വഴക്കുപറയാതേം ശിക്ഷിക്കാതേം...


ഓഫീസിലിരിക്കുമ്പോഴാണ് വാട്സ്ആപ്പില്‍ ഭാര്യയുടെ മെസേജ് വന്നത് - “കഴിഞ്ഞ പരീക്ഷക്ക്‌ മാത്ത്സിനും ഇംഗ്ലിഷിനും പുന്നാരമോള്‍ക്ക്‌ കിട്ടിയ മാര്‍ക്ക് കണ്ടോ ?”

‘വഴക്കുപറയാതേം ശിക്ഷിക്കാതേം അമിതസ്വാത്രന്ത്രം നല്‍കി വളര്‍ത്തി അവളെ വഷളാക്കിക്കോട്ടാ’ എന്ന അവളുടെ സ്ഥിരം കുറ്റപ്പെടുത്തല്‍ പറയാതെ തന്നെ ആ വരികള്‍ക്കിടയില്‍ നിന്ന് ഞാന്‍ വായിച്ചെടുത്തു.

വൈകിട്ട് ജോലി കഴിഞ്ഞു വന്നു കയറിയപ്പോള്‍ മകള്‍ തുറന്നു പിടിച്ച ഒരു പാഠപുസ്തകവുമായി സെറ്റിയിലിരിക്കുന്നുണ്ട്. സാധാരണ ആ സമയത്ത് പുറത്തുപോയി കൂട്ടുകാരികളോടോത്തു കളിക്കേണ്ടതാണ്. നോട്ടം പുസ്തകത്തിലാണെങ്കിലും മനസ്സ് കൂട്ടുകാരികളുടെ കൂടെ കളിസ്ഥലത്താണെന്നെനിക്കു മനസ്സിലായി. അവള്‍ മുഖമുയര്‍ത്തി എന്നെയൊന്നു നോക്കി. ഞാന്‍ സമ്മാനിച്ച പുഞ്ചിരിക്ക് മറുപടി തരാതെ നോട്ടം വീണ്ടും കയ്യിലിരുന്ന പുസ്തകത്തിലേക്ക് താണപ്പോള്‍ ഞാനത് കാര്യമാക്കാത്ത മട്ടില്‍ അകത്തേക്കുപോയി.

കുളി കഴിഞ്ഞു വസ്ത്രം ധരിക്കാന്‍ ഒരുങ്ങും മുന്നേ ഞാന്‍ മകളെ വിളിച്ചു പറഞ്ഞു - “വേഗം റെഡിയാക്, നമുക്കൊന്നു പുറത്തു പോകാം”.

“അപ്പൊ ഞങ്ങള് വരണ്ടേ ?” ഭാര്യ ഇടപെട്ടു.

“വേണ്ട, ഞാനും മോളും മാത്രേ പോകുന്നുള്ളൂ”

“എന്നാപ്പിന്നെ ഞാനീ പിള്ളേരേം കൊണ്ട് ബെഡ്റൂമിലേക്ക് പോയേക്കാം. ഇല്ലെങ്കില്‍പ്പിന്നെ നിങ്ങള് പോണത് കണ്ട് രണ്ടും കൂടെ കാറിപ്പൊളി തുടങ്ങും” ഭാര്യ പരിഭവത്തോടെ ഇളയ മക്കളെയും കൂട്ടിക്കൊണ്ടു ബെഡ്റൂമില്‍ കയറി കതകു വലിച്ചടച്ചു.

ഞാന്‍ റെഡിയായി വന്നപ്പോഴേക്കും അവള്‍ ഒരുങ്ങി വാതില്‍ക്കല്‍ നില്‍പ്പുറപ്പിച്ചിരുന്നു. ഭാര്യയെപ്പോലെ തന്നെ മകളും, എവിടെക്കെങ്കിലും യാത്ര പോകാന്‍ ഒരുങ്ങുവാന്‍ പറഞ്ഞാല്‍ നിമിഷനേരം മതി.

സമയം സന്ധ്യക്ക്‌ ഏഴു മണിയായിട്ടുണ്ടായിരുന്നു. സെപ്തംബറിലെ അവസാന വാരമായതിനാല്‍ ചൂടും തണുപ്പും സമവായത്തിലെത്തിയ അത്യന്തം പ്രസന്നമായ കാലാവസ്ഥ. അവളെ വലത്തുഭാഗത്താക്കി അവളുടെ ഇടതുകൈ എന്‍റെ വലംകൈക്കുള്ളിലാക്കി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ഇതുവരെ ഞാനവളോട് ഒന്നും സംസാരിച്ചില്ല. ഇടക്ക് ഞാനവളെയോന്നു പാളി നോക്കി. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നൂഹിക്കാന്‍ കഴിയാത്തതിന്‍റെ നേരിയൊരാകാംക്ഷയോടെ വിദൂരതയിലേക്ക് നോക്കി യാന്ത്രികമായി നടക്കുകയാണവള്‍.

