പിഎംകെ ഫൈസി


മഗ്‌രിബ് നിസ്കരിച്ചു വീട്ടിലേക്ക് വന്നപ്പോഴാണ് ഒരു ഫോൺ, മറുതലക്കൽ പിഎംകെ ഫൈസിയാണ്,  "ഒരുങ്ങി നിൽക്കുക, നമുക്ക് ഒരുസ്ഥലം വരെ പോകാനുണ്ട്". കുറച്ചു സമയം കഴിഞ്ഞു മാരുതി 800 കാറിൽ സ്വയം വണ്ടിയോടിച്ചു ഉസ്താദ് എത്തി. എന്തായാലും ഇത്തരം വിളിക്കലും യാത്രകളും മുന്നേ അനുഭവങ്ങൾ ആയതിനാൽ രണ്ടു ജോഡി ഡ്രെസ്സും തുണിയും ബ്രഷുമൊക്കെ തയ്യാറാക്കി വെച്ചിരുന്നു.

ചായ കുടിക്കാൻ പോലും സമയമില്ല. ഉടനെ പോകണം. നേരെ പോയത് എറണാകുളത്തേക്കാണ്. അവിടെ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനും കുടുംബവും കാത്തിരിക്കുന്നുണ്ട്. കോട്ടയത്തെ പ്രമുഖ ക്രിസ്ത്യൻ കുടുംബാംഗമായ അദ്ദേഹത്തിന്റെ മകൾ ഉപരിപഠനാർത്ഥം യുകെയിൽ പോയി. പഠനം കഴിഞ്ഞു തിരിച്ചു വന്നത് ഇസ്‌ലാം സ്വീകരിച്ചിട്ടാണ്. ആ കുട്ടിയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞു കൊടുക്കാൻ ആ പെൺകുട്ടി പിഎംകെ ഉസ്താദിനെ ക്ഷണിച്ചതാണ്. രാത്രി പന്ത്രണ്ട് മാണി വരെ ആ കൂടിക്കാഴ്ച നീണ്ടു. സന്തോഷത്തോടെ ഞങ്ങൾ ഇറങ്ങി.

"നമുക്ക് ഇടുക്കിയിലേക്ക് പോകാം". നേരെ ഇടുക്കിയിലേക്കാണ് യാത്ര. എന്റെ കയ്യിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും നാട്ടിൽ വണ്ടി ഓടിക്കാൻ പേടിയാണ്. ഉസ്താദ് തന്നെയാണ് വണ്ടി ഓടിക്കുന്നത്. ഇടക്കെന്നോട് പറഞ്ഞു "ക്ഷീണമുണ്ടെങ്കിൽ ഉറങ്ങിക്കോളൂ" ക്ഷീണമുണ്ടെങ്കിലും ഞാൻ ഉറങ്ങിയില്ല. എങ്ങിനെ ഉറങ്ങാനാണ്? ആ കുറിയ മനുഷ്യൻ യാതൊരു വിശ്രമവുമില്ലാതെ ഓടിക്കൊണ്ടേ ഇരിക്കുമ്പോൾ നമ്മളെങ്ങനെ വിശ്രമിക്കും.  ഇടക്ക് എവിടെയോ നിർത്തി കുറച്ചു നേരം വിശ്രമിച്ചു. സുബ്ഹിയോട് അടുത്ത് ഒരു പള്ളിയിൽ കയറി. പള്ളിയിലെ ഉസ്താദിനെ സോപ്പിട്ട് കുളിയും മറ്റുമൊക്കെ നിർവ്വഹിച്ചു ഇടുക്കിയുടെ മലയോര മേഖകളിൽ താമസിക്കുന്ന പരമ ദരിദ്രരായ വീടുകൾ കേന്ദ്രീകരിച്ചു. രണ്ടു ദിവസം അവിടെ കഴിച്ചു കൂട്ടി. മതം മാറ്റത്തിന്റെ വലക്കണ്ണികൾ സൃഷ്ട്ടിച്ചു ക്ര്യസ്ത്യൻ മിഷിനറി സംഘം വലവിരിച്ച പ്രദേശങ്ങളായിരുന്നു ആ ഭാഗങ്ങളൊക്കെ. അവിടെ നിന്നും പത്തനംതിട്ടയിലേക്ക് പോയി ശേഷം അഞ്ചാം ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്.

യാത്രകൾ പിഎംകെ ക്ക് ഭയകര ഹരമായിരുന്നു, അതും ദഅവാ യാത്രകൾ. എത്രയോ പേർക്കാണ് ശഹാദത്തിന്റെ സാക്ഷ്യം അവിടുന്ന് മൊഴിഞ്ഞു കൊടുത്തത്. എത്ര പേർക്കാണ് സ്വന്തം വീട് തന്നെ അഭയമായി തുറന്നു കൊടുത്തത്. ഈ യാത്രകൾക്കിടയിലും എഴുത്തിനു യാതൊരു ക്ഷാമവും നേരിട്ടില്ല. പേനയും കടലാസും കയ്യിൽ കീട്ടിയാൽ മതി. പിന്നെ നിർഗ്ഗളിക്കുന്നത് അനശ്വരമായ അറിവിന്റെ പ്രവാഹമായിരുന്നു. അൽഇർഫാദിൽ മാത്രം എത്രയോ തൂലികാനാമങ്ങളിലൂടെ എത്രയോ എഴുത്തുകൾ. അബൂ മഅറൂഫും, മുഈനിയും, ഫൈസിയും.....

ലീവിന് നാട്ടിലെത്തിയാൽ പിഎംകെ വിളിക്കും. പിന്നെ യാത്രകൾ തന്നെയായിരുന്നു. അത് ചിലപ്പോൾ കെ എസ് ആർടിസിയിലാകും, ചിലപ്പോൾ മാരുതിയിലാകും. പാലക്കാടും  മലപ്പുറത്തിന്റെ തീരദേശ മേഖലകൾ, വണ്ടൂർ നിലമ്പൂർ തുടങ്ങി മലയോര മേഖലകൾ, താമരശ്ശേരി ഭാഗങ്ങൾ, കണ്ണൂർ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങൾ, ഇടുക്കി പത്തനംതിട്ട തുടങ്ങിയ കിഴക്കൻ പിന്നോക്ക പ്രദേശങ്ങൾ. ഈ യാത്രകളിലൊന്നിലാണ് "മലപ്പുറത്ത് സംഭവിക്കുന്നത്" എന്ന എന്റെ കവർ സ്റ്റോറി അൽ ഇർഫാദിൽ പ്രസിദ്ധീകരിക്കുന്നത്.

പ്രബോധന രംഗത്തു കേരളത്തിൽ പിഎംകെ ഒരു വിസ്മയം തന്നെയായിരുന്നു. അതിനു പകരം വെക്കാൻ ആരുമില്ലെന്ന് തന്നെ പറയാം. അള്ളാഹു മഹാനുഭാവന് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

✍️ഹുസൈൻ തങ്ങൾ വാടാനപ്പള്ളി 

Comments