ഫാത്വിമയുടെ ആലോചന


         ഫാത്വിമബിന്‍ത് ഖൈസ് കതകുതുറന്നു പുറത്തുവന്നു. അപരിചിതനായ ഒരാള്‍ വരാന്തയില്‍നിന്നു കുറച്ചുനേരമായി വിളിക്കുന്നു. മറവില്‍ ഒളിഞ്ഞുനിന്ന്‍ തലയിലും മുഖത്തും വസ്ത്രം നേരെയാക്കിയിട്ട് ഒളിഞ്ഞുനോക്കി. ആഗതന്‍ എന്തോ കാര്യമായി വന്നമാതിരിയുണ്ട്. റബീഅതിന്‍റെ മകന്‍ അയ്യാശാണ്. അദ്ദേഹം എന്തിനാണിപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്? തനിക്ക് അയാളുമായി ഒരു ബന്ധവുമില്ല. ഭര്‍ത്താവ് അബൂഅംറ് പോയിട്ട് ദിവസങ്ങള്‍ ഏറെയായി. വല്ല വിവരവുമായി വന്നതായിരിക്കുമോ? റബ്ബേ, അദ്ദേഹത്തിന് ഒന്നും സംഭവിക്കാതെ വീട്ടില്‍ തിരിച്ചെത്തിയാല്‍ മതിയായിരുന്നു. യുദ്ധമുഖത്തേക്ക് പോകുന്ന സൈനികന്‍ തിരിച്ചുവന്നാല്‍ കാണാം. അത്രതന്നെ. ഭാവിജീവിതത്തിന് യാതൊരു ഗ്യാരണ്ടിയുമില്ല. ജീവിതത്തിന്‍റെ സര്‍വ്വ തുണയും അദ്ദേഹം മാത്രമാണ്. ഇണങ്ങിയും പിണങ്ങിയുമാണ് ജീവിതമെങ്കിലും എന്‍റെ മനഃകൂട്ടിലെ കിളി അദ്ദേഹം ഒരാള്‍ മാത്രം. ആ കിളി പറന്നുപോകാഞ്ഞാല്‍ മതിയായിരുന്നു. ഫാത്വിമയുടെ മനസ്സ് എവിടെയൊക്കെയോ എത്തി.

·         ‘നിങ്ങള്‍ ആരാണ്?’
·         “ഞാന്‍ അയ്യാശുബ്ന്‍ റബീഅത്താണ്”.
·         ‘വന്നകാര്യം?’
·         “നിങ്ങളുടെ ഭര്‍ത്താവ് അബൂഅംറ് പറഞ്ഞയച്ച ദൂതനാണ്‌. അദ്ദേഹത്തിന്‍റെ വക്കീല്‍”.

ഫാത്വിമ ഒന്നുനടുങ്ങി, ആഗതന്‍റെ കൈവശം എന്തോ ഒരുപൊതിയുണ്ട്. വല്ല വസ്ത്രമോ ഭക്ഷണസാധനങ്ങളോ മറ്റോ ആയിരിക്കും. അത് തരാന്‍ വന്നതാകുമോ? അതല്ല കുടുംബകാര്യം വല്ലതും ചെയ്യാന്‍ ഏല്‍പിച്ചയച്ചതാകുമോ?

     വരാന്തയില്‍ നില്‍ക്കുന്ന അയാളെ ഫാത്വിമ ഇടക്കിടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

    ‘ഇതാ ഇത് പിടിക്കൂ’. കയ്യിലുള്ള പൊതി ഫാത്വിമയുടെ നേരെ വെച്ചുനീട്ടി’.

    ഫാത്വിമ അത് വാങ്ങി. ‘ഇത് അദ്ദേഹം തന്നയച്ചതാണോ?’ പുഞ്ചിരിയോടെ ഫാത്വിമ ചോദിച്ചു.

   ‘അതെ’. അയ്യാശ് മറുപടി പറഞ്ഞു.

   ഫാത്വിമ ആ പൊതിയഴിച്ചുനോക്കി. റൊട്ടി ചുടാനുള്ള ധാന്യമായിരുന്നു അത്.

    ‘പിന്നെ എന്തൊക്കെയാണ് അദ്ദേഹത്തിന്‍റെ വിശേഷങ്ങള്‍?’

ആഗതന്‍റെ മറുപടി: ‘വിശേഷമുണ്ട്, ഈ തന്നപൊതി നിങ്ങള്‍ക്കുള്ള വിവാഹമോചനസമ്മാനമാണ്’.

