ഉബുണ്ടു എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ ?



എന്താണ് ഉബുണ്ടു ?


മൂന്ന് വർഷം മുമ്പ് ഒരു  സുഹൃത്തിന്റെ വീട് സന്ദർശിച്ചപ്പോഴുണ്ടായ ഒരനുഭവം പറഞ്ഞു കൊണ്ട് വിശദമാക്കാം.


  ആ സുഹൃത്തിനൊരു മകളുണ്ട്. .


ഒരു മിടുക്കി പെൺകുട്ടി .

 ഒമ്പതു വയസ്സുകാരി . 


നാലാം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ വായനാമുറിയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നു


അതു കണ്ടപ്പോ ഞാൻ ഒരു വൃത്തികെട്ട ചോദ്യം ചോദിച്ചു പോയി


" ഓ ഇത്രയുമൊക്കെ മോള് വായിക്കാറുണ്ടോ . അപ്പോ ക്ലാസില് ഫസ്റ്റായിരിക്കുമല്ലോ?. "

ഫസ്റ്റാവുക എന്നതാണ് ജീവിത നേട്ടം എന്നതാണല്ലോ നമ്മുടെ പൊതുബോധം . അതു കരുതി ചോദിച്ചതാണ്.


പക്ഷേ  അതിനവൾ   പറഞ്ഞ മറുപടി സത്യത്തിൽ എന്നെ ലജ്ജിപ്പിച്ചു കളഞ്ഞു.


" ഞാനുണ്ടല്ലോ ഉണ്ണിയങ്കിളേ  നാലാം ക്ലാസിലാ പഠിക്കുന്നേ..എന്നാ ഒരു നാലാം ക്ലാസുകാരിയേക്കാള്‍ ബുദ്ധിയൊക്കെ  എനിക്കുണ്ട്  കേട്ടോ .

അതുകൊണ്ട്  വേണമെങ്കി എനിക്ക്  ഈസിയായി ക്ലാസില്‍ ഫസ്റ്റാകാവുന്നതേയുള്ളൂ.


 പക്ഷേ ഞാന്‍ അങ്ങനെ ഫസ്റ്റാകത്തില്ല.


അതെന്താന്നറിയാവോ ?.ഞാൻ ഫസ്റ്റായാ എന്റെ കൂട്ടുകാരന്‍ ആൽബിൻ  വിഷമിക്കും.


ആൽബിന്‍ പരീക്ഷേല് രണ്ടാമതായാല്‍ അവന്റെ പപ്പ അവന്റെ  മമ്മിയെ വഴക്കു പറയും. അത് കേട്ട്  ആ ആന്റി കരയും.അതോടെ അവര് തമ്മിലുള്ള ബന്ധം പിന്നെയും വഷളാകും.


എന്നാ  ഞാന്‍ രണ്ടാമതായാലോ ഒരു കുഴപ്പോമില്ല. എന്റെ പപ്പാ ചിരിക്കത്തേയുള്ളൂ. ഒരു വഴക്കും പറയത്തില്ല. എന്നെ ഒന്നു ചേര്‍ത്തുപിടിക്കത്തേയുള്ളൂ.


 അപ്പോപ്പിന്നെ ഞാന്‍ രണ്ടാമതാകുന്നതല്ലേ നല്ലത്?. ആൽബിന്‍ ഹാപ്പിയാകുവേം ചെയ്യും.

അവന്റെ മമ്മി കരയത്തുമില്ല. പപ്പ വഴക്കും പറയത്തില്ല. അപ്പോ അതല്ലേ നല്ലത്.?

നമ്മുടെ പ്രിയപ്പെട്ടവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം. അതോണ്ടാ ഞാനങ്ങനെ ചെയ്യുന്നത്.


എന്റെ പപ്പ എനിയ്ക്ക്  ആഫ്രിക്കയിലെ കുട്ടികളുടെ  ഉബുണ്ടുവിനെ കുറിച്ചു പറഞ്ഞുതന്നിട്ടുണ്ട്. അതു കൊണ്ടാ ഞാനിങ്ങനെയൊക്കെ ചെയ്യുന്നേ.


ഉണ്ണിയങ്കിളിനറിയത്തില്ലേ ഉബുണ്ടു എന്താന്ന്?


