അഹ്മദുൽ കബീർ രിഫാഈ (റ) 02, 03
🌳പിതാവ്...
പിതാവായ ശൈഖ് അലി (റ) വിന്റെ ചരിത്രം തന്റെ പിതാക്കന്മാരിലൊരാളായ ഹസനുൽ രിഫാഇയ്യിൽ മക്കിയ്യ (റ) എന്ന മഹാത്മാവുമായി ബന്ധപ്പെട്ടു കിടക്കുന്നു. വിശുദ്ധ മക്കയിൽ താമസിക്കുകയായിരുന്ന ഹസനുൽ രിഫാഇയ്യ (റ) ഹിജ്റ 317 ൽ ഉൻദുലുസിലെ ഇഷ്ബീലിയയിലേക്ക് താമസം മാറ്റി. അന്നു മക്കയിലുണ്ടായ ചില അനാരോഗ്യകരമായ സംഭവ വികാസങ്ങളായിരുന്നു കാരണം...
ഇഷ്ബീലിയയിലെത്തിയ മഹാനവർകൾക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. നല്ലൊരു പണ്ഡിതനും സുവിനീതനുമായിരുന്ന ശൈഖവർകളുടെ വ്യക്തി വൈശിഷ്ട്യവും പാണ്ഡിത്യവും മത തൽപരരായ ഉൻദുലൂസ് മുസ്‌ലിംകളെ ഹഠാദാകർഷിച്ചു...
ഉൻദുലുസ് അന്ന് അലയടിച്ചുയരുന്ന വിജ്ഞാന സാഗരമാണ്. ഈ വൈജ്ഞാനിക മുന്നേറ്റത്തിന് കരുത്തേകാൻ ഒരു മഹാ മനീഷി കൂടി എത്തിച്ചേർന്നിരിക്കുന്നെന്ന വാർത്ത ആഹ്ലാദാരങ്ങളോടെയാണ് ഉൻദുലുസുകാർ ശ്രവിച്ചത്. നാടെങ്ങും ശൈഖ് ഹസനു രിഫാഈ (റ) വിന്റെ കീർത്തി വ്യാപിച്ചു. അദ്ദേഹത്തിൽ നിന്ന് ജ്ഞാനം സ്വീകരിക്കാൻ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാന്വേഷികൾ പ്രവഹിക്കാൻ തുടങ്ങി...
ശൈഖ് ഹസനു രിഫാഈ (റ) വിന്റെ പിൻമുറക്കാരെല്ലാം പണ്ഡിതന്മാരായിരുന്നു. ദീനീ വിജ്ഞാനത്തിൽ ഉന്നതിയിലെത്തിയ മഹാന്മാരുടെ കുടുംബമായിത്തീർന്നു അദ്ദേഹത്തിന്റെ കുടുംബം. ആ കുടുംബ പരമ്പര പണ്ഡിത മഹത്തുക്കൾക്ക് ജന്മം നൽകിക്കൊണ്ടേയിരുന്നു...
കുറേ കാലത്തിന് ശേഷം, ആ പരമ്പരയിലെ ശൈഖ് യഹ് യ (റ) പിതൃഭൂമിയായ മക്കയിലേക്ക് യാത്ര തിരിച്ചു. മക്കയിലെത്തിയ മഹാനവർകൾ പരിശുദ്ധ ഹജ്ജും ഉംറയും നിർവ്വഹിച്ചു. അൽപകാലം അവിടെ നിന്ന ശേഷം ഇറാഖിലെ ബസറയിലേക്ക് പോയി. മത വിജ്ഞാന രംഗത്ത് ആവുന്ന സേവനങ്ങൾ ചെയ്ത് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു മഹാനവർകളുടെ ഉദ്ദേശ്യം. ഹിജ്‌റ വർഷം 450 ൽ ആയിരുന്നു ഈ യാത്രയും വാസമുറപ്പിക്കലും...
