മംഗല്യ സാഫല്യം



           അബ്റഹത്ത് വേഗം നടന്നു. എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തി സന്ദേശം കൈമാറണം. അയാള്‍ അന്വേഷിച്ചു. അഗതിയും വിധവയുമായ ഉമ്മുഹബീബയുടെ വീടെവിടെയാണ്? മക്കയില്‍ നിന്ന്‍ കുടിയേറിവന്ന ഉമ്മുഹബീബ. ഭര്‍ത്താവ് മതംമാറി മരണപ്പെട്ടുപോയി. സഹായിക്കാന്‍ ആരാരുമില്ലാത്ത ആ വിധവ ഇവിടെ ഏതോ വീട്ടില്‍ ഇദ്ദയിരിക്കുന്നുണ്ട്. ആ വിധവക്ക് എത്യോപ്യന്‍ ചക്രവര്‍ത്തി തന്നയച്ച വിവരം കൈമാറണം. ഉദാരനായ ചക്രവര്‍ത്തിയുടെ തണലില്‍ ഉമ്മുഹബീബ(رضي الله عنها)യെപ്പോലെ അനേകം വിദേശികളായ മുസ്‌ലിംകള്‍ ഈ നാട്ടില്‍ വന്നു താമസിക്കുന്നുണ്ട്.

    കതകില്‍ മുട്ടുന്ന ശബ്ദംകേട്ട് ഉമ്മുഹബീബ(رضي الله عنها) വാതില്‍ തുറന്നു. ഉമ്മറത്ത് ഒരു സ്ത്രീ വന്നുനില്‍ക്കുന്നു. ഏതോ കുലീനകുടുംബത്തിലെ അംഗമാണെന്ന് തോന്നുന്നു. പുതുപുത്തന്‍ ഉടുപ്പാണ് ധരിച്ചിരിക്കുന്നത്. പൂ പോലെ വിടര്‍ന്ന മുഖം.

‘എന്നെ മനസ്സിലായോ ഉമ്മുഹബീബാ’.

   ഉമ്മുഹബീബ അവളെ സൂക്ഷിച്ചുനോക്കി. മനസ്സിലായിട്ടില്ലെന്ന മട്ടില്‍ തലയാട്ടി.

   മുമ്പെന്നോ നല്ലപരിചയമുള്ള ആളെപ്പോലെ അവള്‍ സുസ്മേരവദനയായി ഉമ്മുഹബീബ(رضي الله عنها)യുടെ മുന്നിലേക്ക് ഒന്നുകൂടി അടുത്തു.

   “എന്നെ മനസ്സിലായില്ല അല്ലേ? ഞാന്‍ നജ്ജാശി രാജാവിന്‍റെ കൊട്ടാരത്തില്‍നിന്ന്‍ വരികയാണ്”.

    ഉമ്മുഹബീബ(رضي الله عنها)യുടെ കണ്ണുകള്‍ വിടര്‍ന്നു. മുഖം പ്രസന്നമായി. ജിജ്ഞാസ വര്‍ധിച്ചു.

‘അപ്പോള്‍ നിന്‍റെ പേര്?’
‘അബ്റഹത്ത്’
‘എന്താണിത്ര രാവിലെ?’
‘രാജാവിന്‍റെ ഒരു സന്ദേശം നല്‍കാന്‍’.

    ഉമ്മുഹബീബ(رضي الله عنها) നിന്നനില്‍പ്പില്‍ പലതും ആലോചിച്ചു. നിരാലംബയായ തനിക്ക് ദേഷംചെയ്യുന്ന വല്ലകല്പനയുമായി വന്നതാകുമോ? കുടുംബത്തിന്‍റെ തണി തനിക്കില്ല. മാതാപിതാക്കളുടെ പിന്തുണയില്ല. ഭര്‍ത്താവു കയ്യൊഴിച്ചു. താനും കുട്ടിയും അനാഥയായി കഴിയുകയാണ്. നല്ലവനായ രാജാവിന്‍റെ ഔദാര്യത്തിലാണ് മരിക്കാതെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. അദ്ദേഹവും വെറുത്തോ? റബ്ബേ, എന്തായിരിക്കും അദ്ദേഹത്തിന്‍റെ കല്‍പന? ഉമ്മുഹബീബ(رضي الله عنها) കാര്യമറിയാതെ വിഷമിക്കുകയാണ്. ഭര്‍ത്താവിന്‍റെ ദുരന്തം കരിനിഴല്‍ വീഴ്ത്തിയ അവരുടെ മുഖം കൂടുതല്‍ വിഷാദമാകുന്നത് അബ്റഹത്ത് ശ്രദ്ധിച്ചുകൊണ്ടിരുന്നു.

