ഖൗലയുടെ നൊമ്പരങ്ങൾ


 🎲-1🎲
❂••••••••••••••••••••••••••••❂
      ഖൗലത്ത് വേഗത്തില്‍ നടക്കുകയാണ്. മദീനയിലെ തെരുവുകളില്‍ നടക്കുന്നതൊന്നും ശ്രദ്ധിക്കുന്നില്ല. സങ്കടവും വര്‍ദ്ധിക്കുന്നു. കരയണമെന്ന് തോന്നി. പക്ഷേ ക്ഷമയും മനക്കരുത്തും അവര്‍ വീണ്ടെടുത്തു. ഭൂമി തന്‍റെ ചുറ്റും കറങ്ങുന്നതുപോലെ തോന്നി. വിവാഹം കഴിഞ്ഞനാള്‍ മുതല്‍ ഇന്നോളം കഴിഞ്ഞ മധുരസ്മൃതികള്‍ ഓര്‍ക്കുകയായിരുന്നു ഖൗല. മണ്‍കൂരയിലായിരുന്നു താമസം. ഇന്നോളം അതിനൊരു മാറ്റം വന്നിട്ടില്ല. പലപ്പോഴും പട്ടിണി കിടന്നിട്ടുമുണ്ട്. പക്ഷേ സമാധാനത്തോടെയാണ് കഴിഞ്ഞത്. ഔസ്ബിന്‍ സാമിത് തന്നെ കെട്ടിക്കൊണ്ടുപോയതുമുതല്‍ ഇന്നോളം വഴക്കും വക്കാണവും ഉണ്ടായിട്ടില്ല. കൗമാരവും യുവത്വവും ഞങ്ങള്‍ നന്നായി പങ്കിട്ടു. ഇപ്പോഴിതാ വാര്‍ധക്യം പ്രാപിച്ചപ്പോള്‍ അദ്ദേഹം എന്നെ കണ്ണീര്‍ കുടിപ്പിക്കുന്നു. എന്തുപറ്റി അദ്ദേഹത്തിന്? വേറെ പെണ്ണ്‍ കെട്ടാനാണോ? അല്ല, ഒരിക്കലുമല്ല. ഇനി അതുണ്ടായാല്‍തന്നെ എന്നെ ദുഃഖിപ്പിക്കേണ്ടതില്ല. ഞാന്‍ ഇഷ്ടക്കേട് വല്ലതും പറഞ്ഞോ. അതുമില്ല. അദ്ദേഹത്തിന്‍റെ കുടുംബജീവിതം പൊതുജീവിതംപോലെതന്നെ സംതൃപ്തമായിരുന്നു. സൈനികസേവനത്തിന് വേണ്ടി മക്കളെ ഉഴിഞ്ഞുവെച്ച ഒരു കുടുംബത്തിലാണ് ഔസ്(رضي الله عنه) ജനിച്ചതും വളര്‍ന്നതും. അശ്വമേധങ്ങളെ പോര്‍ക്കളത്തില്‍ ഉപയോഗിക്കുന്നത് പരിശീലിച്ചാണ് വളര്‍ന്നത്. ബദറിലും ഉഹ്ദിലും ഖന്‍ദഖിലുമെല്ലാം നബി(ﷺ)യോടൊത്ത് സമരം ചെയ്ത് തെളിഞ്ഞ സ്വഹാബിയാണദ്ദേഹം. ആ കാലങ്ങളിലൊന്നും എന്നോട് പരുഷമായി പെരുമാറിയിട്ടില്ല. ഇപ്പോള്‍ വാര്‍ധക്യം കൂടി; സ്വഭാവത്തില്‍ മാറ്റംവന്നു. ഇടക്കിടെ ബുദ്ധിഭ്രമമുണ്ടാകുന്നു. എന്‍റെ ചില സംസാരം പോലും അദ്ദേഹത്തിന് രസിക്കുന്നില്ല....

