🔅അഹ്ലുസ്സുഫ്ഫയുടെ പാൽ



മദീനാ പള്ളിയിൽ താമസിച്ച് മത വിജ്ഞാനം നേടുന്ന പഠിതാക്കളാണ് അഹ്ലുസ്സുഫ്ഫ. അവരുടെ നേതാവാണ് അബൂഹുറൈറ (റ). ഇസ്ലാമിന്റെ വിജ്ഞാനങ്ങൾ പിൽക്കാലത്തേക്ക് കൈമാറുന്നതിൽ ,മറ്റു ഭൗതിക ചിന്തകളേ തുമില്ലാതെ മതവിജ്ഞാനത്തിൽ മുഴുകിയ എഴുപതിൽപരം വരുന്ന അഹ്ലു സ്സുഫ്ഫ വഹിച്ച പങ്ക് വളരെ വലുതാണ്.
പലപ്പോഴും പട്ടിണിയായിരിക്കും. മുത്ത് നബി(സ)ക്ക് വേണ്ടി ആരെങ്കിലും വല്ല ഹദ് യയും നൽകിയാൽ അവിടുന്ന് സ്നേഹപൂർവ്വം അവർക്ക് നേരെ വെച്ച് നീട്ടും.
അബൂഹുറൈറ(റ) പറയുന്നു. ദിവസങ്ങളായി ഞാൻ ഭക്ഷണം വല്ലതും കഴിച്ചിട്ട്. തീഷ്ണമായ വിഷപ്പ് എന്നെ വരിഞ് മുറുക്കുന്നു.
ഞാൻ വഴിയരികിലിരുന്നു. വിഷപ്പിന്റെ തീവ്രതയിലിരിക്കുന്ന എന്റെ അവസ്ഥ മനസ്സി വഴിയാത്രക്കാരെങ്കിലും വല്ല ഭക്ഷണവും നൽകി സഹായിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. പലരും ആ വഴിക്ക് പോയങ്കിലും .എരിഞ്ഞമരുന്ന അഗ്നിസാന്ദ്രമായ എന്റെ ഉള്ളകം ഉൾകൊണ്ട് ആരും എന്നെ സൽകരിച്ചില്ല.
അൽപം കഴിഞ്ഞു ഹബീബായ നബി(സ) അതുവഴി വന്നു.
എന്റെ മുഖത്ത് വിരിഞ്ഞു നിൽക്കുന്ന വിശപ്പിന്റെ വിളിയാളം ആറ്റൽ നബി(സ) വായിച്ചെടുത്തു.
"വരൂ അബൂഹുറൈറ "എന്റെ കൈ പിടിച്ചു മുത്ത് നബി(സ) വീട്ടിലേക്ക് കൂട്ടി.
ഹബീബായ തിരുനബി(സ)യുടെ വീട്ടിലെത്തി ഞാൻ വിശ്രമിക്കാനിരുന്നു.
അൽപം കഴിഞ്ഞപ്പോൾ ആരോ ഒരു കപ്പ് പാൽ തിരുനബി(സ) തങ്ങൾക്ക് ഹദ് യ ന ൽകി.
എന്റെ മനസ്സിൽ കുളിർമഴ പെയ്തു.
വിഷപ്പിന്റെ പരകോടിയിലെത്തി നിൽക്കുന്ന എനിക്ക് നബി (സ) ആ പാൽ നൽകുമെന്ന് ഞാനാശിച്ചു.
അവിടുന്ന് എന്നെ വിളിച്ചു "യാ അബാഹുറൈറ "
വിനയാന്വിതനായി എഴുന്നേറ്റ ചെന്ന് ഞാൻ ഉത്തരം ചെയ്തു"ലബ്ബൈക യാ റസൂലല്ലാഹ്"
"ചെന്ന് അഹ്ലു സ്സുഫ്ഫയെ വിളിക്കൂ" അവിടുന്ന് കൽപിച്ചു.
കുളിർമഴ പെയ്ത എന്റെ ഹൃത്തടത്തിൽ തീ മഴ പെയ്തു.