ബസറയിലെ ജീവിതകാലത്ത് ശൈഖ് യഹ് യ (റ) പല മഹാന്മാരുമായും ആത്മബന്ധം സ്ഥാപിച്ചു. അറിയപ്പെട്ട പണ്ഡിതന്മാരും സ്വൂഫികളുമെല്ലാം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി. അങ്ങനെയാണ് മഹാനവർകൾ ബസറയിലെ പ്രമുഖ പണ്ഡിതനായിരുന്ന അബൂ സഈദുന്നജ്ജാറിന്റെ പുത്രി അൽമാ അൽ അൻസ്വാരിയ്യ (റ) എന്ന മഹതിയെ വിവാഹം ചെയ്യാനിടയായത്. ഈ വിശുദ്ധ ബന്ധത്തിലാണ് ശൈഖ് രിഫാഈ (റ) വിന്റെ അനുഗ്രഹീത പിതാവ് ശൈഖ് അബുൽ ഹസൻ അലി (റ) ജനിക്കുന്നത്. ഹിജ്‌റ 456 ൽ പിതാവായ ശൈഖ് യഹ് യ (റ) വഫാത്തായി..!!
പിതാവിന്റെ വിയോഗാനന്തരം മാതുലന്റെ സംരക്ഷണത്തിലാണ് അബുൽ ഹസൻ അലി (റ) വളർന്നത്. സാഹചര്യം സൃഷ്ടിച്ച വിലങ്ങുതടികൾ തട്ടിമാറ്റി ശൈഖ് അലി (റ) ഉന്നത ജ്ഞാനം നേടാൻ നിരന്തര ശ്രമങ്ങളിൽ ഏർപ്പെട്ടു. വിശുദ്ധ ഖുർആൻ ഹൃദയംഗമമായി പാരായണം ചെയ്യുമായിരുന്ന മഹാനവർകൾ വളരെ പെട്ടെന്ന് ഖുർആൻ തീർത്തും ഹൃദിസ്ഥമാക്കി. വിവിധ ജ്ഞാന ശാഖകളിൽ നൈപുണ്യം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
അധ്യാത്മിക ജ്ഞാനത്തിന്റെ ശിലോച്ചയങ്ങൾ കീഴടക്കിയ ശൈഖ് അലി (റ) ശൈഖ് സയ്യിദ് ഹസനുബ്നു സയ്യിദ് മുഹമ്മദ് ഹസ്ല അൽ മക്കി (റ) എന്ന മഹാന്റെ ആത്മീയ ശിക്ഷണത്തിലാണ് വളർന്നത്. മഹാനിൽ നിന്ന് തന്നെയാണ് ഖിർഖ സ്വീകരിച്ചതും. തന്റെ മാതുലനും ബത്വാഇഹിലെ വിശ്രൂത പണ്ഡിതനുമായിരുന്ന ശൈഖ് യഹ് യന്നജ്ജാരി (റ) യിൽ നിന്ന് വിവിധ വിജ്ഞാനങ്ങളിൽ വിപുലമായ വ്യുൽപത്തി നേടി. അവിടുത്തെ മാഹാത്മ്യം ഗ്രഹിച്ച പല പണ്ഡിതരും അവിടുന്ന് വിലായത്തിന്റെ പദവിയിലെത്തിയതായി പ്രഖ്യാപിച്ചു. ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) വിനെ പോലെ പിതാവും സുൽത്വാനുൽ ആരിഫീൻ എന്നു വിളിക്കപ്പെട്ടിരുന്നു...
