സ്നേഹഗായകന്‍


മദര്‍ തെരേസ വെനിന്‍സുല സന്ദര്‍ശിച്ച സമയം. ഒരു ധനിക കുടുംബം ശിശുസദനം പണിയാനുള്ള സ്ഥലം സൗജന്യമായി മദറിനു നല്‍കി. അതിന് നന്ദി പറയാന്‍ മദര്‍ ആ ധനിക ഗൃഹത്തിലെത്തി.

വളരെ ദയനീയമായി വൈകല്യം ബാധിച്ച ഒരു കുട്ടിയെ അവന്‍ അവിടെ കണ്ടു. ധനികന്റെ മൂത്ത മകനാണ്, പേര് സ്നേഹഗായകന്‍. വിചിത്രമായ ആ പേരിന്റെ രഹസ്യം മദര്‍ തിരക്കി.

കുട്ടിയുടെ അമ്മ പറ‍ഞ്ഞു, “മദര്‍, ഇവന്‍ ഉണ്ടായതിനു ശേഷമാണ് ഞങ്ങള്‍ സ്നേഹിക്കാന്‍ പഠിച്ചു തുടങ്ങിയത്. സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ മനസ്സിലാക്കി. സ്നേഹിക്കപ്പെടാന്‍ കൊതിക്കുന്നതിന്റെ തീവ്രതയും ഞങ്ങള്‍ അറിഞ്ഞു. സേവനത്തിലൂടെയാണ് സ്നേഹം പ്രകടിപ്പിക്കേണ്ടതെന്നും അപ്പോള്‍ വെളിവായി. ജീവിതം ആ ദിശയിലേക്ക് തിരിഞ്ഞതോടെ ഞങ്ങള്‍ ഇപ്പോള്‍ സന്തുഷ്ടരാണ്. ഇവന്റെ വൈകല്യം ഞങ്ങള്‍ക്ക് ഇപ്പോള്‍ ദുഃഖം ഉള്ള വാക്കുന്നില്ല. വൈകല്യങ്ങളെ സ്നേഹിക്കാന്‍ ഞങ്ങളെ പഠിപ്പിച്ചത് എന്റെ ഈ മോനാണ്.”

ഏതു ദുഃഖത്തേയും ശമിപ്പിക്കാന്‍ സ്നേഹ പൂര്‍വ്വമുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് മഹത്തുക്കള്‍ ആദികാലം മുതലേ നമ്മെ പഠിപ്പിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കുമ്പോള്‍ ശാന്തി നിറയുന്നത് നമ്മുടെ മനസ്സിലാണ്. സ്നേഹിച്ചും, സേവിച്ചും മാത്രമേ നമുക്കത് മനസിലാക്കാന്‍ സാധിക്കൂ. വെള്ളത്തിലിറങ്ങാതെ ഒരിക്കലും നീന്തല്‍ പഠിക്കാന്‍ കഴിയില്ലല്ലോ.

Comments