മനസാക്ഷി
നോർമൻ വിൻസന്റ് പീൽ ‘ജീവിതം ഒരു കല’ എന്ന പുസ്തകത്തിൽ ചികിത്സക്കായി തന്നെ സമീപിച്ച ഒരു വ്യക്തിയുടെ കഥ വിവരിക്കുന്നു.
വളരെയേറെ അസ്വാസ്ഥ്യങ്ങളെപ്പറ്റി പരാതിപ്പെട്ട അയാളെ വിശദമായി പരിശോധിച്ചതിൽ ശാരീരികമായ ഒരു രോഗവും അയാളിൽ കണ്ടില്ല. രോഗമൊന്നുമില്ല എന്ന് പറഞ്ഞ് അയാളെ ആശ്വസിപ്പിച്ചയച്ചു. ഏതാനും ആഴ്ചകൾക്ക് ശേഷം അയാൾ തിരിച്ചെത്തി, വലിയ പരാതിയുമായി.അയാൾക്ക് ഉറക്കമില്ല ഭക്ഷണത്തോട് താൽപര്യമില്ല. വലിയ ക്ഷീണവും തളർച്ചയും. വീണ്ടും പഴയത് പോലെ പരിശോധനകൾ ഒന്നൊന്നായി നടത്തി. ശാരീരികമായി അയാളിൽ ഒരു കുഴപ്പവും കാണാൻ കഴിഞ്ഞില്ല.
ഡോക്ടർ ചോദിച്ചു, “നിങ്ങളുടെ മനസാക്ഷി നിങ്ങളെ കുറ്റപ്പെടുത്തുന്നതായി വല്ലതുമുണ്ടോ? നിങ്ങൾക്ക് ലജ്ജ തോന്നത്തക്ക വിധം വല്ല തെറ്റും നിങ്ങൾ ചെയിതിട്ടുണ്ടോ?” അത് കേട്ട് അയാൾ ചോദിച്ചു, “ഡോക്ടർ, നിങ്ങൾ എന്നെ ആക്ഷേപിക്കുന്നത് ഞാൻ പൊറുക്കുകയില്ല. ചികിത്സയിക്കാണ് ഞാൻ നിങ്ങളെ സമീപിച്ചത്. മത പ്രസംഗം കേൾക്കാനോ കുന്പസാരിക്കാനോ അല്ല”. അമർഷവും രോഷവും പ്രകടിപ്പിച്ചിട്ട് പോയ അയാൾ രണ്ടു ദിവസങ്ങൾക്ക് ശേഷം മടങ്ങി വന്ന് ഡോക്ടറോട് ഏറ്റു പറഞ്ഞു. “വളരെ തെറ്റായ ഒരു കാര്യം ഞാൻ ചെയ്തു. വിദേശത്തുള്ള എന്റെ സഹോദരന്റെ വസ്തുവകകൾ എന്നെയാണ് എൽപ്പിച്ചിരുന്നത്. വരുമാനത്തിൽ ഒരു ഭാഗം എന്റെ സ്വന്തമാക്കി. സഹോദരനെ ബോദ്ധ്യപ്പെടുത്താൻ കണക്കിൽ തിരുത്തലുകളും കൃത്രിമവും കാണിച്ചു. എന്റെ മനസാക്ഷി എന്നെ കുത്തിക്കൊണ്ടിരുന്നു”. ഡോക്ടർ ചോദിച്ചു, “നിങ്ങൾക്ക് എത്ര തുക സഹോദരന് തിരികെ കൊടുക്കാൻ കഴിയും”. അയാൾ പറഞ്ഞ തുകക്ക് തന്നെ ചെക്ക് എഴുതാൻ പറഞ്ഞു. അതിന്റെ കൂടെ ഒരു ക്ഷമാപണ കത്തും ചേർത്ത് സഹോദരന്റെ പേർക്ക് അയച്ചു. അതിനുശേഷം അയാൾ പറഞ്ഞു, “ആശ്വാസം എന്ന വാക്കിന്റെ അർത്ഥം അതിനു മുന്പ് ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല”. മിത്രമായിരുന്ന മനസാക്ഷി അയാളിൽ ശത്രുവായി പ്രവർത്തിക്കുകയാണിവിടെ ചെയ്തത്. മനസാക്ഷിയെ ത്രിപ്തമാക്കിയപ്പോൾ അതുവഴി ശരീരത്തിന് സൗഖ്യവും ലഭിച്ചു. അത് കൊണ്ട് മനസാക്ഷിയെ മാനിക്കാൻ മടിക്കരുത്.
Comments
Post a Comment