അലവി
Short Story
1
••===••===••===••===••===••
സൗദിയിൽ ഹോട്ടൽ നടത്തുന്ന തിരുർ കാരനായ ബാവക്ക ഒരു മാസത്തെ ലീവിനാണ് നാട്ടിൽ എത്തിയത്. രണ്ട് ആൺമക്കളുള്ള ബാവക്കയുടെ ഏക മകൾ ആറ് വർഷം മുൻപ് പ്രസവത്തിൽ മരണപ്പെട്ടിരുന്നു. മകളുടെ ഖബറിടത്തിൽ പോയി പ്രാർത്ഥന നടത്തിയതിനു് ശേഷം ഭാര്യയേയും കൂട്ടി തന്റെ ഹോട്ടലിൽ കുക്കായി ജോലി ചെയ്തിരുന്ന മണ്ണാർക്കാട്ട് കാരനായ അലവിയുടെ വീട്ടിലേക്കുള്ള യാത്രയിലാണ് അയാൾ ഭാര്യയോട് അലവിയെ കുറിച്ച് പറഞ്ഞത്.
അലവി എനിക്കൊരു ജോലിക്കാരനായിരുന്നില്ല. നമ്മുടെ ഹോട്ടൽ ഇന്നത്തെ നിലയിലേക്ക് വളർത്തി കൊണ്ട് വന്നത് അവനാണ്. അവന്റെ കൈപുണ്യമാണ്, അലവിയെ കുക്കായി കിട്ടുന്നതിന് മുൻപ് പലരേയും മാറി മാറി നോക്കിയിട്ടും കാര്യമായ മാറ്റമൊന്നും ഇല്ലായിരുന്നു. നഷ്ടത്തിൽ ഓടുന്ന ഹോട്ടൽ നിർത്തിയാലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അലവിയെ കാണുന്നത്. അലവി വന്നതോടെയാണ് ഹോട്ടൽ മെച്ചത്തിലായതും, ഫാമിലി ഹോട്ടൽ ആക്കിയതും.
ഒരാൺകുട്ടിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നാല് പെൺമക്കളെയാണ് അലവിക്ക് സമ്മാനിച്ചത്. ഹോട്ടലിൽ ജോലിയൊടുക്കുമ്പോൾ തന്നെ രണ്ടാളുടെ വിവാഹം നടന്നിരുന്നു. അന്ന് മൂന്നാമത്തെ മകൾ പത്തിലും ചെറിയ മകൾ ഏഴിലുമാണ് പഠിച്ചിരുന്നത്. അവരുടെ കൂടെ നിക്കാഹ് കഴിഞ്ഞിട്ട് വേണം ഗൾഫ് നിർത്താൻ എന്ന് ഇടക്കിടെ പറഞ്ഞിരുന്നങ്കിലും നാല് വർഷം മുൻപ് നിതാഖാത്തിൽ പെട്ട് നാട്ടിലേക്ക് പോകുമ്പോൾ വേറെ വിസ അയച്ചുതരാം എന്ന് ഞാൻ പറഞ്ഞതാണ്. ഇനിയൊരു കൊല്ലം നാട്ടിൽ നിൽകട്ടെ എന്ന് പറഞ്ഞ് പോയതാണ് അവൻ. അന്നൊക്കെ ഇടക്കിടെ വിളിക്കുമായിരുന്നു ... പിന്നിട് അതും ഇല്ലാതായി...
ഉച്ചയോടെ മണ്ണാർക്കാട് അലവിയുടെ വീട്ന് അടുത്തുള്ള കടയുടെ മുൻപിൽ കാർ ഒതുക്കി കുറച്ച് ബേക്കറി വാങ്ങട്ടെ എന്ന് പറഞ്ഞ് പുറത്തിറങ്ങി കടയിലേക്ക് കയറിയ ബാവക്ക അര മണിക്കൂറിന് ശേഷം വളരെ ദു:ഖിതനായിട്ടാണ് തിരിച്ചെത്തിയത്.
എന്തേ .... ഇങ്ങക്ക്...? മുഖം വല്ലാതെ ആയിട്ടുണ്ടല്ലോ? സുഹ്റത്ത ആകാംക്ഷയോടെ ചോദിച്ചു.
