പകർച്ചവ്യാധികളാൽ ആധിയാകുമ്പോൾ




       രണ്ട് അനുഗ്രഹങ്ങളെ കുറിച്ച് മുഹമ്മദ് മുസ്തഫ (സ) വിശ്വാസികളെ ഓർമപ്പെടുത്തുന്നുണ്ട് ‘രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തിൽ അധികമാളുകളും അശ്രദ്ധരാണ്. ആരോഗ്യവും ഒഴിവു സമയവുമത്രെ അത്'. മനുഷ്യർക്ക് അല്ലാഹു നൽകിയ അനുഗ്രഹമായാണ് ആരോഗ്യത്തെ ഇസ്‌ലാം വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ മുമ്പിൽ നമ്മുടെ ആരോഗ്യത്തെകുറിച്ച് നാം കണക്ക് ബോധിപ്പിക്കുക തന്നെ വേണം. നബി (സ) പറഞ്ഞു. 'അന്ത്യ നാളിൽ അടിമ ആദ്യമായി വിചാരണ ചെയ്യപ്പെടുക അവനു നൽകിയ ആരോഗ്യത്തെകുറിച്ചും അവനു നൽകിയ വെള്ളത്തെ കുറിച്ചുമായിരിക്കും'. അസുഖം വന്നാൽ ചികിൽസിച്ചും മരുന്ന് കഴിച്ചും ആരോഗ്യം വീണ്ടെടുത്ത് ആഫിയത്തോടെ നിലകൊള്ളണമെന്നു മുത്ത് നബി നമ്മോട് ആവശ്യപ്പെടുന്നുണ്ട്.

    ഉസാമ ബിൻ ശരീക് (റ) നിവേദനം: ഞാൻ നബി (സ)യുടെ അടുത്തു പോയി. അവിടെ വളരെ നിശബ്ദമായി അനുയായികൾ ഇരിക്കുന്നുണ്ട്. സലാം പറഞ്ഞു കൊണ്ട് ഞാൻ അവിടെ ഇരുന്നു. പല ഭാഗത്തു നിന്നും ഗ്രാമീണരായ അറബികൾ അവിടെ വന്നുകൊണ്ടിരുന്നു. അവർ നബി തിരുമേനിയോട് ചോദിച്ചു; ‘അസുഖം വന്നാൽ ഞങ്ങൾ ചികിത്സിച്ചോട്ടെ?' അവിടുന്ന് പറഞ്ഞു ‘നിങ്ങൾ ചികിത്സിച്ചു കൊള്ളുക, മരുന്നില്ലാതെ ഒരു രോഗവും അല്ലാഹു ഇറക്കിയിട്ടില്ല.'

         ആരോഗ്യം സംരക്ഷിക്കേണ്ടത് ഓരോ വിശ്വാസിയുടെയും നിർബന്ധ കടമയാണ്. ആരോഗ്യസംരക്ഷണത്തിന് പറ്റുന്ന ജീവിത ക്രമമായിരിക്കണം വിശ്വാസി പിന്തുടരേണ്ടത്. അതിൽ പ്രാധാന്യമർഹിക്കുന്നത് വൃത്തിയാണ്. 'വൃത്തി വിശ്വാസത്തിന്റെ പകുതിയാണ്' എന്ന വചനത്തോടെ ശരീരത്തിനും മനസ്സിനും വൃത്തി വേണമെന്ന് പഠിപ്പിക്കുകയാണ് മുത്തു നബി. നബി തിരുമേനി (സ) പറഞ്ഞു; 'വൃത്തി ഈമാനിലേക്ക് ക്ഷണിക്കുന്നു, ഈമാൻ തന്റെ ചങ്ങാതിയോടൊപ്പം സ്വർഗത്തിലുമാണ്' 
ശരീരവും വസ്ത്രവും മാത്രമല്ല ജീവിക്കുന്ന പരിസരവും എല്ലാതരം അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും മുക്തമാക്കണമെന്നത്  ഇസ്‌ലാമിന്റെ പാഠമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കണമെന്ന്    ഇസ്‌ലാം കർശനമായി നിർദേശിക്കുന്നുണ്ട്.