ശൈഖ് അലി (റ) വിന്റെ കുടുംബം പിൽക്കാലത്ത് ബത്വാഇഹിലെ ഉമ്മു അബീദയിലേക്ക് താമസം മാറ്റി. അവിടെ വെച്ച് ഹിജ്റ 497 ൽ അദ്ദേഹം വിവാഹിതനായി. മാതുലനും ഗുരുവുമായ ശൈഖ് യഹ് യന്നജ്ജാരി (റ) യുടെ പുത്രിയായിരുന്നു വധുവായ ഉമ്മുൽ ഫള്ൽ ഫാത്വിമ നജ്ജാരിയ്യ അൻസ്വരിയ്യ. ശൈഖ് അഹ്മദുൽ കബീർ രിഫാഈ (റ) ഉൾപ്പടെ നാലു സന്താനങ്ങളായിരുന്നു അവർക്ക്...
സയ്യിദ് ഉസ്മാൻ, സയ്യിദ് ഇസ്മാഈൽ, സയ്യിദഃ സിത്തുന്നബ് എന്നിവരാണ് മറ്റുള്ളവർ. സയ്യിദ് ഉസ്മാൻ, സയ്യിദ് ഇസ്മാഈൽ എന്നിവരുടെ മക്കളാണ് സയ്യിദ് അഹ്മദു ബ്നു ഇസ്മാഈൽ, സയ്യിദ് ഫറജ് ബ്നു ഉസ്മാൻ, സയ്യിദ് മുബാറക് തുടങ്ങിയവർ...
ഏക പുത്രിയെ ശൈഖ് യഹ് യ (റ) യുടെ സഹോദരപുത്രനായ സൈഫുദ്ദീൻ ഉസ്മാൻ എന്ന മഹാനാണ് വിവാഹം ചെയ്തത്. സയ്യിദ് അഹ്മദുൽ കബീർ രിഫാഈ (റ) വിന് ശേഷം രിഫാഈ ത്വരീഖത്തിന്റെ ഖലീഫമാരായിരുന്നത് ഇവരുടെ മക്കളായ സയ്യിദ് അബ്ദു റഹീം, സയ്യിദ് അലി (റ) എന്നിവരായിരുന്നു...
*👑സുൽത്താനുൽ ആരിഫീൻ👑*
*അഹ്മദുൽ കബീർ രിഫാഈ (റ)*
*🌹ചരിത്രം🌹*
*💧Part : 03💧*
*📌 മാതാവ്...*
ശൈഖ് രിഫാഈ(റ)വിന്റെ മാതാവായ ഉമ്മുൽ ഫള്ൽ ഫാത്വിമ അൻസ്വാരിയ്യ (റ) അധ്യാത്മിക ഗുരുവായിരുന്ന ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) വിന്റെ സഹോദരിയാണെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. ആ മഹതിയുടെ ശ്രേഷ്ഠത ഏറ്റവുമധികം മനസ്സിലാക്കിയതും ശൈഖ് മൻസ്വൂറുസ്സാഹിദ് (റ) തന്നെയായിരുന്നു...
ആത്മീയ സാന്ദ്രമായ ചുറ്റുപാടിൽ ജനിച്ചു വളർന്ന ഫാത്വിമ (റ) ചെറുപ്പത്തിലേ ഇബാദത്തിലും ദിക്റിലുമായി ജീവിതാനന്ദം കണ്ടെത്തിയിരുന്നു. തന്റെ സഹോദരിയിലൂടെ അല്ലാഹു ﷻ ഒരു യുഗപുരുഷനെ നൽകുന്നുവെന്ന് മുൻകൂട്ടി അറിഞ്ഞ ശൈഖ് മൻസ്വൂർ (റ) സഹോദരിയെ ബഹുമാനിക്കുകയും മറ്റുള്ളവരോട് ബഹുമാനിക്കാൻ കൽപ്പിക്കുകയും ചെയ്യുമായിരുന്നു...
