എങ്ങനെയാണ് നിങ്ങൾ ഈ ഒരവസ്ഥയിൽ തീരുമാനം പറയുക.....?


"എന്താ നിന്റെ കണ്ണ് നിറഞ്ഞത്"

"ഹേയ്... ഒന്നുമില്ല.... "
വലതു കൈപ്പത്തിയുടെ പുറം കൊണ്ട് കണ്ണു രണ്ടും തുടച്ചിട്ട് ഞാൻ പറഞ്ഞു.

"അത്  കള്ളമാണ്. എന്തോ സംഭവിച്ചിട്ടുണ്ട്. അല്ലാതെ നിന്റെ കണ്ണ് നിറയുന്നത് കാണാറില്ല. എന്തായാലും നീ പറയെടാ മച്ചാ....."
നബീല് വിടുന്ന ലക്ഷണം കാണുന്നില്ല. അത്രയ്ക്ക് അടുത്ത കൂട്ടുകാരാണ് ഞങ്ങൾ.

"എടാ... കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഞാൻ അവളെ അത്ര മാത്രം സ്നേഹിച്ചിരുന്നു. ആ എന്നോട് പോലും പറയാതെ അവൾ ...... എനിക്കവളെ നഷ്ടമാവാൻ പോവുകയാണ്. ആ ഒരു വിഷമം കൊണ്ടാ....."

"എന്ത് പറ്റിയെടാ അവൾക്ക്....? നീ തെളിച്ച് പറ..."

ഗത്യന്തരമില്ലാതെ ഞാൻ അവനോട് കഥ പറഞ്ഞു.

സാമ്പത്തിക ശേഷി കൊണ്ടും കുടുംബ മഹിമ കൊണ്ടും മോശമല്ലാത്ത ഒരു വീട്ടിൽ നിന്ന് പരസ്പരം കണ്ട് ഇഷ്ടപ്പെട്ട് വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു നിക്കാഹ് നടന്നത്. ലീവ് കുറവായതിനാൽ തൽക്കാലം നിക്കാഹ് മാത്രം നടത്താൻ തീരുമാനിച്ചു. കല്യാണവും കൂട്ടിക്കൊണ്ട് വരലുമൊക്കെ പിന്നീട്. അങ്ങനെ നിക്കാഹ് കഴിഞ്ഞ് ഒരാഴ്ചത്തെ കറക്കവും ഒന്നു രണ്ട് തവണ അവളുടെ വീട്ടിലെ സൽക്കാരവും കഴിയുമ്പോഴേക്കും ലീവ് കഴിയാറായി.

അവൾ ഡിഗ്രിക്ക് പഠിക്കുന്ന സമയമാണ്. തുടർന്നു പഠിപ്പിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ഞങ്ങളുടെ വീട്ടിൽ വലിയ ഒരു ചർച്ച തന്നെ നടന്നു. എനിക്ക് താൽപര്യമില്ല പറഞ്ഞയയ്ക്കാൻ - കാരണം ആവശ്യത്തിലധികം ജിവിക്കാനുള്ള വക ഞാൻ തന്നെ സമ്പാദിച്ചിട്ടുണ്ട്, പിന്നെ അവൾക്ക് അത്യാവശ്യത്തിനുള്ള വിദ്യഭ്യാസം ഉണ്ട് താനും.

എന്റെ ഉമ്മ അത്ര പരിഷ്കാരിയൊന്നുമല്ല. അള്ളാനെപ്പേടിച്ച് ജീവിക്കുന്ന ഒരു പാവം വീട്ടമ്മയാണ്. സാമ്പത്തികമായി ഞങ്ങൾ ഉയർന്നതും വലിയ വീടെല്ലാം വച്ചതും ഈയടുത്താണ്. അത്യാവശ്യത്തിന് ലോക വിവരവും എല്ലാ കാര്യങ്ങളിലും നല്ല പരിജ്ഞാനവുമുണ്ട് ഉമ്മാക്ക്. എന്തിനും ഏതിനും അഭിപ്രായം ആരായൽ ഉമ്മയോടാണ്.