ഫാത്വിമ ഞെട്ടിത്തരിച്ചു....

    ‘എന്താണീ പറയുന്നത്?’

   ‘അതെ, നിങ്ങളുടെ ഭര്‍ത്താവ് അബൂഅംറ് നിങ്ങളെ മൂന്ന്‍ ത്വലാഖും ചൊല്ലിപ്പിരിച്ചിരിക്കുന്നു’.

വക്കീലായി വന്ന അയ്യാശ് തന്‍റെ ബാധ്യത നിറവേറ്റി. മൊഴിചൊല്ലുന്നതിന്‍റെ വചനങ്ങള്‍ പറഞ്ഞൊപ്പിച്ചു.

    ഫാത്വിമ ദേഷ്യംകൊണ്ട്‌ വിറച്ചു. കൈകാലുകള്‍ വിറക്കുന്നതുപോലെ. ആകാശവും ഭൂമിയും കറങ്ങുന്നതുപോലെ. തന്‍റെ കണ്ണുകളില്‍ ഇരുള്‍മുറ്റുന്നതുപോലെ തോന്നി. പ്രസന്നമായ അവരുടെ മുഖം വാടി. എന്ത് പ്രതികരിക്കണമെന്നറിയാതെ ഒന്നു ശങ്കിച്ചുനിന്നു.......
__________________________


     എവിടെ എന്‍റെ അവകാശങ്ങള്‍? ഫാത്വിമ രോഷത്തോടെ ചോദിച്ചു.

    മൊഴി ചോല്ലപ്പെട്ടെങ്കിലും അവര്‍ വിധിയോട് പൊരുത്തപ്പെടാന്‍ ശ്രമിച്ചു. ഒരു യഥാര്‍ത്ഥ ഇസ്‌ലാമികസമൂഹത്തില്‍ ഒരു വിധവക്ക് ഒരാളല്ലെങ്കില്‍ വേറെയൊരാളെ ഭര്‍ത്താവായി കിട്ടും. വിവാഹമോചിതയാണെന്ന് കരുതി വിവാഹത്തിന് വൈമനസ്യം കാണിക്കുന്ന പുരുഷന്മാരല്ല തന്‍റെ ചുറ്റുമുള്ളത്. വിധവകളെയും വിവാഹമോചിതകളെയും വിവാഹം ചെയ്ത് മാതൃക കാട്ടിയ നബിതിരുമേനി(ﷺ)യുടെയും ശിഷ്യന്മാരുടെയും സമൂഹമാണ് മുമ്പിലുള്ളത്. പുനര്‍വിവാഹം ഒരു വിഷയമല്ല.

     ഫാത്വിമ ദേഷ്യംകൊണ്ട് വിറക്കുന്നത് ആഗതന്‍ ശ്രദ്ധിച്ചു. ഫാത്വിമ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

·         “എവിടെ എന്‍റെ അവകാശങ്ങള്‍?”

മൊഴി ചൊല്ലിയ ഈ സമയം മുതല്‍ എന്‍റെ ജീവിതം ആരുടെ കയ്യിലാണ്. ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്നിറങ്ങണമല്ലോ. ദീക്ഷാകാലം കഴിയുന്നതുവരെ ചെലവിന് ലഭിക്കണമല്ലോ. എന്നൊക്കെയാണ് ഫാത്വിമയുടെ മനസ്സ് പറയുന്നത്. പക്ഷേ, ആഗതന്‍റെ മറുപടി നേരെ വിപരീതമായിരുന്നു.

“പടച്ചവനാണേ, ഞങ്ങള്‍ വേറെയൊന്നും തരാന്‍ ബാധ്യസ്ഥരല്ല. നിനക്കൊരവകാശവും ഞങ്ങളിലില്ല”.

     ഫാത്വിമയുടെ രോഷം കത്തിപ്പടര്‍ന്നു. ഭര്‍ത്താവിന്‍റെ കുടുംബക്കാരോട് ആവശ്യം പറഞ്ഞ് കത്തിക്കയറി. അവരും ആഗതന്‍റെ മറുപടിതന്നെ ആവര്‍ത്തിച്ചു. ഫാത്വിമ ആകെ വിഷമവൃത്തത്തിലായി. തന്‍റെ സങ്കടം ആരോട് പറയാന്‍? ഭര്‍ത്താവും കുടുംബവും തന്നെ കൈവെടിഞ്ഞിരിക്കുന്നു. മതാഅ് ആയി ലഭിച്ച ധാന്യം കൊണ്ട് താനെങ്ങനെ ജീവിക്കും? ജീവിതത്തിന് മറ്റൊരു ഇണയെ ലഭിക്കുന്നതുവരെ താനെവിടെ താമസിക്കും? തന്‍റെ ചെലവിന് വക ആരുതരും? ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ക്ക് തനിക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. ആ കാര്യത്തിലുള്ള മതവിധി തനിക്കറിയില്ല. ഏതായാലും നബിതിരുമേനി(ﷺ)യുടെ സന്നിധിയില്‍ ചെന്ന്‍ സങ്കടം പറയുകതന്നെ. ഫാത്വിമ നബി(ﷺ)യുടെ മുന്നിലെത്തി.

