ഇഷ്ടമാണ്; പക്ഷെ..!


അബൂത്വല്‍ഹ ദൃഢപ്രതിജ്ഞയെടുത്തു.

‘ഇല്ല, ഞാന്‍ പിന്തിരിയില്ല. ആരെതിര്‍ത്താലും മാറിച്ചിന്തിക്കുന്ന പ്രശ്നമില്ല. എനിക്ക് ഉമ്മുസുലൈമിനെ വിവാഹം ചെയ്തേ പറ്റൂ’.

  പലതവണ ഉമ്മുസുലൈമിനെ സമീപിച്ചു. തന്‍റെ ആഗ്രഹം അറിയിച്ചു.

  ‘ഉമ്മുസുലൈം, എനിക്കുനിന്നെ ഉഷ്ടമാണ്. ആത്മാര്‍ഥമായ പ്രേമം. ഞാന്‍ നിന്നെ വിവാഹം ചെയ്യുവാനാഗ്രഹിക്കുന്നു’.

‘ങ്ഹൂം....’  ഉമ്മുസുലൈം ഒന്നുമൂളി.  മറുത്തൊന്നും പറഞ്ഞില്ല.

    അബൂത്വല്‍ഹക്ക് നേരിയ പ്രതീക്ഷയായി. ശാന്തനായിരുന്ന്‍ അബൂത്വല്‍ഹ ആലോചിക്കാന്‍ തുടങ്ങി. എന്‍റെ ഈ പ്രേമം പൂക്കുമോ? കതിരിടുമോ. ആ സ്ത്രീ സുന്ദരിയാണ്. പക്ഷേ വിധവ. ഒരു കുഞ്ഞിനെ പ്രസവിച്ച മാതാവ്. നള്റിന്‍റെ മകന്‍ മാലികാണ് കല്യാണം കഴിച്ചിരുന്നത്. അദ്ദേഹം കൊല്ലപ്പെട്ടു. അതില്‍ ജനിച്ച കുട്ടിയാണ് അനസ്. അവനെ വെച്ചുകൊണ്ട് ഉമ്മുസുലൈം എന്‍റെ പ്രേമാഭ്യര്‍ത്ഥന സ്വീകരിക്കുമോ? സ്വീകരിക്കും. തട്ടിക്കളഞ്ഞിട്ടില്ലല്ലോ. അല്ലെങ്കിലും ഞാന്‍ പ്രേമം അഭിനയിച്ചതല്ല. നിഷ്കളങ്ക സ്നേഹമാണ് പ്രകടിപ്പിച്ചത്. വിവാഹം കഴിച്ചുജീവിക്കാന്‍ തന്നെ. അവളെക്കുറിച്ച് പഠിച്ചറിഞ്ഞു നടത്തുന്ന വിവാഹാഭ്യാര്‍ത്ഥനയാണ്. അതുകൊണ്ട് അഭ്യര്‍ത്ഥന വീണ്ടും തുടരുകതന്നെ. അനസിനെ പ്രസവിച്ചയുടനെയാണ് ഭര്‍ത്താവ് മാലിക് കൊല്ലപ്പെട്ടത്. ഉമ്മുസുലൈമിന് അദ്ദേഹത്തോട് വലിയ ഇഷ്ടമായിരുന്നു. പക്ഷേ മരണത്തില്‍ വലിയ ദുഃഖമില്ലാതായി. അതിനൊരു കാരണമുണ്ട്, ഇസ്‌ലാമിന്‍റെ വെള്ളിവെളിച്ചം ജനങ്ങള്‍ക്ക് പുതുജീവിതം നല്‍കിയപ്പോള്‍ ഉമ്മുസുലൈം ഇസ്‌ലാം സ്വീകരിച്ചു. നബി(ﷺ)യെ അംഗീകരിച്ചു. ഒരു ദിവസം മാലിക് വീട്ടില്‍വന്നപ്പോള്‍ ഉമ്മുസുലൈം(رضي الله عنها) നിസ്കരിക്കുന്നു. കണ്ടമാത്രയില്‍ അദ്ദേഹം ചോദിച്ചു; ‘നിനക്കും വന്നോ ഈ രോഗം?’