    ഔസ്(رضي الله عنه)വിന് ഒരുദിവസം പെട്ടെന്ന്‍ ക്ഷോഭംവന്നു. ഭാര്യ ഖൗലയോട് തട്ടിക്കയറി. കൂട്ടത്തില്‍ ‘നീ എന്‍റെ ഉമ്മയെപ്പോലെയാണ്’ എന്നുകൂടി പറഞ്ഞു. (ഇങ്ങനെ ഭര്‍ത്താവ് പറഞ്ഞാല്‍ ഭാര്യയോട് ലൈംഗികബന്ധം പാടില്ല. ഇതിന് ളിഹാര്‍ എന്നാണ് പറയുക). സംസാരവും വഴക്കും ഒക്കെ അവസാനിച്ചു. ഔസ്(رضي الله عنه) വീട്ടില്‍നിന്നിറങ്ങി. എവിടെയോ പോയി തിരിച്ചുവന്ന്‍ ഖൗലയെ വിളിച്ചു.

‘എന്തോ’? ഖൗല വിളികേട്ടു.
‘ഇങ്ങ് വരൂ ഖൗലാ’ അദ്ദേഹം വിളിച്ചു.
‘എന്താണാവശ്യം?’
‘ഇങ്ങ് വരൂ, നമുക്ക് അല്‍പനേരം ശയിക്കാം’.
‘ഇല്ല. അതിന് ഇനി സാധ്യമല്ല’.
ഔസ്(رضي الله عنه) വിട്ടില്ല. അദ്ദേഹം പിടിമുറുക്കി.
‘കഴിഞ്ഞതൊക്കെ മറന്നേക്കൂ. നീ ഇങ്ങ് വരൂ. എന്‍റെ ഒരാശയല്ലേ’.

    ‘ഇല്ല; ഞാനനുവദിക്കില്ല. ഞാന്‍ ഉമ്മയെ പോലെയാണെന്ന് പറഞ്ഞു എന്നെ നിഷിദ്ധമാക്കിയില്ലെ, അതിന് ഇനി എന്താണ് പരിഹാരമെന്ന്‍ അറിയാതെ ഞാന്‍ സമ്മതിക്കില്ല.’ ഖൗല പറഞ്ഞു.

   “നിങ്ങള്‍ ഉപയോഗിച്ച പദപ്രയോഗം ജാഹിലിയ്യാ കാലത്ത് ത്വലാഖായി പരിഗണിച്ചിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണെന്നാണ് എന്‍റെ ധാരണ. ത്വലാഖിന്‍റെ പദങ്ങളൊന്നും നിങ്ങള്‍ പ്രയോഗിച്ചിട്ടില്ലാത്തതിനാല്‍ ഇനി നമുക്കായി വല്ല പഴുതുമുണ്ടോയെന്ന്‍ നോക്കണം. നബി(ﷺ)യുടെ തിരുസന്നിധിയില്‍ നിങ്ങള്‍ പോവുക. നടന്നകാര്യങ്ങള്‍ തുറന്നുപറയുക. വല്ല രക്ഷാമാര്‍ഗവും നബി(ﷺ) പറഞ്ഞു തന്നേക്കും. അതിനുശേഷമല്ലാതെ എന്‍റെ നേരെ വരരുത്”.

   നിരാശപൂണ്ട ഔസ്(رضي الله عنه) പറഞ്ഞു: ‘വന്നുപോയതില്‍ എനിക്ക് ഖേദമുണ്ട്. പക്ഷേ ഈ സംഭവം നബിയോട് (صلی اللہ علیہ وسلم) ചെന്നുപറയാന്‍ എനിക്ക് നാണമാകുന്നു. നീ തന്നെ പോകണം’.

   “ശരി, ഞാന്‍ പോകാം”. ഖൗല വസ്ത്രംമാറ്റി വീട്ടില്‍നിന്നിറങ്ങി. സങ്കടവും ഒപ്പം ദൈന്യതയും മുറ്റിയ മുഖഭാവത്തോടെ നടന്നുനീങ്ങി......
__________________________




