അഹ്ലുബൈത്തിനെ പരിഗണിച്ച മജൂസി

   ബൽഖ് ദേശത്ത് ഒരു തങ്ങൾകുടുംബം ജീവിച്ചിരുന്നു. ഭാര്യയും ഭർത്താവും ഏതാനും പെൺമക്കളും അടങ്ങിയ ഒരു നിർധന കുടുംബം. കുടുംബനാഥന്റെ ഏക വരുമാനം മാത്രമായിരുന്നു അവരുടെ ഉപജീവനമാർഗ്ഗം. മുക്കിയും മൂളിയുമൊക്കെ ജീവിതം മുന്നോട്ടു പോകുന്നതിനിടയിൽ, ഒരുനാൾ കുടുംബനാഥൻ മരണപ്പെട്ടു. യൗവ്വനം വിട്ടൊഴിയാത്ത വിധവയായ ഒരു പെണ്ണും കുമാരിമാരായ ഏതാനും പെൺകുട്ടികളും. ചെറ്റപൊക്കികൾക്ക് അക്കാലത്തും ക്ഷാമമൊന്നുമുണ്ടായിരുന്നില്ല.

വരുമാനമോ ഇല്ലാതായി, ഇനി മാനം കൂടി പോകണ്ട എന്നു കരുതി ആ ബീവി, അവരുടെ പെൺമക്കളെയും കൂട്ടി സമർഖന്ദിലേക്കു പോന്നു. അപരിചിതമായ നാടും അപരിചിതരായ ജനങ്ങളും. കൊടും തണുപ്പാണ്, കയറിക്കിടക്കാൻ ഒരിടം കിട്ടാതെ വലഞ്ഞ അവർ ഒടുവിലൊരു പള്ളിയിൽ അഭയം തേടി. കുട്ടികളെ പള്ളിയിലിരുത്തി, ബീവി പുറത്തിറങ്ങി, ആരിൽ നിന്നെങ്കിലും വല്ല സഹായവും കിട്ടുമോ എന്നറിയാൻ. മക്കൾ വിശപ്പടങ്ങി വല്ലതും കഴിച്ചിട്ടു ദിവസങ്ങളായി.

പുറത്തിറങ്ങി അലഞ്ഞ അവർ, ഒടുവിൽ ഒരു നാട്ടുക്കൂട്ടത്തെ കണ്ടു. അവർക്കിടയിൽ ഒരു മൂപ്പനുമുണ്ട്. എല്ലാവരും മുസ്‌ലിമീങ്ങളാണെന്നു പ്രഥമദൃഷ്ടിയിൽ തന്നെ ബോധ്യപ്പെട്ട ബീവി, മൂപ്പനെക്കണ്ടു കാര്യങ്ങൾ വിശദീകരിച്ചു. താനൊരു തങ്ങൾപെണ്ണാണെന്നും തന്റെ ഇപ്പോഴത്തെ അവസ്ഥ ഇന്നതാണെന്നും മറ്റും.

എല്ലാം കേട്ടു കഴിഞ്ഞ മൂപ്പൻ ചോദിച്ചത് എന്താണെന്നോ? "ഇരിക്കട്ടെ, നിങ്ങൾ ഒരു തങ്ങൾ സ്ത്രീയാണെന്നു ഞാൻ എങ്ങനെ വിശ്വസിക്കും? അതിനുള്ള തെളിവ് എന്താണു നിങ്ങളുടെ പക്കലുള്ളത്?"     

ചാരിത്രശുദ്ധി സംരക്ഷിക്കാൻ വീടും നാടും വിട്ട് ഓടിപ്പോന്ന ഒരു പെണ്ണിന്റെ അടുക്കൽ എന്തു തെളിവാണ് ഉണ്ടാവുക? നിരാശയോടെ പള്ളിയിലേക്കു തിരികെ നടക്കുകയായിരുന്ന ബീവി വഴി വക്കിൽ മറ്റൊരു കാഴ്ച്ച കണ്ടു. ഒരു കടത്തിണ്ണയിൽ ഒരാളിരിക്കുന്നു, അയാൾക്കു ചുറ്റും കുറച്ചു പേരുമുണ്ട്.

അയാളെക്കുറിച്ചന്വേഷിച്ചപ്പോൾ അയാളൊരു മജൂസിയാണെന്നും നാട്ടിലെ പ്രമാണിയാണെന്നും ബീവി മനസ്സിലാക്കി. തന്റെ അവസ്ഥ അയാളോടൊന്നു പറഞ്ഞാലോ? ഒരുവേള എന്തെങ്കിലുമൊരു സഹായം ലഭിച്ചാലോ? ആവശ്യക്കാരന് ഔചിത്യമില്ലെന്നല്ലേ?