അ ... ല... വി. അലവി മരിച്ചിട്ട് മൂന്ന് കൊല്ലം കഴി ...... വാക്കുകൾ പൂർത്തിയാക്കാതെ ബാവക്ക മുഖം തുടച്ചു. കുറച്ച് നേരത്തെ മൗനത്തിന് ശേഷം ബാവക്കയുടെ കാർ അലവിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി..
ബാവക്കയുടെ കാർ എത്തുമ്പോൾ മുറ്റത്ത് കിടക്കുന്ന കാറുകളും സിറ്റൗട്ടിലിരിക്കുന്നവരേയും കണ്ട് ബാവക്ക ഭാര്യയോട് പറഞ്ഞു... ഇന്നിവിടെ വിരുന്നോ മറ്റോ ഉണ്ടന്ന് തോന്നുന്നു എന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങി .. എന്നാൽ കാറിൽ നിന്നിറങ്ങുന്നവരെ തിരിച്ചറിയാൻ കഴിയാതെ പരിഭ്രമിച്ചു നിൽക്കുന്നവരോട് സലാം പറഞ്ഞ് ബാവക്ക സിറ്റൗട്ടിലേക്ക് കയറി സ്വയം പരിചയപ്പെടുത്തി. സുഹ്റാബി നേരെ അകത്തേക്കും പോയി.
അലവിയുമായുള്ള ബന്ധത്തെ കുറിച്ചും സൗദിയിലെ പുതിയ നിയമങ്ങളെ കുറിച്ചും സംസാരിച്ച് ബാവക്ക സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് സുഹ്റാബി അടുക്കള വഴി പുറത്തിറങ്ങി മുറ്റത്ത് വന്ന് ബാവക്കയെ വിളിച്ചത്.. ബാവക്കയെ മുറ്റത്തിന്റെ മൂലയിലുള്ള മാവിൻ ചുവട്ടിലേ മാറ്റി നിർത്തി പറഞ്ഞു...
ഇങ്ങള് കരുതുംപോലെ ഇവിടെ വിരുന്നൊന്നുമല്ല :
പിന്നെ?
ഇവിടെ അവകാശം വെക്കുന്നതിന്റെ തിരക്കിലാണ്.
അലവിയുടെ മൂന്ന് പെങ്ങൻമാരും, അവരുടെ ഭർത്താക്കൻമാരും ജ്യേഷ്ടനുമാണ് ആ ഇരിക്കുന്നത്. അലവി മരിച്ചപ്പോൾ അലവിക്ക് ആൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് മൂന്നിൽ ഒരവകാശം പെങ്ങൻമാർക്കും ജ്യേഷ്ഠനും നിൽക്കും. അത് ഇസ് ലാമിക ശരീഅത്ത് നിയമമാണ്. അതിനെ കുറിച്ചുള്ള അവസാന ചർച്ചയാണ് ഇന്ന് .അതിന് അലവിയുടെ മൂത്ത മകൾ ആയിഷയും ഭർത്താവും വരുന്നത് കാത്താണ് അവർ ഇരിക്കുന്നത് എന്ന് .
അലവിയുടെ ഭാര്യ സഫിയയോ?
അതും രണ്ട് കുട്ടികളും അവിടെ ഒരു റൂമിൽ ഇരിക്കുന്നുണ്ട്. നിങ്ങൾ പറഞ്ഞത് പോലെ മൂന്നാമത്തെ മകളെ കെട്ടിക്കാനായിട്ടുണ്ട് .. തന്നെയുമല്ല അലവി മരിക്കുന്നതിന് മുൻപ് ഹോട്ടൽ തുടങ്ങാൻ വേണ്ടി നാല് ലക്ഷം രൂപ ലോൺ എടുത്തിരുന്നു... അതിനിടക്കാണ് അവന് വിട്ട് മറാത്ത പനി വന്നത്. പല പല ഡോക്ടർമാരേയും ആശുപത്രികളും കയറി ഇറങ്ങി എന്താണ് രോഗം എന്ന് മനസ്സിലാക്കിയപ്പഴേക്കും ഒരു പാട് വൈകിയിരുന്നു .. അങ്ങനെ ആ നാല് ലക്ഷം കടവുമായി ഈ പറമ്പിൽ നിന്നും ഒരു 10 സെന്റ് വിറ്റ് കടവും വീട്ടി ബാക്കിയുള്ളത് കൊണ്ട് മകളെ കെട്ടിക്കണമെന്ന് തീരുമാനിച്ചപ്പോഴാണ് അലവിയുടെ രണ്ടാമത്തെ പെങ്ങളുടെ ഭർത്താവ് സത്താർ അവകാശവാദവുമായി വന്നത്. ആളൊരു ഭൂമി കച്ചവടക്കാരനാണ്.
