ഇബ്നു ഉമർ(റ)വും സേവകനും



മഹാനായ അബ്ദുല്ലാഹ് ഇബ്നു ഉമർ  (رضي الله عنه) വിന്റെ സേവകൻ ഒരിക്കൽ ഒരു തെറ്റ് ചെയ്തു,

അയാളെ ശിക്ഷിക്കാൻ ഒരുങ്ങിയ ഇബ്നു ഉമറിനോട് സേവകൻ : "ഏമാനേ, അങ്ങയെ അല്ലാഹു ശിക്ഷിക്കും എന്ന് ഭയപ്പെടുന്ന ഒരു തെറ്റും ജീവിതത്തിൽ അങ്ങ് ചെയ്തിട്ടില്ലേ?"

ഇബ്നു ഉമർ : "തീർച്ചയായും ഉണ്ട്, ചെയ്തിട്ടുണ്ട്! "

സേവകൻ : "എന്നിട്ട് അല്ലാഹു താങ്കൾക്കു പശ്ചാത്തപിച്ചു മടങ്ങാൻ കാല താമസം നല്കിയില്ലേ, എങ്കിൽ ഞാൻ ചെയ്ത തെറ്റിന് എന്ത് കൊണ്ടത്‌ നൽകിക്കൂടാ ? "

ഇത് കേട്ട ഇബ്നു ഉമർ (റ) അദ്ദേഹത്തിന് മാപ്പ് കൊടുത്തു..

രണ്ടാമതും സേവകൻ തെറ്റ് ചെയ്തു,

ശിക്ഷിക്കാൻ ഒരുങ്ങിയപ്പോൾ മുമ്പത്തെപ്പോലെ അല്ലാഹുവിന്റെ കാരുണ്യത്തെ ഓർമ്മിപ്പിച്ചു,

ഇബ്നു ഉമർ (റ) മാപ്പ് നൽകി...

മൂന്നാമത് ഒരിക്കൽ കൂടി സേവകൻ തെറ്റ് ആവർത്തിച്ചു,

ഇബ്നു ഉമർ (റ)ശിക്ഷിക്കാൻ ഒരുങ്ങി,

ഇത്തവണ സേവകൻ മൗനിയായി, ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി നിന്നു..

താഴ്മയോടെയുള്ള ആ നിൽപ്പു കണ്ട ഇബ്നു ഉമർ (റ) അദ്ദേഹത്തോട് ചോദിച്ചു: "എന്തേ ഇത്തവണ താങ്കൾ മുമ്പത്തെപ്പോലെ ഒന്നും പറയാത്തത് ??"

സേവകൻ: "അങ്ങ് എനിക്ക് രണ്ടു തവണ മാപ്പ് നൽകി , വീണ്ടും ആ തെറ്റ് ആവർത്തിച്ച എനിക്ക് ഇത്തവണയും മാപ്പ് ചോദിക്കാന്‍ ലജ്ജ തോന്നുന്നു."

ഇത് കേട്ട ഇബ്നു ഉമർ (റ) പൊട്ടിക്കരഞ്ഞു,
അദ്ദേഹം പറഞ്ഞു: "എങ്കിൽ ഞാൻ എന്റെ റബ്ബിനോട് എത്ര ലജ്ജയുള്ളവനാകണം!
സഹോദരാ, താങ്കള്‍ സ്വതന്ത്രനാണ്,
താങ്കളെ അല്ലാഹുവിനു വേണ്ടി ഞാൻ മോചിപ്പിക്കുന്നു ".

( "അൽ ബിദായ വന്നിഹായ : വാള്യം:13 പേജ്:205 )

✍മുഹമ്മദ് ശാഹിദ് സഖാഫി