ത്വാഇഫിലെ പ്രാർഥന ഏറ്റുചൊല്ലാം



നുബുവ്വതിന്റെ ആദ്യവർഷങ്ങൾ. പിതൃവ്യനും താങ്ങും തണലുമായിരുന്ന അബൂത്വാലിബിന്റെ മരണത്തിനു ശേഷം ശത്രുക്കൾ മുസ്‌ലിംകളെ പരസ്യമായി വേട്ടയാടി. തെരുവിൽ മർദ്ധിച്ചവശരാക്കി. സ്വത്തുവഹകൾ നശിപ്പിച്ചു. അപായഭയം മൂലം പുറത്തിറങ്ങാനാവാതെ ദുർബലരായ മുസ്‌ലിംകൾ വിഷമവൃത്തത്തിലായി.

അക്കാലത്ത് ത്വാഇഫിൽ ഉണ്ടായിരുന്ന ഒരു പ്രബല ഗോത്രമായിരുന്നു ബനൂസകീഫ്. അവർ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിൽ മുസ്‌ലിംകൾ നേരിട്ടു കൊണ്ടിരിക്കുന്ന കഷ്ടതകൾക്ക് പരിഹാരമാവുകയും ഇസ്‌ലാമിന്റെ പ്രചരണത്തിനു കൂടുതൽ സൗകര്യം ലഭിക്കുകയും ചെയ്യുമെന്നുള്ള ആശയാൽ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ത്വാഇഫിലേക്ക് തിരിച്ചു. അവിടത്തെ ഉന്നത നേതാക്കളായി അറിയപ്പെട്ടിരുന്ന മൂന്നു പേരെ ചെന്നു കണ്ട് അവരെ ദീനിലേക്ക് ക്ഷണിക്കുകയും അല്ലാഹുവിന്റെ ദൂതനായ തന്നെ സഹായിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സത്യദീനിനെ അവർ സ്വീകരിച്ചില്ലെന്നു മാത്രമല്ല, അറബികളുടെ ആചാരമനുസരിച്ച് ഒരു അതിഥിയോട് പെരുമാറേണ്ട സാധാരണ മര്യാദപോലും കാണിക്കാതെ അവർ വളരെ മോശമായ രീതിയിലാണ് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയോട് പെരുമാറിയത്. അവർ തങ്ങളെ അവിടെ താമസിക്കുവാൻ പോലും അനുവദിച്ചില്ല.

മാന്യൻമാരെന്നും സംസ്ക്കാരമുള്ളവരെന്നും സമൂഹം ധരിച്ചിരുന്ന ആ നേതാക്കൻമാരിലൊരാൾ 'ഓഹ്ഹോ, നിന്നെയാണോ അല്ലാഹു നബിയാക്കി അയച്ചിരിക്കുന്നത്?' എന്നു പറഞ്ഞു കളിയാക്കി. രണ്ടാമത്തെയാൾ 'റസൂലാക്കി അയക്കാൻ നിന്നെയല്ലാതെ മറ്റാരെയും അല്ലാഹുവിനു കിട്ടിയില്ലേ?' എന്ന് ആക്ഷേപസ്വരത്തിൽ ചോദിച്ചു. മൂന്നാമത്തെയാൾ ഇപ്രകാരം മറുപടി പറഞ്ഞു: "ഞാൻ നിന്നോടു സംസാരിക്കാൻ തന്നെ ഇഷ്ടപ്പെടുന്നില്ല. കാരണം, നീ പറയുന്നത് സത്യമാണെങ്കിൽ അത് നിഷേധിക്കുന്നത് ആപത്തിനു കാരണമാണ്. അസത്യമാണെങ്കിൽ അപ്രകാരം പറയുന്ന മനുഷ്യനോടു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.''

സ്ഥിര ചിത്തതയുടേയും മനോധൈര്യത്തിൻറയും മഹാപർവ്വതമായിരുന്ന റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ ഈ നേതാക്കൻമാരുമായി സംസാരിച്ചതു കൊണ്ട് പ്രയോജനമില്ലെന്ന് മനസ്സിലാക്കിയ ഉടനെ പൊതുജനങ്ങളുമായി സംസാരിക്കാമെന്ന് തീരുമാനിച്ചു. എന്നാൽ, അവരാരും റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ ഉപദേശം സ്വീകരിച്ചില്ലെന്ന് മാത്രമല്ല, തങ്ങളുടെ നാട്ടിൽ നിന്നും ഉടനെ പുറത്തു പൊയ്ക്കൊള്ളണമെന്ന് പറയുകയും ചെയ്തു. അവരും അത് സ്വീകരിക്കുന്നില്ലെന്ന് കണ്ട് റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലമ അവിടെ നിന്നും മടങ്ങുന്നതിനായി ഉദ്ദേശിച്ചപ്പോൾ ആ ജനങ്ങൾ അങ്ങാടിപ്പിള്ളേരെ പറഞ്ഞയച്ചു, കൂക്കി വിളിച്ച് ആക്ഷേപിക്കുകയും നാല് ഭാഗത്തു നിന്നും കല്ല് കൊണ്ട് എറിയുകയും ചെയ്തു. ഏറു കൊണ്ട് രക്തം പൊട്ടി ഒഴുകുകയും, തങ്ങളുടെ ചെരിപ്പുകളും രക്തവർണ്ണമായി തീരുകയും ചെയ്തു. ഈ അവസ്ഥയിൽ അവിടെ നിന്നും അവിടുന്നു മടങ്ങി, ആ ദുഷ്ടൻമാരുടെ ഉപദ്രവത്തിൽ നിന്നും ഒഴിവായ ഒരു സ്ഥലത്ത് എത്തിയപ്പോൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഇപ്രകാരം ദുആ ചെയ്തു.

