റൂമിയും മൗനിയും



    ✍''റൂമി'' എന്ന* രണ്ടക്ഷരത്താൽ ലോകം മുഴുവൻ കീർത്തിയാർജ്ജിച്ച സൂഫിവര്യനും കവിയുമായിരുന്ന ജലാലുദ്ദീന്റെ യൗവന കാലം...

 ഏകദേശം ഇരുപത്തിയഞ്ച് വയസ്സ് അടുത്തിരിക്കുന്നു. അപ്പോഴേക്ക് യുവ കവി എന്ന നിലയിൽ ജലാലുദ്ദീന്‍
പ്രശസ്തനായി കഴിഞ്ഞിരുന്നു . എന്നത്തേയും പോലെ അന്നും കുളക്കടവില്‍ സഹചർക്കൊപ്പം കവിത ചൊല്ലി രസിക്കുകയായിരുന്നു ജലാൽ.
അപ്പോഴാണ്‌ വലിയൊരു നീളന്‍കുപ്പായവും സമൃദ്ധമായ താടിയും പിന്നില്‍ കെട്ടിയ നീളന്‍ മുടിയും ജ്വലിക്കുന്ന കണ്ണുകളുമായി ഒരാൾ കുളിക്കടവിലേക്ക് കടന്നു വന്നത്...

 _ജലാലുദ്ദീനെ തന്നെ അൽപ്പ നേരം അയാൾ നോക്കി നിന്നു. പിന്നീട് പുസ്തകങ്ങൾ അങ്ങോട്ട്‌ മാറ്റി ജലാലിന്റെ കൈപ്പിടിച്ച്‌ കൊണ്ട് ആജ്ഞാപിച്ചു.._

_‘ഇതു നിർത്തി എന്റെ കൂടെ വാ…’_

 _പിതാവടക്കമുള്ള പല സൂഫി വര്യന്മാരും ജാലാലുദ്ദീനെ ആത്മീയ സാഗരത്തിലേക്ക് കൈപിടിച്ചുയർത്താൻ ഒരു ഗുരു ആഗതനാകും എന്ന പ്രവചനങ്ങൾ നടത്തിയിരുന്നു. ആ പ്രവചന സാക്ഷാത്ക്കാരവും കാത്തിരിക്കുന്ന  ജലാലുദ്ദീന് ആ ആജ്ഞ ധിക്കരിക്കാൻ ആവുമായിരുന്നില്ല. അപരിചതനായ ആ സൂഫി വര്യനോടൊപ്പം ജലാൽ യാത്രയായി..._

 _ദീക്ഷണശാലിയും, ലജ്ജാലുവും, പ്രേമിയുമായ സൂഫി ഗുരു ശംസുദ്ദീന്‍ ആയിരുന്നു ആ മാർഗ്ഗദർശി. ആ യാത്ര അവസാനിച്ചതാകട്ടെ ഖാൻഖാഹിലെ (സൂഫി ആശ്രമത്തിലെ) ജലാലുദ്ദീന്റെ ധ്യാനമുറിയിലും. പതിവില്ലാതെ അപരിചിതനായ യുവാവിനെ നേരെ ധ്യാന മുറിയിലേക്ക് ഗുരു ആനയിക്കുന്നത്  അവിടെയുണ്ടായിരുന്ന ശിഷ്യന്മാര്‍ കൗതുകത്തോടെ നോക്കി നിന്നു..._

 _ആന്തരാളത്തിൽ ദിക്റുകൾ ചൊല്ലാൻ പറഞ്ഞു ജലാലുദ്ദീനെ ഉണ്മയിലേക്ക് ആനയിച്ചപ്പോൾ മറ്റ് ശിഷ്യന്മാർ അത്ഭുതം പ്രകടിപ്പിച്ചു... ശിഷ്യന്മാരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കിയ ശംസ് പുഞ്ചിരിയോടെ ജലാലുദ്ദീനോടായ് ആരാഞ്ഞു..._