🎲-2🎲
❂••••••••••••••••••••••••••••❂
     ആഇശ(رضي الله عنها)യുടെ വീട്ടില്‍ നബി(ﷺ) വിശ്രമിക്കുന്നു. ഖൗലയെ കണ്ടപാടേ നബി(ﷺ)ക്കു മനസ്സിലായി. സഅ് ലയുടെ പുത്രി. സാമ്പത്തിക അടിത്തറയുള്ള നല്ല കുടുംബത്തിലെ പെണ്ണ്‍. അവളെ കല്യാണം കഴിച്ചത് ദരിദ്രനായ ഔസ്ബ്നുസാമിത്താണ്. (رضي الله عنه). ചെറുപ്പത്തിലേ ഇസ്‌ലാം സ്വീകരിച്ച സ്ത്രീയാണ്. സ്ത്രീകളുടെ കൂട്ടത്തില്‍ ബൈഅത് ചെയ്യാന്‍ ഇവളും എത്തിയിരുന്നു. അള്ളാഹുവിലുള്ള അചഞ്ചലമായ വിശ്വാസവും നബി(ﷺ)യുടെ അംഗീകാരവും അവര്‍ ഉടമ്പടി ചെയ്തു. വ്യഭിചാരം, മദ്യപാനം, കുഞ്ഞുങ്ങളെ വധിക്കല്‍ തുടങ്ങിയ മഹാപാപങ്ങള്‍ ചെയ്യുകയില്ലെന്ന്‍ അവര്‍ ബൈഅത്ത് ചെയ്തു. ആ മഹനീയ കര്‍മങ്ങളിലെല്ലാം പങ്കെടുത്ത സ്ത്രീരത്നമാണ് ഖൗല. എന്തിനാണാവോ ഇപ്പോള്‍ കയറിവന്നിരിക്കുന്നത്? വല്ല പരാതിയും നിരത്താനുണ്ടാകും. അല്ലെങ്കില്‍ വല്ലതും ചോദിച്ചുപഠിക്കാനാകും.

   ഖൗല വന്നുകയറിയപാടെ സംസാരിക്കാന്‍ തുടങ്ങി. നബി(ﷺ)യോട് സംസാരിക്കാന്‍ ശ്രമിക്കുന്നതുകണ്ടപ്പോള്‍ ആഇശ(رضي الله عنها) മെല്ലെ റൂമിലേക്ക് ഉള്‍വലിഞ്ഞു.

   “എന്‍റെ ഭര്‍ത്താവ് ഔസ്ബിന്‍സാമിത്(رضي الله عنه) എന്നെ ‘ളിഹാര്‍’ ചെയ്തു വിവാഹബന്ധം അകറ്റിയിരിക്കുന്നു. പറഞ്ഞുപോയതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ വല്ല പഴുതുമുണ്ടോ?”

   നബി(ﷺ) പറഞ്ഞു: “ഇല്ല, നീ അദ്ദേഹത്തിന് നിഷിദ്ധമായിരിക്കുന്നു”.

   ഖൗല തുടര്‍ന്നു: “തിരുദൂതരേ അദ്ദേഹം ത്വലാഖ് എന്ന പദം പ്രയോഗിച്ചിട്ടില്ല. കൂടാതെ എന്‍റെ മക്കളുടെ പിതാവാണദ്ദേഹം. എനിക്കേറ്റം ഇഷ്ടപ്പെട്ടയാളാണ്”.

   “ഇല്ല, നിഷിദ്ധം തന്നെ”. നബി(ﷺ) ആവര്‍ത്തിച്ചു.

  ഖൗല നിര്‍ത്തിയില്ല. വാഗ്വാദം നടത്തുന്നതുപോലെ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു.

   “അള്ളാഹുവേ, നിന്നോട് ഞാന്‍ സങ്കടം ബോധിപ്പിക്കുന്നു. എന്‍റെ ദാരിദ്ര്യവും ഏകാന്തതയും നീ അറിയുന്നുണ്ടല്ലോ. ഞങ്ങള്‍ ഒരുപാടു കാലം കൂടെ ജീവിച്ചവരാണ്. ഞാനദ്ദേഹത്തിനു വേണ്ടി പലതവണ പ്രസവിച്ചവളാണ്. എന്‍റെ കുഞ്ഞുമക്കളെ ഞാനേറ്റെടുത്താല്‍ ഭക്ഷണം നല്‍കാന്‍ എന്‍റെയടുത്ത് ഒന്നുമില്ല. അവര്‍ പട്ടിണികിടന്ന്‍ മരിക്കും. ഭര്‍ത്താവിനെ ഏല്‍പിച്ചാല്‍ അവര്‍ വഴിയാധാരമാകും”.