“ഇന്ന് നീ കളിക്കാന്‍ പോയില്ലേ ?” എന്‍റെ വാക്കുകള്‍ അവളെ ആലോചനകളില്‍ നിന്നുണര്‍ത്തി.

“ഇല്ല, ഉമ്മി പോകണ്ടാന്നു പറഞ്ഞു.” ഒരുനിമിഷം ആലോചിച്ച ശേഷമുള്ള മറുപടി. വീണ്ടും നിശബ്ദത.

ഞങ്ങളുടെ യാത്ര അവസാനിച്ചത്‌ ജുബൈല്‍ സെന്‍ററിലുള്ള ഒരു ടോയ് ഷോപ്പിനു മുന്നിലാണ്. ഞാന്‍ അവളെയും കൂട്ടി അകത്തേക്ക് കയറി.

“നിനക്ക് ഇഷ്ടമുള്ളതെന്താണെന്നു വച്ചാല്‍ വാങ്ങിച്ചോ. പിന്നെ നിന്‍റെ അനിയത്തിമാര്‍ക്കും” അവള്‍ അത്ഭുതത്തോടെ എന്നെ നോക്കി നിന്നതേയുള്ളൂ. ഞാന്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ കുറച്ചു സമയത്തെ തെരച്ചിലിന് ശേഷം അവള്‍ ഒരു പിയാനോയും, ഒരു കിച്ചന്‍ ടോയ് സെറ്റും സെലക്റ്റ് ചെയ്തു.

ഇത് മാത്രം മതിയോ ?” പൈസ കൊടുക്കും മുന്നേ ഞാന്‍ ചോദിച്ചു.

“ഉം”

“ഇനി എന്തെങ്കിലും വേണോ ?”

“വേണ്ട”

തിരികെ നടക്കുമ്പോഴും ഞങ്ങളൊന്നും സംസാരിച്ചില്ല. കളിപ്പാട്ടങ്ങള്‍ അടങ്ങിയ കവര്‍ അവള്‍ വലതു കൈയില്‍ പിടിച്ചിരുന്നു. ഇടതു കൈകൊണ്ട് എന്‍റെ ചൂണ്ടുവിരലിലും.

നടപ്പിനോടുവില്‍ ഞങ്ങള്‍ ഫ്ലാറ്റിനു മുന്നില്‍ തിരിച്ചെത്തി. ഇരുമ്പുവാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറുവാന്‍ തുനിയവേ എന്‍റെ ചൂണ്ടുവിരല്‍ വലിഞ്ഞു.അവള്‍ നടപ്പവസാനിപ്പിച്ച് അവിടെത്തന്നെ നില്‍ക്കുകയാണ്. ഞാന്‍ ചോദ്യഭാവത്തില്‍ അവളുടെ നേരെ നോക്കി.

“വാപ്പി, എനിക്ക് പരീക്ഷയുടെ മാര്‍ക്ക് കിട്ടി.” കുറ്റപ്പെടുത്തും പോലെ പതിഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

“അത് ഞാന്‍ അറിഞ്ഞല്ലോ ?.”

“മാത്ത്സിനും ഇംഗ്ലിഷിനും മാര്‍ക്ക് വളരെ കുറവാണ്”

“അതും അറിഞ്ഞു”

“എന്നിട്ടെന്താ എന്നെ വഴക്കു പറയാത്തത് ?” അവളുടെ കണ്ണുകളില്‍ നിന്നു രണ്ടുതുള്ളി കണ്ണുനീര്‍ ഏതുനിമിഷവും കവിളുകളിലേക്ക് പൊട്ടിയോഴുകുവാന്‍ തയ്യാറെടുത്തു നിന്നു.

“എന്തിനാ വഴക്കു പറയുന്നത് ?”

“ഞാന്‍ കരുതി പുറത്തു പോകാമെന്ന് പറഞ്ഞത് ഉപദേശിക്കാനോ വഴക്കുപറയുവാനോ ആയിരിക്കുമെന്ന്” അല്‍പ്പസമയം നിശബ്ദയായി നിന്നശേഷം അവള്‍ പറഞ്ഞു.

ഞാന്‍ ചിരിച്ചു. “നീ കഴിവിന്‍റെ പരമാവധി ശ്രമിച്ചതല്ലേ ? ഇനി നിന്നെ വഴക്കുപറഞ്ഞിട്ടെന്തു കാര്യം ?”

“അല്ല, ഞാന്‍ പരമാവധി ശ്രമിച്ചില്ല. ഞാന്‍ കുറച്ച് ഉഴപ്പി” അവളുടെ ശബ്ദത്തിലെ കുറ്റബോധം ഞാന്‍ വ്യക്തമായി തിരിച്ചറിഞ്ഞു.