   ‘രോഗമല്ല, ഞാന്‍ ഇസ്‌ലാം സ്വീകരിച്ചതാണ്‌’. ഉമ്മുസുലൈം മറുപടി പറഞ്ഞു.

   മാലികിന് അത് ഇഷ്ടമായില്ല. അയാള്‍ ഇസ്‌ലാം സ്വീകരിച്ചില്ല.

   ആദര്‍ശപ്പൊരുത്തമില്ലാത്ത ഭര്‍ത്താവിനുകീഴില്‍ ജീവിക്കുന്നതില്‍ ഉമ്മുസുലൈം(رضي الله عنها) ദുഃഖിതയായിരുന്നു. അനസ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരുദിവസം അനസിന് ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു. ഉമ്മു സുലൈമിന്‍റെ ഈ നിലപാട് മാലികിന് രസിച്ചില്ല. ‘നീ അവനെക്കൂടി നശിപ്പിക്കല്ലേ’ മാലിക് പറഞ്ഞു.

   അതിനും വിട്ടുകൊടുത്തില്ല ഉമ്മുസുലൈം(رضي الله عنها).

  “ഞാനവനെ നശിപ്പിക്കുകയല്ല, നന്നാക്കുകയാണ്”.

   ആയിടക്കാണ് മാലിക് ഏതോ ശത്രുവിന്‍റെ കരങ്ങളാല്‍ കൊല്ലപ്പെട്ടത്. മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ഉമ്മുസുലൈം(رضي الله عنها) പറഞ്ഞു; “സാരമില്ല, എന്‍റെ അനസിനെ സംരക്ഷിച്ചു ഞാന്‍ കഴിയും. അവന്‍ വളര്‍ന്നുവലുതായി എനിക്കു സമ്മതം തരുന്നതുവരെ ഞാന്‍ പുനര്‍വിവാഹം ചെയ്യില്ല”.

   അബൂത്വല്‍ഹ(رضي الله عنه) ചിന്തയില്‍ നിന്നുണര്‍ന്നു. ഒരു തീരുമാനത്തിലെത്തിയതുപോലെ ആ വീട് ലക്ഷ്യം വച്ചുനടന്നു.

     ‘ഉമ്മുസുലൈം’.

     ‘ങ്ഹും’

   ‘നിനക്കെന്നെ ഇഷ്ടമല്ലേ?’

   ‘....അതെ....  പക്ഷേ........’

     ‘എന്താണ് പ്രയാസം? നമുക്ക് വിവാഹം ചെയ്തു ജീവിച്ചുകൂടേ?’

   ‘എനിക്ക് ചില തടസ്സങ്ങളുണ്ട്. അത് നീങ്ങാതെ തരമില്ല’.

   ‘എന്താണ് തടസ്സം?’
__________________________


    മറ്റൊന്നുമല്ല. എന്‍റെ അനസ് വലുതാകട്ടെ. അവന്‍ ഒരാളായാല്‍ എനിക്ക് വിഷമമില്ല. ഞാന്‍ പുനര്‍വിവാഹം ചെയ്തു പോയാല്‍ അവനെ ആരാണ് നോക്കുക. അവന്‍ പറയില്ലേ, ഉമ്മ എന്നെ കഷ്ടത്തിലാക്കിയെന്ന്. മറിച്ചായാല്‍ എന്‍റെ ഉമ്മാക്ക് അള്ളാഹു അനുഗ്രഹം ചൊരിയട്ടേ, നല്ലനിലയില്‍ എന്നെ അവര്‍ വളര്‍ത്തിവലുതാക്കിയെന്നല്ലേ അവന്‍ പറയുക.

   ഉമ്മുസുലൈമിന്‍റെ മറുപടിക്കു മുമ്പില്‍ അബൂത്വല്‍ഹാ നിശ്ശബ്ദനായി നിന്നു. ഈ സ്ത്രീയെ തന്നെയാണ് തനിക്ക് കിട്ടേണ്ടത്. എത്ര നല്ല ചിന്ത. സൗമ്യവതി, കൂര്‍മബുദ്ധി, മനക്കരുത്ത്. എല്ലാം ഒത്തിണങ്ങിയ മഹതി. ഇവളെ കല്യാണം കഴിച്ചേ അടങ്ങൂ. കേവലരതിലീലകളോ പുരുഷസാന്നിധ്യമോ അല്ല ആ സ്ത്രീരത്നത്തെ നയിക്കുന്നത്. ഉറച്ച വിശ്വാസവും ജീവിതപ്രതീക്ഷകളുമാണ്.

