വളർച്ചയുടെ തുടക്കം
_നൂറ്റാണ്ടുകൾ പഴക്കമുളള ഒരു വലിയ മരത്തിന്റെ വലുപ്പം കണ്ട് അത്ഭുതത്തോടെ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു , ഇത്ര വലിയ മരം എങ്ങിനെയാണുണ്ടായത്? അതിശയം തന്നെ._
_ഗുരു പറഞ്ഞു , ' നീ പോയി ആ മരത്തിന്റെ പഴം ഒരെണ്ണം പറിച്ചു കൊണ്ടു വരൂ ' . അവൻ പഴം കൊണ്ടു വന്നപ്പൊൾ ഗുരു പറഞ്ഞു . അതൊന്നു മുറിക്കൂ . ശിഷ്യൻ മുറിച്ചു നോക്കിയപ്പോഴാകട്ടെ അതിൽ നൂറു കണക്കിനു വിത്തുകളും . അതിലൊരെണ്ണം തിരഞ്ഞെടുത്തിട്ട് ആ വിത്തു നീ ഒന്നു പൊട്ടിക്കൂ ഗുരു നിർദേശിച്ചു . അവൻ പൊട്ടിച്ചു നോക്കിയിട്ടു പറഞ്ഞു , ' ഈ വിത്തിനകത്ത് ഒന്നുമില്ലല്ലോ' ! അതു കേട്ടതും ഗുരു പറഞ്ഞു ; " ആ ഒന്നുമില്ലായ്മയിൽ നിന്നുമാണ് ഈ വൻമരം ഉണ്ടായത് ._
_ചില സംരംഭങ്ങൾ ഉണ്ടാകുന്നത് ഒരു ദിവസം കൊണ്ടല്ല . എവിടെ നിന്നു തുടങ്ങി എന്നു ചോദിച്ചാൽ കൃത്യമായി പറയാൻ നമുക്ക് ചിലപ്പോൾ സാധിച്ചെന്നു വരില്ല . എന്തിന്റേയൊക്കേയോ ധൈര്യത്തിൽ തുടങ്ങിയതാണ് പല സംരംഭങ്ങളും മുന്നേറ്റങ്ങളും ._
_തുടക്കം നന്നായാൽ ഒടുക്കം നന്നാകും എന്നല്ലേ ചൊല്ല് . നല്ല തുടക്കത്തിനു വേണ്ടി കാത്തിരിക്കുന്നതിനാലാണ് പലരും ഒന്നും തുടങ്ങാത്തത്. നല്ല സമയവും നല്ല കാലവും നോക്കി ആയുസ്സു മുഴുവൻ കാത്തിരുന്ന് മുളയ്ക്കാതെ പോയ വിത്തുകൾ പോലെ ._
_ശൂന്യതയിൽ നിന്നും നിറവിലേക്കുളള യാത്രയാണ് എല്ലാ വളർച്ചയും . എത്രമാത്രം വലുതാകുന്നു എന്നത് വിത്തിന്റെ വൈശിഷ്ട്യത്തെയും വഴികളിലെ വൈവിധ്യത്തേയും ആശ്രയിച്ചിരിക്കും .
വളർച്ചയുടെ വഴികൾ കാണാത്ത , ആ വഴികളിലൂടെ സഞ്ചരിക്കാൻ തയ്യാറാകാത്ത ഒരാളും വളരില്ല .
എല്ലാ തുടക്കത്തിനും ഒരു അവസാനമുണ്ടാകും. അതുപോലെ ഓരോ അവസാനത്തിനും മറ്റൊരു തുടക്കവും . 👣👣👣
വിജയത്തിനു തൊട്ടടുത്തെത്തി എന്നത് തിരിച്ചറിയാതെ , പരിശ്രമത്തിൽ നിന്നും പിൻവാങ്ങുന്നതാണ് മിക്കവരുടേയും ജീവിതത്തിലെ വലിയ പരാജയങ്ങൾ .