"എഴുപതിൽപരം വരുന്ന അഹ്ലുസ്സുഫ്ഫ എല്ലാവരും വന്ന് പാൽ കുടിച്ചാൽ  വിഷപ്പിന്റെ പരകോടിയിൽ നിൽക്കുന്ന  എനിക്കെന്തെങ്കിലും ശേഷിക്കുമോ? " ഞാൻ വേപഥു പൂണ്ടു.
എങ്കിലും ഞാനെന്റെ മുത്ത് നബിയെ അനുസരിച്ചു.
"തിരുനബി വിളിക്കുന്നുണ്ട് " മദീനാ പള്ളി ചെരുവിൽ മതവിജ്ഞാനത്തിൽ വ്യാപൃതരായ അഹ്ലുസ്സുഫ്ഫയെ ഞാൻ ചെന്ന് അറിയിച്ചു.
എല്ലാവരും വന്നു.
പാൽപാത്രം കയ്യിലെടുത്തു അവിടുന്ന് വീണ്ടും എന്നോട് കൽപിച്ചു "ഓ അബൂഹുറൈറ എല്ലാവർക്കും ആവശ്യത്തിനു പാൽ നൽകൂ "
എന്റെ ആദി വർധിച്ചു. ഞാൻ ചിന്തിച്ചു "അകെയുള്ളത് ഒരു ഗ്ലാസ് പാലാണ്. അത് കുടിക്കാൻ എഴുപതിൽ പരം ആളുകളുമുണ്ട് .വിതരണക്കാരൻ  അവസാനമാണല്ലോ കുടിക്കുന്നത്.  കുടിക്കാൻ എനിക്ക് വല്ലതും ബാക്കിയാവുമോ? എല്ലാവരെക്കാൾ വിശന്ന് വലഞ്ഞത് ഞാനാണ്."
തിരുനബി(സ) കൽപിച്ചതനുസരിച്ച് പാൽ പാത്രം കയ്യിലെടുത്ത് എല്ലാവരുടെയും മുമ്പിലെത്തി  ഓരോർത്തറും ആവശ്യത്തിനു നൽകി. എല്ലാവരും കുടിച്ചു.
അൽഭുതം... ! പാലിന്റെ അളവ് തീരെ കുറഞ്ഞിട്ടില്ല. ഇപ്പോഴും ഗ്ലാസ് നിറയെ പാലാണ്.!
എഴുപതോളം വരുന്ന അവർ ഒരോർത്തരും വയർ നിറയെ കുടിച്ചു. ഇപ്പോഴും പാലിനു യാതൊരു കുറവുമില്ല. ഇനി ഞാനും മുത്തും നബിയും മാത്രമാണ് കുടിക്കാൻ ബാക്കിയുള്ളത്.
അവിടുന്ന് എന്റെ മുഖത്ത് നോക്കി  പുഞ്ചിരിച്ചു. " കുടിക്കൂ അബൂഹുറൈറ " അവിടുന്ന് പറഞ്ഞു.
ഞാൻ ധാരാളം കുടിച്ചു. എരിയുന്ന വയർ ശാന്തമായി.
പാൽപാത്രം മുത്ത് നബിക്ക് നേരെ നീട്ടി.
അവിടുന്ന് വീണ്ടും പറഞ്ഞു "  കുടിക്കൂ അബൂഹുറൈറ " ഞാൻ വീണ്ടും കുടിച്ചു. പാത്രം തിരുനബിക്കു നേരെ നീട്ടി.
അവിടുന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു
 " കുടിക്കൂ അബൂഹുറൈറ "
"ഇനി വയറ്റിൽ അൽപം പോലും സ്ഥലമില്ല റസൂലെ " അവസാനം ഞാൻ പറഞ്ഞു.
പാൽ ഞാനവിടുത്തേക്ക് കൈമാറി.
പക്ഷെ ഇപ്പോഴും പാൽ നിറച്ച ഗ്ലാസിൽ അൽപം പോലും കുറവ് വന്നിട്ടില്ല.

✍ അബ്ദുൽ അസീസ് സഖാഫി ,വാളക്കുളം.

Comments