അവളെ പഠിക്കാൻ പറഞ്ഞയക്കുന്ന കാര്യം ഉമ്മയുടെ കോർട്ടിലെത്തി. ഉമ്മ തിരിച്ചും മറിച്ചും ഗണിച്ച് രണ്ട് ദിവസത്തിന് ശേഷം ഉമ്മാന്റെ ഇഷ്ടം പറഞ്ഞു.
"മോനേ... ആ ഏർപ്പാട് വേണ്ട. ഉള്ള പഠിപ്പ് മതി . ഇനി നിർബന്ധാണെങ്കിൽ ... നീ നിന്റെ ഇഷ്ടം പോലെ ചെയ്തോ ''

ഉമ്മാക്ക് പറയാനുള്ളത് പറഞ്ഞ് ഉമ്മ തടിയൂരി
ബാപ്പാക്കും ഇത് തന്നെയാണ് പറയാനുണ്ടായിരുന്നത്.

വീടും കുടുംബവും പരിപാലിക്കുന്ന നല്ല ഒരു മരുമോളെയാണ് അവരും സ്വപ്നം കാണുന്നതെന്ന് എനിക്ക് മനസ്സിലായി. ആണായിട്ടും പെണ്ണായിട്ടുമൊക്കെ ഞാനൊന്നേ ഉള്ളൂ.അത് കൊണ്ട് തന്നെ അവരുടെ ഇഷ്ടത്തോടൊപ്പം എന്റെ താൽപര്യവും അതായത് കൊണ്ട് ഞാൻ ആ തീരുമാനം അവളെ ധരിപ്പിക്കാൻ ഉറപ്പിച്ചു.

അടിക്കടി വർദ്ധിച്ചു വരുന്ന ഒളിച്ചോട്ടും ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നതിനു മുമ്പുള്ള വിവാഹമോചനവും അധികരിക്കാൻ ഇത്തരം രീതികൾ ഒരു പരിധി വരെ കാരണമാവാറുണ്ടെന്ന് പകൽ പോലെ വ്യക്തമാണ്.

കാര്യങ്ങളുടെ ഗൗരവം ഞാനവളെ പതിയെ പതിയെ പറഞ്ഞു മനസ്സിലാക്കി. പക്ഷേ അവൾ അവളുടെ താൽപര്യം മറച്ചു വെച്ചില്ല. കുറച്ച് ദിവസമേ ആയിട്ടുള്ളുവെങ്കിലും ഇന്നവൾ എന്റെ ഭാര്യയാണ്. ഞാനവൾക്ക് ഭർത്താവും. അവസാനം എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ പോകില്ലെന്ന് തീരുമാനിച്ചു.

അങ്ങനെ ലീവ് കഴിഞ്ഞ് ഞാൻ വീണ്ടും പ്രവാസിയായി ജോലി തുടർന്നു. ഞാൻ തന്നെ ഏറ്റെടുത്ത് നടത്തുന്ന ഒരു കടയാണ്. മോശമല്ലാത്ത രീതിയിൽ മാസവരുമാനവുമുണ്ട്.

അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായ സമയത്ത് ഉമ്മാന്റെ ഒരു മിസ് കോൾ.
ഞാൻ തിരിച്ചു വിളിച്ചു.

"മോനേ നസീമാനെ സ്റ്റാന്റിൽ വെച്ച് ബസ്സ് കാത്ത് നിൽക്കന്നത് ഇന്ന് ബാപ്പ വരുമ്പോ കണ്ടീനും. ഇങ്ങി സമ്മതം കൊടുത്തിനോ...? ഓളേട പോയതാ......? നിന്നോട് ചോയ്ച്ചീനോ...? ഉമ്മാന്റെ നാടൻ ശൈലിയിലുള്ള സംസാരം'

ഉമ്മാനോട് എന്ത് പറയും. ഞാനറിയാത്ത കാര്യമാണല്ലോ.
"കൊല്ലുന്ന് പറഞ്ഞാലും ന്റെ കുട്ടി കള്ളത്തരം പറയരുത് ട്ടോ.... " ഉമ്മ പഠിപ്പിച്ച ആ വാക്ക് ഇന്നും മനസ്സിലുണ്ട്.
"ഇല്ലുമ്മാ.... ഞാൻ പറഞ്ഞിട്ടില്ല. എന്നോട് ചോദിച്ചിട്ടുമില്ല." ഞാൻ സത്യം പറഞ്ഞു.