 _‘ജാലാൽ... ഖുര്‍ആനില്‍ എത്ര വിശേഷ ദൈവനാമങ്ങളുണ്ട് എന്നറിയാമോ..’?_

 _ജലാലുദ്ദീന്‍ മൊഴിഞ്ഞു ‘തൊണ്ണൂറ്റി ഒമ്പത്.’_

_ഉം... തലയാട്ടി കൊണ്ട് ശംസ് ചോദിച്ചു_

 _‘നൂറാമത്തേത് എന്താണ്?’_

_ഒന്നും മിണ്ടാതെ ജലാൽ ശംസിനെ നോക്കി. പിന്നീട് പതിയെ കണ്ണുകളടച്ചു. കൂടെ ശംസുവും..._

 _അൽപ്പ നേരം കഴിഞ്ഞ് പുറത്തിറങ്ങിയ ശംസുദ്ദീന് ചുറ്റും ശിഷ്യന്മാർ വട്ടമിട്ടു_
_ഭവ്യതയോടെ അവർ ചോദിച്ചു ഗുരോ എന്താണ് നൂറാമത്തെ ആ സവിശേഷ നാമം..?_
_മന്ദഹസിച്ചു കൊണ്ട് ശംസുദ്ദീന്‍ മറ്റു ശിഷ്യന്മാരോട് പറഞ്ഞു._

_‘ജലാലുദ്ദീന് ... അവനറിയാം നൂറാമത്തേത്.’_

_‘ഗുരോ, ഞങ്ങള്‍ക്കറിയില്ലത്. അതെന്താെണന്ന് പറഞ്ഞുതരാമോ..?’_

_ശംസുദ്ദീന്‍ പതിയെ മൊഴിഞ്ഞു...  "മൗനം"_

_‘മൗനം' എന്ന് കേൾക്കുമ്പോൾ നമ്മുക്ക് നിസ്സാരമായി തോന്നാം, എന്നാൽ കേൾക്കുമ്പോൾ നിസ്സാരവും പ്രാവർത്തികമാകാൻ കഠിനവും തുല്യതയില്ലാത്ത ഫല പ്രാപ്തിയും ആണ് മൗനം..._

 _കോപം വരുമ്പോൾ മറ്റുള്ളവരെ പറ്റി ഏഷണിയും പരദൂഷണവും കേൾക്കുന്ന നേരം ഒന്നു മൗനം പാലിക്കുവാൻ നാം ശ്രമിച്ച് നോക്കിയേ നമ്മുക്കാവുന്നുണ്ടോ അതിന്..?_

 _തെറ്റ് കുറ്റങ്ങൾ കാണുമ്പോൾ അനീതി കാണുമ്പോൾ മൗനം പാലിക്കണം എന്നല്ല പറയുന്നത്, അക്രമങ്ങൾക്കും അനീതികൾക്കും എതിരെ നന്മ കൊണ്ട്  പ്രതികരിക്കുന്നതും വ്യക്തികൾക്കിടയിലെ പ്രശ്നങ്ങൾ പാർവതീകരിക്കാതെ ഇരിക്കാൻ മൗനം പാലിക്കുന്നതും രണ്ടും രണ്ടാണ്..._

 _"നീ നല്ലത് പറയുക. അല്ലെങ്കില്‍ നിശ്ശബ്ദനാകുക’ എന്ന്_ _പ്രവാചക തിരുമനസ്സ് (ﷺ)_ _ഉണർത്തിയിട്ടുള്ളത് നമ്മുക്കീ വിഷയത്തിൽ വഴി കാട്ടിയാവണം_   
 _തെറ്റായ വാക്കുകൾ_ ഉപയോഗിക്കുന്നതിനേക്കാൾ, മറുപടി പറഞ്ഞു അന്തരീക്ഷം ഗുരുതരമാക്കുന്നതിനേക്കാൾ എന്ത് കൊണ്ടും നല്ലത് മൗനം തന്നെയാണ്  എന്ന് മനസ്സിലാക്കുന്നയിടത്താണ് ഓരോ വ്യക്തിയും വിജയിക്കാൻ തുടങ്ങുന്നത്..._