   അബൂത്വല്‍ഹ നിരാശനായില്ല. അദ്ദേഹത്തിന്‍റെ പ്രേമത്തിന് മൂര്‍ച്ചകൂടി. ഊണിലും ഉറക്കിലുമെല്ലാം ഒരേ ചിന്തമാത്രം.

   വര്‍ഷങ്ങള്‍ കടന്നുപോയി, തന്‍റെ ആരാധ്യദൈവങ്ങളെയെല്ലാം ധ്യാനിച്ചുകൊണ്ടാണ് അന്ന്‍ അബൂത്വല്‍ഹ ഉമ്മുസുലൈമിന്‍റെ വീട്ടില്‍ ചെന്നത്. വീടിന്‍റെ ഉമ്മറത്തുവന്നുനില്‍ക്കുന്ന യുവാവായ അബൂത്വല്‍ഹയെ കണ്ടമാത്രയില്‍ തന്നെ ഉമ്മുസുലൈമിന് കാര്യം പിടികിട്ടി.

   ‘ഇന്ന്‍ ഏതായാലും ഇയാളെ ശരിയാക്കണം. ഉമ്മുസുലൈം തീരുമാനിച്ചു. എത്രതവണയായി വിവാഹകാര്യവുമായി ഇയാള്‍ വീട്ടുമുറ്റത്തുവരുന്നു. തന്നെ ഇത്രയും ഇഷ്ടപ്പെടാനുള്ള കാരണം എന്തായിരിക്കും? ഞാനൊരു വിശ്വാസി. അയാള്‍ അവിശ്വാസി. വീടിന്‍റെ കോലായില്‍ വന്നുനിന്ന ഉമ്മുസുലൈമിനെ കണ്ടപ്പോള്‍ ലോകം കയ്യടക്കിയ സന്തോഷം അബൂത്വല്‍ഹക്ക്.

   ‘ഉമ്മുസുലൈം!’  അദ്ദേഹം വിളിച്ചു.

  ‘ങ്ഹൂം’. ഒന്ന്‍ മൂളി ഉമ്മുസുലൈം.

   “അനസിപ്പോള്‍ വലുതായി. സഭകളിലും വേദികളിലുമൊക്കെ തിളങ്ങിത്തുടങ്ങി.....”

  വാക്കുകള്‍ പൂര്‍ത്തിയാക്കാതെ അദ്ദേഹം പറഞ്ഞുനിര്‍ത്തി.

   ‘അതുകൊണ്ട്?’

  ‘നമ്മുടെ വിവാഹത്തിന്‍റെ തിയ്യതി...?’

   ‘ശരി, ഞാന്‍ താങ്കളുടെ ഇണയാകാം. പക്ഷേ....’

  ‘എന്തു പക്ഷേ?’

    ഉമ്മുസുലൈം(رضي الله عنها) പറഞ്ഞുതുടങ്ങി: “താങ്കള്‍ കല്ലുകളെയും മരങ്ങളെയുമൊക്കെ ആരാധിക്കുന്ന അവിശ്വാസിയാണ്. ഈ മണ്ടത്തരം ചെയ്യുന്ന ആളെ ഞാനെങ്ങനെ ഭര്‍ത്താവായി സ്വീകരിക്കും. ഒരിക്കലും ഉപകാരമോ ഉപദ്രവമോ ആ കല്ലുകള്‍ ചെയ്യില്ല. നമ്മുടെ നാട്ടിലെ ഏതോ ഒരു ശില്പി രൂപകല്പന ചെയ്തുണ്ടാക്കിയതാണത്. അവയൊന്നും ദൈവങ്ങളല്ല. യഥാര്‍ത്ഥ ദൈവം ഒരുവന്‍ മാത്രം. അവനാണള്ളാഹു. ആ അള്ളാഹുവിലും അവന്‍റെ ദൂതരിലും വിശ്വാസം അര്‍പ്പിച്ചു ഒരു പുതിയ വെളിച്ചം സ്വീകരിച്ചു വരൂ അബൂത്വല്‍ഹാ......, എങ്കില്‍ നമുക്ക് ഒരുമിക്കാം. എന്‍റെ വിവാഹത്തിനായി താങ്കള്‍ വേറെ വിവാഹമൂല്യം ഒന്നും കരുതേണ്ടതില്ല. ഞാനതാഗ്രഹിക്കുന്നില്ല. എനിക്ക് ഒരേയൊരാഗ്രഹം മാത്രമേയുള്ളൂ. താങ്കള്‍ മുസ്‌ലിമാകണം. അതാണെന്‍റെ മഹര്‍”.

