റജബിന്റെ പുണ്യവും ആഹ്വാനവും



       വിശ്വാസികൾക്ക് ആത്മാവിനെയും ശരീരത്തെയും സ്ഫുടം ചെയ്‌തെടുക്കാനുള്ള അസുലഭ മുഹൂർത്തവുമായാണ് വിശുദ്ധ റജബ് മാസം ആഗതമായിരിക്കുന്നത്. സദ്ചിന്തകളാലും സദ്പ്രവർത്തനങ്ങളാലും ഇനിയുള്ള സമയങ്ങൾ ഏകീകരിക്കാൻ വിശ്വാസിക്ക് കഴിയണം.
തയ്യാറെടുപ്പിന്റെയും ആശ്വാസത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയുമൊക്കെ ഊർജം പകർന്നുനൽകുന്ന മാസം കൂടിയാണ് റജബ്.

       മിഅറാജ് പ്രതിസന്ധി ഘട്ടത്തിൽ മുത്ത് നബിക്ക് ലഭിച്ച ആശ്വാസമായിരുന്നു. ആ ആശ്വാസമാണ് പിന്നീട് വിശ്വാസ സംരക്ഷണത്തിന്റെ അനിർവചനീയമായ ചരിത്രങ്ങൾ തുന്നിച്ചേർക്കാൻ കാരണമായി തീർന്നത്. *അതുകൊണ്ട് തന്നെ സമകാലിക സാഹചര്യത്തിൽ റജബിന്റെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്.*

       ഒരുപാട് പ്രവാചകന്മാരുടെ നിയോഗങ്ങളും വിയോഗങ്ങളും കൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മാസം കൂടിയാണ് റജബ്. *യുദ്ധം ഹറാമായ മാസം കൂടിയാണ് റജബ്. റജബിന്റെ പ്രധാന്യം വിവരിച്ചുകൊണ്ട് മുത്ത് നബി (സ) അരുൾചെയ്തു; 'എന്റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്റെ പുണ്യം'. നബി (സ) പറയുന്നു; 'റജബ് മാസം അല്ലാഹുവിന്റെ മാസവും ശഅ്ബാൻ എന്റെ മാസവും റമസാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്'. 'റജബ് വിത്തിടുന്നതിന്റെയും ശഅ്ബാൻ നനക്കുന്നതിന്റെയും റമസാൻ ഫലം കൊയ്‌തെടുക്കുന്നതിന്റെയും മാസങ്ങളാണ്'.*

       *റജബ് മാസത്തിൽ മനസ്സ് ശുദ്ധീകരിച്ചു ഒരുങ്ങിത്തയ്യാറായി ശഅ്ബാനിലൂടെ ലക്ഷ്യത്തിലേക്ക് പ്രവേശിച്ചു റമസാനിൽ പൂർണശുദ്ധീകൃതനായി മാറണമെന്നാണ് ഈ വചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്.*

     *ശൈഖ് ജീലാനി (ഖ:സി) പറയുന്നു; വർഷം ഒരു മരംപോലെയാണ്. വർഷമാകുന്ന മരം ഇലയിടുന്ന മാസമാണ് റജബ്. തുടർന്ന് ഫലങ്ങൾ ഉണ്ടാകുന്ന മാസമാണ് ശഅബാൻ, റമസാനാകട്ടെ വിളവെടുക്കാനുള്ള മാസവുമാണ്'.*

      *പ്രമുഖ സൂഫി ഗുരുവായ അബൂബക്കറുൽ  വർറാഖ് (റ) ഉപമിക്കുന്നത് ഇങ്ങനെയാണ്. റജബ് കാറ്റിനെപ്പോലെയും ശഅ്ബാൻ മേഘത്തെപ്പോലെയും റമസാൻ മഴയെപ്പോലെയുമാണ്'.*