اللهم إليك أشكو ضعف قوتي وقلة حيلتي وهواني على الناس یا أرحم الراحمين أنت رب المستضعفين وأنت ربي إلى من تكلني إلى بعيد يتجهمني أم إلى عدو ملكته أمري إن لم يكن بك علي غضب فلا أبالي ولكن عافيتك هي أوسع لي أعوذ بنور وجهك الذي أشرقت له الظلمات وصلح عليه أمر الدنيا والآخرة من أن تنزل بي غضبك أو يحل على سخطك لك العتبى حتى ترضى ولا حول ولا قوة إلا بك. (كذا في سيرة ابن هشام واختلفت الروايات في ألفاظ الدعاء )

"അല്ലാഹുവേ! എന്റെ  കഴിവുകേടും  തന്ത്രക്കുറവും ജനങ്ങളുടെ അടുക്കൽ ഞാൻ താഴ്ന്നവനായി പോകുന്നതിനെ കുറിച്ചും നിന്നോട് ഞാൻ ആവലാതിപ്പെടുന്നു. കരുണ ചെയ്യുന്നവരിൽ വെച്ച് ഏറ്റവും കൂടുതൽ കരുണ ചെയ്യുന്നവനേ! നീ കഴിവു കെട്ടവരുടെ സംരക്ഷകനാണ്. നീയെന്റെ റബ്ബാണ്. നീയെന്നെ ആരിലേയ്ക്കാണ് ഏൽപ്പിച്ചുവിടുന്നത്? എന്നോട് മുഖം ചുളിച്ച് വെറുപ്പ് കാണിക്കുന്ന അന്യനിലേക്കാണോ? അതല്ല, എന്റെ മേൽ അധികാരം ചെലുത്താൻ കഴിവുളള ശത്രുവിലേക്കാണോ? നിനക്ക് എന്നോടു കോപമൊന്നുമില്ലെങ്കിൽ ഞാനിതൊന്നും വകവയ്ക്കുന്നില്ല. നിന്റെ സംരക്ഷണം എനിക്ക് മതിയായതാണ്. എല്ലാ അന്ധകാരങ്ങളും നീങ്ങി പ്രകാശമുണ്ടാകുന്നതിനും ദുൻയാവിന്റെയും ആഖിറത്തിന്റെയും എല്ലാ കാര്യങ്ങളും നന്നാകുന്നതിനും കാരണമായ നിന്റെ തിരുവദന പ്രകാശത്തെ  ഇട നിറുത്തി നിന്റെ കോപം എന്നിൽ ഉണ്ടാകുന്നതിനെ തൊട്ട് ഞാൻ അഭയം തേടുന്നു. എന്നിൽ പൂർണ്ണമായി നീ സംത്യപ്തനാകുന്നതു വരെ നിനക്കുവേണ്ടി കഷ്ടപ്പെടൽ എന്റെ കടമയാണ്. നിൻറ സഹായം കൊണ്ടല്ലാതെ ഒരു കഴിവും ശക്തിയും ഇല്ല."

ഉടനെ, ജിബ്'രീൽ അ. വന്നു. മഹാപർവതം അവർക്കു മേൽ കീഴ്മേൽ മറിച്ചിടാൻ സമ്മതമാരാഞ്ഞാണ് വന്നത്. എന്നാൽ, അവിടുന്ന് വിട്ടുവീഴ്ചയുടെ അത്ഭുത മാതൃകയാകയാൽ അതുണ്ടായില്ല.

സുഹൃത്തുക്കളെ, നേരിയ വ്യത്യാസങ്ങളോടെ നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഈ പ്രാർഥന ഒരു അത്ഭുത മന്ത്രമാണ്. പാലിച്ചു നോക്കൂ, നിങ്ങൾക്കും വിസ്മയങ്ങളനുഭവിക്കാം.

✍🏻 Muhammad Sajeer Bukhari
*----------------------------*
_

Comments