“ഇന്ന് സ്കൂളില്‍ വച്ച് പരീക്ഷാപേപ്പര്‍ കിട്ടിയപ്പോ തുടങ്ങിയ ടെന്‍ഷനാ. ഉമ്മി ഒത്തിരി വഴക്കു പറഞ്ഞു, തെറ്റ് എന്‍റെയായതിനാല്‍ എനിക്കൊട്ടും വിഷമം തോന്നിയില്ല. ടെന്‍ഷന്‍ കുറെ കുറയേം ചെയ്തു. വാപ്പീം കൂടി കുറെ ചീത്ത വിളിച്ചിരുന്നെങ്കില്‍ ഞാന്‍ ഓക്കെയായേനെ“ അവളുടെ വാക്കുകള്‍ ഇടറി.

“നോക്കൂ മോളെ” അവള്‍ക്കരികിലെത്തി അവളുടെ ശിരസ്സിലൂടെ വിരലുകള്‍ ഓടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. “നിനക്ക് പഠിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഞങ്ങളുടെ കടമ. അത് പരമാവധി ഭംഗിയായി നിറവേറ്റുന്നുണ്ട് എന്നു ഞാന്‍ വിശ്വാസിക്കുന്നു, കാരണം അക്കാര്യത്തില്‍ ഒരിക്കല്‍പ്പോലും നീ ഞങ്ങളെ കുറ്റപ്പെടുത്തിയിട്ടില്ല. പഠിക്കുക എന്ന നിന്‍റെ കടമ നീയും പരമാവധി ഭംഗിയായി ചെയ്യുമെന്നു ഞാനും വിശ്വസിക്കുന്നു. അങ്ങനെയുള്ളപ്പോള്‍ നിന്നെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലല്ലോ ?”

അവളുടെ മുഖമൊന്ന് തെളിഞ്ഞു.

"അപ്പൊ ഇതെന്തിനാ ? മാര്‍ക്ക് കുറഞ്ഞ സന്തോഷത്തിനാ ?" കുസൃതി നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ ചോദിച്ചു.

"ഒരിക്കലുമല്ല" തിരശ്ചീനമായി തലവെട്ടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. "ഇതെനിക്ക് നീ തന്ന ഒരവസരമാണ്"

മനസ്സിലായില്ലെന്ന മട്ടില്‍ തല ചെരിച്ചു പിടിച്ച് അവളെന്നെത്തന്നെ നോക്കി നിന്നു.

"നീ വലിയ വലിയ മാര്‍ക്കൊക്കെ വാങ്ങിയാല്‍ ഇത്തരം ചെറിയ സമ്മാനങ്ങളൊന്നും വാങ്ങിത്തന്നാല്‍ പോരാതെ വരുമല്ലോ ? അപ്പൊ ഇതുപോലെ ചെറിയ സമ്മാനം വാങ്ങിത്തരാന്‍ നീയെനിക്ക് തന്ന അവസരമല്ലേ ഇത് ?"

"ഹഹ, എങ്കില്‍ അടുത്ത പരീക്ഷക്ക്‌ ഞാന്‍ വാപ്പീനെ ശരിയാക്കി തരുന്നുണ്ട്"

അവളെന്നെയും പിടിച്ചു വലിച്ചുകൊണ്ട് ഫ്ലാറ്റിനുള്ളിലേക്ക് നടന്നു. അതുവരെ എനിക്കൊരടി പിന്നിലായി നടന്നിരുന്ന അവള്‍ എന്നേക്കാള്‍ ഒരടി മുന്നേ നടക്കാന്‍ തുടങ്ങി. അവളുടെ ഓരോ കാല്‍വെയ്പ്പിലും നിറഞ്ഞുതുളുമ്പിയ ആത്മവിശ്വാസം കൈവിരല്‍ത്തുമ്പിലൂടെ എന്നിലേക്ക്‌ പ്രവഹിച്ചു .

കോളിംഗ് ബെല്ലടിച്ചു വാതില്‍ തുറക്കാനായ് കാത്തു നില്‍ക്കുമ്പോള്‍ അവളെന്‍റെ കൈയില്‍ അമര്‍ത്തിക്കൊണ്ട് മനോഹരമായി ചിരിച്ചു. ആ കണ്ണുകളിലെ തിളക്കം കണ്ട് അറിയാതെ എന്‍റെ മിഴികള്‍ നിറഞ്ഞു.

വാതില്‍ തുറന്ന ഭാര്യ അവളുടെ കയ്യിലെ സമ്മാനപ്പോതികളിലെക്കും എന്‍റെ മുഖത്തേക്കും മാറിമാറി നോക്കി അമ്പരന്നു നില്‍ക്കെ അവള്‍ സന്തോഷത്തോടെ അകത്ത് അനിയത്തിമാരുടെ അടുക്കലേക്കോടിപ്പോയി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എന്‍റെയും ഭാര്യയുടെയും പുഞ്ചിരികള്‍കൊപ്പം  മൂവ്വരുടെയും പൊട്ടിച്ചിരികളുടെ ശബ്ദം വീടിനുള്ളില്‍ അലയടിച്ചുയര്‍ന്നു തുടങ്ങി.
_________________________