ആദ്യ രക്തസാക്ഷി സുമയ്യ رضي الله عنها


      നെടുവീര്‍പ്പുകളോടെയാണ് യാസിര്‍(رضي الله عنه)വിന്‍റെ കുടുംബം ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്. യാസിര്‍(رضي الله عنه)വാണ് കുടുംബനാഥന്‍. ബീവി സുമയ്യ(رضي الله عنها) ഭാര്യ. അമ്മാര്‍ ഏകപുത്രന്‍. മൂന്നംഗ സന്തുഷ്ടകുടുംബം. മറ്റൊരു പുത്രന്‍ അബ്ദുള്ള മുമ്പെന്നോ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം കത്തിപ്പടരുന്ന മക്കയുടെ മലമടക്കുകളിലൊന്നിലാണിവരുടെ കൂര. സന്ധ്യമയങ്ങുന്നതോടെ കലാപക്കാര്‍ പുറത്തിറങ്ങും. കുന്തം, കുറുവടി, കൊടുവാള്‍, ശൂലം, വാള്‍ എന്നീ മാരകായുധങ്ങളുമായി അക്രമികള്‍ ഒറ്റക്കും സംഘം ചേര്‍ന്നും നടക്കുകയാണ്. അബൂജഹ്ല്‍, ഉത്ബത്, ശൈബത്ത്, ഉഖ്ബത്ത് തുടങ്ങിയ കൊലകൊമ്പന്മാരാണ് അക്രമത്തിനു നേതൃത്വം നല്‍കുന്നത്. മുസ്‌ലിംകളുടെ ഭവനങ്ങള്‍ തെരഞ്ഞുപിടിച്ചു അവര്‍ തീവെക്കുന്നു. സാധനങ്ങള്‍ നഷ്ടപ്പെടുത്തുന്നു. സ്ത്രീകളെ നഗ്നരാക്കുന്നു. വെട്ടിക്കൊലപ്പെടുത്തുന്നു. പ്രതികരിക്കാനും പ്രതിഷേധിക്കാനും കെല്പുള്ള മുസ്‌ലിംകളില്ലാത്തതിനാല്‍ അക്രമം നിര്‍ബാധം തുടരുന്നു. പേപ്പട്ടികളെപ്പോലെ ഓടിനടക്കുന്ന അക്രമികള്‍. മുസ്‌ലിംകളെ തെരഞ്ഞുപിടിച്ചു കടിക്കുന്ന ആ കാപാലികരുടെ ആവശ്യം ഒന്നുമാത്രം. ജനങ്ങള്‍ ഇസ്‌ലാം കയ്യൊഴിക്കണം. മുഹമ്മദ്‌ നബി(ﷺ)യെ തള്ളിപ്പറയണം.
      ഇഷ്ടദൈവങ്ങളായി ഇത്രയുംകാലം ആരാധിച്ചിരുന്ന ദേവന്മാരെയും ദേവികളെയും കയ്യൊഴിക്കണമെന്നാണ് മുഹമ്മദ്‌ ഉപദേശിക്കുന്നത്. (صلی اللہ علیہ وسلم). ലാത്ത, ഉസ്സ തുടങ്ങിയ നമ്മുടെ വിഗ്രഹങ്ങളെ കുറ്റം പറയുകയോ? അതിവിടെ സമ്മതിക്കില്ല. നമ്മുടെ അപ്പച്ഛന്മാര്‍ കാണിച്ചുതന്നതാണീ വിഗ്രഹപൂജ. അത് വേണ്ടെന്നു പറയുന്ന ഒരള്ളാഹുവും ഒരു മുഹമ്മദും (صلی اللہ علیہ وسلم) ഇവിടെ വേണ്ട. മക്കയിലെ നാട്ടുപ്രമാണിമാര്‍ ഞങ്ങളാണ്. ഞങ്ങള്‍ വിധിക്കുന്നതേ ഇവിടെ നടക്കൂ. അതംഗീകരിക്കാതെ മുഹമ്മദിന്‍റെ ഇസ്‌ലാം സ്വീകരിച്ച ആരെയും വെറുതെവിടില്ല.