   *ശൈഖ് അബ്ദുർറഹ്മാനിസ്സുഫൂരി(റ) പറയുന്നു; 'റജബ് മാസം സൽകർമങ്ങളുടെ വിത്ത് കുഴിച്ചുമൂടേണ്ട മാസവും ശഅ്ബാൻ ആ വിത്തിനു വെള്ളം നൽകേണ്ട മാസവും റമസാൻ കൃഷി കൊയ്‌തെടുക്കാനുളള മാസവുമാണ്.* റജബിൽ വിത്ത് കുഴിച്ചുമൂടാതെ ശഅ്ബാനിൽ വെള്ളം നൽകാതെ എങ്ങനെയാണ് റമസാനിൽ റഹ്മത്താകുന്ന കൃഷി കൊയ്‌തെടുക്കാൻ സാധിക്കുക! *റജബ് ശാരീരികശുദ്ധീകരണത്തിന്റെയും ശഅ്ബാൻ ഹൃദയ ശുദ്ധീകരണത്തിന്റെയും റമസാൻ ആത്മീയശുദ്ധീകരണത്തിന്റെയും മാസമാണ്".*

        *മറ്റൊരു വചനം ഇങ്ങനെയാണ്; 'റജബ് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാനുള്ള മാസമാണ്.*
*ശഅ്ബാൻ നബി(സ)യുടെ പേരിൽ സ്വലാത്ത് വർധിപ്പിക്കാനുള്ള മാസമാണ്. റമസാൻ ഖുർആനിനുവേണ്ടി നീക്കിവെക്കേണ്ട മാസവും'.*

        റജബ് പരിശുദ്ധമായ നിസ്‌കാരത്തിന്റെ വാർഷികം കൂടിയാണ്. അല്ലാഹുവിന്റെ സവിധത്തിൽ നിന്ന് മുത്ത് നബി (സ) തങ്ങൾക്ക് നേരിട്ട് ലഭിച്ച അനുഗ്രഹങ്ങളുടെ സമ്മാനമാണത്. അതുകൊണ്ട് തന്നെ നിസ്‌കാരത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് മുത്ത് നബിയുടെ ഈ വചനം എത്ര മനോഹരമാണ്.
*"നിങ്ങളിലൊരാൾ നിസ്‌കരിക്കുമ്പോൾ തന്റെ നാഥനുമായി രഹസ്യ സംഭാഷണം നടത്തുകയാണ്' (ബുഖാരി).*

      *അല്ലാഹുവുമായി നേരിട്ട് സംവദിക്കാനുള്ള അവസരമാണ് റജബിലൂടെ നമുക്ക് ലഭിച്ച മഹാ സൗഭാഗ്യം. അതുകൊണ്ട് തന്നെ നിസ്‌കാരത്തിന്റെ പവിത്രതയും പ്രാധാന്യവും മനസ്സിലാക്കി മനസ് അല്ലാഹുവിൽ ലയിച്ചു ഹൃദയ ശുദ്ധീകരണത്തിലൂടെ അല്ലാഹുവുമായി സംവദിക്കാൻ വിശ്വാസിക്ക് കഴിയണം. മാത്രമല്ല, നിസ്‌കാരം മനുഷ്യന്റെ ഹൃദയത്തിലെ മുഴുവൻ അഴുക്കുകളും നീക്കിക്കളയുന്ന വലിയ ആരാധനയാണെന്നു മുത്ത് നബി (സ) അരുവിയിൽ അഞ്ചു നേരം കുളിക്കുന്ന ആളുടെ ഉദാഹരണത്തിലൂടെ നമ്മെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.*

     *ഇസ്തിഗ്ഫാറിന്റെ മാസമായ, നിസ്‌കാരത്തിന്റെ വാർഷികമായ റജബിൽ നമ്മുടെ നിസ്‌കാരങ്ങളെകുറിച്ച് ഒരു പുനർവിചിന്തനം നടത്താൻ നമുക്ക് കഴിയണം.*

      പ്രതിസന്ധികളിൽ പതറാതെ അല്ലാഹുവിൽ ഭാരമേൽപിച്ചു ശുദ്ധീകരണം ലഭിച്ച മനസ്സുമായി ഒരുങ്ങിയിരിക്കാനുള്ള സമയം കൂടിയാണ്. *യഥാർഥ വിശ്വാസിയായാൽ നമുക്കു തന്നെയായിരിക്കും അന്തിമവിജയം.*

✍ഹുസൈൻ തങ്ങൾ വാടാനപ്പള്ളി

Comments