   എല്ലാം ചെവികൂര്‍പ്പിച്ചുകേട്ട അബൂത്വല്‍ഹ നേരിയ നിശ്വാസത്തോടെ പറഞ്ഞു: “ശരി, ഞാനാലോചിക്കട്ടെ...”

   ഉമ്മുസുലൈം(رضي الله عنها) അകത്തേക്ക് പോയി.

    അബൂത്വല്‍ഹ തിരിഞ്ഞുനടന്നു. ഇസ്‌ലാം സ്വീകരിക്കണം. മുഹമ്മദ്‌ നബിയെ (صلی اللہ علیہ وسلم) അംഗീകരിക്കണം. അള്ളാഹു ഒരുവനാണ്. ആ സന്ദേശങ്ങള്‍ ഓരോന്നും ആലോചിച്ചുകൊണ്ട് നടന്നുനീങ്ങി.

   അബൂത്വല്‍ഹയുടെ മനസ്സ് പ്രക്ഷുബ്ധമായി. അദ്ദേഹം ആലോചിച്ചു. താന്‍ മതം മാറുകയോ? എന്തിനുവേണ്ടി? ഉമ്മുസുലൈം എന്ന സ്ത്രീക്കുവേണ്ടിയോ? അതല്ല സത്യത്തിനും നീതിക്കും വേണ്ടിയോ? സ്രഷ്ടാവായ അള്ളാഹുവിന്‍റെ പരകോടി വിശ്വാസികളില്‍ ഒരു ബിന്ദുവാകുന്നതിനുവേണ്ടിയോ? പെണ്ണ്‍ കെട്ടാന്‍ വേണ്ടിയാണെങ്കില്‍ അവളെ കയ്യില്‍ക്കിട്ടിയശേഷം പഴയ വിശ്വാസത്തിലേക്ക് പോകാമല്ലോ. അതുകൊണ്ട് കാര്യമായില്ല. പെണ്ണ്‍ എന്‍റെ പുതുജീവിതത്തിന്‍റെ കാരണക്കാരി മാത്രം. ആ സ്ത്രീ ഭാഗ്യവതിയാണ്. ഞാന്‍ ഭാഗ്യവാനും. എന്‍റെ പുതുജീവിതത്തിലെ ഒരുപാട് വിജയങ്ങള്‍ക്ക് തുടര്‍ന്നും അവള്‍ കാരണക്കാരിയായേക്കും. അവളെ ഞാന്‍ വിടില്ല. വിവാഹം ചെയ്തേ അടങ്ങൂ. ഈ നിമിഷം മുതല്‍ ഞാനിതാ അള്ളാഹുവിന്‍റെ അടിമയാകുന്നു. മുഹമ്മദ്‌ നബി(ﷺ)യുടെ ശിഷ്യനാകുന്നു. വിഗ്രഹങ്ങളെ നിങ്ങള്‍ക്കു വിട. “അശ്ഹദു അന്‍ലാഇലാഹ ഇല്ലള്ളാഹ്.......”
__________________________


      വീടിന്‍റെ ഉമ്മറത്ത് ആരോ വന്നതുപോലെ ഉമ്മുസുലൈം(رضي الله عنها)ക്ക് തോന്നി. മെല്ലെ ചെന്നുനോക്കി. അബൂത്വല്‍ഹ.

   പഴയ ആളല്ല. തീര്‍ത്തും പുതിയ മനുഷ്യന്‍. അല്‍ഹംദുലില്ലാഹ്.