ബീവിയ്ക്കു ചിന്തിച്ചു നില്ക്കാൻ ക്ഷമയുണ്ടായിരുന്നില്ല. ആ മജൂസി പ്രമാണിയോടു ബീവി തന്റെ അവസ്ഥകൾ വിവരിച്ചു. നാട്ടുമൂപ്പനെ കണ്ടതും അയാൾ കൈയ്യൊഴിഞ്ഞതും പറയാൻ മറന്നില്ല. എല്ലാം കേട്ടു കഴിഞ്ഞ മജൂസി തന്റെ ഭൃത്യനെ നീട്ടി വിളിച്ചു, അവനോടു പറഞ്ഞു, നീ പോയി നിന്റെ യജമാനത്തിയെ കൂട്ടി കൊണ്ടു വാ, ഒരിടത്തേക്കു പോകാനുണ്ടെന്നു പറ"

ഭാര്യ വന്നപ്പോൾ മജൂസി അവളോടു കാര്യങ്ങളെല്ലാം വിവരിച്ചതിനു ശേഷം പറഞ്ഞു, ഈ തങ്ങൾസ്ത്രീയോടൊപ്പം അവർ അഭയം തേടിയ പള്ളിയിൽ പോയി അവരെയും അവരുടെ പെൺമക്കളെയും നമ്മുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരൂ.   

മജൂസിയുടെ ഭാര്യ, അയാൾ പറഞ്ഞ പടി ബീവിയോടൊപ്പം പോയി, അവരെയും പെൺമക്കളെയും മജൂസിയുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. മജൂസി അവർക്കു തന്റെ വീട്ടിൽ ഒരു പ്രത്യേക ഇടം അനുവദിച്ചു നല്‌കുകയും അവരുടെ സ്വകാര്യതയ്ക്കോ അഭിമാനത്തിനോ കോട്ടം വരാത്തവിധം കാര്യങ്ങളെല്ലാം ശരിപ്പെടുത്തുകയും ചെയ്‌തു. നല്ല വസ്ത്രങ്ങൾ നല്‌കി, വിഭവസമൃദ്ധമായ ഭക്ഷണം നല്‌കി, ചുരുക്കത്തിൽ ആ തങ്ങൾകുടുംബത്തെ അയാൾ സുരക്ഷിതമായി ഒരിടത്തു കുടിയിരുത്തി.

അന്നു രാത്രി, ഏകദേശം പാതിരാ പിന്നിട്ടുണ്ടാകും, നമ്മുടെ നാട്ടുമൂപ്പൻ ഒരു സ്വപ്‌നം കണ്ടു. അന്ത്യനാൾ സംഭവിച്ചിരിക്കുന്നു. ജനങ്ങളെല്ലാം നബിതങ്ങളുടെ കൊടിക്കീഴിൽ സംഗമിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ നമ്മുടെ മൂപ്പനും നബിതങ്ങളുടെ അടുത്തേക്കു പോയി.

നബിതങ്ങൾ അയാളെ കണ്ട ഭാവം നടിച്ചില്ല. അയാൾ വളരെ വിഷമത്തോടെ ചോദിച്ചു: "തങ്ങളേ, അങ്ങ് എന്താണ് എന്നിൽ നിന്നു മുഖം തിരിച്ചു കളയുന്നത്? ഞാൻ അങ്ങയുടെ ഉമ്മത്തിൽ പെട്ട ഒരു മുസ്‌ലിമല്ലേ?"

"ഓഹോ നീ മുസ്‌ലിമാണല്ലേ? അതിന് എന്താണ് നിന്റെ അടുക്കലുള്ള തെളിവ്?"

തിരുമേനിയുടെ ചോദ്യം കേട്ട് അയാൾ അന്താളിച്ചു. അയാളെ ഓർമ്മപ്പെടുത്താനെന്നോണം നബിതങ്ങൾ ചോദിച്ചു. "ഓർമ്മയില്ലേ ആ തങ്ങൾസ്ത്രീയോടു നീ ചോദിച്ചത്?"     

അയാൾക്കു കാര്യങ്ങൾ ബോധ്യപ്പെട്ടു തുടങ്ങി, തത്സമയം സ്വർഗ്ഗത്തിലെ ഒരു കൊട്ടാരം ചൂണ്ടിക്കാണിച്ചു കൊണ്ടു നബിതങ്ങൾ പറഞ്ഞു:
"ഈ കൊട്ടാരം, ആ തങ്ങൾക്കുടുംബത്തിന് അഭയം നല്‌കിയ ആൾക്കുള്ളതാണ്".