      നടക്കുന്ന വാര്‍ത്തകളാണ് യാസിര്‍(رضي الله عنه)വിന്‍റെയും സുമയ്യ(رضي الله عنها)യുടെയും കാതുകളില്‍ മുഴങ്ങിയിരുന്നത്. ഓരോ വാര്‍ത്തയും മനസ്സിലുണ്ടാക്കിയ മുറിവുകളില്‍നിന്ന്‍ രക്തംവാര്‍ന്നൊഴുകി. ബിലാലെന്ന പാവപ്പെട്ട സഹോദരനെ ഉഖ്ബത്ത് ക്രൂരമായി മര്‍ദ്ദിക്കുന്നതായി അറിഞ്ഞു. ഉഖ്ബത്തിന്‍റെ വീട്ടിലെ വേലക്കാരനാണ്‌ ബിലാല്‍(رضي الله عنه). ഇസ്‌ലാമിന്‍റെ സന്ദേശവുമായി തിരുനബി(ﷺ) വന്നപ്പോള്‍ അതദ്ദേഹം സ്വീകരിച്ചു. അതറിഞ്ഞ മുതലാളിക്ക് അരിശം കത്തിയാളി. അയാള്‍ ക്രോധത്താല്‍ പല്ലിറുമ്മി. ബിലാലിനെ പിടിച്ചു വസ്ത്രാക്ഷേപം നടത്തി മക്കയുടെ ചുട്ടുപഴുത്ത മണലില്‍ കിടത്തി കഴുത്തില്‍ കയറിട്ട് കുരുക്കി ഇരുവശത്തും കുട്ടികളെ നിര്‍ത്തി കയറ് വലിപ്പിച്ചു. ശ്വാസം കിട്ടാതെ കണ്ണുതുറച്ചപ്പോഴും ബിലാല്‍ കിട്ടാവുന്ന ശബ്ദം ശേഖരിച്ച് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. “അഹദ്.... അഹദ്..... അള്ളാഹു ഒരുവന്‍മാത്രം”. ദിവസങ്ങളോളം തുടര്‍ന്ന ഈ ക്രൂരത ഒരിക്കല്‍ സ്വിദ്ദീഖുല്‍ അക്ബര്‍ (رضي الله عنه) കാണാനിടയായി. ‘എന്തിനാണ് ഉഖ്ബത്തേ, ഈ പാവം മനുഷ്യനെ പീഡിപ്പിക്കുന്നത്? ഇവന്‍ ചെയ്ത തെറ്റെന്താണ്? ഇവനെ നീ എനിക്ക് തന്നേക്ക്‌’.
   അരിശം മൂത്ത ഉഖ്ബത്ത് ആക്രോശിച്ചു: ‘അബൂബകറേ, എന്നാല്‍ നീ കൊണ്ടുപൊയ്ക്കോ ഇവനെ’.
     ‘എനിക്ക് വെറുതെ വേണ്ട. ഞാന്‍ പനം തരാം’.
     ‘എന്‍റെ അടിമയായി വീട്ടുവേലക്കു കൊണ്ടുവന്ന ഇവന്‍ ഇപ്പോള്‍ ഒരു പുതിയ മതവിശ്വാസവുമായി നടക്കുകയാണ്. അള്ളാഹു ഒരുവന്‍ മാത്രമാണെന്നാണിവന്‍ പറയുന്നത്. അത് എനിക്ക് പെറുക്കാന്‍ കഴിയുമോ അബൂബകറേ?’
    ‘അവന്‍ വേറെ തെറ്റൊന്നും ചെയ്തില്ലല്ലോ. ശരി, ഞാനവന്‍റെ അടിമച്ചങ്ങല പൊട്ടിച്ചുകൊള്ളാം’.
   സ്വിദ്ദീഖ്(رضي الله عنه) പണം കൊടുത്ത് ബിലാല്‍(رضي الله عنه)വിനെ വാങ്ങി രക്ഷപ്പെടുത്തി.......
__________________________