 _ഭാര്യ ഭർത്താക്കന്മാർ തമ്മിൽ, സഹോദരന്മാർ തമ്മിൽ, എന്തിനേറെ മാതാപിതാക്കളും കുട്ടികളും, ഗുരുവും ശിഷ്യന്മാരും, സുഹൃത്തുക്കൾ  തമ്മിൽ...തുടങ്ങി ഒരുപരിചയം പോലും ഇല്ലാത്ത അപരിചതർ വരെ പലപ്പോഴായി കലഹം കൂടുന്നതായി നാം കണ്ടിട്ടുണ്ട്..._
_അതിൽ ചിലപ്പോൾ ഒക്കെ ഒരു ഭാഗത്ത് നാമും ആകാം,  ഇനി ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ ന്യായമോ, അന്യായമോ നമ്മുടെ ഭാഗത്തായാലും ശരി അവർ കോപാകുലരായി സംസാരിക്കുന്ന സമയത്ത് ഒന്ന് മൗനം പാലിച്ചു നോക്കുക. പതിയെ അവരുടെ കോപമടങ്ങിയ ശേഷം തെറ്റ് സംഭവിച്ചെങ്കിൽ ക്ഷമാപണം നടത്തിയും അല്ലെങ്കിൽ അത് ചൂണ്ടിക്കാട്ടിയും ചെയ്തികൾക്ക് പിന്നിലെ കാര്യങ്ങൾ വിശദീകരിച്ചു നോക്കിയേ..._ 

 _കോപത്തോടെ നാം തിരിച്ച് പറയുന്ന വാക്കുകളേക്കാൾ നൂറിരട്ടി ഫലപ്രാപ്തി ഉണ്ടാകും അതിന്. പിന്നീട് ഇത്തരം എടുത്ത് ചാട്ട പ്രവർത്തികളിൽ ചെയ്യും മുൻപ് നിജസ്ഥിതി ആരായാൻ അയാളെ അത് പ്രേരിപ്പിച്ചേക്കാം..._

 _സോഷ്യൽ മീഡിയകൾ സജീവമായ ഇന്നത്തെ കാലത്ത് മൗനത്തിന്റെ പ്രാധാന്യം ഒന്ന് കൂടി വർധിക്കുന്നു. പലപ്പോഴും നാം കണ്ടിട്ട് കൂടിയില്ലാത്ത വ്യക്തികളെ കുറിച്ചായിരിക്കും അപവാദങ്ങളും പരദൂഷണ ഏഷണി പോസ്റ്റുകളും വാർത്തകളും കാണുക.  കണ്ട പാതി കേൾക്കാത്ത പാതി നാമും അതിൽ ഭാഗമാകും. സത്യമെന്തെന്ന് നാം അന്വേഷിക്കുക കൂടിയില്ല. കണ്ണുമടച്ചുള്ള  നമ്മുടെ ന്യായീകരണം അഥവാ ആ വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ തെറ്റിനെ ന്യായീകരിക്കൽ ആകുമെന്നോ,  അയാൾ തെറ്റുകാരനല്ലെങ്കിൽ നമ്മുടെ കുറ്റം പറച്ചിൽ  പരദൂഷണത്തിലും, കളവിലും പെടുമെന്നോ  ആരും ചിന്തിക്കാറില്ല..._

 _കേവലമൊരു നേരം പോക്കിനും, അന്ധമായ സംഘടനാ പക്ഷ പാതത്വത്തിനും നാം നൽകുന്ന വില നമ്മുടെ സൽകർമ്മം ആണെന്നുള്ളത് എത്ര ഭയാനകരമാണ്..!_

 _ഇത്തരം സന്ദർഭങ്ങളിൽ ഒക്കെ മൗനം പാലിക്കുകയാണ്  അഭികാമ്യം. മൗനം പാലിക്കുമ്പോൾ നമ്മുക്ക് ലഭിക്കുന്ന സമയവും സന്ദർഭവും, ശരിയായ നിഗമനങ്ങളിൽ എത്തി ചേരുവാൻ, കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമാകുവാൻ, ഉചിതമായ തീരുമാനങ്ങൾ എടുക്കുവാൻ ഒക്കെ നമ്മെ പ്രാപ്തരാക്കും..._

 _''ഏതൊരാളാണോ ചുണ്ടുകളടച്ചു മൗനിയാവുന്നത് അയാളിലൂടെ ദൈവം സംസാരിച്ചുതുടങ്ങുന്നു'' എന്ന് സൂഫി മഹാഗുരു 'ഹസ്രത്ത് ഇനായത്ത് ഖാൻ'  പറഞ്ഞതിന്റെ സാരവും അതാണ്‌...
             

Comments