ഇന്ന് നിങ്ങൾ എന്ത് പുതിയ അറിവ് നേടി
💞പ്രശസ്ത അമേരിക്കൻ എഴുത്തുകാരനും പ്രഭാഷകനുമായ ലിയോ ബുസ്ക്കാലിയ (Leo Buscaglia) തന്റെ ‘Papa, the Teacher’ എന്ന പുസ്തകത്തിൽ വളരെ വിലപ്പെട്ട ഒരു ജീവിതാനുഭവം പങ്കുവെക്കുന്നു.
അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് വീട്ടിൽ ഒരു കീഴ്‌വഴക്കമുണ്ടായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവിന് നിർബന്ധമായിരുന്നു.
അത് മാത്രമല്ല. അത്താഴമേശക്ക് ചുറ്റും എല്ലാവരും ഇരിപ്പുറപ്പിച്ചു കഴിഞ്ഞാലുടൻ പിതാവ് എല്ലാവരോടുമായി ചോദിക്കും.
“ഇന്ന് നിങ്ങൾ എന്ത് പുതിയ അറിവാണ് നേടിയത്?”
അപ്പോൾ കുടുംബാംഗങ്ങൾ ഒരോരുത്തരായി അന്ന് പുതുതായി നേടിയ ഒരു അറിവ് അവിടെ പങ്കു വെക്കണം. മറ്റുള്ളവരെല്ലാം അത് ശ്രദ്ധിച്ചു കേൾക്കണം.
എല്ലാവരും ഇപ്രകാരം ചെയ്ത ശേഷം മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചു തുടങ്ങാൻ അനുവദിച്ചിരുന്നുള്ളൂ.
അഥവാ ആരെങ്കിലും പുതിയതായി ഒന്നും പഠിക്കാതെ ആണ് വന്നിരിക്കുന്നതെങ്കിൽ അദ്ദേഹം അവരോട് എഴുന്നേറ്റ് പോയി ലൈബ്രറിയിൽ ചെന്നിരുന്ന് എൻസൈക്ലോപീഡിയ തുറന്ന് എന്തെങ്കിലും പുതിയ കാര്യം വായിച്ചറിഞ്ഞ ശേഷം മടങ്ങി വരാൻ ആവശ്യപ്പെടുമായിരുന്നു.
അല്ലാത്ത പക്ഷം ആ വ്യക്തിക്കന്ന് അത്താഴമില്ല.
കുട്ടിക്കാലത്ത് ലിയോക്കും സഹോദരങ്ങൾക്കും ഇത് വലിയൊരു പീഡനമായാണ് അനുഭവപ്പെട്ടിരുന്നത്. മറ്റു വീടുകളിലൊന്നും ഇങ്ങനെയൊരു പതിവില്ലെന്ന് കേൾക്കുമ്പോഴൊക്കെ അവർക്ക് ആ വീട്ടിലെ കുട്ടികളോട് അസൂയ തോന്നുമായിരുന്നു.
ഈ ഒരൊറ്റ ശീലം കാരണം ലിയോയും സഹോദരങ്ങളും തങ്ങളുടെ പിതാവിനെ ഉള്ളാലെ വെറുത്തിരുന്നു. പിൽക്കാലത്ത് അദ്ദേഹം എഴുതിയത് ഇപ്രകാരമാണ്.
“ഇന്ന് ഞാൻ ദിവസവും രണ്ടായിരത്തിലധികം ആളുകളിരിക്കുന്ന സദസ്സിന് മുമ്പാകെ നിന്ന് പ്രസംഗിക്കുന്നു.
എന്റെ പ്രസംഗം കേട്ടു കഴിയുമ്പോൾ സദസ്സ് മുഴുവൻ എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നു. എല്ലാം കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തി അത്താഴം കഴിക്കാനിരിക്കുന്ന നിമിഷം ഇന്നും കാലങ്ങൾക്കപ്പുറത്ത് നിന്ന് എന്റെ പിതാവിന്റെ ആ ശബ്ദം ഞാൻ കേൾക്കും.
“ഇന്ന് നീ എന്ത് പുതിയ അറിവാണ് നേടിയത്?” അപ്പോൾ ഞാൻ അന്ന് കേട്ടറിഞ്ഞതോ വായിച്ചറിഞ്ഞതോ ആയ പുതിയൊരു കാര്യം മനസ്സിലുരുവിടും.
അന്നേ ദിവസം ഞാൻ പുതിയതായി ഒരറിവും നേടിയിട്ടില്ലെങ്കിൽ ലൈബ്രറിയിൽ പോയിരുന്ന് എന്തെങ്കിലും പുതിയ ഒരറിവ് നേടിയിട്ടേ ഞാനെന്റെ അത്താഴ മേശയിലേക്ക് മടങ്ങിയെത്തുകയുള്ളൂ. അന്ന് അച്ഛന്റെ ആ ചിട്ട എനിക്കൊരു ശിക്ഷയായി തോന്നി. ഇന്ന് എന്റെ അദ്ദേഹം ജീവിച്ചിരിപ്പില്ല.
എന്നിരുന്നാലും ആളുകൾ എന്റെ പ്രസംഗം കേട്ട് കയ്യടിക്കുമ്പോൾ, അവർ എന്റെ കൈപിടിച്ചു കുലുക്കിക്കൊണ്ട് താങ്കൾക്കെന്തൊരു അറിവാണ് എന്ന് ആരാധനയോടെ എന്നെ നോക്കിപ്പറയുമ്പോൾ, എന്റെ പുസ്തകങ്ങൾ ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ…
ഞാനെന്റെ പിതാവിനെ ഓർക്കും. അന്ന് അദ്ദേഹം ഞങ്ങളിൽ അടിച്ചേൽപിച്ച ആ ശീലമാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്. എനിക്കിന്ന് കിട്ടുന്ന ഒരോ ആദരവും ഒരോ കയ്യടിയും ആ മനുഷ്യനവകാശപ്പെട്ടതാണ്.”
അറിവാണ് ഏറ്റവും വലിയ സമ്പത്ത്. ആർക്കും കട്ടെടുത്തുകൊണ്ട് പോകാൻ കഴിയാത്തതും പകർന്ന് കൊടുത്താൽ കുറഞ്ഞു പോകാത്തതുമായ ഒരു സമ്പത്തേ ഈ ഭൂമിയിലുള്ളൂ. അതാണ് അറിവ് എന്ന സമ്പത്ത്.
ഈ ലോകത്തെ എല്ലാ അറിവും സ്വായത്തമാക്കുക എന്ന് പറയുന്നത് ആർക്കും സാധ്യമല്ല. എന്നാൽ പുസ്തകങ്ങൾ വായിച്ചോ ജ്ഞാനികളുമായി സംവദിച്ചോ ദിവസവും ഒരു പുതിയ അറിവ് വീതം നേടാനായാൽ ഒരു വർഷം കഴിയുമ്പോഴേക്കും 365 പുതിയ കാര്യങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞിരിക്കും.
കഴിഞ്ഞ വർഷം ഇതേ തിയതിയിൽ നമുക്ക് അജ്‌ഞാതമായിരുന്ന 365 പുതിയ അറിവുകൾ ഇന്ന് നാം നേടിക്കഴിഞ്ഞു.
പണസമ്പാദനത്തിനായി ഓടുന്നതിനിടക്ക് ജ്ഞാനസമ്പാദനത്തിനായും നമുക്കൽപ്പം സമയം കണ്ടെത്താം. കാരണം അറിവോളം അമൂല്യമായി മറ്റൊന്നുമില്ല….
Comments
Post a Comment