ഭക്ഷണം കഴിക്കുമ്പോള്‍ പ്രവാചകന്റെ(ﷺ) ചര്യ



_*عن وَحْشِىِّ بْنِ حَرْبٍ عَنْ أَبِيهِ عَنْ جَدِّهِ أَنَّ أَصْحَابَ النَّبِىِّ -ﷺ- قَالُوا: يَا رَسُولَ اللَّهِ إِنَّا نَأْكُلُ وَلاَ نَشْبَعُ، قَالَ: «فَلَعَلَّكُمْ تَفْتَرِقُونَ» قَالُوا نَعَمْ، قَالَ: «فَاجْتَمِعُوا عَلَى طَعَامِكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ يُبَارَكْ لَكُمْ فِيهِ»*_
_നബി -ﷺ- യുടെ സ്വഹാബികളില്‍ ചിലര്‍ അവിടുത്തോട് പറഞ്ഞു: “അല്ലാഹുവിന്‍റെ റസൂലേ! ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നെങ്കിലും വയര്‍ നിറയുന്നില്ല.” അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ ഒറ്റക്കിരുന്നാകും ഭക്ഷണം കഴിക്കുന്നുണ്ടാവുക?” അവര്‍ പറഞ്ഞു: “അതെ.” അവിടുന്ന് പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുക. അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുകയും ചെയ്യുക (ബിസ്മി ചൊല്ലുക). എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ബറകത് ഉണ്ടാകും.” (അബൂദാവൂദ്: 3766)_

_ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാലിക്കേണ്ട മര്യാദകളും ചിട്ടകളും സസൂക്ഷ്മം വിവരിച്ചു തന്ന മതമാണ് ഇസ്ലാം. അതിനാല്‍ തന്നെ നിത്യജീവിതത്തില്‍ നാം ഇടപെടുന്ന മേഖലകളിലെല്ലാം തന്നെ ഇത്തരം ഇസ്ലാമിക ചിട്ടവട്ടങ്ങള്‍ പാലിക്കാന്‍ നാം ബാധ്യസ്ഥരാണ്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം കഴികുമ്പോഴുള്ള മര്യാദകള്‍. അമിതമായി ഭക്ഷം കഴിക്കുന്നതിനെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. അമിതമായി ഭക്ഷണം കഴിക്കുന്നത് അപക്വവും അപകടവുമാണ്. ആരെങ്കിലും ഇങ്ങനെ ഒരു സദസ്സില്‍ നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ജനങ്ങള്‍ അവനെ മോശമായ രീതിയിലാണ് നോക്കുക._
_പ്രവാചകന്‍ ഭക്ഷണം കഴിക്കാന്‍ മൂന്ന് വിരലുകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന് ഹഥീസുകളില്‍ കാണാം. ഭക്ഷണ ശേഷം കൈകഴുകുന്നതിന് മുന്‍പ് വിരലുകള്‍ അദ്ദേഹം നക്കിത്തുടക്കാറുണ്ടായിരുന്നു. ഭക്ഷണം നല്ല ചൂടുണ്ടെങ്കില്‍ അത് മൂടിവെക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചൂട് നീരാവിയായി പുറത്തേക്ക് പോകും._
_ഒരിക്കല്‍ പ്രവാചകന്‍ ചമ്രംപടഞ്ഞിരുന്നു ഈന്തപ്പഴം കഴിക്കുകയായിരുന്നു. അപ്പോള്‍ ആ സദസ്സിലേക്ക് കൂടുതല്‍ അനുചരന്മാരെത്തി തുടര്‍ന്ന് അവിടെ എല്ലാവര്‍ക്കും ഇരിക്കാന്‍ സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോള്‍ പ്രവാചകന്‍ അത്തഹിയാത്തില്‍ ഇരിക്കുന്ന പോലെ പരമാവധി ഇടുങ്ങിയിരുന്ന് മറ്റുള്ളവര്‍ക്കും സ്ഥലം ഒരുക്കുകയായിരുന്നു._
_രണ്ടു പേര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ മറ്റെയാള്‍ ഭക്ഷണം കഴിച്ചു തീരുന്നതിനു മുന്‍പ് നിങ്ങള്‍ എഴുന്നേറ്റ് പോകരുതെന്നും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ വയര്‍ നിറഞ്ഞെന്നു കരുതി എഴുന്നേറ്റു പോകാതെ രണ്ടാമത്തെയാള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് വേണ്ടത്._
_ഭക്ഷണം കഴിക്കുമ്പോള്‍ പ്രവാചകന്റെ ചര്യകളും ചിട്ടകളും പാലിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ. (ആമീന്‍)_
 *———————————-*

Comments