  അബൂത്വല്‍ഹ(رضي الله عنه) വിളിച്ചു, ‘ഉമ്മുസുലൈം’

  ‘ഓ’

  ‘ഞാന്‍ പഴയ ആളല്ല. മുസ്‌ലിമായിരിക്കുന്നു’.

    ‘എങ്കില്‍ നമുക്ക് വിവാഹിതരാകാം. എനിക്ക് മഹര്‍ വേണ്ട. താങ്കളുടെ ഇസ്‌ലാം മഹറായി സ്വീകരിച്ചു കഴിഞ്ഞു’.

   അങ്ങനെ ആ വിവാഹം നടന്നു.

    അനസിന്‍റെ (رضي الله عنه) വീട്ടില്‍ ഒരുപ്പ കടന്നുവന്നു. ഉപ്പ ആരാണെന്ന് ഓര്‍മ്മയില്ലാത്ത അനസ്(رضي الله عنه)വിന് അദ്ദേഹം ഉപ്പ തന്നെ. ഉപ്പയും ഉമ്മയും സസുഖം കഴിയുന്നു. ആ ജീവിതത്തിലെ പല സംഭവങ്ങള്‍ക്കും സാക്ഷിയായി അനസ് വളര്‍ന്നു വന്നു. (رضي الله عنه).

   ഒരു ദിവസം അനസിനെ (رضي الله عنه) കൂട്ടി ഉമ്മ നബി(ﷺ)യുടെ സന്നിധിയിലെത്തി.

    ബാപ്പ മരിച്ചുപോയ ബാലനാണിവന്‍. തങ്ങള്‍ക്കാവശ്യമായ ഖിദ്മത്തുകള്‍ ഇവനെക്കൊണ്ട് ചെയ്യിപ്പിക്കണം. ഇവന്‍ ഇവിടെ നിന്നോട്ടെ.

   ഉമ്മുസുലൈം(رضي الله عنها) തിരിച്ചുപൊന്നു.

      അന്നുമുതല്‍ അനസ്(رضي الله عنه) നബി(ﷺ)യുടെ പരിചാരകനായി. ആവശ്യമായ എല്ലാസേവനങ്ങളും ചെയ്തുകൊടുക്കുന്ന അനുസരണയുള്ള കുട്ടി. ഊണിലും ഉറക്കിലും നാട്ടിലും മറുനാട്ടിലും സന്തോഷത്തിലും സന്താപത്തിലും നബി(ﷺ)യുടെ ഇഷ്ടത്തിനും പൊരുത്തത്തിനും ഒത്ത് അവന്‍ നിന്നു. പാതിരാത്രിയില്‍ നിസ്കരിക്കാന്‍ വെള്ളം എത്തിച്ചുകൊടുത്തു. ഒരു പതിറ്റാണ്ട് വര്‍ഷം അനസ്(رضي الله عنه) നബി(ﷺ)ക്ക് ഖിദ്മത്ത് ചെയ്തു. നബി(ﷺ)യുടെ സര്‍വ്വചലനങ്ങളും അദ്ദേഹം ഒപ്പിയെടുത്തു.

    അതിനിടെ പലപ്പോഴും ഉമ്മയെ കാണാന്‍ അനസ് വീട്ടില്‍ വരുമായിരുന്നു. മകന്‍ അച്ചടക്കത്തോടെ നബി(ﷺ)യുടെ ഉത്തമശിഷ്യനായി വളരുന്നത് കണ്ട് ഉമ്മ അത്യധികം സന്തോഷിച്ചു. ഉമ്മാക്ക് മാത്രമല്ല രണ്ടാനുപ്പ അബൂത്വല്‍ഹക്കും അവനെ വലിയ ഇഷ്ടമാണ്. അനസിന് വേണ്ടതൊക്കെ അവര്‍ വാങ്ങിക്കൊടുത്തു. ചിലപ്പോള്‍ അവന്‍ വീട്ടിലേക്ക് വരുമ്പോള്‍ നബി(ﷺ)യെയും കൂട്ടിവരുമായിരുന്നു.