എനിക്കറിയാം എന്റെ ക്ലാസ്സിലെ കുട്ടികളാരും   ഉബുണ്ടുവെന്നോ ഉബുണ്ടു ഫിലോസഫിയെന്നോ കേട്ടിട്ടേ ഉണ്ടാവില്ലെന്ന്. 


ചിലപ്പോ എന്റെ ടീച്ചേർസിന് പോലും അതറിയത്തില്ലാരിക്കും.അതാ ഞാന്‍ പറഞ്ഞത് എനിക്ക് കുറച്ച് ലോകവിവരമൊക്കെ ഉണ്ടെന്ന്.

പക്ഷേ എന്റെ ലോകവിവരം എന്റെ പപ്പയൊഴിച്ച് മറ്റാരും അംഗീകരിക്കില്ല കേട്ടോ .


എന്റെ ടീച്ചേർസിനു  എന്നോട് ദേഷ്യമൊന്നുമില്ല.എന്നാലും  അവരുടെ ഗുഡ് ലിസ്റ്റിലൊന്നും ഞാനില്ല. 


ഞാനതൊന്നും പിന്നത്ര കാര്യമാക്കാറില്ല കേട്ടോ. ചിലപ്പോ എന്റെ  ചില ചോദ്യോം ഉത്തരവുമൊക്കെ അവരെ ദേഷ്യം പിടിപ്പിക്കും അതാ കാര്യം. ഒരാപ്പിള്‍ എഴായി മുറിച്ചാല്‍ എന്നൊക്കെപ്പറഞ്ഞ്  മാത് സ്  ടീച്ചറ് ക്ലാസ്സിൽ  പഠിപ്പിക്കുവേ. അപ്പോ  ഞാൻ പറയും "എന്നാത്തിനാ ടീച്ചറേ ആപ്പിൾ മുറിക്കുന്നേ?.ഓറഞ്ചുപോരേ ?  അപ്പോൾപ്പിന്നെ മുറിക്കേണ്ടല്ലോ " എന്നൊക്കെ. 


ഇതൊക്കെ കേക്കുമ്പോ ടീച്ചർക്ക് ദേഷ്യം വരും.


 എന്നിട്ട് പാരന്റ്സിനെ  വിളിച്ചോണ്ടു ചെല്ലാൻ പറയും. എന്റെ കുസൃതിയെ പറ്റി പറയാനാ അതുകൊണ്ടെന്താ മറ്റു കുട്ടികളുടെ  പേരന്റ്സ് വര്‍ഷത്തിലൊരിക്കെ സ്കൂളില്‍ ചെല്ലേണ്ടി വരുമ്പോ  എന്റെ പപ്പ മാസത്തിലൊരിക്കല്‍ ചെല്ലേണ്ടിവരും. എന്നാലും പപ്പ എന്നെ വഴക്കു പറയത്തില്ല    കേട്ടോ......."


അവളന്ന് പറഞ്ഞ കാര്യങ്ങൾ ഞാനിത്രയും വിവരിച്ചതെന്തിനാണെന്നറിയാമോ ?


അവൾ പറഞ്ഞ ഉബുണ്ടുവിനെ പറ്റി പറയാൻ .


എന്താണ് ഉബുണ്ടു  ?


അതൊരു ജീവിതാശയമാണ്.


ആഫ്രിക്കൻ ഗോത്ര ജനതയുടെ മാനുഷികത വ്യക്തമാക്കുന്ന ഒരാശയം . അതാണ് ഉബുണ്ടു.


വിശദമാക്കാം.


ഏതാനും വർഷങ്ങൾക്ക്  മുമ്പ് ഒരു നരവംശ ശാസ്ത്രജ്ഞൻ ആഫ്രിക്കയിലെ ഒരു ആദിവാസി ഗ്രാമത്തിൽ പഠനത്തിനായി ചെന്നു.


തൻ്റെ  ജോലികൾക്കിടയിൽ അവിടത്തെ  കുട്ടികളുമായി വിനോദങ്ങളിൽ ഏർപ്പെടുക എന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു.....


ഒരിക്കൽ അദ്ദേഹം ഒരു ബോക്സ് നിറയെ  ചോക്കലേറ്റ്  കൊണ്ടുവന്ന് ഒരിടത്ത്  വച്ചു.


