സ്തന ഭാഗങ്ങളിലെ വിണ്ടുകീറൽ



      പൊതുവെ മറ്റു ശരീര ഭാഗങ്ങളെ പോലെ സ്തനങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ മുലയൂട്ടുന്ന സമയത്ത് സ്തനങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാസ്‌റ്റൈറ്റിസ് എന്നാണ് ഇത്തരം അണുബാധ അറിയപ്പെടുന്നത്.കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുമ്പോള്‍ സ്തനങ്ങള്‍ വിണ്ടുകീറാന്‍ സാധ്യതയുണ്ട്. ഇതിലൂടെ കുഞ്ഞിന്റെ വായിലുള്ള ബാക്ടീരിയ ശരീരത്തിനുള്ളിലേക്കു പ്രവേശിക്കുകയും ഇത് അണുബാധയുണ്ടാക്കുകയും ചെയ്യും.

      സാധാരണ പ്രസവം കഴിഞ്ഞ് ആദ്യനാളുകളിലാണ് ഈ പ്രശ്‌നമുണ്ടാകാന്‍ സാധ്യത കൂടുതല്‍. കുഞ്ഞ് ശരിയായ രീതിയില്‍ പാല്‍ കുടിക്കാത്തതാണ് ഇതിന് കാരണം.സ്തനങ്ങള്‍ വിണ്ടുകീറുന്നതും വേദനയുണ്ടാകുന്നതുമാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ മുലഞെട്ടുകളില്‍ നിന്ന് രക്തം വരികയും ചെയ്യും. ഇതോടൊപ്പം പനിയുണ്ടാകാനും സാധ്യതയുണ്ട്.

     സ്തനങ്ങളില്‍ പാല്‍ കെട്ടി നിന്നും ചിലപ്പോള്‍ അണുബാധയുണ്ടാകാം. പാല്‍ കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കുഞ്ഞ് പാല്‍ കുടിക്കാത്തപ്പോള്‍ അധികമുണ്ടാകുന്ന പാല്‍ പിഴിഞ്ഞു കളയണം.കുഞ്ഞിന ശരിയായ രീതിയില്‍ പാല്‍ കുടിപ്പിക്കുക. പാല്‍ കൊടുക്കുമ്പോള്‍ മുലക്കണ്ണിനു ചുറ്റുമുള്ള കറുത്ത ഭാഗവും കുഞ്ഞിന്റെ വായില്‍ കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ സ്തനങ്ങള്‍ വിണ്ടു കീറാനുള്ള സാധ്യത കുറയും.

     ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ എണ്ണയിട്ട് മുലഞെട്ട് പുറത്തേക്കു വലിക്കുന്നതും ഇത്തരം അണുബാധ ഒഴിവാക്കാന്‍ നല്ലതാണ്.കുഞ്ഞിന് പാല്‍ കൊടുക്കുന്നതിന് മുന്‍പും ശേഷവും സ്തനങ്ങള്‍ നല്ലപോലെ വൃത്തിയാക്കണം.സ്തനങ്ങള്‍ എപ്പോഴും തുടച്ചു വൃത്തിയാക്കി സൂക്ഷിക്കുക. ഒരിക്കലും നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കരുത്. ഇത് നല്ലപോലെ കഴുകി വെയിലിലിട്ട് ഉണക്കുകയും വേണം.

      സ്തനങ്ങളില്‍ മുറിവുണ്ടായാല്‍ അത് ഉണങ്ങിയ ശേഷം മാത്രമെ കുഞ്ഞിന് പാല്‍ കൊടുക്കാവൂ.ചില സ്ത്രീകളില്‍ മെനോപോസിന് ശേഷം സ്തനങ്ങളില്‍ അണുബാധയുണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്. ഹോര്‍മോണ്‍ വ്യത്യാസം കാരണം പാലുല്‍പാദിപ്പിക്കുന്ന ഗ്രന്ഥികളില്‍ മൃതകോശങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണം. ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ച് ഇത് മാറ്റാവുന്നതാണ്.

✍റഫീദ ഇസ്മാ..

Comments