അടക്കിപ്പിടിച്ച സ്വരത്തില്‍ ഉമ്മുഹബീബ(رضي الله عنها) അന്വേഷിച്ചു;
‘ദോഷകരമായ വല്ല സന്ദേശവുമാണോ?’
‘അല്ല, സന്തോഷദായകമാണ്’.
ഉമ്മുഹബീബ(رضي الله عنها)ക്ക് ആശ്വാസമായി.
‘എന്താണ് സന്തോഷവൃത്താന്തം?’

    “രാജാവിന് ഇന്നലെ ഒരു കത്ത് കിട്ടി. മദീനാ ശരീഫില്‍നിന്ന്‍ മുഹമ്മദ്‌(ﷺ)യാണ് കത്ത് കൊടുത്തയച്ചത്. രാജാവത് വായിച്ചു. രണ്ടാവശ്യങ്ങള്‍ അതിലുണ്ടായിരുന്നു. ഒന്ന്‍: രാജാവിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. രണ്ട്: ഉമ്മുഹബീബയെ നബി(ﷺ)ക്ക് വിവാഹം ചെയ്തു കൊടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു”.

    ഉമ്മുഹബീബ(رضي الله عنها)യുടെ മനസ്സില്‍ സന്തോഷം മൊട്ടിട്ടു. എങ്കിലും ചോദിച്ചു.

   ‘എന്നിട്ട് രാജാവ് എന്തുപറഞ്ഞു?’

   ‘രാജാവ് രണ്ടാവശ്യങ്ങളും നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു’.

“അല്‍ഹംദുലില്ലാഹ്.....   സുമ്മ അല്‍ഹംദുലില്ലാഹ്.”
══════════════

      ഉമ്മുഹബീബ(رضي الله عنها)യുടെ സന്തോഷത്തിന് അതിരുകളില്ലാതായി. ഇരുന്നിടത്തുനിന്ന് എഴുന്നേറ്റ് അബ്റഹത്തിനെ ചുറ്റിവരിഞ്ഞ് ആലിംഗനം ചെയ്തു. ചുണ്ടുകള്‍ ഇടതടവില്ലാതെ അള്ളാഹുവിനെ സ്തുതിച്ചുകൊണ്ടിരുന്നു.

   അന്ത്യനാള്‍വരെയുള്ള സത്യവിശ്വാസികളുടെ മാതാവ് എന്ന ഉന്നത പദവിയിലേക്ക് താനുയര്‍ത്തപ്പെടുന്നു. കാരുണ്യത്തിന്‍റെ കേദാരമായ തിരുനബി(ﷺ) തന്നെയും കുഞ്ഞിനെയും ഏറ്റെടുക്കാന്‍ പോകുന്നു. അവിടത്തെ ഭാര്യയാകാനുള്ള അള്ളാഹുവിന്‍റെ തീരുമാനം. ലോകഗുരുവിന്‍റെ പത്നീപദത്തെക്കാള്‍ വലുതായി ലോകത്ത് വേറെന്തുണ്ട്?

     സന്തോഷവാര്‍ത്തയുമായിവന്ന അബ്റഹത്തിനെ നല്ല ഉപഹാരം കൊടുത്ത് സന്തോഷിപ്പിക്കണം. പക്ഷേ ഉമ്മുഹബീബ(رضي الله عنها)യുടെ കൈവശം ഒന്നുമില്ല. ദാരിദ്ര്യത്തില്‍ മുങ്ങിയ അവരുടെ മണ്‍കൂരയില്‍ വിലപിടിപ്പുള്ള ഒരു സാധനവുമില്ല. ഉബൈദുള്ളയുടെ മരണത്തോടെ ദുഃഖം പൂണ്ട ആ കൂരയില്‍ ഇപ്പോഴാണ് സന്തോഷത്തിന്‍റെ പൂത്തിരി കത്തിയത്. ഉമ്മുഹബീബ (رضي الله عنها) കയ്യിലുള്ള രണ്ട് വെള്ളി വളകള്‍ ഊരി, കാല്‍വിരലുകളില്‍ അണിഞ്ഞിരുന്ന ചിലമോതിരങ്ങളും കാല്‍തളയും അഴിച്ചു. എല്ലാം വെള്ളിയാഭരണങ്ങള്‍, എല്ലാംകൂടി ഒരു പൊതിയാക്കി അബ്റഹത്തിന്‍റെ നേരെ വെച്ചുനീട്ടി.

