സംശയങ്ങളും മറുപടിയും - കണ്ണേറ്



📍52) കണ്ണേറ് ഉണ്ട് എന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടോ..?

ഉ: ഉണ്ട്. സൂറത്തുയൂസുഫ് 67-ാം വചനത്തില്‍ യഅഖൂബ് നബി(അ) തന്‍റെ മക്കള്‍ ഈജിപ്തിലെ രാജാവിനെ കാണാന്‍ പോകുമ്പോള്‍ "എന്‍റെ മക്കളെ! നിങ്ങളെല്ലാവരും കൂടി ഒരു വാതിലിലൂടെ കടക്കരുത്. വ്യത്യസ്ത വാതിലുകളിലൂടെ പ്രവേശിക്കുക" എന്ന്‍ ഉപദേശിക്കുന്നുണ്ട്.

 യൂസുഫ് നബി (അ)അടക്കമുള്ള തന്‍റെ മക്കള്‍ എല്ലാവരും അപാരമായ സൗന്ദര്യവും വ്യക്തിത്വവും ഉള്ളവരായതുകൊണ്ട് ആളുകളുടെ കണ്ണേറ് തട്ടാതിരിക്കാനാണ് ഇങ്ങനെ ഉപദേശിച്ചത്.
  (തഫ്സീര്‍ റൂഹുല്‍ബയാന്‍ 4/292, തഫ്സീര്‍ റാസി 9/176, ഖുര്‍തുബി 5/158, റൂഹുല്‍ മആനി 13/155, ഇബ്നു കസീര്‍ 2/484, സ്വാവി 2/234)

📍53) കണ്ണേറ് കൊണ്ട് നാശങ്ങള്‍ ഉണ്ടാകും എന്നതിന് തെളിവുണ്ടോ..?

ഉ: ഉണ്ട്. കണ്ണേറ് കൊണ്ട് മരണം വരെ സംഭവിക്കാം. "കണ്ണേറ് മനുഷ്യനെ ഖബറിലെത്തിക്കും ഒട്ടകത്തെ പാചകപ്പാത്രത്തിലുമെത്തിക്കും" എന്ന്‍ നബി ﷺ പറഞ്ഞിട്ടുണ്ട്.
  (മുസ്‌ലിം)

 "ഏതെങ്കിലുമൊരു കാര്യം വിധിയെ മറികടക്കുമായിരുന്നുവെങ്കില്‍ അത് കണ്ണേറ് ആകുമായിരുന്നു" എന്നും നബി ﷺ പറഞ്ഞിട്ടുണ്ട്.
  (മുസ്‌ലിം, അഹ്മദ്, തുര്‍മുദി, ഇബ്നുമാജ, ത്വിബ്ബുന്നബി 199)

📍54) കണ്ണേറ് എന്ന്‍ പറഞ്ഞാല്‍ എന്താണ്..?

ഉ: ചീത്ത പ്രകൃതിയുള്ളവരില്‍ നിന്നും അസൂയയുടെ കലര്‍പ്പോടെ നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു. ഇതുകാരണം നോക്കപ്പെടുന്ന വ്യക്തിയിലോ വസ്തുവിലോ ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത്.
  (റൂഹുല്‍ബയാന്‍ 4/293)

📍55) കണ്ണേറ് ഉണ്ടാകാനുള്ള കാരണമെന്താണ്..?

ഉ: ഏതൊരു വസ്തുവും പൂര്‍ണ്ണതയിലെത്തിയാല്‍ പിന്നെ നാശം തുടങ്ങും. അത് കണ്ണിന്‍റെ ശക്തി മാത്രമല്ല. ഒരു കാരണം മാത്രമാണ്. യഥാര്‍ത്ഥ ശക്തി അല്ലാഹു ﷻ തന്നെയാണ്. ഓരോ കാരണങ്ങളിലൂടെയാണ് അവന്‍ നാശങ്ങളും ഗുണങ്ങളുമൊക്കെ ഉണ്ടാക്കുന്നത്.
  (റൂഹുല്‍ബയാന്‍ 4/293)

*📍56) പിശാചില്‍ നിന്ന്‍ കണ്ണേറ് തട്ടുമോ..?*

ഉ: തട്ടും, നബി ﷺ ഉമ്മുസല്‍മ(റ) യുടെ വീട്ടിലേക്ക് ചെന്നപ്പോള്‍ മുഖം കരുവാളിച്ച ഒരു പെണ്‍കുട്ടി അവിടെ ഇരിക്കുന്നത് കണ്ടു.

 അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ അവളെ മന്ത്രിക്കുക കാരണം അവള്‍ക്ക് പിശാചിന്‍റെ കണ്ണേറ് തട്ടിയിട്ടുണ്ട്.
  (ബുഖാരി, മുസ്‌ലിം, മിശ്കാത്ത് 388, ത്വിബ്ബുന്നബി 200, മിര്‍ക്കാത്ത് 4/501)

Comments