ആത്മീയതയുടെ ആനന്ദം 01

കീടങ്ങളുടെ സേവകന്‍

✍ഹബീബ് ഉമര്‍ ബിന്‍ ഹഫീള്..

          സല്‍സ്വഭാവം വിശ്വാസിയുടെ അത്യുന്നത വിശേഷണങ്ങളിലൊന്നാണ്. അല്ലാഹുവിനും റസൂലിനും വഴിപ്പെട്ട് ജീവിക്കുന്ന വിശ്വാസി ഉത്കൃഷ്ട സ്വഭാവമുള്ളവരാവണമെന്ന് തന്നെയാവണം. അത്തരമൊരു സംസ്‌കാരത്തിലേക്കാണ് ഇസ്‌ലാം മനുഷ്യനെ നയിക്കുന്നത്.

*മനുഷ്യന്റെ ആത്മീയ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന വിശേഷണമാണ് സല്‍സ്വഭാവം.* ഉയിര്‍ത്തെഴുന്നേല്‍പ്പു നാളിലെ ജയപരാജയങ്ങള്‍ക്കും അവന്റെ സ്വഭാവം കാരണമായേക്കും. ഹൃദയത്തിലാണ് ഇത് രൂപപ്പെടുന്നതെങ്കിലും ശാരീരിക ചേഷ്ടകളിലൂടെയാണ് പ്രതിഫലിക്കുന്നത്. എന്നാല്‍ ബാഹ്യപ്രകടനങ്ങള്‍ക്ക് പകരം ആന്തരിക സൗന്ദര്യം ഉത്കൃഷ്ട സ്വഭാവത്താല്‍ സമ്പന്നമാവുന്നുവെങ്കില്‍ മാത്രമേ സല്‍സ്വഭാവി എന്ന വിശേഷണം അയാള്‍ക്ക് ചേരൂ. ഈ ആന്തരിക സൗന്ദര്യത്തിലേക്കാണ് അല്ലാഹു വിന്റെ നോട്ടം.

*നാഥന്റെ സ്‌നേഹവലയത്തില്‍ അംഗമാവുന്ന വിധം വിശ്വാസികള്‍ അവരുടെ സ്വഭാവത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കണം.* ഉദാത്തമായ വിശേഷണങ്ങള്‍ക്ക് ഉടമയാവണം.
തീര്‍ച്ചയായും, മാന്യമായ സ്വഭാവഗുണങ്ങളുടെ പൂര്‍ത്തിക്കാണ് എന്നെ നിയോഗിക്കപ്പെട്ടത് എന്ന് നബി സ. യുടെ മൊഴിയുണ്ട്. ആ ജീവിതത്തില്‍ നിന്നാണ് ഉത്തമ സ്വഭാവത്തിന്റെ മാതൃക സ്വീകരിക്കേണ്ടത്.

നാഥന്റെ സവിധത്തില്‍ ഉന്നത പദവികള്‍ അലങ്കരിക്കാന്‍ സാധിക്കുന്ന ഒട്ടേറെ പ്രവാചക സന്ദേശങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്നിട്ടും ദുഷ്‌കൃതങ്ങളില്‍ നിന്നും മാറാതെ പുറംതിരിഞ്ഞ് നില്‍ക്കുകയാണല്ലോ.
നികൃഷ്ട സ്വഭാവങ്ങളില്‍ നിന്നും ഏതൊരാള്‍ക്കും കരകയറാം. മാന്യമായ സ്വഭാവ ഗുണങ്ങള്‍ കൊണ്ട് ജീവിതത്തെ അലങ്കരിക്കുകയാണ് വേണ്ടത്. *വാക്കുകളും പ്രവര്‍ത്തനങ്ങളും ഇടപാടുകളും ആത്മീയത മെച്ചപ്പെടുന്ന വിധം നിലനിര്‍ത്തുമെന്ന ദൃഢനിശ്ചയവും വേണം.*

*പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയും അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ ധാരാളമുണ്ട്. വൈകൃത സ്വഭാവമുള്ളവരാണവരെങ്കില്‍ അവ മെച്ചപ്പെടുത്തുന്നതാണ് അവര്‍ ചെയ്യുന്ന സാന്ത്വന സേവനങ്ങളേക്കാള്‍ ഉത്തമം. അഥവാ ഹൃദയശുദ്ധിയാണ് അവര്‍ കൂടുതല്‍ പരിഗണിക്കേണ്ടത്.*

*കഴിഞ്ഞ നൂറ്റാണ്ടില്‍ യമനില്‍ ജീവിച്ചിരുന്ന ആത്മജ്ഞാനികള്‍ പറയാറുള്ളത്, ആരെങ്കിലും ആത്മാവിനുള്ള അന്നം നല്‍കാതെ ശരീരത്തെ മാത്രം പരിപാലിക്കുന്നുവെങ്കില്‍ അവന്റെ ശരീരം തിന്ന് തീര്‍ക്കാന്‍ കാത്തിരിക്കുന്ന പുഴുക്കളോട് അവന്‍ പ്രതിഫലം ആവശ്യപ്പെടണം. കാരണം ആ കീടങ്ങളുടെ സേവകനാണവന്‍.*

ഭൂമിയില്‍ ശരീരത്തെ ഇവര്‍ക്കിവേണ്ടി ഒരുക്കുകയായിരുന്നല്ലോ.
ഇമാം ഹദ്ദാദ് റ ന്റെ പ്രശസ്തമായ ഒരു കവിതയില്‍ മരണശേഷം സംഭവിക്കുന്ന അക്കാര്യം ഇങ്ങനെ വരച്ചിടുന്നു:
"സ്മാശാന മണ്ണറകളില്‍ മയങ്ങുന്നവര്‍
രുചിച്ചും അഭിരമിച്ചും മേനി കൊഴുപ്പിച്ചു ഇന്നലെ
ഇന്നവര്‍ പുഴുക്കള്‍ക്ക് അന്നമായ് മാറി.
തുടിക്കുന്ന മുഖവും ജ്വലിക്കുന്ന കണ്ണും
നിറമുള്ള മേനിയും വികൃതമായി
കൂട്ടുകുടുംബവും ആത്മമിത്രങ്ങള്‍ക്കും
വേണ്ടാതെ വെറുപ്പിന്റെ പാത്രമായി.”
അതുകൊണ്ട്, ഹൃദ്യമായി പെരുമാറാനാവശ്യമായ സ്വഭാവഗുണങ്ങള്‍ നേടിയെടുക്കാനാണ് വിശ്വാസികള്‍ അധ്വാനിക്കേണ്ടത്.

*തിരുറസൂല്‍ (സ) നെക്കുറിച്ച് അല്ലാഹുവിന്റെ പരാമര്‍ശം നോക്കൂ,*
*'തീര്‍ച്ചയായും അങ്ങ് മഹത്തായ സ്വഭാവത്തിനുടമയാകുന്നു’ (സൂറത്തുല്‍ ഖലം)*
*നാമും കുടുംബവും ആ സ്വഭാവമഹിമ നേടിയെടുത്ത് ജാഗ്രതയോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്.*

```[ഇസ്ആഫു ത്വാലിബില്‍ രിളല്‍ ഖല്ലാഖി ബിബയാനി മകാരിമില്‍ അഖ്‌ലാഖി ഹബീബ് ഉമര്‍ ബിന്‍ ഹഫീള് തങ്ങളുടെ ഗ്രന്ഥമാണ്. ഇംഗ്ലീഷ് വിവര്‍ത്തനം ലഭ്യമാണ്. മലയാളത്തില്‍ ഇതാദ്യമാണ്. വിവ.സൈനുല്‍ ആബിദ് ബുഖാരി]```

Comments