     ഈ നരനായാട്ട് ഒരുദിവസം വീട്ടിലും എത്തുമെന്ന് സുമയ്യ(رضي الله عنها) ഉറപ്പിച്ചു. ഞങ്ങളിത്രയും കാലം കൂരിരുട്ടിലായിരുന്നു. മുഹമ്മദ്‌ നബി(ﷺ)യുടെ സന്ദേശങ്ങളാണ് ഞങ്ങള്‍ക്ക് വെളിച്ചമേകിയത്. മുന്നോട്ടുനടക്കാന്‍ കഴിയാതെ വഴിയില്‍ തങ്ങിയ ഞങ്ങളിപ്പോള്‍ സുഖമായി സഞ്ചരിക്കുന്നു. അള്ളാഹുവിലേക്ക്, അവന്‍റെ സ്വര്‍ഗത്തിലേക്ക്. ആ വഴി മുടക്കാനാണ് കാപാലികര്‍ ഓടിനടക്കുന്നത്.

     പ്രത്യേകം തയ്യാറാക്കിയ നിസ്കാരമുറിയില്‍ താനും കുടുംബവും നിസ്കരിക്കുകയും ഖുര്‍ആനോതുകയും ചെയ്യുമ്പോള്‍ വീടിനരികിലൂടെ നടക്കുന്ന അക്രമികളെ സുമയ്യ(رضي الله عنها) കാണാറുണ്ട്‌. പകയും ക്രൌര്യവുംകൊണ്ട് അവരുടെ ചുണ്ടുകള്‍ കോടുന്നതും കടപ്പല്ല് ഞെരിയുന്നതും.

    ഒരുനാള്‍ അത് സംഭവിച്ചു. ആ കാപാലികര്‍ അവരെയും ഭര്‍ത്താവിനെയും അമ്മാറിനെയും പിടിച്ചുകൊണ്ടുപോയി.

    കത്തിക്കരിയുന്ന ഉച്ചവെയിലില്‍ അവരെ നിര്‍ത്തി. വസ്ത്രാക്ഷേപം നടത്തി. ചുട്ടുപൊള്ളുന്ന മണലില്‍ മലര്‍ത്തിക്കിടത്തി കൈകാലുകള്‍ ബന്ധിച്ചു. മറിയാനും തിരിയാനും കഴിയാതെ പുളയുന്ന അവരുടെ തുടകളില്‍ കത്തുന്ന തീപ്പന്തങ്ങള്‍ വെച്ചു. ചിലക്രൂരന്മാര്‍ വലിയ കല്ലുകള്‍ നെഞ്ചില്‍ കയറ്റിവെച്ചു. മര്‍ദ്ദനങ്ങളെ സധൈര്യം നേരിട്ട അവര്‍ അപ്പോഴും ശബ്ദിച്ചുകൊണ്ടിരുന്നു: “അള്ളാഹു അഹദ്”.

     ആ ശബ്ദം കേള്‍ക്കുമ്പോള്‍ അക്രമികള്‍ കലിതുള്ളി. അക്രമങ്ങള്‍ക്ക് ശക്തി കൂട്ടി.
    “ഇസ്‌ലാമില്‍നിന്ന്‍ മാറിനില്‍ക്കുക. അല്ലെങ്കില്‍ ഇതനുഭവിച്ച് ആയുസ്സ് തീര്‍ക്കുക”.
   ഒരുകൂട്ടം ഭ്രാന്തന്മാര്‍ അമ്മാറിനെ പിടിച്ചുവലിച്ചു വലിയ തീകുണ്ഠാരത്തിലേക്കിട്ടു.

     തല്‍സമയം ആ വഴിവന്ന നബി(ﷺ)യും ഉസ്മാന്‍(رضي الله عنه)വും ഇതു കാണാനിടയായി. നടുക്കത്തോടെ അവര്‍ അമ്മാറിന്‍റെ അടുത്തേക്ക് വന്നു. കൈപൊക്കി താങ്ങി എഴുന്നേല്‍പ്പിച്ചു. കാരുണ്യത്തിന്‍റെ കരങ്ങള്‍കൊണ്ട്‌ അമ്മാറിന്‍റെ മുഖത്ത് തടവി. അപ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലെ മുറിപ്പാടുകളില്‍ തേനുറവ പതഞ്ഞു.

‘യാ നൂറു കൂനീ ബര്‍ദന്‍ വസലാമന്‍ അലാ അമ്മാര്‍’.

     “ഇബ്റാഹീം നബിക്ക് സുരക്ഷയായതുപോലെ അഗ്നീ, നീ അമ്മാറിനു സുരക്ഷയും തണുപ്പുമായി മാറുക”. നബിതിരുമേനി(ﷺ) അമ്മാറിനെ മന്ത്രിച്ചുകൊണ്ടിരുന്നു. നബി(ﷺ)യുടെ സാന്ത്വനവചനങ്ങളില്‍ സമാധാനിച്ചു അമ്മാര്‍ കരുത്ത് വീണ്ടെടുക്കുമ്പോള്‍ മറുഭാഗത്തുനിന്ന്‍ ഒരു ചോദ്യമുയര്‍ന്നു. ദൈന്യതയാര്‍ന്ന ചോദ്യം: “ആയുഷ്കാലം മുഴുവന്‍ ഈ യാതനയില്‍ കഴിയേണ്ടിവരുമോ റസൂലേ”.