ഈ സമയത്താണ് ആയിഷയും സക്കീറും വന്നിറങ്ങിയത്.
മുറ്റത്ത് കിടക്കുന്ന പുതിയ കാറും മാവിൻ ചുവട്ടിൽ നിൽക്കുന്ന ദമ്പതികളേയും മനസ്സിലാവത വന്നപ്പോൾ രണ്ട് പേരും അടുത്തേക്ക് ചെന്നപ്പോഴാണ് അയിഷാക്ക് ബാവക്കാനെ മനസ്സിലായത് ... ബാവക്കാനെ കണ്ടപ്പോൾ അവളുടെ മുഖത്ത് ആശ്ചര്യവും ഒപ്പം ആ കണ്ണുകൾ നിറയാനും തുടങ്ങി... കാരണം 15 വർഷ കാലത്തോളം അയാളുടെ ജോലിക്കാരനായിരുന്ന ഉപ്പച്ചി .. ബാവക്കാനേയും ഉപ്പാന്റെ സ്ഥാനത്ത് തന്നെയാണ് കണ്ടിരുന്നത് .. ഉപ്പച്ചി ഉണ്ടായിരുന്ന പോൾ പലപ്പോഴും ബാവക്കയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതെല്ലാം ഓർമ്മ വന്നപ്പോൾ അവൾ ഉപ്പച്ചിയെ ഓർത്തു പോയി ... പക്ഷെ ഒന്നും സംസരിക്കാൻ കഴിയാതെ തന്റെ മുന്നിൽ കണ്ണുകൾ നിറച്ച് നിൽക്കുന്ന ആയിഷയോട് ബാവക്ക ചോദിച്ചു... മോൾക്ക് സുഖം തന്നെയല്ലേ ? ഒന്ന് മൂളുക മാത്രം ചെയ്തു അവൾ, പിന്നെ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു...
നിങ്ങൾ വന്നിട്ട് കുറേ നേരമായോ ....?
മറുപടി പറയാൻ നിൽക്കുമ്പോഴാണ് സത്താറിന്റെ വിളി വന്നത്...
സക്കീറേ നിങ്ങൾ രണ്ടാളും ഒന്ന് ഇങ്ങട്ട് വരുന്നുണ്ടോ ?. ഞങ്ങൾക്ക് പോയിട്ട് വേറെ പണിയുണ്ട് എന്ന് ...
സക്കീറും ബാവക്കയും കുറച്ച് നേരം സംസാരിച്ചതിനു ശേഷം ബാവക്ക പറഞ്ഞു ... നിങ്ങൾ ചെന്ന് സംസാരിക്ക് എന്ന് പറഞ്ഞ് ആർക്കോ ഫോൺ ചെയ്ത് മുറ്റത്ത് നിന്നു...
ആയിഷയും, സക്കീറും നടന്ന് നീങ്ങുന്നതും നോക്കി നിന്ന സുഹ്റത്ത പറഞ്ഞു...
എന്താല്ലേ? മനുഷ്യൻമാരുടെ ഒരു ആക്രാന്തം?
അലവിയുടെ ജേഷ്ടൻ മാനുക്കയാണ് പറഞ്ഞ് തുടങ്ങിയത്... അപ്പൊ എന്താ നമ്മൾ തീരുമാനിക്കുന്നത് എന്ന് ...
