രോഗം അല്ലാഹുﷻവിന്റെ പരീക്ഷണം


    സഹോദരങ്ങളെ.., രോഗം എപ്പോള്‍ നമ്മെ കീഴ്‌മേല്‍ മറിക്കും എന്ന് നമുക്കറിയില്ല. മാരകരോഗങ്ങളുടെ വാഹകരാണോ നാം..? നമുക്കതറിയില്ല. ഇന്ന് നമ്മിൽ പലരും രോഗികളല്ല, അല്ലാഹുﷻവിന് സ്തുതി.. നാളെ നാം രോഗികളായേക്കാം.. ഏതവസ്ഥയിലും അല്ലാഹുﷻവിന് സ്തുതി...

 മനുഷ്യര്‍ക്ക് സ്വാഭാവികമായും രോഗം വരും. ഭേദമാകണമെങ്കില്‍ ചികിത്സിക്കണം. രോഗം വരാതിക്കാന്‍ പ്രധിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗം അല്ലാഹുﷻവിങ്കല്‍ നിന്നുള്ളതാണ്. അല്ലാഹു ﷻ തന്നെ അതിന് പരിഹാരം വിധിച്ചിട്ടുണ്ട്. പ്രധിവിധിയില്ലാത്ത ഒരു രോഗവും അല്ലാഹു ﷻ ഇറക്കിയിട്ടില്ല. ചില രോഗങ്ങളുടെ യഥാര്‍ത്ഥ ശമനൗഷധങ്ങള്‍ അല്‍പജ്ഞാനികളായ മനുഷ്യര്‍ കണ്ടെത്തിയിട്ടെല്ലെന്ന് മാത്രം. അതുകൊണ്ട് തന്നെയാണ് ചില മാറാ രോഗങ്ങള്‍ അവശേഷിക്കുന്നത്...

 നിരന്തര ഗവേഷണങ്ങളിലൂടെ ആധുനിക വൈദ്യ ശാസ്ത്രജ്ഞന്മാര്‍ ഇത്തരം രോഗങ്ങള്‍ക്കും പ്രധിവിധി കണ്ടെത്തുമ്പോഴേക്കും മറ്റുചില പുതിയ മാറാ രോഗങ്ങള്‍ രംഗ പ്രവേശനം ചെയ്യുന്നു. മനുഷ്യന്റെ വിജ്ഞാനപരിമിതിയാണ് ഇതിന് കാരണം എന്ന് ഇതില്‍ നിന്ന് വ്യക്തമാക്കുന്നു.

 പ്രവാചകര്‍ ഹബീബ് ﷺ അരുളിയിരുന്നു: "പ്രതിവിധിയില്ലാത്ത ഒരു രോഗവും അല്ലാഹു ﷻ ഇറക്കിയിട്ടില്ല"
  (ബുഖാരി)

 സര്‍വരോഗങ്ങള്‍ക്കും പ്രതിവിധിയുണ്ട്. ഏത് രോഗവും അതിന്റെതായ മരുന്ന് ഉപയോഗിക്കുന്നതായാല്‍ അല്ലാഹുﷻവിന്റെ അനുഗ്രഹത്താല്‍ സുഖപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്.
  (മുസ്‌ലിം)

 നിശ്ചയം രോഗത്തെയും മരുന്നുകളെയും അല്ലാഹുﷻവാണിറക്കിയത്. ഓരോ രോഗത്തിനും അതിന്റെതായ മരുന്നും അവന്‍ പടച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങള്‍ ചികിത്സിച്ചു കൊള്ളുക. പക്ഷേ നിരോധിക്കപ്പെട്ട പദാര്‍ത്ഥങ്ങള്‍കൊണ്ട് ചികിത്സ ചെയ്യരുത്.
  (അബൂദാവൂദ്)

 മരണമല്ലത്ത മറ്റെല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്ന് അവിടുന്ന് (ﷺ) അരുളിയതായി ഹദീസുകളില്‍ കാണാം...
             