    ഒരിക്കല്‍ നബി(ﷺ) വന്നപ്പോള്‍ ഉമ്മുസുലൈം(رضي الله عنها) എന്തോ പലഹാരം ഉണ്ടാക്കിക്കൊടുത്തു. നബി(ﷺ) അത് കഴിച്ചു. മറ്റൊരു ദിവസം നബി(ﷺ) വീട്ടില്‍ വന്നു. അല്‍പനേരം കിടന്നു. ഉച്ചനേരമായിരുന്നു. നബി(ﷺ) ഉറങ്ങിപ്പോയി. അപ്പോള്‍ തിരുശരീരം വിയര്‍ത്തൊലിച്ചു. ഇതുകണ്ട ഉമ്മുസുലൈം(رضي الله عنها) ഓടിച്ചെന്ന്‍ ആ വിയര്‍പ്പുകണങ്ങള്‍ വടിച്ചെടുത്ത് ഒരു കുപ്പിയിലാക്കി.

   നബി(ﷺ) ചോദിച്ചു: ‘എന്തിനാ ഇത് ഉമ്മുസുലൈം?’

  ‘ഞാനിത് ബറക്കത്തിന് വേണ്ടി എടുത്തതാണ്’. ഉമ്മുസുലൈം(رضي الله عنها) മറുപടി പറഞ്ഞു.

    നബി(ﷺ) വരുന്ന ദിവസങ്ങളില്‍ വീട്ടില്‍ വലിയ സന്തോഷമായിരുന്നു. ഒരു ആഘോഷം കണക്കെ അവര്‍ നബി(ﷺ)യെ സ്വീകരിച്ചു. ഒരുദിവസം വന്നപ്പോള്‍ കാരക്കയും നെയ്യും കൊണ്ടുവന്നു വെച്ച് നബി(ﷺ)യെ സല്‍ക്കരിച്ചു. നബി(ﷺ) അത് കഴിച്ചില്ല.

   ‘എനിക്കുവേണ്ട, അതൊക്കെ അവിടെ കൊണ്ടുപോയി വെച്ചോളൂ. ഞാന്‍ നോമ്പ് നോറ്റിട്ടുണ്ട്. നബി(ﷺ) പറഞ്ഞു.

    ശേഷം നബി(ﷺ) എഴുന്നേറ്റു വീടിന്‍റെ ഒരു മൂലയില്‍ ചെന്നു സുന്നത്ത് നിസ്കരിച്ചു. വീട്ടുകാര്‍ക്കും ഉമ്മുസുലൈം(رضي الله عنها)ക്കും വേണ്ടി പ്രത്യേകം ദുആ ചെയ്തു. അപ്പോള്‍ ഉമ്മുസുലൈം(رضي الله عنها) പറഞ്ഞു: ‘എനിക്കൊരു സാധുകുട്ടിയുണ്ട്, ഒന്നുമില്ലാത്തവനാണവന്‍. അവനുവേണ്ടി ദുആ ചെയ്താലും’.

   അതാരാണെന്ന് നബി(ﷺ) ചോദിച്ചു.

   ‘താങ്കളുടെ ഖാദിം അനസ് തന്നെ’.

   അപ്പോള്‍ നബി(ﷺ) അനസിനുവേണ്ടി ദുആ ചെയ്തു.

    “അള്ളാഹുവേ, അവന് ധനവും സന്താനങ്ങളും നല്‍കി ബറകത് ചെയ്യണമോ”.

    അനസ്(رضي الله عنه) പറയുന്നു: ‘നബി(ﷺ)യുടെ ആ പ്രാര്‍ത്ഥന ഫലിച്ചു. അന്‍സാരികളില്‍ വലിയ ധനവാന്‍ ഞാനായി. അതില്‍ നല്ല ഐശ്വര്യവുമുണ്ടായി. ഒരുപാട് കുഞ്ഞുങ്ങളും ജനിച്ചു.
__________________________
       

       ഉമ്മായുടെ ധൈര്യംകണ്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഉമ്മായുടെ മുഖത്ത് വലിയ സന്തോഷം കണ്ടു. എനിക്ക് കാര്യം പിടികിട്ടിയില്ല. ഉമ്മായുടെ വയര്‍ വീര്‍ത്തിട്ടുണ്ടായിരുന്നു. ഉമ്മ പറഞ്ഞു: “മോനേ, നിനക്ക് ഒരു അനുജന്‍ ജനിക്കാന്‍ പോകുന്നു”.