സത്താർ പറഞ്ഞു.ഈ വീടിനും സ്ഥലത്തിന്നും ഒരു 35/40 ലക്ഷം രുപ ഇന്നത്തെ മാർക്കറ്റ് വില വരും. നമുക്ക് ഒരു 35 വിലയിടാം ... അങ്ങനെ വരുമ്പോൾ അതിന്റെ 8 ൽ ഒന്ന് അലവിയുടെ ഭാര്യക്കും, ഭാക്കി വരുന്ന സംഖ്യയുടെ മുന്നിൽ ഒരു ഭാഗമാക്കിയാൽ 10 ലക്ഷം രുപയിൽ കൂടുതൽ പെങ്ങൻമാർക്കും ജേഷ്ടനും ഉമ്മാക്കും കുടി വരും.. ആളൊന്നുക്ക് രണ്ട് ലക്ഷത്തി നാലായിരം രുപ .അത് തരാനുണ്ടങ്കിൽ നാളെ തന്നെ ഒപ്പിട്ട് കൊടുക്കാം എന്ന് പറഞ്ഞ് സത്താർ സക്കീറിനെ നോക്കി... ഇല്ലങ്കിൽ ഇത് വിറ്റിട്ട് എത്രയാണ് കിട്ടുന്നതെങ്കിൽ അത് പോലെ ചെയ്യാം... ഞങ്ങൾക്ക് തരാനുള്ളത് തന്ന് ബാക്കി കൊണ്ട് സഫിയാക്കും കുട്ടികൾക്കും ചെറിയ ഒരു വീട് വാങ്ങാലോ? അതിന് പറ്റിയ വിടു് എന്റെ അടുത്തുണ്ടന്ന് പറഞ്ഞ് സത്താർ എല്ലാവരേയും ഒന്ന് നോക്കി...
എല്ലാവരും അത് ശരിവെക്കും പോലെ തല കുലുക്കി.
ഈ സമയം ചർച്ചയും തീരുമാനങ്ങളും വീട് വിൽക്കുന്ന കാര്യങ്ങളും വാതിൽപടിയിൽ നിന്ന് കേട്ടിരുന്ന സഫിയയുടെയുള്ളിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്ക് വന്നു... അവളുടെ മനസ് കലങ്ങിമറിയുകയായിരുന്നു .. കാരണം: നാട്ട് നടപ്പ് അനുസരിച്ച് ചെറിയ മകനുള്ളതാണ് തറവാട്. എന്നാൽ മാനുക്കാക്ക് ഇനിയൊരു വീട് പണിയാൻ കഴില്ല എന്ന് പറഞ്ഞ് കൊണ്ട് അതിൽ നിന്നും ഒന്നു വാങ്ങാതെ സ്വന്തം ഇഷ്ടപ്രകാരം മാനു കാക്കും, പെങ്ങൻമാർക്കും ഒഴിഞ്ഞ് കൊടുത്തിട്ടാണ് ഈ വീടിന്റെ പണി തുടങ്ങിയത്. ഇക്കാന്റെ സ്വപ്നമായിരുന്നു ഈ വീട്'. ഇവിടെ കിടന്ന് മരിക്കണമെന്ന് അവസാന ദിവസങ്ങളിൽ പറഞ്ഞിരുന്നങ്കിലും അതിനുള്ള വിധി പടച്ചവൻ കൊടുത്തില്ല. മരിക്കുന്നതിന്റെ തലേ ദിവസം ICU വിലേക്ക് കൊണ്ടു പോകുമ്പോൾ ഒന്ന് ശബ്ദിക്കാൻ പോലും കഴിയാതെ ദയനിയമായ ആ നോട്ടം... "കൊണ്ട് പോകരുതേ..... എന്ന്
ആ കണ്ണുകൾ പറഞ്ഞിരുന്നു. "നിറഞ്ഞ് വരുന്ന കണ്ണുകളെ ഷാളിന്റെ തലപ്പിൽ തുടച്ച് സഫിയ ഒന്നും മിണ്ടാതെ ചെറിയ മകളേയും ചേർത്ത് പിടിച്ച് നിന്നു."
എന്താ നിങ്ങൾ ഒന്നും പറയാത്തത് എന്ന് ചോദിച്ച് കൊണ്ട് സത്താർ സക്കീറിനെ ഒന്ന് നോക്കിയപ്പോൾ ആയിഷ പറഞ്ഞു...