    മര്‍ദ്ദനമേറ്റ് വേദനകൊണ്ട് പുളയുന്ന യാസിറിന്‍റേതായിരുന്നു ചോദ്യം. ഇടറുന്ന ശബ്ദത്തില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു.

       നബി(ﷺ) അവരെ സമാധാനിപ്പിക്കാന്‍ പാടുപെട്ടു.

    “സന്തോഷിക്കുക, കുടുംബമേ നിങ്ങള്‍ക്കു പരലോകത്ത് സ്വര്‍ഗമുണ്ട്” നബി(ﷺ) പറഞ്ഞു.

      ഇതൊക്കെ നടക്കുമ്പോഴും ബീവിസുമയ്യ (رضي الله عنها) ഒരു കൂസലുമില്ലാതെ ഉരുവിട്ടിരുന്നു. “അള്ളാഹു അഹദ്”. നമുക്കിനി സ്വര്‍ഗത്തില്‍ കാണാമെന്ന ഭാവത്തില്‍ പ്രജ്ഞയറ്റുകൊണ്ടിരുന്നു ആ ശരീരം. തിരിഞ്ഞു കിടക്കുമ്പോള്‍ പെട്ടെന്ന്‍ പിന്നില്‍നിന്ന് ഒരുകനത്ത കൈത്തലം ശരീരത്തില്‍ അമര്‍ന്നതറിഞ്ഞ് സുമയ്യ(رضي الله عنها) വെട്ടിത്തിരിഞ്ഞു. ക്രുദ്ധനായ അബൂജഹ്ല്‍ പല്ലിറുമ്മി നില്‍ക്കുന്നതുകണ്ട് സുമയ്യ(رضي الله عنها) നടുങ്ങി. ദീര്‍ഘകായനായ അബൂജഹ്ലിനെ യാചനയോടെ ഒന്നുനോക്കി. കാത്തുനില്‍ക്കാന്‍ സമയമില്ലാത്ത ആ ക്രൂരന്‍ കയ്യില്‍ കരുതിവന്ന ശൂലംകൊണ്ട് സുമയ്യാബീവി(رضي الله عنها)യെ ആഞ്ഞുകുത്തി. ആരോഗ്യം നശിച്ച വൃദ്ധയായ സുമയ്യ(رضي الله عنها) കുത്തേറ്റു പിടഞ്ഞു. കരയില്‍ പിടിച്ചിട്ട മത്സ്യം പോലെ വേദനകൊണ്ട് അവര്‍ പുളയുമ്പോള്‍ ആ ദുഷ്ടന്‍റെ ശൂലം പലതവണ അവരുടെ ഭഗദ്വാരത്തില്‍ ആഴ്ന്നിറങ്ങി.

      അള്ളാഹ്........ അള്ളാഹ്....... എന്ന ശബ്ദം ഉരുവിട്ട് സുമയ്യബീവി (رضي الله عنها) യാത്ര പറഞ്ഞു. അവസാനയാത്ര. തിരിച്ചുവരാന്‍ കഴിയാത്ത ലോകത്തേക്ക്.

      ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷി. തന്‍റെ പ്രാണസഖി രക്തസാക്ഷിയാകുന്നതുകണ്ട് കിടക്കാനേ യാസിര്‍(رضي الله عنه)വിനു കഴിഞ്ഞുള്ളു. വേദനതിന്നു മരവിച്ച ആ ശരീരത്തില്‍ അപ്പോഴും മരവിക്കാത്ത രണ്ടവയവങ്ങളുണ്ടായിരുന്നു. നാവ്, ഹൃദയം. തൗഹീദ് അടിയുറച്ച് അപ്പോഴും അദ്ദേഹം ഉരുവിട്ടു: അള്ളാഹ്.... അള്ളാഹ്.

        അല്‍പം കഴിഞ്ഞപ്പോള്‍ ഞരങ്ങിഞരങ്ങി കരഞ്ഞിരുന്ന യാസിര്‍(رضي الله عنه)വിന്‍റെ ശബ്ദവും തീരെ കേള്‍ക്കാതായി. അന്തരീക്ഷത്തിലെവിടെയോ തങ്ങിനില്‍ക്കുന്ന ആ ശബ്ദതരംഗങ്ങളുടെ ഉടമയായ ആത്മാവ് സ്വര്‍ഗീയാരാമത്തില്‍ പച്ചപ്പക്ഷികളായി വട്ടമിട്ടുപറക്കുന്നുണ്ടാകും, ഒപ്പം ബീവിസുമയ്യയും.......
══════════════

Comments