 ഒരു യഥാര്‍ത്ഥ മുസല്‍മാനെ സംബന്ധിച്ചിടത്തോളം രോഗം എന്നുള്ളത്‌ ഒരു അനുഗ്രഹമാണ്, ഇഹത്തിലും പരത്തിലും.. ചില നിസ്സാരമായ രോഗങ്ങള്‍ കാരണം മറ്റു മാരകമായ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ചില ചെറിയ രോഗങ്ങള്‍ മറ്റു വലിയ രോഗങ്ങളെ പ്രതിരോധിക്കും എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്.

 പ്രവാചകന്‍ ﷺ ഇങ്ങനെ പറഞ്ഞിരിക്കുന്നു. ‘കണ്ണു വേദന, ജലദോഷം, തുമ്മല്‍, ചൊറിച്ചില്‍, എന്നീ നാലു രോഗങ്ങള്‍ ചീത്തയാണെന്നു ധരിക്കരുത്. കാരണം, കണ്ണു വേദന അനുഭവപ്പെട്ട് സുഖമായാല്‍ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കുന്നതിനും ജലദോഷം കുഷ്ഠ രോഗം വരാതിരിക്കുന്നതിനും തുമ്മല്‍ വാദരോഗം വരാതിരിക്കുന്നതിനും ചൊറി വസൂരി പിടിപെടാതിരിക്കുന്നതിനും സഹായകമാണ്.’  ഈ ഹദീസ് ജാമിഅ് അൽ കബീറില്‍ ഉദ്ധരിച്ചിട്ടുണ്ട്.

 ഇതൊക്കെ നാം ജീവിക്കുന്ന ദുനിയാവിലെ കാര്യമാണ്. ഇതിനേക്കാള്‍ മേന്മയേറിയതാണ് പാരത്രിക ജീവിതത്തില്‍ ലഭ്യമാകുന്നത്. ഇബ്‌നുമസ്ഊദില്‍ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. "തിരുമേനി ﷺ അതി ശക്തമായ പനി പിടിപെട്ട് കിടക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ തിരുസന്നിധിയില്‍ ചെന്നു. കഠിനമായ ഈ പനി അവിടത്തേക്കു ഇരട്ടി പ്രതിഫലം സിദ്ധിക്കാന്‍ വേണ്ടിയായിരിക്കുമല്ലോ..? എന്നു ഞാന്‍ ചോദിച്ചപ്പോള്‍, തിരുമേനി ﷺ അരുളി : "രോഗം ബാധിച്ചാല്‍ മരത്തില്‍നിന്ന് ഇലയുണങ്ങി കൊഴിയുന്നത് പോലെ പാപങ്ങള്‍ അവനില്‍ നിന്നും കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കും"
  (ബുഖാരി)

 ഒരു മുസ്‌ലിമിന്റെ കാലില്‍ ഒരു മുള്ള് കുത്തി, അല്ലെങ്കില്‍ അവനല്‍പം ക്ഷീണം ബാധിച്ചു എങ്കില്‍ പോലും അവനില്‍ നിന്ന് പാപങ്ങള്‍ അല്ലാഹു ﷻ പൊറുക്കുന്നതാണ്.

.രോഗബാധിതാവസ്ഥയില്‍ ഏതൊരാളുടെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും പ്രകടമായ വ്യത്യാസം കാണുക സാധാരണയാണ്. അനാവശ്യവും അനാശാസ്യവുമായ പല കൃത്യങ്ങളില്‍ നിന്നും പിന്തിരിയുകയും പകരം ഉല്‍കൃഷ്ട ഗുണങ്ങള്‍ അവലംബിച്ചു ജീവിക്കുകയും ചെയ്യാന്‍ രോഗം പലര്‍ക്കും വേദിയൊരുക്കും എന്നത് ഒരു സത്യാവസ്ഥയാണ്...

Comments