   സങ്കടം കേട്ടപ്പോള്‍ നബി(ﷺ) ആവര്‍ത്തിച്ചു. ‘ഇല്ല, പുതിയ വല്ല നിര്‍ദ്ദേശവും നിന്‍റെ കാര്യത്തില്‍ ലഭിച്ചാലല്ലാതെ യാതൊരു മാര്‍ഗവും എനിക്കില്ല’.

   ഖൗല മേല്‍പോട്ട് മുഖമുയര്‍ത്തി കരയാന്‍ തുടങ്ങി.

   ‘നാഥാ, എന്നെ കയ്യൊഴിക്കല്ലേ’.

   ഖൗലയുടെ കരച്ചില്‍ ആഇശയെയും(رضي الله عنها) കൂടിനിന്നവരെയൊക്കെയും കരയിപ്പിച്ചു. സര്‍വ്വരും കണ്ണീര്‍ തുടക്കുമ്പോള്‍ ഖൗല പ്രാര്‍ത്ഥനയില്‍ മുഴുകി.

  “നാഥാ, എന്‍റെ കാര്യത്തില്‍ വല്ലതീരുമാനവും നിന്‍റെ ദൂതനായ മുത്ത്നബി(ﷺ)ക്ക് ഇറക്കിത്തരേണമേ”.

   നീണ്ടനേരത്തെ പ്രാര്‍ത്ഥനക്കുശേഷം ഖൗല വീടിന്‍റെ ഓരത്തേക്കു മാറിനിന്നു; നിശ്ശബ്ദയായി, നിസ്സഹായയായി.

   “നിങ്ങളുടെ ഭര്‍ത്താവിനെ വിളിപ്പിക്കൂ”.

   നബി(ﷺ) ആജ്ഞാപിച്ചു.

  അല്പനേരത്തിനുള്ളില്‍ ഔസും ഓടിയെത്തി. ഇരുവരും പ്രതീക്ഷയോടെ വിധി കാത്തുനില്‍ക്കുകയാണ്.

   പെട്ടെന്ന്‍ നബി(ﷺ)യുടെ മുഖഭാവം മാറി. ഒരു കുടച്ചില്‍. പിന്നീട് വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. ആഇശബീവി(رضي الله عنها)ക്ക് കാര്യം മനസ്സിലായി. സാധാരണ വഹിയ് വരുമ്പോള്‍ സംഭവിക്കുന്നതാണിത്. ജിബ്‌രീല്‍ വന്നു വഹിയ് നല്‍കി.

    നബി(ﷺ) വിളിച്ചു: ‘എവിടെ നേരത്തെ വന്ന സ്ത്രീ’.

   ‘ഇതാ, ഞങ്ങളിവിടെയുണ്ട് ദൂതരേ’.

     പുഞ്ചിരിതൂകിക്കൊണ്ട് നബി(ﷺ) അവരെ അരികെ നിര്‍ത്തി. നബി(ﷺ)യുടെ പുഞ്ചിരി ഖൗലയുടെ ആശങ്ക നീക്കി. പ്രതീക്ഷപൂത്തു. തലയുയര്‍ത്തി തിരുനബി(ﷺ)യുടെ നയനങ്ങളിലേക്ക് നോക്കി. ശബ്ദത്തിനായി കാത് കൂര്‍പ്പിച്ചു.

   “ഖൗലാ, നിന്‍റെ പ്രാര്‍ത്ഥന അള്ളാഹു കേട്ടിരിക്കുന്നു. നിന്‍റെ പ്രശ്നത്തിന് പരിഹാരം നിര്‍ദ്ദേശിച്ച് വഹിയ് ലഭിച്ചിരിക്കുന്നു”.