      ‘രോഗവാഹകരായ കീടങ്ങൾ വന്നുചേരാതെ പാത്രങ്ങൾ മൂടിവെക്കണമെന്നു' നബി തിരുമേനി അരുളിയിട്ടുണ്ട്. ‘പാത്രം മൂടിവെക്കുക, വെള്ളപ്പാത്രം അടച്ചുകെട്ടി വെക്കുക'. 'നിങ്ങൾ വെള്ളം കുടിക്കുമ്പോൾ വെള്ളത്തിൽ ശ്വാസം വിടരുത്'.

       അതുപോലെ തന്നെ അമിതമായതും അശ്രദ്ധമായതുമായ ഭക്ഷണക്രമത്തെയും നബി തിരുമേനി (സ) നിരാകരിക്കുന്നുണ്ട്. 'വയറിനേക്കാൾ മോശമായ ഒരു പാത്രവും മനുഷ്യൻ നിറച്ചിട്ടില്ല. നട്ടെല്ല് നേരെ നിർത്താൻ കഴിയുന്ന ഭക്ഷണമേ ഒരാൾക്ക് ആവശ്യമുള്ളൂ. അത് പോരെങ്കിൽ വയറിന്റെ മൂന്നിലൊന്നു ഭക്ഷണത്തിന്, ഒന്ന് വെള്ളത്തിന്, ഒരു ഭാഗം വായുവിന്' നബി (സ) പറഞ്ഞു 'ഭക്ഷണശേഷം നമസ്‌കാരവും അല്ലാഹുവിനെ ഓർക്കുന്ന മറ്റു കാര്യങ്ങളും ചെയ്ത് നിങ്ങൾ ഭക്ഷണത്തിന്റെ ദഹനം സാധ്യമാക്കണം. അതിനുമുമ്പ് നിങ്ങൾ ഉറങ്ങരുത്. നിങ്ങളുടെ ഹൃദയം പരുഷമാകും'

      ‘അല്ലാഹു വൃത്തിയുള്ളവനാണ്, അവൻ വൃത്തിയെ ആസ്വദിക്കുന്നവനുമാണ്' എന്ന തിരുവചനത്തെ മുൻനിറുത്തിയാണ് വിശ്വാസിയുടെ ജീവിതക്രമം രൂപപ്പെടേണ്ടത്. രോഗം പകരാനുള്ള എല്ലാ വഴികളെയും അടക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. 'ഭക്ഷണം കഴിക്കുന്നതിന് മുമ്പും പിമ്പും കൈ കഴുകൽ, ഭക്ഷണത്തിലേക്ക് ഊതാതിരിക്കൽ, നഖവും മുടിയും മുറിക്കൽ, വുളൂ, കുളി, ഫലവൃക്ഷച്ചുവട്ടിലും,  വഴിയിലും വഴിയരികിലും വിസർജിക്കാതിരിക്കൽ, മാലിന്യം വിതറാതിരിക്കൽ, ജല സ്രോതസ്സിന്റെ സംരക്ഷണം, ജലസ്രോതസുകളിൽ മാലിന്യങ്ങൾ കലരാതിരിക്കാൻ ശ്രമിക്കൽ തുടങ്ങിയ വിവിധയിനം ആരോഗ്യ പരിരക്ഷയിലൂടെ വ്യക്തിജീവിതത്തെ വിശേഷിച്ചും സാമൂഹിക ജീവിതത്തെ പൊതുവിലും പകർച്ചവ്യാധി മുക്തമാക്കണമെന്ന് ഇസ്‌ലാം കർശനമായി നിഷ്‌കർഷിക്കുന്നുണ്ട്'. തുമ്മുമ്പോഴോ കോട്ടുവായിടുമ്പോഴോ കൈകൊണ്ട് വായ പൊത്തിപ്പിടിക്കുക തുടങ്ങിയ മതസംഹിതകൾ സാംക്രമിക രോഗം തടയുവാൻ പ്രചോദകമാവുമെന്നതിൽ സന്ദേഹമില്ല.