"എന്നാൽ മോൻ ബേജാറാവണ്ട. ഉമ്മ ഒന്നന്വേഷിക്കട്ടെ. മോന് ഓളെ വിളിക്കുമ്പോ ഏടെങ്കിലും പോയിനോന്ന് ചോദിക്കണം."

"ആ... ഉമ്മാ ... ശരി ....
ന്നാ .... ഞാൻ വെക്കട്ടെ "
ഒക്കെ,അസ്സലാമു അലൈക്കും.
ഞാൻ സലാം പറഞ്ഞ് ഫോൺ വെച്ചു.

എന്റെ മനസ്സിൽ ദുഃഖത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടു കൂടി. എന്ത് ചെയ്യണം. നസീമാനെ വിളിച്ച് കാര്യം ചോദിച്ചാലോ...?
വേണ്ട... ഉമ്മ ചോദിക്കുമെന്ന് പറഞ്ഞിട്ടുണ്ടല്ലോ.

ഞാൻ ഉച്ചക്ക് റെസ്റ്റിന് റൂമിലെത്തി ഭക്ഷണം കഴിച്ച് അവളുടെ നമ്പറിലേക്ക് വിളിച്ചു.

വളരെ സൗമ്യതയോടെയും ഭവ്യതയോടെയും ഞാൻ സംസാരം തുടങ്ങി. സംസാരിക്കുന്നതിനിടയിൽ
"രാവിലെ എന്താക്കിയതായിരുന്നു. എന്തെങ്കിലും പ്രത്യേക പരിപാടിയുണ്ടായിരുന്നോ....? അല്ലെങ്കിൽ ഉറങ്ങിത്തീർത്തോ..?"

അവളുടെ മറുപടി ലക്ഷ്യം വെച്ചാണ് ഞാൻ ചോദ്യമിട്ടത്. നല്ല ഭാര്യയുടെ ലക്ഷണം :അവൾ ഭർത്താവിനെ അനുസരിച്ച് തൃപ്തിയിലായി ജീവിക്കും. ഭാര്യ തന്നിഷ്ടക്കാരിയാണെങ്കിൽ അവൾക്ക് അനുസരണ ശീലം വളരെ കുറവായിരിക്കും. അവൾ ഭർത്താവിന്റെ തീരുമാനം ധിക്കരിച്ചു കാര്യങ്ങൾ ചെയ്യും.

"ഒരു പണിയുമുണ്ടായിരുന്നില്ല' കുറച്ച് കിടന്നു."
പിന്നെ നിങ്ങളെ വിശേഷമെന്തൊക്കെയാ..."

വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഞാൻ വേഗം ഫോൺ കട്ട് ചെയ്ത് ഉമ്മാനെ വിളിച്ചു.

"ഹലോ .."
ഉമ്മാ....... ഇത് ഞാനാ....
ഞാൻ നസീമാനെ വിളിച്ചിരുന്നു. അവൾ ഒന്നും പറഞ്ഞിട്ടില്ല. അവൾ വീട്ടിൽ തന്നെയുണ്ട്, പ്രത്യേകിച്ച് പണിയൊന്നുമില്ല എന്നാണ് അവൾ പറഞ്ഞത്. ബാപ്പ കണ്ടത് ഓളെത്തന്നെയല്ലേ ഉമ്മാ.. ''

"അതേ ടാ... എന്തോ ഒരു കള്ളക്കളിയുണ്ട്. നിന്നെയറിയിക്കാതെ അവൾ ക്ലാസിൽ പോകുന്നുണ്ടോ ...?എന്റെ മനസ്സിൽ അങ്ങനെ ഒരു തോന്നൽ.......
നീ ഇതൊന്നും അവളോട് ചോദിക്കണ്ട. ചോദിച്ചറിയാനുള്ള വഴിയൊക്കെ ഉമ്മ കണ്ടെത്തും."