§  (ഭാര്യയെ ഉമ്മയോട് സദൃശപ്പെടുത്തി പറഞ്ഞ് നിഷിദ്ധമാക്കുന്നവര്‍ക്ക് അള്ളാഹു ചില പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു... തെറ്റായ പ്രയോഗം നടത്തിയ കാരണത്തിന് പ്രായശ്ചിത്തം നല്‍കി ഭാര്യയെ തിരിച്ചെടുക്കാന്‍ ഖൗല(رضي الله عنها)യുടെ പ്രശ്നത്തില്‍ വിധിവന്നിരിക്കുന്നു. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ മുജാദല എന്ന അദ്ധ്യായം ആരംഭിക്കുന്നതുതന്നെ ഈ സംഭവം വിവരിച്ചുകൊണ്ടാണ്.)
__________________________

          🎲-3🎲
❂••••••••••••••••••••••••••••❂
          ഖൗല(رضي الله عنها) മനഃസ്സമാധനത്തോടെ സംസാരിക്കാന്‍ തുടങ്ങി. ‘ഖൈറ് തന്നെ പ്രവാചകരേ, അതിനാണല്ലോ ഞാന്‍ സങ്കടം പറഞ്ഞത്’.

   നബി(ﷺ) ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു.

    “ഖദ് സമിഅള്ളാഹു............”

  ഖൗല(رضي الله عنها)യും ഔസ്(رضي الله عنه)വും മന്ദസ്മിതം തൂകി ശ്രദ്ധയോടെ കേട്ടു.

    നബി(ﷺ) പറഞ്ഞു: “നിങ്ങളിരുവര്‍ക്കും ഒരുമിച്ചുകഴിയണമെങ്കില്‍ ഭര്‍ത്താവ് ഒരു അടിമയെ മോചിപ്പിക്കണം”.

   ‘എന്ത് അടിമ, പടച്ചവനാണെ, അടിമപോയിട്ട് ഒരു വേലക്കാരി പോലും അദ്ദേഹത്തിനില്ല’. ഖൗല(رضي الله عنها)യാണ് മറുപടി പറഞ്ഞത്.

  ‘എങ്കില്‍ രണ്ടുമാസം തുടരെ വ്രതമനുഷ്ഠിക്കണം’.

  ഖൗല(رضي الله عنها) ആ നിര്‍ദ്ദേശത്തിനും മറുപടി പറഞ്ഞു.

   “അതിനും സാധിക്കുകയില്ല തിരുദൂതരേ, ഒരു നേരമോ രണ്ടുനേരമോ മാത്രം കഴിക്കുന്ന ഭക്ഷണം കൊണ്ടാണ് അദ്ദേഹം ജീവിച്ചു പോകുന്നത്. ആരോഗ്യം ക്ഷയിച്ചു. കാഴ്ച നഷ്ടപ്പെട്ട ഒരു പടുവൃദ്ധനാണദ്ദേഹം”.

   ‘എങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം(ഒരാള്‍ക്ക് ഒരു മുദ്ദ്‌ അഥവാ 800മി.ലി. വീതം മുഖ്യാഹാരം) നല്‍കി പ്രായശ്ചിത്തം നിറവേറ്റട്ടെ’. നബി(ﷺ) നിര്‍ദ്ദേശിച്ചു.

   ഉടനെ വന്നു ഖൗല(رضي الله عنها)യുടെ മറുപടി.

  “എവിടെനിന്നാണ് ഇത്രയധികം ഭക്ഷണം ഞങ്ങള്‍ സംഭരിക്കുക?” കേവലം ലഘുഭക്ഷണം മാത്രം കഴിച്ചാണ് ഞങ്ങള്‍ ജീവിക്കുന്നത്”.

   എന്നാല്‍ ഇനി എന്തുചെയ്യും? നബി(ﷺ) ചോദിച്ചു.

  ഖൗല(رضي الله عنها) പറഞ്ഞു: ‘വല്ല സഹായവും ഇവിടന്ന്‍ ചെയ്തുതരണം’.

  ശരി, ഖൈസിന്‍റെ പുത്രി ഉമ്മുല്‍മുന്‍ദിറിനെ സമീപിച്ച് ആവശ്യമായ കാരക്ക വാങ്ങി സാധുക്കള്‍ക്ക് ധര്‍മ്മം ചെയ്യുക.

   നബി(ﷺ)യുടെ നിര്‍ദ്ദേശം കേട്ടപാടെ ഔസ്(رضي الله عنه) ആ വീട് ലക്ഷ്യം വെച്ച് ഓടി. കാരക്കയുടെ വലിയ ചാക്ക് പുറത്തേറ്റി അദ്ദേഹം നടന്നുവന്നു ദരിദ്രര്‍ക്ക് പങ്കുവെച്ചുകൊടുത്തു.

