ഹയ്യ_അല_സ്സ്വലാത് സ്വല്ലൂ_ഫീ_ബുയൂതികും


കോരിച്ചൊരിയുന്ന പേമാരി ഉണ്ടായപ്പോൾ "ഹയ്യ അല സ്സ്വലാത് - നിസ്കാരത്തിനായി പള്ളിയിലേക്കു വരൂ" എന്നതിനു പകരം "സ്വല്ലൂ ഫീ ബുയൂതികും - വീട്ടിൽ തന്നെ നിസ്കരിക്കൂ" എന്നു ബാങ്ക് വിളിക്കാൻ നബി തിരുമേനി സ്വ. നിർദ്ദേശിച്ചത് അബ്ദുല്ലാഹി ബ്നു ഉമർ, അംറ് ബ്നു ഔസ്, അബ്ദുല്ലാഹി ബ്നു അബ്ബാസ്, നുഐമു ബ്നു നുഹാം തുടങ്ങി പല സ്വഹാബികളും നിവേദനം ചെയ്തിട്ടുണ്ട് - റളിയല്ലാഹു അൻഹു. എങ്കിലും, ഇതുവരെ അതു കേൾക്കാനിട വന്നിട്ടില്ല. ഇത്തവണ കൊറോണ ഭീതി പരന്ന കുവൈത്തിൽ ഇന്നലെ അങ്ങനെയാണ് ബാങ്ക് വിളിച്ചതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഓരോ സന്ദർഭത്തിലും ഇസ്‌ലാമിന്റെ സമഗ്രതയും നബി തിരുമേനി സ്വ.യുടെ അജയ്യതയും കൂടുതൽ കൂടുതൽ ഹൃദ്യമായി അനുഭവപ്പെടുന്നു. ഏതു സാഹചര്യത്തെയും ദീർഘവീക്ഷണം ചെയ്യാനുള്ള ക്ഷമത അതിശയകരം തന്നെ.

 ഇതു സംബന്ധമായ ഒരു ഹദീസ് ചേർക്കാം:
عن عبدالله بن عباس أنه قال لمؤذنه في يوم مطير: (إذا قلت: أشهد أن لا إله إلا الله، أشهد أن محمدًا رسول الله، فلا تقل: حي على الصلاة، قل: صلوا في بيوتكم، قال: فكأن الناس استنكروا ذاك، فقال: أتعجبون من ذا، قد فعل ذا من هو خير مني، إن الجمعة عَزْمة، وإني كرهت أن أخرجكم فتمشوا في الطين والدحض)؛ رواه البخاري ومسلم.

എത്രത്തോളം മനുഷ്യ പക്ഷത്താണ് ഇസ്ലാമെന്നതിനു കൂടുതൽ തെളിവുകൾ തേടി അലയേണ്ടതില്ല.  നിസ്കാരം വീടുകളിലാക്കുന്നതും ജുമുഅ നിർത്തി വെക്കുന്നതുമൊക്കെ കണ്ട് ഇസ്‌ലാമിനെ മെക്കിട്ട് കേറാൻ വരുന്നവരോട് സഹതാപം മാത്രം.
കൃത്യമായും ഓരോ സമയത്തും വിശ്വാസിയുടെ ജീവിതത്തെ ക്രമീകരിക്കുന്ന നിയമങ്ങളുടെ പിൻബലത്തിൽ തന്നെയാണ് ഈ നിയന്ത്രണങ്ങളൊക്കെ. പേമാരി മദീനയിൽ കോരിച്ചൊരിഞ്ഞപ്പോൾ "വീട്ടിൽ തന്നെ നിസ്കരിക്കാൻ" വിളിച്ചു പറയാൻ നബി തിരുമേനി നിർദേശിച്ചത് ഹദീസ് ഗ്രന്ഥത്തിൽ കാണാം.  പകർച്ച വ്യാധിയെ എങ്ങനെ നിയന്ത്രിക്കണമെന്ന്,  രോഗം വരാതിരിക്കാൻ എങ്ങനെയൊക്കെ ജീവിക്കണമെന്ന്,  വൃത്തിയും ശുദ്ധിയും എങ്ങെയൊക്കെയാകണമെന്നു എല്ലാം നബി തിരുമേനി (സ) വരച്ചു കാണിക്കുന്നുണ്ട്.

മനുഷ്യ ജീവിത സാഹചര്യത്തിലെ ഏതൊക്കെ സന്ദർഭങ്ങളിലും വിശ്വാസികൾ എങ്ങനെയാകണമെന്ന നിർദേശങ്ങളുടെ പിൻബലത്തിൽ തന്നെയാണ് പണ്ഡിതന്മാരും ഇസ്‌ലാമിക കാര്യ മന്ത്രാലയങ്ങളും വിധികൾ പുറപ്പെടുവിക്കുന്നത്.
അതെ ഇസ്‌ലാമിന്റെ മഹത്വവും സമഗ്രതയും മുത്തു നബി (സ) വരച്ചു കാണിച്ച ജീവിത സുഗന്ധവും ഓരോ നിമിഷവും നമ്മെഅത്ഭുതപ്പെടുത്തുന്നു.  ഈ അജയ്യതയാണ് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നത്.  അൽഹംദുലില്ലാഹ്
----------------------------
✍ Muhammad Sajeer Bukhari

Comments