ഞാൻ ഫോൺ കട്ടാക്കി. മാസം ഒന്നു കഴിഞ്ഞിട്ടേ ഉള്ളൂ. അതിനിടക്ക് തന്നെ അവൾ.....
അവൾ മാത്രമല്ല; അവളുടെ വീട്ടുകാരും എന്നെ വഞ്ചിച്ച പോലെ എന്റെ മനസ്സ് പറഞ്ഞു. എന്ത് കൊണ്ടാണ് ഞാൻ പോവരുത് എന്ന് പറഞ്ഞിട്ടും അവൾ പോയത്.?

ചിന്തകൾ പുകയുന്ന മനസ്സുമായി ഞാൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു.

ഉമ്മാ കാര്യങ്ങൾ തിരക്കാൻ വേണ്ടി അയൽപക്കത്തെ നമ്പർ സംഘടിപ്പിച്ചു. അവരെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

"അവർ പറഞ്ഞത് കേട്ട് ഉമ്മ തരിച്ച് പോയി "
" അവൾ എന്നും രാവിലെ ക്ലാസിൽ പോകാറുണ്ട്. മോഡേൺ വസ്ത്രങ്ങളാണ് ധരിക്കാറ്. കാര്യങ്ങൾ ഏകദേശമൊക്കെ ഉമ്മ ചോദിച്ചറിഞ്ഞു. "

ഉമ്മാ എനിക്ക് മിസ്സ് അടിച്ചു. ഞാൻ ഷോപ്പിൽ നിന്നും പുറത്ത് കടന്ന് ഉമ്മയെ വിളിച്ചു.

"മോനെ.... മോനോട് ഉമ്മ എങ്ങനെയാ പറയ.....
എന്നായാലും മോൻ അറിയും. പ്രശ്നമാകും.....
അത് കൊണ്ട് നമുക്ക് ഇത് പെട്ടെന്ന് തന്നെ അവളുടെ വീട്ടുകാരുമായി സംസാരിച്ച് ഒരു തീരുമാനത്തിലെത്തണം. അല്ലെങ്കിൽ എന്റെ മോന്റെ ഭാവി നഷ്ടപ്പെടും." ഉമ്മാന്റെ ഉചിതമായ സമയത്തുള്ള ഈ ഇടപെടൽ ചിലപ്പോൾ ഗുണം ചെയ്‌തേക്കും എന്ന് എനിക്കുമറിയാം.

"എന്താ ഉമ്മാ ഉണ്ടായത്."

ഉമ്മ അറിഞ്ഞ വിവരങ്ങളെല്ലാം എന്നോട് പറഞ്ഞു. ഉള്ളു തുറന്നു സംസാരിക്കാനോ മനസ്സറിഞ്ഞ് സ്നേഹിക്കാനോ അറിയാത്തവളെ ഞാൻ എങ്ങനെയാണ് ഒരു ഭാര്യയായി കൊണ്ട് നടക്കുക.

രണ്ട് ദിവസം കഴിഞ്ഞിട്ട് എല്ലാവരുമിരുന്നു സംസാരിക്കുമെന്നാണ് ഉമ്മ അറിയിച്ചത്.
ഞാൻ നബീലിനോട് നടന്നത് വരെയുള്ള വിഷയങ്ങൾ പറഞ്ഞു.

ഈ പ്രശ്നങ്ങളുടെ നടുവിൽ എന്റെ ചിന്തകളെ നിങ്ങൾക്ക് വിട്ട് ഈ കഥ നിർത്തുന്നു.