     “ഇതാ ഇതുവെച്ചോളൂ കൂടുതല്‍ വല്ലതും തരണമെന്നുണ്ട്. പക്ഷേ, വരണ്ട കയ്യും വീടുമാണെന്‍റേത്. ഇവിടെ ഒന്നുമില്ല”.

   അബ്റഹത്ത് കൈകള്‍നീട്ടി അത് സ്വീകരിച്ചു. ഉമ്മുഹബീബ(رضي الله عنها) യുടെ മുഖത്ത് നോക്കി ചിരിച്ചു. അബ്റഹത്ത് തിരിച്ചുപോകാനൊരുങ്ങി.

   “നിന്‍റെ നികാഹിന് കാര്‍മികത്വം വഹിക്കാന്‍ യോഗ്യനായ വലിയ്യിനെ പെട്ടെന്ന്‍ വിവരം അറിയിച്ച് ക്ഷണിച്ചുവരുത്തണം ഉമ്മുഹബീബാ”- അവള്‍ ഓര്‍മ്മിപ്പിച്ചു.

     ഉമ്മുഹബീബ(رضي الله عنها) തലയാട്ടി.

    അബ്റഹത്ത് പിന്‍തിരിഞ്ഞ് നടന്നകലുന്നത് ഉമ്മുഹബീബ(رضي الله عنها) നോക്കിനിന്നു. കാണാമാറയത്ത് എത്തിയപ്പോള്‍ അവര്‍ വീടിന്‍റെ ഉള്ളിലേക്ക് നടന്നു. പിതാവിന്‍റെ പിതൃവ്യപുത്രനായ ഖാലിദ് ബിനു സഈദിനെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ധരിപ്പിച്ചു. തന്നെ വിവാഹം ചെയ്തു കൊടുക്കാനുള്ള വക്കാലത്തും നല്‍കി. ഖാലിദ് അതെല്ലാം ഏറ്റു നേരെ കൊട്ടാരത്തിലേക്കു പോയി. നബി(ﷺ)യുടെ ക്ഷണപ്രകാരം നജ്ജാശി രാജാവ് അതിനകം ഇസ്‌ലാം ആശ്ലോശിച്ചിരുന്നു.

    ഹിജ്റാബ്ദം ഏഴ് മുഹര്‍റം മാസത്തിലെ ഒരു പ്രഭാതം. അബ്സീനിയാ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ വിവാഹപന്തലൊരുങ്ങി. കൊട്ടും കുരവയും താളമേളങ്ങളുമില്ലാത്ത കല്യാണം. മുപ്പതുകാരിയും വിധവയുമായ ഉമ്മുഹബീബയാണ് വധു(رضي الله عنها). വരന്‍ ലോകഗുരു മുഹമ്മദ്‌(ﷺ). വരനെ പ്രതിനിധീകരിച്ച് വക്കാലത്ത് പ്രകാരം രാജാവ് ഹാജരായിരിക്കുന്നു. വധുവിന്‍റെ വലിയ്യും വക്കീലുമായി ഖാലിദുബ്നു സഈദും. ദൃക്സാക്ഷികളാകുന്നതിനു ജഅ്ഫറുബിന്‍ അബീത്വാലിബടക്കലുള്ള എത്യോപ്യയില്‍ നിലവിലുള്ള മുസ്‌ലിംകളെയെല്ലാം നേരത്തെതന്നെ രാജാവ് വിളിപ്പിച്ചിരുന്നു. പ്രത്യേക വേദിയില്‍ സര്‍വ്വരും ഹാജരായി.