ശേഷം  അവിടത്തെ കുറേ  കുട്ടികളെ വിളിച്ച് കുറച്ചു ദൂരെ  മാറ്റി നിരത്തി നിറുത്തി.


 എന്നിട്ട് പറഞ്ഞു


" ഞാൻ സ്റ്റാർട്ട് പറയുമ്പോൾ ഇവിടെ നിന്നും നിങ്ങൾ ഓടണം. ഓടി ആദ്യം ആ ബോക്സിൽ തൊടുന്ന ആൾക്ക് അതിലെ ചോക്കലേറ്റ്  മുഴുവനും . എടുക്കാം.....".


ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു.


"റെഡി . സ്റ്റെഡി .ഗോ...."


പിന്നീട് സംഭവിച്ചത് ഒരത്ഭുതം ആയിരുന്നു, 


ആരും മത്സരിച്ചോടിയില്ല.


എല്ലാ കുട്ടികളും പരസ്പരം കൈ കോർത്തു പിടിച്ച് ഒന്നിച്ചാണ് ഓടിയത്.

ഒരേ നിരയിൽ .


 അങ്ങനെ ഒന്നിച്ചാണ് അവർ ചോക്കലേറ്റ് ബോക്സിനടുത്തെത്തിയതും വട്ടമിട്ട് അതിൽ തൊട്ടതും.


ശേഷം  അവർ  ആ ചോക്കലേറ്റ് തുല്യമായി വീതിച്ചെടുത്ത് സന്തോഷത്തോടെ കഴിച്ചു, 

ആരും ധ്യതി വച്ചില്ല. എല്ലാർക്കും ചോക്കലേറ്റ് കിട്ടുകയും ചെയ്തു.


 ആന്ത്രോപ്പോളജിസ്റ്റിന് അതൊരത്ഭുതമായിരുന്നു.

അദ്ദേഹം ലജ്ജിതനായി.


തെല്ല് കഴിഞ്ഞപ്പോൾ "നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് ?" എന്ന് അദ്ദേഹം അവരോടു  ചോദിച്ചു


അതിനവർ   പറഞ്ഞ മറുപടി ഇതായിരുന്നു.


"ഞങ്ങൾ ഉബുണ്ടു അനുസരിക്കുന്നവരാണ്. "


ഉബുണ്ടു . ?


എന്താണ് ഉബുണ്ടുവിൻ്റെ സാരാംശം ?


അയാൾ അതെന്താണെന്ന് പിന്നീട് മുതിർന്നവരോട് ചോദിച്ചു മനസ്സിലാക്കി.


 മറ്റുള്ളവർ സങ്കടപ്പെടുമ്പോൾ ഒരാൾ മാത്രം എങ്ങനെ സന്തോഷിക്കും.?

വിശാലാർത്ഥത്തിൽ അതാണ് ഉബുണ്ടു .


ഓരോരുത്തരും എല്ലാവർക്കും വേണ്ടിയാകണം.


 എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും.


 ജീവിതം എന്നത് പരസ്പര സഹകരണം കൂടിയാണ്.


"നിങ്ങൾ ഉള്ളതു കൊണ്ടാണ് ഞാനും ഉള്ളത്. അതിനാൽ നമുക്ക് ഒന്നിച്ചു നിൽക്കാം "


ആ ഗോത്രവർഗക്കാരുടെ മാനുഷികത വ്യക്തമാക്കുന്ന ആശയമാണിത്


അതാണ് ഉബുണ്ടോ .


ഈ ഭൂമിയിൽ ഒറ്റയ്ക്ക് സുഖമായി  വാഴാൻ ആർക്കും ആവില്ല,


 എല്ലാവരും പരസ്പരം സഹകരിക്കുമ്പോഴാണ്  ഒരു സമൂഹം മികച്ചതാവുക.


അത് വിശദമാക്കുന്നു. ഈ ആഫ്രിക്കൻ ഗോത്രവർഗ സിദ്ധാന്തം.


കേട്ടിട്ട് നമുക്കും അത് ശീലിക്കാമെന്ന് തോന്നുന്നില്ലേ ?

✨✨✨✨✨✨✨✨✨✨✨✨✨

Comments