   എനിക്ക് വലിയ സന്തോഷമായി. ഹോ, കളിക്കാനും ചിരിക്കാനും ഒരു കൂട്ടുകാരന്‍ ഉണ്ടാകുമല്ലോ. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഉമ്മ പ്രസവിച്ചു. അബൂത്വല്‍ഹ(رضي الله عنه) അവന് അബൂഉമൈര്‍ എന്ന്‍ ഓമനപ്പേരിട്ടു. അബൂത്വല്‍ഹ(رضي الله عنه) അവന് പല കളിപ്പാട്ടങ്ങളും വാങ്ങിക്കൊടുത്തിരുന്നു. ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു അവനെ. ഒരു ദിവസം അവന് സുഖമില്ലാതായി. അബൂത്വല്‍ഹ(رضي الله عنه) അന്ന്‍ തോട്ടത്തിലോ മറ്റോ പോയതായിരുന്നു. രോഗം മൂര്‍ച്ഛിച്ചു. എനിക്കു വലിയ സങ്കടമായി. ഉമ്മ അവനെ തുണികൊണ്ട് മൂടി. റൂമില്‍ ഒരിടത്ത് കിടത്തി. അവന്‍ മിണ്ടുന്നില്ല. ശ്വാസം വലിക്കുന്നില്ല.

   ‘ഉമ്മാ, അബൂഉമൈര്‍ എന്താ ഒന്നും മിണ്ടാത്തത്?’

  ‘അവന്‍ ഉറങ്ങുകയാണ് മോനേ, ബാപ്പ വരുമ്പോള്‍ നീ അവനെപ്പറ്റി ഒന്നും പറയരുത് കേട്ടോ’.

   ശരി ഞാന്‍ ഒന്നും പറയില്ല.

    അബൂത്വല്‍ഹയുടെ (رضي الله عنه) ആദ്യത്തെ കണ്‍മണിയായിരുന്നു അവന്‍. നബി(ﷺ)  വരുമ്പോഴൊക്കെ അവനെ കളിപ്പിക്കാറുണ്ടായിരുന്നു. അവന് വല്ല വിഷമവും പറ്റിയെന്ന് അറിഞ്ഞാല്‍ അവന്‍റെ ഉപ്പ അത് സഹിക്കില്ല. പക്ഷേ എന്‍റെ കുഞ്ഞനുജന്‍ ഉറങ്ങുകയാണ്. അവസാനത്തെ ഉറക്കം, ഒരിക്കലും ഉണരാത്ത ഉറക്കം. ഉമ്മായുടെ ഒരു ധൈര്യം കണ്ടോ? അവന്‍ മരിച്ചതാണ്. പക്ഷേ, ഉമ്മ അതിന്‍റെ പേരില്‍ വിലപിക്കുന്നില്ല. അവന്‍റെ മയ്യിത്ത് കുളിപ്പിച്ചു, ചെവിയിലും നാസികാദ്വാരങ്ങളിലും പഞ്ഞിവെച്ച് കഫന്‍ ചെയ്ത് പുതച്ചുമൂടി കിടത്തിയിരിക്കുകയാണ്.

   രാത്രി വളരെ വൈകിയാണ് അബൂത്വല്‍ഹ(رضي الله عنه) വന്നത്. വന്നപാടേ ഉമ്മുസുലൈം(رضي الله عنها) ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അബൂത്വല്‍ഹ(رضي الله عنه) കുട്ടിയെ അന്വേഷിച്ചു.

   അബൂ ഉമൈര്‍ എവിടെ?

  നിങ്ങള്‍ ഭക്ഷണം കഴിക്കൂ. അവന്‍ ഇവിടെ കിടപ്പുണ്ട്.

    അദ്ദേഹം പിന്നെ ഒന്നും മിണ്ടിയില്ല. രണ്ടുപേരും ശയനമുറിയിലേക്ക് നീങ്ങി. ഇരുവരും ഒരുമിച്ചുകിടന്നു. ശാരീരികബന്ധം പുലര്‍ത്തി. വിശ്രമിച്ചു കിടക്കുമ്പോള്‍ ഉമ്മുസുലൈം(رضي الله عنها) തലയിണമന്ത്രം തുടങ്ങി:

  ‘അബൂത്വല്‍ഹാ’

    ‘ങ്ഹൂം’

  ‘ഞാനൊരു കാര്യം ചോദിക്കട്ടെ’.