    രാജാവ് ഒരു ഖുതുബ തുടങ്ങി. വിവാഹത്തിനുവേണ്ടിയുള്ള പ്രസംഗം. ഹംദ്, സ്വലാത്ത്, ശഹാദത്ത് തുടങ്ങിയവയൊക്കെ അദ്ദേഹം ചൊല്ലി. “എന്‍റെ രാജ്യത്ത് അഭയംതേടിയ മഹതി ഉമ്മുഹബീബയെ (رضي الله عنها) വിവാഹം ചെയ്തുകൊടുക്കണമെന്ന് നബിതിരുമേനി(ﷺ) ആവശ്യപ്പെട്ടതുപ്രകാരം ഞാനതിനു തയ്യാറായിരിക്കുന്നു. വിവാഹമൂല്യം (മഹര്‍) നബി(ﷺ)ക്കു വേണ്ടി ഞാനിതാ നല്‍കുന്നു. 400 സ്വര്‍ണ ഉറുപ്പികയാണ് മഹറായി നല്‍കുന്നത്”.

    അദ്ദേഹം ആ സ്വര്‍ണനാണയങ്ങള്‍ എടുത്തു സദസ്സിന്‍റെ മുന്നില്‍ വെച്ചു. അതേതുടര്‍ന്ന്‍ വധുവിന്‍റെ രക്ഷിതാവും ഒരു ഖുതുബ നടത്തി. ആമുഖങ്ങള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു: “രാജാവ് ആവശ്യപ്പെട്ടതു പ്രകാരം ഉമ്മുഹബീബയെ (رضي الله عنها) ഞാന്‍ മുഹമ്മദ്‌(ﷺ)ക്ക് നികാഹ് ചെയ്തു ഇണയാക്കിത്തന്നിരിക്കുന്നു. അള്ളാഹുവിന്‍റെ അനുഗ്രഹം അവര്‍ക്കുണ്ടായിരിക്കട്ടേ”. അപ്പോള്‍ രാജാവ് അദ്ദേഹത്തെ ഹസ്തദാനം ചെയ്ത് മഹര്‍ ഏല്‍പ്പിച്ചു......
══════════════


🍂മദീനയിലെ മണിയറയിലേക്ക്🍂

      ഉമ്മുഹബീബ(رضي الله عنها)യും പ്രവാചകരും തമ്മിലുള്ള നികാഹ് ലളിതമായിക്കഴിഞ്ഞു. ജനങ്ങള്‍ ഓരോരുത്തരായി എഴുന്നേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ രാജാവിന്‍റെ പ്രഖ്യാപനം.

   “ഇരിക്കൂ, ആരും പോകരുത്. പ്രവാചകന്മാരുടെ ചര്യ നികാഹ് കഴിഞ്ഞാല്‍ ഭക്ഷണം വിളമ്പലാണ്. അതിനാല്‍ ഭക്ഷണം കഴിച്ചേ പോകാവൂ.

   രാജകീയസദ്യ. ഭക്ഷണം കഴിഞ്ഞു ജനങ്ങള്‍ പിരിഞ്ഞുപോയിക്കൊണ്ടിരുന്നു.

   രാജാവ് തന്‍റെ കൊട്ടാരത്തിലെ സ്ത്രീകളോട് കല്‍പ്പിച്ചു; “കിട്ടാവുന്നത്ര സുഗന്ധവ്യഞ്ജനങ്ങളും പുതുവസ്ത്രങ്ങളും ശേഖരിച്ചു നിങ്ങളെല്ലാവരും ഉടനെ ഉമ്മുഹബീബയുടെ (رضي الله عنها) വീട്ടിലേക്ക് പോകണം. ആവരെ ആദരപൂര്‍വം മദീനയിലേക്ക് യാത്ര അയക്കണം. മണവാട്ടിയെ ചമയിപ്പിക്കാനാവശ്യമായതൊക്കെ എടുത്തുകൊള്ളുക”.

   അപ്പോഴാണ്‌ രാജാവിന്‍റെ ശ്രദ്ധ പരിചാരിക അബ്റഹത്തിലേക്ക് പതിഞ്ഞത്. അവളുടെ കൈകാലുകളില്‍ ചില വെള്ളിയാഭരണങ്ങള്‍.