       പകർച്ച വ്യാധികൾ ഒരു പ്രദേശത്തുണ്ടായാൽ പെട്ടെന്ന് അത് പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ കടുത്ത നിയന്ത്രണം അനിവാര്യമാണ്. എത്ര കണിശമായാണ് മുത്ത് നബി (സ) ഈ വിഷയത്തിൽ നമ്മെ ഉൽബോധിപ്പിക്കുന്നത്.

         സാംക്രമിക രോഗങ്ങൾ  നിയന്ത്രിക്കാനായി നബിതിരുമേനി (സ) പറഞ്ഞു 'ഏതെങ്കിലും പ്രദേശത്ത് പ്ലേഗുണ്ടായാൽ അവിടെനിന്ന് ആരും പുറത്തേക്കു പോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത്' (ബുഖാരി). ഈ ഹദീസുമായി ചേർത്തുവെക്കുന്ന ഉമർ(റ)വിന്റെ ഒരു ചരിത്രമുണ്ട്. ഒരിക്കൽ ഉമർ (റ) ശാമിലേക്ക് പുറപ്പെട്ടു.  പകുതി പിന്നിട്ടപ്പോഴാണ്  ശാമിൽ പകർച്ചവ്യാധി വ്യാപിച്ചിട്ടുണ്ടെന്ന വിവരം കിട്ടുന്നത്. ശാമിലേക്ക് പോവണോ അതല്ല തിരിച്ച് മടങ്ങണോ എന്ന വിഷയത്തിൽ യാത്രികർക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ടായി. ചർച്ചകൾ ദീർഘിക്കുന്നതിനിടയിലാണ് സംഭവമറിഞ്ഞ് അബ്ദുറഹ്മാൻ ബ്നു ഔഫ് (റ) കടന്നുവരുന്നത്. ഒരു തീർപെന്നോണം അദ്ദേഹം മുകളിൽ പറഞ്ഞ ഹദീസ് അവരെ ഓർമപ്പെടുത്തുകയും അതനുസരിച്ച് ഉമർ(റ) മടങ്ങിപ്പോരുകയും ചെയ്തു.

       ഈ ഹദീസ് ചർച്ചചെയ്തു കൊണ്ട് പണ്ഡിതന്മാർ ചില കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. മനപൂർവം സ്വശരീരത്തെ വിപത്തിലകപ്പെടുത്തൽ നിഷിദ്ധമാണ്. സാധാരണയിൽ പകർച്ചവ്യാധി ബാധിത പ്രദേശത്ത് അതിന്റെ അണുക്കൾ വ്യാപകമായിരിക്കും. അവിടെനിന്ന് ഓടി രക്ഷപ്പെട്ടാലും അവന്റെ ദേഹത്ത് അണുക്കൾ ഉണ്ടാവും. പ്രദേശത്തുനിന്ന് ആളുകൾ ഒഴിഞ്ഞാൽ അവശേഷിക്കുന്ന ദുർബലർ ഒറ്റപ്പെടും. ഓടി രക്ഷപ്പെട്ട് എത്തുന്ന നാട്ടിൽ രോഗം പടർന്നാൽ ഇവൻ അതിന്റെ ഉത്തരവാദിയാവാനുള്ള സാധ്യതയുമുണ്ട്' (ഫത്ഹുൽ ബാരി). ഇത്രമേൽ വിശാലമായ സാമൂഹികാവബോധം സംവേദനം ചെയ്യുന്ന ഹദീസാണിത്. വിശ്വാസികൾ ആരോഗ്യത്തെകുറിച്ചും രോഗങ്ങളെകുറിച്ചും വ്യക്തമായ നിലപാടുകൾ ഉള്ളവരായിരിക്കണം.

✍ഹുസൈൻ തങ്ങൾ വാടാനപ്പള്ളി
*----------------------------*

Comments