      ഈര്‍ഷ്യതയും സങ്കടവും നിറഞ്ഞ അവരുടെ മനസ്സ് നബി(ﷺ) തിരിച്ചറിഞ്ഞു. തനിക്ക് താമസിക്കാനിടവും ചെലവിനും ലഭിക്കണമെന്നാണ് ആവശ്യം. തികഞ്ഞ സൗമ്യതയോടെ നബിതിരുമേനി(ﷺ) ഫാത്വിമയെ കാര്യങ്ങള്‍ പഠിപ്പിച്ചു: “ഫാത്വിമാ, മൂന്നുമൊഴിയും ചൊല്ലപ്പെട്ട സ്ത്രീക്ക് ചെലവിന് നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനല്ല. എന്നാല്‍ താമസസൗകര്യം അയാള്‍ നല്‍കേണ്ടതാണ്. അത് ഞാന്‍ നിനക്ക് സൗകര്യപ്പെടുത്താം. നീ ഉമ്മുശരീക്ക് എന്ന സഹോദരിയുടെ വീട്ടില്‍ പോയി താമസിച്ചു കൊള്ളുക”.

     മടക്കിയെടുക്കാവുന്ന ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്കാണ് ഭര്‍ത്താവ് വീടും ചെലവും നല്‍കേണ്ടത് എന്ന പുതിയ പാഠം ഫാത്വിമ പഠിച്ചു. നബി(ﷺ)യുടേത് സുപ്രീംകോര്‍ട്ടാണല്ലോ. വിവാഹമോചിതയായ താന്‍ മുന്‍ഭര്‍ത്താവില്‍നിന്ന്‍ ചെലവിന് കിട്ടണമെന്ന ധാരണപിശകില്‍ ഭര്‍തൃബന്ധുക്കളോട് കത്തിക്കയറിയത് വിവരക്കേടായിരുന്നുവെന്ന്‍ ഫാത്വിമ മനസ്സിലാക്കി.

വിഷണ്ണയായി നബിസന്നിധിയില്‍ നില്‍ക്കുകയാണ് ഫാത്വിമ.
നബി(ﷺ) അവരെ വീണ്ടും വിളിച്ചു:
ഫാത്വിമ വിളികേട്ടു: ‘എന്താറസൂലേ?’
‘അല്ലെങ്കില്‍ നീ ഉമ്മുശരീക്കിന്‍റെ വീട്ടില്‍ താമസിക്കണ്ട’.
‘അതെന്താ തിരുദൂതരേ’.

    “ഉമ്മുശരീക്കിന്‍റെ വസതിയില്‍ മുഹാജിറുകളായ പലസ്വഹാബിമാരും വരാറുണ്ട്. അവരൊക്കെ നിന്നെ കാണാനിടവരും. ചിലപ്പോള്‍ നീയും അവരെ ശ്രദ്ധിച്ചേക്കും. അതിനാല്‍ നീ അന്ധനായ അബ്ദുള്ളയുടെ വീട്ടില്‍ പോയി താമസിക്കുക. അദ്ദേഹത്തിന് കാഴ്ചശക്തിയില്ലാത്തതിനാല്‍ നിന്നെ അദ്ദേഹം കാണില്ല. പിന്നെ നീ അങ്ങോട്ട് നോക്കാതെ മറയിട്ട് ജീവിച്ചാല്‍ മതിയല്ലോ. മറ്റു സന്ദര്‍ശകരും അവിടെ വരാറില്ല”.

    ഫാത്വിമ സന്തോഷത്തോടെ മടങ്ങിപ്പോന്നു.........
__________________________


      ഫാത്വിമ തിരുനബി(ﷺ)യുടെ നിര്‍ദ്ദേശപ്രകാരം അബ്ദുള്ളാഹിബ്നു ഉമ്മുമക്തൂമിന്‍റെ വീട്ടില്‍ചെന്ന്‍ താമസമാക്കി.