കഥയുടെ ബാക്കി:

ഇനി ചർച്ചകൾ നടത്തി ജീവിതം മുന്നോട്ട് പോയാലും അവളെ പഠിക്കാൻ പറഞ്ഞയാക്കാത്ത ആ പ്രശ്നവും പറഞ്ഞ് അവൾ അവന്റെ സ്വൈര്യം കെടുത്തും- അത് തീർച്ചയാണ്.
ഇത് ഒരു വശം, ഇനി മറ്റൊരു വശത്തിലൂടെ നോക്കിയാൽ,

ചിലപ്പോൾ തെറ്റ് മനസ്സിലാക്കി അവൾ നല്ല അനുസരണയുള്ള ഒരു കുടുംബിനിയുമായിത്തീരാം- അതും തള്ളിക്കളയാനാവില്ല.

പരസ്പരം തിരിച്ചറിഞ്ഞ് പെരുമാറുമ്പോൾ മാത്രമാണ് പ്രശ്നങ്ങളും പരാതികളുമില്ലാത്ത ഒരു ജീവിതം നമുക്ക് സ്വന്തമാക്കാനാവൂ എന്ന ബോധമാണ് വിവാഹം കഴിക്കാൻ പിക്കുന്നവർക്ക് നാം കൊടുക്കേണ്ട ഏറ്റവും വിലയേറിയ ഉപദേശം.

തെറ്റുകൾ സംഭവിക്കൽ മനുഷ്യ സഹചമാണ്. അവൾ വെറുതെ ഇരിക്കണ്ടല്ലോ എന്ന് കരുതി നല്ല ഉദ്ദേശത്തിൽ പഠിക്കാൻ പോയതാവാം. പക്ഷെ അത് പറയാതിരുന്നാൽ സംഭവിക്കാൻ പോകുന്ന വലിയ വീഴ്ചയെ കുറിച്ച് അവർ ഓർത്ത് കാണില്ല.
തെറ്റുകളേറ്റ് പറയാനും അത് തിരുത്തി മുന്നോട്ട് പോകുവാനുമുള്ള വിശാലമായ മനസ്സുണ്ടെങ്കിൽ ഏത് പ്രശ്നത്തിനും പരിഹാരമുണ്ട്.

നേരെ മറിച്ച് അവൾക്ക് പഠിക്കാൻ ഇഷ്ടമാണ്. അത് കൊണ്ട് ഞങ്ങൾ പറഞ്ഞയച്ചതാണ്..... എന്നൊക്കെ പെണ്ണിന്റെ വീട്ടുകാർ അഹങ്കാരം പറഞ്ഞാൽ അവൻ അവളെ വേണ്ടെന്ന് വെക്കും. വേറെ വിവാഹവും കഴിക്കും.

എന്നാൽ അപ്പോൾ ഈ പെണ്ണിന്റെ അവസ്ഥയോ...?
ഇപ്പോൾ നാട്ടിൽ ഏറ്റവും മാർക്കറ്റുള്ള വിഷയമാണ് പരദൂഷണം. അത് കൊണ്ട് തന്നെ അയല്പക്കക്കാർ അതങ്ങ് ഉഷാറായി ആഘോഷിക്കും. വരുന്ന ആലോചനകൾ മുടങ്ങും. നിക്കാഹ് കഴിച്ച് മൊഴി ചൊല്ലിയവൾ ആയതിനാൽ രണ്ടാം കെട്ടുകാരുമായി ബ്രോക്കർമാർ വരും.അതൊക്കെ വലിയ മനോവിഷമം അവൾക്കുണ്ടാക്കും എന്നത് തീർച്ചയാണ്.
അത് കൊണ്ട് ഏത് കാര്യവും സംയമനത്തോടെ നോക്കിക്കണ്ട് ഉചിതമായ തീരുമാനമെടുക്കുക. വൈകാരിക പ്രതികരണങ്ങളും തീരുമാനങ്ങളും ഒരിക്കലും ഗുണം ചെയ്യില്ല.

എങ്ങനെയാണ് നിങ്ങൾ ഈ ഒരവസ്ഥയിൽ തീരുമാനം പറയുക.....?
ഈ കഥ നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിനനുസരിച് അവസാനിപ്പിക്കാം..

നമ്മുടെ കുടുംബ ജീവിതം സമാധാനം നിറഞ്ഞതാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
——————!————!

Comments