ആ കാലഘട്ടത്തിലെ സ്ത്രീകളുടെ നേതാവാണ് മഹതി ഫാത്വിമ (റ) യെന്ന് ശൈഖ് മൻസ്വൂർ (റ) പറഞ്ഞു. ശൈഖ് രിഫാഈ (റ) വിന്റെ ആഗമനം മുൻകൂട്ടി കണ്ടു കൊണ്ടായിരുന്നു ആ പ്രഖ്യാപനം. പ്രവർത്തന സൂക്ഷ്മതയും സ്വഭാവ വൈമല്യവും നിറഞ്ഞു നിന്ന ഫാത്വിമ (റ) യുടെ ജീവിതം ഭൗതിക വിരക്തിയിൽ അടിസ്ഥാപിതമായിരുന്നു...
സുന്നത്ത് നോമ്പുകളിലും സുന്നത്ത് നിസ്കാരങ്ങളിലും കണിശത പുലർത്തിയിരുന്ന മഹതി തന്റെ മാതൃകാ ജീവിതത്തിലൂടെ മറ്റുള്ളവരിൽ നന്മയിലേക്ക് ആഗ്രഹം ജനിപ്പിച്ചു. കുടുംബത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിൽ അവരും കണ്ണിയായി...
[ഖിലാദത്തുൽ ജവാഹിർ]
ജീവിത സായാഹ്നത്തിൽ ശൈഖ് രിഫാഈ (റ) വിന്റെ മാതാവ് ഫാത്വിമാ (റ) രോഗബാധിതയായി. ഇത് ഉമ്മയുടെ അവസാന രോഗമാണെന്ന് മനസ്സിലാക്കിയ ശൈഖ് രിഫാഈ (റ) ഉമ്മയുടെ ഒരു സൈഡിൽ ഇരുന്നു. തുടർന്ന് ഉമ്മയോട് പറഞ്ഞു : എന്റെ ഉമ്മാ, മരണം സത്യമാണ്..! മകന്റെ അപ്രതീക്ഷിതമായ വാക്കിൽ നിന്ന് എന്തോ സൂചന ലഭിച്ചപോലെ ആ അധരം പ്രതിവചിച്ചു : മോനേ, ഇനി ഞാനെന്ത് ചെയ്യണം..! തൽസമയം ശൈഖ് രിഫാഈ (റ) വിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു : ഉമ്മാ, നിങ്ങൾ ശഹാദത്ത് കലിമ ചൊല്ലുക. മകന്റെ നിർദ്ദേശ പ്രകാരം ആ മാതാവ് ശഹാദത്ത് കലിമ ചൊല്ലിയതും ആത്മാവ് വേർപിരിഞ്ഞ് യാത്രയായതും ഒപ്പമായിരുന്നു...
[അർറൗളുന്നളീർ : 27]
*🔖 ആശീർവാദങ്ങൾ...*
*1)* ശൈഖ് അബൂ മുഹമ്മദ് ശംബകി (റ)
ശൈഖ് രിഫാഈ (റ) വിന്റെ മാതുലനായ ശൈഖ് മൻസ്വൂർ (റ) വിന്റെ ഗുരുവര്യനും പ്രസ്തുത കാലത്തെ കാമിലായ ശൈഖുമായിരുന്ന ശൈഖ് അബൂ മുഹമ്മദ് ശംബകി (റ) ശൈഖ് രിഫാഈ (റ) വിന്റെ ജന്മത്തെ കുറിച്ച് മുൻകൂട്ടി വിവരമറിയിക്കപ്പെട്ടവരിൽ പ്രമുഖനാണ്. ശൈഖ് രിഫാഈ (റ) വിന്റെ മാതാവുമായി ശംബകി (റ) വിന് കുടുംബ ബന്ധമുണ്ടായിരുന്നു. പതിനായിരക്കണക്കിന് ശിഷ്യന്മാർ വിജ്ഞാനം നുകരുന്ന മഹാനവർകളുടെ സദസ്സിൽ തബർറുക്കിനും ദുആ ചെയ്യിക്കാനുമായി ശൈഖ് (റ) വിന്റെ മാതാവും പോവാറുണ്ടായിരുന്നു. ഇസ്‌ലാമികമായ പരിപൂർണ്ണ ചിട്ടവട്ടങ്ങളോടെയാണ് പോകാറുള്ളത്. രാജാക്കന്മാരും മറ്റു പ്രമുഖ വ്യക്തികളുമൊക്കെ ശൈഖ് ശംബകി (റ) വിനെ സന്ദർശിക്കുക പതിവുണ്ടെങ്കിലും അവർക്കാർക്കും സാധാരണയിൽ കവിഞ്ഞ ഒരു സ്ഥാനവും അവിടെ കൽപ്പിക്കപ്പെട്ടിരുന്നില്ല...