    “ഇദ്ദ കഴിയുന്നതുവരെ ഈ വീട്ടില്‍ താമസിക്കണം. ആഡംബരങ്ങളോ ചമയങ്ങളോ ഇല്ലാതെ, പുറത്തെവിടെയും പോകാതെ, പുനര്‍വിവാഹിതയാകാതെ കഴിയണം. മാസമുറ പതിവുള്ള വിവാഹമോചിത മൂന്ന്‍ ആര്‍ത്തവശുദ്ധിവരുന്ന കാലയളവാണ് ദീക്ഷിച്ചിരിക്കേണ്ടത്. മാസമുറ തീരെ ഉണ്ടാകാത്തവളോ ഉണ്ടായി പൂര്‍ണമായും നിലച്ചവളോ ആണെങ്കില്‍ മൂന്നു മാസമാണ് ദീക്ഷാകാലാവധി.

       മാസങ്ങള്‍ കഴിഞ്ഞു. ഫാത്വിമയുടെ നാളുകള്‍ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്നു. ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വിടാതെ ദിനരാത്രങ്ങള്‍ കഴിക്കുന്നു. ഖൈസിന്‍റെ പുത്രി മൊഴിചൊല്ലപ്പെട്ടതും ഇബ്നു ഉമ്മിമക്തൂമിന്‍റെ വസതിയില്‍ ഇദ്ദയിരിക്കുന്നതും ജനങ്ങളറിഞ്ഞുതുടങ്ങി. ഇദ്ദയിരിക്കുമ്പോള്‍ പുനര്‍വിവാഹാലോചന പാടില്ലാത്തതുകൊണ്ട് അങ്ങോട്ടാര്‍ക്കും അടുക്കാന്‍ ധൈര്യമില്ല. പലര്‍ക്കും ഫാത്വിമയെ കല്യാണം കഴിക്കണമെന്നുണ്ട്. വ്യക്തമായ അഭ്യര്‍ത്ഥനയുമായി ഫത്വിമയെ സമീപിക്കാന്‍ നിര്‍വാഹമില്ലല്ലോ. അബൂജഹ്മിനു ഒരു പൂതി, ഫാത്വിമയെ വിവാഹം ചെയ്യണമെന്ന്. അപ്രകാരം തന്നെ മുആവിയബിന്‍ അബീസുഫ്യാനും. പെണ്ണിന്‍റെ ഇഷ്ടം കിട്ടിയാലല്ലേ തുടര്‍നടപടികള്‍ ചെയ്യാനൊക്കുകയുള്ളൂ. പുനര്‍വിവാഹമായതുകൊണ്ട് പെണ്ണിന്‍റെ സമ്മതവും ഇഷ്ടവും അനിവാര്യമാണ്. ഏതായാലും വ്യംഗ്യഭാഷയില്‍ അവരുടെ ആഗ്രഹം ഫാത്വിമയുടെ മുമ്പില്‍ പ്രകടിപ്പിച്ചു.

     ഫാത്വിമ അവരോട് ഒന്നും പ്രതികരിച്ചില്ല.

   ഇരുവരുടെയും ആഗ്രഹം മനസ്സില്‍ സൂക്ഷിച്ചു. ഫാത്വിമയും തഥൈവ. പുരുഷന്മാരുടെ ആവശ്യങ്ങള്‍ക്കും ഇംഗിതത്തിനും ആലോചനയില്ലാതെ പെണ്ണൊരുത്തി സമ്മതം മൂളാന്‍ പാടില്ല. ഉത്തരവാദപ്പെട്ടവരോടന്വേഷിക്കാതെ ഒരുകാര്യത്തിനും സമ്മതിക്കില്ലെന്നു ഫാത്വിമ പ്രതിജ്ഞയെടുത്തു. ഭാവിഭാഗധേയം നിര്‍ണയിക്കുന്നവന്‍ അള്ളാഹുവാണ്. ആരെ ഭര്‍ത്താവായി സ്വീകരിക്കുന്നതിലാണ് രക്ഷയെന്ന്‍ അവനേ അറിയൂ. അതിനാല്‍ നന്മവിധിക്കാനും ഉപദേശിക്കാനും അര്‍ഹരായ സ്വാലിഹുകള്‍ നിര്‍ദ്ദേശിക്കുന്നത് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. പ്രേമവും കാമവും പ്രകടിപ്പിക്കുന്നവരുടെ മുന്നില്‍ ആടാനും മയങ്ങാനും സമ്മതം മൂളാനും പെണ്ണിനുപാടില്ല. അബൂജഹ്മ്, മുആവിയ ഇവരില്‍ ആരാണ് ഉത്തമനെന്ന്‍ എനിക്കറിയില്ല. നബി(ﷺ)യെ സമീപിക്കാം. അവിടുന്ന്‍ തീരുമാനിക്കട്ടെ.