"ഞങ്ങളുടെ ഉപ്പച്ചി ജീവിച്ചിരുന്ന കാലത്തോളം നിങ്ങളെയൊക്കെ ആവുന്നത് പോലെ സഹായിച്ചിട്ടുണ്ട്. നിങ്ങളൊക്കെ ഇന്ന് നല്ല നിലയിലാണ് ജീവിക്കുന്നത്. അതിൽ എന്റെ ഉപച്ചിയുടെ പങ്ക് നിങ്ങൾക്ക് തള്ളി കളയാൻ കഴില്ല. അത്രയുമൊക്കെ നിങ്ങളെ സഹായിച്ച ഞങ്ങളുടെ ഉ... ഉപ്പച്ചിയുടെ.... തുടർന്ന് പറയാൻ കഴിയാതെ വന്നപ്പോൾ അവൾ വിങ്ങിപൊട്ടി...
ഈ സമയം അകത്ത് നടക്കുന്ന ചർച്ചകൾ സക്കീറിന്റെ ഫോൺ വഴി തന്റെ മൊബൈലിൽ കേട്ട് കൊണ്ടിരുന്ന ബാവക്ക അത് ഓഫ് ചെയ്ത് ചർച്ച നടക്കുന്ന ഹാളിലേക്ക് കയറി കൊണ്ട് പറഞ്ഞു...
ഇത് നിങ്ങളുടെ കുടുംബ കാര്യമാണ്.ഇതിൽ അഭിപ്രായം പറയാൻ എനിക്ക് അധികാരമില്ല. എങ്കിലും .... "15 വർഷത്തോളം എന്റെ കൂടെ പ്രവാസ ജീവിതം നയിച്ച അലവിക്ക് വേണ്ടി എനിക്കും ചിലത് പറയാനുണ്ട് "
അലവി എനിക്കൊരു ജോലിക്കാരനായിരുന്നില്ല. എന്റെ കൂടപിറപ്പ് ആയിരുന്നു. അവൻ ജീവിച്ച കാലത്തോളം നിങ്ങളെയൊക്കെ ആവുന്നത് പോലെ സഹായിച്ചിട്ടുണ്ട് ... അവന് അർഹത പെട്ടത് പോലും നിങ്ങൾക്ക് തന്ന് അവന്റെ ആയുസ്സ് മുഴുവൻ ഹോട്ടലിന്റെ ചുട്ടുപൊള്ളുന്ന അടുക്കളയിലെ ആളികത്തുന്ന ഗ്യാസ് അടുപ്പുകൾക്കു നടുവിൽ സ്വന്തം ശരീരം പോലും നോക്കാതെ ഉരുകിയൊലിച്ച് പണി എടുക്കുമ്പോൾ ഒരാൺതരി ഇല്ലാത്തതിന്റെ സങ്കടം മനസ്സിൽ കടിച്ചമർത്തുമ്പോഴും നിങ്ങളുടെ സുഖവും, സന്തോഷവുമായിരുന്നു അവന് വലുത്.
2
••===••===••===••===••===••
"" ഒരു പ്രവാസിക്ക് കുടുംബത്തോടുള്ള സ്നേഹം എന്താണെന്ന് അറിയണമെങ്കിൽ ഒരു വർഷമെങ്കിലും ഒരു പ്രവാസിയായി ജീവിക്കണം. എന്നാലെ എന്താണ് പ്രവാസീ എന്നറീയൂ ""
പിന്നെ ഭർത്താവ് നഷ്ടപെട്ട് ഇനിയും രണ്ട് മക്കളെ കെട്ടിക്കാനുള്ള അവന്റെ ഭാര്യയെ കുറിച്ച് നിങ്ങൾ ഓർത്തിട്ടുണ്ടോ? എത്ര കിട്ടിയാലും തികയാത്ത നിങ്ങൾക്ക് നിങ്ങളുടെ സുഖവും സന്തോഷവുമാണ് വലുത്.