   ഖൗല(رضي الله عنها)യുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഒരു സാമ്രാജ്യം കയ്യടക്കിയ സന്തോഷം. ഞങ്ങളുടെ വഴക്കുതീര്‍ന്നു എന്ന്‍ ഉറക്കെ വിളിച്ചുപറയണമെന്ന് തോന്നി.

   കാലം ഏറെ പിന്നിട്ടു. വസന്തവും ഹേമന്തവും മാറിമാറിവന്നു. വര്‍ഷങ്ങള്‍ ഓരോന്നു കൊഴിയുന്തോറും ഖൗല(رضي الله عنها)യുടെ മുഖത്ത് ചുളിവുകള്‍ കൂടിക്കൂടിവന്നു. കാലുകള്‍ക്ക് സ്വാധീനക്കുറവ്. വടിയും കുത്തി നടക്കുന്ന മുത്തശ്ശി. അതുമിതും വിളിച്ചുപറയുന്ന കിളവിയെ വല്ലവരും ശ്രദ്ധിക്കുമോ. ഈ മുത്തശ്ശിയുടെ വാക്കുകള്‍ക്ക് ആരെങ്കിലും കാതോര്‍ക്കുമോ?

    “ഓ ഉമര്‍”, മുത്തശ്ശിയായ ഖൗല(رضي الله عنها) വിളിച്ചു, ഉമര്‍(رضي الله عنه) സ്തബ്ധനായി നിന്നുപോയി. സവാരി ചെയ്തിരുന്ന കഴുതപ്പുറത്ത് നിന്നിറങ്ങി. ‘തെരുവുകളില്‍ തുള്ളിച്ചാടി കളിച്ചുനടക്കുന്ന കുട്ടിയായിരുന്നു താങ്കള്‍. പിന്നീട് ഉമറായി. ഇപ്പോള്‍ ഭരണാധികാരം കയ്യാളുന്ന ഖലീഫാഉമറായി. പക്ഷേ അള്ളാഹുവിനെ ഭയന്ന്‍ ജീവിക്കുക. വിചാരണ ഓര്‍മയിലുണ്ടായാല്‍ നരകാഗ്നി വിലക്കപ്പെടും. തുടങ്ങി കുറേ ഉപദേശങ്ങള്‍.

   പുലിക്കുട്ടിയായി വളര്‍ന്ന ഉമര്‍(رضي الله عنه) പൂച്ചക്കുട്ടിയെപ്പോലെ ചെവിയും കൂര്‍പ്പിച്ചുനിന്നു. മുത്തശ്ശിയുടെ വാക്കുകള്‍ ഓരോന്നും മുത്ത് പോലെ ഉള്‍ക്കൊണ്ടു. ചുറ്റും കൂടിനിന്നിരുന്ന അണികള്‍ക്കിത് രസിച്ചില്ല. മുത്തശ്ശിയുടെ ഒരു ഉപദേശം!

   “ഖലീഫാ, ആ കിളവിയുടെ അത്തുംപിത്തും കേള്‍ക്കാന്‍ താങ്കള്‍ സമയം ചെലവഴിക്കുകയോ? വരൂ, നമുക്കുപോകാം”.

   ഉമര്‍(رضي الله عنه) ജനങ്ങളുടെ ധാരണ തിരുത്തി. ആ സ്ത്രീ ആരാണെന്നറിയാമോ?

  “നബിതിരുമേനി(ﷺ)യുടെ തിരുസന്നിധിയില്‍ വെച്ച് സംസാരിച്ച് കാര്യം നേടിയവരാണ്. അവരുടെപരാതിയും സങ്കടവും ഏഴാനാകാശത്തിനുമപ്പുറം നിന്ന്‍ അള്ളാഹു കേട്ടിരിക്കുന്നു. എന്നിട്ട് ഞാനവരുടെ ഉപദേശം കേള്‍ക്കാതിരിക്കുകയോ. എന്‍റെ മുഴുവന്‍ സമയവും ഞാനവര്‍ക്ക് കാത് കൂര്‍പ്പിക്കാന്‍ ഒരുക്കമാണ്. അള്ളാഹു അവര്‍ക്ക് കൃപ ചെയ്യട്ടെ”.

__________________________
🌳