    ‘ചോദിച്ചോളൂ’.

  ‘നാം ഒരു വീട്ടുകാരനോട് വല്ല സാധനവും വായ്പവാങ്ങിയാല്‍ അവര്‍ തിരിച്ചു ചോദിക്കുമ്പോള്‍ കൊടുക്കണ്ടേ?’

    ‘തീര്‍ച്ചയായും. അത് മടക്കികൊടുക്കണം’.

  എങ്കില്‍ താങ്കള്‍ ക്ഷമിക്കണം. അള്ളാഹു നമ്മെ ഏല്‍പിച്ച സമ്പത്തായിരുന്നു നമ്മുടെ മകന്‍ അബൂഉമൈര്‍. അവനെ അള്ളാഹു തിരിച്ചു വിളിച്ചിട്ടുണ്ട്.

   ഇന്നാലില്ലാഹി.........

    അബൂത്വല്‍ഹ(رضي الله عنه)വിന് പരിഭ്രാന്തിയായി. അദ്ദേഹം ഒരുവിധം നേരം വെളുപ്പിച്ചു. കുളിച്ചുശുദ്ധിയാകുവാന്‍ പോലും കാത്തുനില്‍ക്കാതെ നബി(ﷺ)യുടെ ചാരത്തേക്കോടി. നടന്ന സംഭവങ്ങളൊക്കെ നബി(ﷺ)യോട് വിവരിച്ചു. നബി(ﷺ) ഉമ്മുസുലൈമിന്‍റെ (رضي الله عنها) ധൈര്യത്തെ പ്രശംസിച്ചു. അവിടെനിന്ന്‍ പ്രാര്‍ത്ഥിച്ചു:

  ‘നിങ്ങള്‍ രണ്ടുപേരും ഈ രാത്രിയില്‍ ബന്ധപ്പെട്ടതില്‍ ബറകത് ചെയ്യട്ടെ’.

    ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ഉമ്മായുടെ വയര്‍ കൂടുതല്‍ കൂടുതല്‍ വീര്‍ത്തുവന്നു. അനസിന് സമാധാനമായി. ഇനിയും ഉമ്മ പ്രസവിക്കുമല്ലോ. കുറച്ചുനാളുകള്‍ക്കുശേഷം ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടു. രാത്രിയാണ് ഉമ്മ പ്രസവിച്ചത്. നേരം വെളുത്തപ്പോള്‍ അവനെ എന്‍റെ കയ്യില്‍ തന്നിട്ടുപറഞ്ഞു: “എടാ അനസേ, നീ ഇവനെ നബി(ﷺ)യുടെ സന്നിധിയില്‍ കൊണ്ടുപോയി മധുരം നല്‍കാന്‍ അപേക്ഷിക്കണം. ഞാന്‍ കൊണ്ടുപോയി. നബി(ﷺ) കാരക്ക ചവച്ചു വായില്‍വെച്ചു കൊടുത്തു. കുഞ്ഞ് അത് നുണഞ്ഞു. അബ്ദുള്ള എന്ന പേര് വിളിച്ചു.

   അബ്ദുള്ള വലുതായി, വിവാഹം ചെയ്തു, സന്താനങ്ങളുണ്ടായി. അവരെല്ലാം ഖുര്‍ആന്‍ മനഃപാഠമാക്കിയവരായി. നബി(ﷺ)യുടെ ആ പ്രാര്‍ത്ഥന ഫലിച്ചു. അതിനൊക്കെ കാരണക്കാരി യഥാര്‍ത്ഥത്തില്‍ ഉമ്മുസുലൈം(رضي الله عنها) തന്നെ. ഉമ്മയുടെ തന്ത്രങ്ങള്‍ മാത്രം. അബൂത്വല്‍ഹ (رضي الله عنه)വിന്‍റെ ഭാഗ്യം. അനസിന്‍റെ ഉമ്മയുടെയും......
******************

Comments