"ശരിയാണ് നിങ്ങൾ പറയുന്നത്.ശരീഅത്ത് നിയമപ്രകാരം അലവിയുടെ സ്വത്തിൽ നിങ്ങൾക്ക് അവകാശമുണ്ട്... അത് ഞാൻ നിഷേദികുന്നില്ല" എന്റെ നാട്ടിലും ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. എന്നാൽ അവർ സ്വമനസ്സാലെ ഒന്നും വാങ്ങാതെ ഒപ്പിട്ട് കൊടുക്കുകയാണ് ചെയ്തത്.എന്നാൽ നിങ്ങൾ അതിന് തയ്യാറില്ലാത്ത സ്ഥിതിക്ക് അലവിയുടെ സ്വത്തിൽ നിങ്ങൾക്കുള്ള വിഹിതം എത്രയാണങ്കിൽ അത് നാളെ ഞാൻ ഇവിടെ എത്തിക്കാം. " ഇത്രയും കാലം നിങ്ങൾക്ക് വേണ്ടി പ്രവാസിയായി ജീവിച്ച് "മരിച്ച് പോയിട്ടും ആ പാവത്തി ഒന്ന് വെറുതെ വിട്ടു കൂടെ... എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ എന്ത് പറയണമെന്നറിയാതെ വാതിൽപടിയിൽ കണ്ണുകൾ ഈറന്നണിഞ്ഞ് നിൽക്കുന്ന ആയിഷ അറിയാതെ വിളിച്ച് പോയി....
ഉപ്പാ.....
ആ വിളിയിൽ നിശ്ചലനായ ബാവക്ക ഒന്ന് തിരിഞ്ഞ്
നോക്കി. തന്റെ മകളുടെ വിളി പോലെ തോന്നി അയാൾക്ക് ..
ആയിഷ ബാവക്കയുടെ അടുത്ത് വന്നിട്ടു പറഞ്ഞു ... അത് വേണ്ട ഉപ്പാ........ "എന്റെയും ജാസ്മിയുടേയും സ്വർണ്ണം വിറ്റാൽ 10 ലക്ഷം കിട്ടും... ഉപ്പച്ചി രാപകൽ കഷ്ടപെട്ട് ഞങ്ങൾക്ക് വേണ്ടി തന്നതാണ്" അത് വിറ്റ് ഉപ്പച്ചിയുടെ കടം തീർക്കാനാണ് ഞങ്ങളെടുത്ത തീരുമാനം... മരിച്ച് പോയിട്ടും ഉപ്പച്ചിയുടെ മുതലിന് വേണ്ടി സ്വന്തകാർ തർക്കിക്കുമ്പോൾ ഉപ്പച്ചിയുടെ ആത്മാവ് ഞങ്ങളോട് പൊറുക്കുമോ ഉപ്പാ...?
തന്റെ മുൻപിൽ തലയും താഴ്ത്തി നിൽക്കുന്ന ആയിഷയുടെ മുഖം പതുകെ പിടിച്ച് ഉയർത്തി കൊണ്ട് ബാവക്ക പറഞ്ഞു ..അത് വേണ്ട മോളെ.. ആ സ്വർണ്ണം ഉണ്ടാക്കാനും ഈ സ്ഥലം വാങ്ങി വീട് പണിയാനും നിന്റെ ഉപച്ചി സഹിച്ച കഷ്ടപാട് ആവോളം കണ്ടതാണ് ഞാൻ... "എന്നെ ഇന്ന് ഈ നിലയിലേക്ക് വളർത്തിയതും നിന്റെ ഉപച്ചിയുടെ അദ്ധ്വാനത്തിന്റെ ഫലമായിട്ടാണ്". ഞാനിത്രയെങ്കിലും ചെയ്തില്ലങ്കിൽ നിന്റെ ഉപ്പച്ചി എന്നോട് ക്ഷമിക്കുമോ മോളേ....?
ബാവക്കയുടെ ആ വാക്കുകൾക്കു മുൻപിൽ തളർന്ന് പോയ ആയിഷ പരിസരം മറന്ന് ബാവക്കയുടെ മാറിലേക്ക് ചാരി നിന്ന അവളെ ചേർത്ത് പിടിച്ച് ബാവക്ക പറഞ്ഞു ...
നീ ... നീ ...എന്റെ മോളാണ്.... ഞങ്ങൾക്ക് നഷ്ടപെട്ട ഞങ്ങളുടെ പൊന്നുമോൾ... എന്ന് പറഞ്ഞ് ബാവക്ക അവളെ ചേർത്ത് പിടിച്ച് ആ നെറ്റിയിൽ ഒരു മുത്തം നൽകുമ്പോൾ അകത്ത് കണ്ണുനീർ വാർത്ത് നിൽക്കുന്ന സഫിയയേയും കുട്ടികളേയും ആശ്വസിപ്പിക്കുന്ന സുഹ്റത്തയുടെ കണ്ണുകളും നിറഞ്ഞിരുന്നു.
------------