   ‘ഇതെവിടുന്ന് കിട്ടി നിനക്ക്?’

    ചോദ്യംകേട്ട് അബ്റഹത്ത് ഒന്ന്‍ പരുങ്ങി. എന്തുപറയണമെന്ന ആശങ്കയിലായി. ഏതായാലും ധൈര്യം സംഭരിച്ച് അവള്‍ പറഞ്ഞു.... വിവാഹവാര്‍ത്തയുമായി ചെന്നപ്പോള്‍ സന്തോഷത്താല്‍ ഉമ്മുഹബീബ തന്നതാണിത്.

   “ശരി, നല്ലതുതന്നെ. പക്ഷേ, അത് നീ വാങ്ങരുതായിരുന്നു. അവര്‍ വളരെ ദരിദ്രയല്ലേ! നിനക്കാവശ്യമുള്ളത് മുഴുവന്‍ ഞാന്‍ തരാം. സൗകര്യപ്പെട്ടാല്‍ നീ അത് തിരികെ നല്‍കിയേക്കണം”.

   അങ്ങനെ ചെയ്യാമെന്ന് അബ്റഹത്ത് സമ്മതിച്ചു.

   രാജാവ് പന്തലിലേക്ക് തിരിച്ചുനടന്നു. മ്ലാനതപൂണ്ട മുഖവുമായി അബ്റഹത്ത് ചുമരും ചാരിയിരുന്നു. അപരിചിതനായ ഒരാള്‍വന്നു അവളോട് പറഞ്ഞു; “നിങ്ങളോട് ഉമ്മുഹബീബ ഒന്നവിടംവരെ ചെല്ലാന്‍ പറഞ്ഞു”.

    രാജകല്‍പന നടപ്പിലാക്കുന്നതിനു അവസരം കിട്ടിയ അബ്റഹത്ത് അത് പാഴാക്കിയില്ല.

    അബ്റഹത്ത് വരുന്നതുകണ്ടപ്പോള്‍ ഉമ്മുഹബീബ(رضي الله عنها)യുടെ ആനന്ദം വര്‍ധിച്ചു. മഹറായി ലഭിച്ച നാനൂറ് പൊന്നുറുപ്പികയില്‍ നിന്ന്‍ അമ്പത് രൂപയെടുത്ത്‌ അബ്റഹത്തിന്‍റെ നേരെ വെച്ചുനീട്ടി.

   ‘ഇതാ ഇതവിടെ വെച്ചോ’.

     അബ്റഹത്ത് അത് വാങ്ങാന്‍ കൂട്ടാക്കിയില്ല. ഒരു തുകല്‍സഞ്ചി ഉമ്മുഹബീബ(رضي الله عنها)യുടെ നേരെ നീട്ടിയിട്ട് പറഞ്ഞു: “ക്ഷമിക്കണം, നിങ്ങളോടുള്ള ആദരസൂചകമായി ഒരു സാധനവും സ്വീകരിക്കരുതെന്ന് രാജാവ് കല്‍പിച്ചിരിക്കുന്നു. നേരത്തെ തന്നതെല്ലാം ഇതിലുണ്ട്. എന്‍റെ എല്ലാ ആവശ്യങ്ങളും അദ്ദേഹം പൂര്‍ത്തിയാക്കിത്തരുന്നുണ്ട്”.

   മനസ്സില്ലാ മനസ്സോടെ ഉമ്മുഹബീബ(رضي الله عنها) അത് വാങ്ങി. സ്നേഹത്തോടെ അബ്റഹത്തിനെ ഒന്നുനോക്കി.  അബ്റഹത്ത് ഉമ്മുഹബീബ(رضي الله عنها)യുടെ അടുത്തേക്ക് നീങ്ങി നിന്ന്‍ വിനയത്തോടെ വിളിച്ചു; “ഉമ്മുഹബീബാ, എനിക്കൊരു ഉപകാരം ചെയ്യണം”.

    ‘എന്താണത്?’

   അബ്റഹത്തിന്‍റെ തൊണ്ട ഇടറി. കണ്ണ്‍ നിറഞ്ഞു. ഒരുവിധത്തില്‍ അവര്‍ പറഞ്ഞൊപ്പിച്ചു.