ഇതിനെതിരായി ശൈഖ് രിഫാഈ (റ) വിന്റെ മാതാവ് സന്ദർശിക്കാൻ വരുമ്പോഴെല്ലാം ശൈഖ് ശംബകി (റ) ഇരുന്നിടത്തു നിന്നെഴുന്നേൽക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുമായിരുന്നു. പലപ്പോഴായി ഇതിന് ദൃക്സാക്ഷികളായ ശിഷ്യന്മാർ ശൈഖവർകളോട് കാരണമന്വേഷിച്ചു ..! ഇലാഹീ സാമീപ്യം കൊണ്ടനുഗ്രഹീതനായ ഒരു പുണ്യ പുരുഷന്റെ മാതാവാണവർ. വരും കാലത്ത് ആധ്യാത്മിക ലോകത്തിന്റെ നിയന്ത്രണമേറ്റെടുക്കാൻ പോവുന്ന ആ മഹാനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ എഴുന്നേറ്റ് നിൽക്കുന്നത് എന്നായിരുന്നു മഹാനവർകളുടെ മറുപടി...
[ഖിലാദത്തുൽ ജവാഹിർ : 25]
*2)* ശൈഖ് നസ്റുൽ ഹംദാനി (റ)
ശൈഖ് നസ്റുൽ ഹംദാനി (റ) വിന്റെ സദസ്സിൽ ബത്വാഇഹിലെ ഹുസൈൻ ഗ്രാമവാസിയായ ഒരാൾ ഒരിക്കൽ വന്നു സലാം പറഞ്ഞു. അവിടുന്ന് അൽപനേരം ശൈഖ് നസ്ർ (റ) വുമായി സംസാരിക്കാനായി ഇരുന്നു. അപ്പോൾ ശൈഖവർകൾ അദ്ദേഹത്തോട് പറഞ്ഞു : താങ്കളുടെ നാടിന്റെ ഭാഗത്തായി ഒരു അസാധാരണ പുരുഷൻ വെളിവായിരിക്കുന്നല്ലോ..! തന്റെ നാടിനടുത്ത് അങ്ങനെയൊരാൾ ജനിച്ചതായി താൻ അറിഞ്ഞില്ലല്ലോയെന്ന് ആ മനുഷ്യൻ അമ്പരപ്പോടെ പ്രതികരിച്ചു..!!
അപ്പോൾ ശൈഖ് (റ) പറഞ്ഞു : അതായത്, അദ്ദേഹം ഉടൻ ഭൂജാതനാവും. ഉമ്മു അബീദയിൽ അദ്ദേഹത്തെ തേടി ആയിരങ്ങൾ ഒഴുകിയെത്തും. മഹാന്മാർ പോലും അദ്ദേഹത്തിന് ശിരസ്സ് താഴ്ത്തി കൊടുക്കും. ഞാൻ അദ്ദേഹത്തിന്റെ കാലത്തായിരുന്നുവെങ്കിൽ..! എനിക്ക് ഒരു ദിവസമെങ്കിലും ആ മഹാനോട് സഹവസിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ..! അവിടുത്തെ സേവകനാവാനും അതുവഴി ലോകർക്ക് മുമ്പിൽ അഭിമാനിക്കാനും ഞാനിഷ്ടപ്പെടുന്നു...
[ഖിലാദത്തുൽ ജവാഹിർ]
തുടരും ...
Comments
Post a Comment