നിസ്‌ക്കാരം മഹത്വവും പ്രതിഫലവും


     
        നിസ്‌കാരം ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന സ്തൂപവും ഇബാദത്തിന്റെ തിലകക്കുറിയുമാണ്. ഒരു മുസ്‌ലിമില്‍ നിന്ന് ഒരിക്കലും വേര്‍പെടാത്ത അനുഷ്ഠാന കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് നിസ്‌ക്കാരമാണ്. ഒട്ടേറെ ഹദീസുകളില്‍ നിസ്‌ക്കാരത്തിന്റെ മഹത്വവും ശ്രേഷ്ഠതയും പ്രവിശാലമായ പ്രതിഫലവും വിവരിച്ചിട്ടുണ്ട്. ചില ഹദീസുകള്‍ കാണുക.

       🍊ഇമാം അഹ്മദ് (റ) നിവേദനം ചെയ്യുന്നു. അബൂദര്‍റ്(റ) പറഞ്ഞു. ഒരു ശിശിരകാലത്ത് നബി(സ) പുറത്തേക്ക് വന്നു. ഒരു മരക്കൊമ്പില്‍ അവിടുന്നു പിടിച്ചു അതില്‍ നിന്ന് ഇലകള്‍ അടര്‍ന്നുവീണു. നബി(സ) എന്നെ വിളിച്ചു അബൂദര്‍റേ, അല്ലാഹുവിന്റെ റസൂലേ ഞാന്‍ വിളികേട്ടു. അവിടുന്നു പ്രതിവചിച്ചു. ഒരു വിശ്വാസിയായ അടിമ അല്ലാഹുവുന്റെ തൃപ്തി മാത്രം ആഗ്രഹിച്ചു കൊണ്ട് നിസ്‌ക്കാരം നിര്‍വ്വഹച്ചാല്‍ ഈ വൃക്ഷത്തില്‍ നിന്ന് ഇലകള്‍ അടര്‍ന്ന് വീഴുന്നതുപോലെ അവന്റെ പാപങ്ങള്‍ അവനില്‍ നിന്നു കൊഴിഞ്ഞുപോവന്നതാണ്.(അഹ് മദ്)

       🍊നബി(സ) പറഞ്ഞു സ്വന്തം ശരീരത്തിന്റെ വര്‍ത്തമാനങ്ങളില്‍ പെടാതെ രണ്ട് റക്ക്അത്ത് ആരെങ്കിലും നിസ്‌ക്കരിച്ചാല്‍ അവന്റെ കഴിഞ്ഞു പോയ എല്ലാ ദോഷങ്ങളും പൊറുക്കപ്പെടുന്നതാണ്. (ബുഖാരി)

      🍊നബി (സ) ഒരിക്കല്‍ സ്വഹാബികളോട് ചോദിച്ചു. വീടിനു മുന്നിലൂടെ ഒഴുകുന്ന നദിയില്‍ അഞ്ചു നേരം കുളിക്കുന്ന ഒരാളുടെ ശരീരത്തില്‍ വല്ല അഴുക്കും ശേഷിക്കുമോ സ്വഹാബികള്‍ പറഞ്ഞു ഇല്ല പ്രവാചകരെ ഒരാഴുക്കും ശേഷിക്കുകയില്ല. നബി(സ) പറഞ്ഞു. അഞ്ചു നേരത്തെ നിസ്‌കാരം അഞ്ചുനേരത്തെ കുളിപോലെ, സംഭവിച്ചു പോകുന്ന പാപങ്ങളെ മായ്ച്ചു കളയുന്നതാണ്. (മുസ്‌ലീം-667 ബുഖാരി/528).

       🍊അബൂ ഹുറൈറ(റ) നിവേദനം. നബി (സ) പറഞ്ഞു അഞ്ചു നേരത്തെ നിസ്‌ക്കാരം അവകള്‍ക്കിടയിലെ പാപങ്ങളെ പൊറുപ്പിക്കുന്നതാണ്. ഒരു ജുമുഅ നിസ്‌ക്കാരം അടുത്ത ജുമുഅ വരെയുള്ള സമയങ്ങളില്‍ വന്നുപോയ പാകപിഴവുകളെ പൊറുപ്പിക്കുന്നതാണ്, അവനില്‍ നിന്ന് വന്‍കുറ്റങ്ങള്‍ വന്നിട്ടില്ലെങ്കില്‍, (മുസ്‌ലീം233)

       വിശ്വാസികളില്‍ വന്നു പോകുന്ന പാപങ്ങള്‍ക്ക് മോചനം കിട്ടുക എന്നതാണ് നിസ്‌കാരത്തിന്റെ പ്രധാന ഫലങ്ങളായി മേല്‍ ഹദീസുകളില്‍ വിവരിച്ചിരിക്കുന്നത്. ഇതിനു പുറമേ ഭൗതികവും പാരത്രികവുമായി നിരവധി ഫലങ്ങള്‍ ഹദീസുകളില്‍ ധാരാളം വിവരിക്കുന്നുണ്ട്. സ്ഥലപരിമിതിമൂലം ചുരുക്കുകയാണ്.

      നിസ്‌കാരത്തിനു ഇത്രയും പവര്‍ ലഭിക്കാന്‍ കാരണം അല്ലാഹുവിന്റെ സ്മരണകളുടെ അനുസൃതമായ പ്രവാഹമാണ്. നിസ്‌ക്കാരത്തില്‍ നാം കാണുന്നത്. അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതില്‍ നിസ്‌കാരത്തെക്കാള്‍ മെച്ചമായ ഒരു സത്കര്‍മ്മവും ഇല്ലതന്നെ. *അതുകൊണ്ടാണ് നിസ്‌ക്കാരം വിശ്വാസികളുടെ മിഅ്‌റാജാണ് എന്നു പറയുന്നത്.*

     അല്ലാഹുവിനെക്കുറിച്ച് ഓര്‍മ്മകള്‍ അടിക്കടി ഉണ്ടാവാന്‍ വേണ്ടിയാണ് നിരന്തരമായ തക്ബീറുകളും തസ്ബീഹുകളും തസ്മീദുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് . അതിനാല്‍ അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ്മയും ബോധവും ഉണ്ടാക്കിയെടുക്കുന്നതില്‍ നിസ്‌ക്കാരമാണ് ഏറ്റവും വലിയ പങ്കുവഹിക്കുന്നത്. നിസ്‌ക്കാരം നില നിര്‍ത്തി പോരുന്നവര്‍ക്ക് രക്ത സാക്ഷികളെക്കാള്‍ പതിന്മടങ്ങ് പ്രതിഫലങ്ങള്‍ അല്ലാഹു നല്‍കുന്നുണ്ട്.


Comments