   “ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. നിങ്ങളിന്ന് മണിയറയിലേക്ക് ചെല്ലുമ്പോള്‍ ഈ സാധുവിന്‍റെ ഒരു സലാം റസൂലുള്ളാക്ക് പറയണം. മറക്കരുത് കെട്ടോ?”

    ഉമ്മുഹബീബ(رضي الله عنها)യുടെ ഒര്‍മച്ചെപ്പില്‍ കുറിച്ചിടാനെന്നോണം പലതവണ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അബ്റഹത്തിത് പറഞ്ഞുകൊണ്ടിരുന്നു. “ഒരു സലാം പറയണേ...... ഒരു സലാം.....”

    ഉമ്മുഹബീബ(رضي الله عنها)യെ മദീനയിലേക്ക് യാത്രയയക്കാന്‍ രാജാവ് ഏര്‍പ്പാട് ചെയ്തവരുടെ കൂട്ടത്തില്‍ അബ്റഹത്തുമുണ്ടായിരുന്നു. യാത്രയയപ്പുമായി ബന്ധപ്പെട്ട് അബ്റഹത്ത് പലതവണ ഉമ്മുഹബീബ(رضي الله عنها)യെ സമീപിച്ചുകൊണ്ടിരുന്നു. മദീനയിലേക്ക് പോകുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉമ്മുഹബീബ(رضي الله عنها)യുടെ മനം കുളിര്‍ത്തു. ആഇശ, ഹഫ്സ, സൗദ തുടങ്ങി ഏഴ് ഭാര്യമാര്‍ നിലവിലുള്ളപ്പോഴാണ് നബി(ﷺ) തന്നെ വിവാഹം കഴിച്ചിരിക്കുന്നത്. അതുകൊണ്ടൊന്നും തനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്നെ രക്ഷിക്കുന്നതിനുവേണ്ടിയാണ് നബി(ﷺ) എന്നെ വിവാഹം ചെയ്തിരിക്കുന്നത്. കേവലം പരസ്ത്രീസുഖത്തിനുവേണ്ടിയായിരുന്നെങ്കില്‍ കന്യകകളായ എത്രയോ തരുണികളെ ഖുറൈശി കുടുംബത്തില്‍ തന്നെ നബി(ﷺ)ക്ക് ലഭിക്കുമായിരുന്നു. അതിനാല്‍ ഇന്നുമുതല്‍ താന്‍ പ്രഥമവനിതതന്നെ. ഭയപ്പെടാനൊന്നുമില്ല. യാത്രയിലുടനീളം ഇത്തരം ചിന്തകളാണ് ഉമ്മുഹബീബ(رضي الله عنها)യെ മഥിച്ചിരുന്നത്. ഉമ്മുഹബീബ(رضي الله عنها)യുടെ വിവാഹം ജനങ്ങളറിഞ്ഞു. മക്കയിലും ആ വാര്‍ത്ത പരന്നു. സ്വന്തം പിതാവ് അബൂസുഫ്യാന്‍റെ ചെവിയിലുമെത്തി. കടുത്ത ശത്രുത വച്ചുകൊണ്ടിരിക്കുന്ന അബൂസുഫ്യാന്‍ ഇതുകേട്ട മാത്രയില്‍ പ്രതികരിച്ചു; “മകള്‍ക്കു പറ്റിയ മാന്യനായ മണവാളനെ ലഭിച്ചു”.

     മദീനാശരീഫിലെത്തിയ ഉമ്മുഹബീബ(رضي الله عنها) നാണംകുണുങ്ങി നബി(ﷺ)യുടെ ചാരത്തെത്തി. മണിയറയിലെ സല്ലാപങ്ങള്‍ക്കിടയില്‍ വിവാഹ ആലോചന വന്നരംഗവും മംഗല്യം നടന്ന സാഹചര്യവുമൊക്കെ വിവരിച്ചു. ചെരുപുഞ്ചിരിയോടെ നബി(ﷺ) അതൊക്കെ കേട്ടുകൊണ്ടിരുന്നു. ഒടുവില്‍ ഉമ്മുഹബീബ(رضي الله عنها) അബ്റഹത്തിനെ പരിചയപ്പെടുത്തി. ഏല്‍പിച്ച സലാം കൈമാറി.........
══════════════


Comments