   വീണ്ടും ഫാത്വിമ ബിന്‍ത് ഖൈസിനെ കണ്ടപ്പോള്‍ നബി(ﷺ) ചോദിച്ചു:

·         “ഫാത്വിമ നിന്‍റെ ഇദ്ദകഴിഞ്ഞോ?”
·         ‘ഉവ്വ് റസൂലേ’.
·         “പിന്നെയെന്താ പുതിയ വിശേഷം?”
·         ‘എനിക്കിപ്പോള്‍ ചില വിവാഹാലോചനകള്‍ വന്നിട്ടുണ്ട്’.
·         “ആരാണത്?”
·         ‘ഒന്ന്‍ അബൂജഹ്മ്, രണ്ട് മുആവിയ’.
സദസ്സില്‍ അല്പനേരത്തേക്ക് മൗനം. മൗനം ഭഞ്ജിച്ചുകൊണ്ട് നബി(ﷺ)  പറഞ്ഞു: “മുആവിയ ദരിദ്രനാണ്. അബൂജഹ്മ് അദ്ദേഹത്തിന്‍റെ ദണ്ഡ് പിരടിയില്‍നിന്നിറക്കി താഴെവെക്കാത്തയാളാണ്.

  രണ്ടുപേരെപ്പറ്റിയുമുള്ള അഭിപ്രായം കേട്ട ഫാത്വിമക്ക് മനംമടുത്തു. ഒരാള്‍ ദരിദ്രന്‍. പട്ടിണികിടക്കാനാവില്ല. മറ്റേയാള്‍ ദണ്ഡനമുറയുള്ളയാള്‍. ഹോ!! അടികൊള്ളാന്‍ എന്നെക്കൊണ്ടാവില്ല. ഇനി എന്തുവേണമെന്നാലോചിച്ചു നില്‍ക്കുന്നതിനിടയില്‍ നബിതിരുമേനി(ﷺ) തുടര്‍ന്നു: “നീ ഉസാമതുബിന്‍ സൈദിനെ കല്യാണം കഴിച്ചോളൂ ഫാത്വിമാ”.

    ‘ഉസാമയോ...... അതുവേണ്ട’.

   ഫാത്വിമയുടെ മനസ്സില്‍ അദ്ദേഹത്തിന്‍റെ കറുത്ത രൂപം ഇഷ്ടമായില്ല. നാണംകുണുങ്ങി തലകീഴ്പ്പോട്ടിട്ട് തള്ളവിരല്‍ കൊണ്ട് എന്തോ വരക്കുന്ന മാതിരിനില്‍ക്കുന്ന ഫാത്വിമ.

    നബി(ﷺ) വീണ്ടുംതുടര്‍ന്നു: “നീ ഉസാമയെ സ്വീകരിച്ചോ”.

   സ്വീകരിക്കാന്‍ ഇഷ്ടമില്ലാതെ വീണ്ടും മൗനിയായി ഫാത്വിമ നിന്നു.

   “നീ ഉസാമയെ.....” നബി(ﷺ) വീണ്ടും ആവര്‍ത്തിച്ചു.

   ഫാത്വിമ പെട്ടെന്ന്‍ പ്രതികരിച്ചു. ‘അതെ നബിയേ ഞാനംഗീകരിച്ചു’.

   നബി(ﷺ) മൂന്നുതവണ ആവര്‍ത്തിച്ചു നിര്‍ദ്ദേശിച്ച ഒരുകാര്യത്തില്‍ തനിക്ക് ജീവിതരക്ഷ സുനിശ്ചിതമാണെന്ന് ഫാത്വിമ ഉറപ്പിച്ചു.

   ഫാത്വിമ മടങ്ങി. വിവാഹം നടന്നു. മധുവിധു കഴിഞ്ഞു. സൗഭാഗ്യം തെളിഞ്ഞു. മോഹങ്ങള്‍ വിടര്‍ന്നു. സന്തോഷം പൂത്തുലഞ്ഞു.

“ഉസാമയെ കിട്ടിയില്ലായിരുന്നെങ്കില്‍ ഞാന്‍ തുലഞ്ഞതുതന്നെ. എന്‍റെ എല്ലാമെല്ലാമായ ഉസാമ”.
═════════════

Comments