ഉറക്കിൽ നിന്നുണർന്ന അയാൾക്കു തന്റെ പ്രവൃത്തിയിൽ ഖേദം വന്നു. കുറെ കരഞ്ഞു, നിലവിളിച്ചു. എന്താണു പരിഹാരം? അയാളുടെ ബുദ്ധി ഉണർന്നു. അയാളും അയാളുടെ പരിവാരങ്ങളും ആ തങ്ങൾക്കുടുംബം താമസിക്കുന്ന വീടു കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഏറെ പണിപ്പെട്ടു ഒടുവിൽ അയാളതു കണ്ടെത്തി.

ഒരു മജൂസിയുടെ വീടാണതെന്നു മനസ്സിലാക്കിയ അയാൾ അങ്ങോട്ടു കയറിച്ചെന്നു. മജൂസിയോടു ചോദിച്ചു.

"എവിടെ ആ തങ്ങൾ കുടുംബം?"

"അവർ എന്റെ കൂടെയുണ്ട്. ഉം.. എന്താ ഇപ്പോൾ ഒരന്വേഷണം?"

മജൂസി തിരിച്ചു ചോദിച്ചു.

"എനിക്ക് അവരെ വേണം, ഞാൻ അവരെ കൂട്ടിക്കൊണ്ടു പോകാൻ വന്നതാണ്"

മൂപ്പൻ മറുപടി പറഞ്ഞു.

"ഒരു രക്ഷയുമില്ല, അവർ ഇവിടെ സുരക്ഷിതരാണ്, സന്തോഷത്തിലാണ്."

മജൂസിയ്ക്കു മൂപ്പന്റെ ഉദ്ദേശ്യം മനസ്സിലായി .

"ഏയ് അതു പറഞ്ഞാൽ പറ്റില്ല, ഞാൻ നിനക്ക് ആയിരം ദീനാർ നല്‌കാം, നീ അവരെ എന്നെയേല്പിക്കുക".

ഇതു കേട്ടു മജൂസി ചിരിച്ചു. "താങ്കൾ ആയിരമല്ല, ഒരു ലക്ഷം ദീനാർ തന്നെ തന്നാലും അവരെ വിട്ടു നല്‌കുന്ന പ്രശ്‌നമില്ല."

മജൂസിയുടെ വാക്കുകൾ ഉറച്ചതായിരുന്നു.

കാശു കാണിച്ചു കാര്യം സാധിക്കില്ലെന്നുറപ്പായപ്പോൾ മൂപ്പൻ നിലപാടു മാറ്റി, കെഞ്ചാനും കേഴാനും തുടങ്ങി. ഇതു കണ്ടു മനസ്സലിവു തോന്നിയതു കൊണ്ടാകണം മൂപ്പനോടു മജൂസി പറഞ്ഞു.

"താങ്കൾ കണ്ട ആ സ്വപ്നമില്ലേ? അതു സത്യമാണ്. താങ്കൾ ഒരു മുസ്‌ലിമാണ് എന്നതു കൊണ്ടല്ലേ എന്നിൽ നിന്ന് ഈ ഭാഗ്യം അടിച്ചെടുക്കാൻ നോക്കുന്നത്? എന്നാലൊരു കാര്യം പറയാം കേട്ടോളൂ, ആ തങ്ങൾസ്ത്രീ കടന്നു വന്ന സമയം തന്നെ ഞാനും എന്റെ വീട്ടുകാരും ആ സ്ത്രീയുടെ കരങ്ങളാൽ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. അവരുടെ ബറകത്തും ഞങ്ങൾ ആസ്വദിച്ചിരിക്കുന്നു. നബിതങ്ങളെ ഞാനും സ്വപ്നത്തിൽ കണ്ടു, അക്കൊട്ടാരം എനിക്കും എന്റെ വീട്ടുകാരിയ്ക്കുമാണെന്ന് അവിടുന്നു സന്തോഷം പറഞ്ഞിട്ടുണ്ട്. ഒരു തങ്ങൾ കുടുംബത്തോടു ഞങ്ങൾ ചെയ്ത നന്മയ്ക്കു പ്രതിഫലമായി.   

കഥാന്ത്യം നമ്മുടെ മൂപ്പൻ ഇളിഭ്യനായി മടങ്ങേണ്ടി വന്നു.

ഇതൊരു സാങ്കല്പിക കഥയല്ല, പച്ചയായി നടന്ന സംഭവമാണ്. #ഇമാം_ഇബ്‌നുൽജൗസി (റഹിമഹുല്ലാഹ്) ഉദ്ധരിച്ച സംഭവകഥ.

✍️Al Nuhasi

Comments