതല്ല ഈ ഡ്രസ്സിന്റെ വില. ഈ ഡ്രസ്സിന് ഞാൻ നിങ്ങൾ പറഞ്ഞ വില തന്നു കഴിഞ്ഞതാണ്.”
“അത് കൊണ്ട് ഇപ്പോൾ ഈ ഡ്രസ്സ് എന്റേതാണ്. അതിന്റെ വില ഞാൻ നിശ്ചയിക്കും. ഈ ഡ്രസ്സിന് എനിക്ക് രണ്ടായിരം രൂപ കിട്ടണം.”
ജനങ്ങൾ ഒന്നടങ്കം ചെറുപ്പക്കാരന്റെ കൂടെ നിന്നു.
അവരും പറഞ്ഞു:
“ഇദ്ദേഹം പറയുന്നതാണ് ശരി. നിങ്ങൾ രണ്ടായിരം രൂപ കൊടുത്തേ പറ്റൂ.”
അഹങ്കാരിയായ സമ്പന്നൻ ചോദിച്ചു:
“ഇത് അനീതി അല്ലെ. എന്നോട് നിങ്ങൾ ഈ ചെയ്യുന്നത്?."
ചെറുപ്പക്കാരൻ ചോദിച്ചു:
“അപ്പോൾ നിങ്ങൾ ഈ സ്ത്രിയോട് ചെയ്തത് എന്തായിരുന്നു ?"
മറ്റൊരു രക്ഷയുമില്ലാതെ സമ്പന്നൻ തന്റെ കീശയിൽ നിന്നും രണ്ടായിരം രൂപയെടുത്ത് ചെറുപ്പക്കാരന് നൽകി. ചെറുപ്പക്കാരൻ ആ രണ്ടായിരം രൂപയും ആ സാധുവായ സ്ത്രീയ്ക്ക് നൽകി നടന്നു പോയി.
സത്യത്തിൽ നമുക്കും ഇത് പോലുള്ള ആൾക്കാരെ കാണാൻ സാധിക്കും. മറ്റുള്ളവരുടെ വിഷമങ്ങൾ അവർ ഒരിക്കലും കാണാനോ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. എന്നാൽ സ്വന്തം പ്രശ്നം വരുമ്പോൾ നീതിയുടേയും അനീതിയുടെയും കാര്യം പറയുന്നു.
മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാണ് നാം ജീവിക്കുന്നതെങ്കിൽ സമൂഹത്തിൽ ഏറ്റവും നല്ല മനുഷ്യരായി ജീവിക്കാൻ നമുക്ക് സാധിക്കും.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
Comments
Post a Comment