ഇവളെന്തൊരു പെണ്ണാണ്
സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ
"കുട്ടിയെ നിനക്കിഷ്ടപെട്ടോ അതുപറ ?? " എന്ന ചോദ്യത്തിന് " ഇഷ്ടമൊക്കെയായി " എന്ന് വലിയ രസമില്ലാതെയായിരുന്നു കൂട്ടുകാരൻ ജാഫർ മറുപടി പറഞ്ഞത്. സംശയം തോന്നിയ ഞാനവനോട് ചോദിച്ചു " എന്താ നിനക്കൊരു ടെൻഷൻ പറ കുറെ ദിവസമായി ശ്രദ്ധിക്കുന്നു എന്താടാ ?? " എന്ന് ചോദിച്ച് കാര്യം തിരക്കിയപ്പോഴാണ് വിവാഹത്തിനൊരുങ്ങുന്ന അവൻ തന്റെ മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നം പങ്കുവെക്കുന്നത്.
അവൻ കല്ല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ ആരോ പ്രണയിക്കുന്നുണ്ടെന്നും കല്ല്യാണത്തിൽ നിന്നും ഇവൻ പിന്മാറിയില്ലെങ്കിൽ കല്യാണ ദിവസം അവർ ഒളിച്ചോടുമെന്നും മറ്റും ഫോണിലൂടെ ഒരുത്തൻ വിളിച്ച് പറഞ്ഞിരിക്കുന്നു. കാര്യത്തിന്റെ ഗൌരവം മനസ്സിലായ ഞാൻ "നമുക്കവളുടെ വീട്ടുകാരുമായി സംസാരിച്ച് ഇതിൽ നിന്നും ഒഴിയാം നിശ്ചയമല്ലേ കഴിഞ്ഞിട്ടൊള്ളൂ പേടിക്കാൻ ഒന്നുമില്ലല്ലോ " എന്ന് പറഞ്ഞപ്പോൾ "ഇത്രയും പെണ്ണ് പോയി നോക്കിയിട്ട് ആകെ ഇഷ്ടപ്പെട്ട ഒരു കുട്ടിയാ ഇതും ഒഴിവാക്കിയാൽ ഇനി വേറെ കിട്ടുമോ?? എനിക്ക് വയ്യ ഇങ്ങനെ ടെന്ഷനടിച്ചു നടക്കാൻ" എന്ന് പറഞ്ഞതും അവന്റെയുള്ളിലെ വിഷമം മനസ്സിലായ ഞാൻ " ജാഫർ… നമുക്കൊന്ന് അന്വേഷിച്ച് നോക്കിയിട്ട് ബാക്കി ആലോചിക്കാം " എന്നൊക്കെ പറഞ്ഞ് ഞാനവന്റെ ടെൻഷനൊന്ന് കുറക്കാൻ ശ്രമിച്ചു .
അടുത്ത ദിവസം ഞങ്ങളവളുടെ നാട്ടിൽ ചെന്ന് നാട്ടിലുള്ള ചില ആളുകളോട് അവളെ കുറിച്ച് അന്വേഷിച്ചെങ്കിലും കൂടുതലൊന്നും അവർക്കാർക്കും അറിയില്ലായിരിന്നു . ഒളിച്ചോടും എന്ന് പറഞ്ഞ് വിളിച്ച നമ്പറിൽ തിരിച്ചു വിളിച്ചപ്പോൾ സ്വിച്ച് ഓഫും ചെയ്തിരിക്കുന്നു. ചോദിച്ചവർക്കൊന്നും പരിചയമില്ലാത്ത ഒരു നമ്പർ .
കല്ല്യാണത്തിനധികം ദിവസമില്ലാത്തതിനാൽ ഞങ്ങളുടെ ടെൻഷനും കൂടി കൊണ്ടിരുന്നു. വിവാഹം നിശ്ചയിച്ച ഒരുത്തൻ സന്തോഷിക്കേണ്ട ഈ സമയത്ത് ഉറക്കവും നഷ്ട്ടപ്പെട്ട് നടക്കുന്നു.
ഒന്നുരണ്ട് ദിവസം കഴിഞ്ഞപ്പോൾ അവനെ കൂട്ടാതെ ഞാൻ അവൾ പഠിച്ച കോളേജിൽ പോയി കുറച്ച് പേരോടന്വേഷിച്ചപ്പോഴാണ് ക്ലാസ്സിലൊക്കെ നല്ല ആക്റ്റീവ് ആയിരുന്നു എന്നും പ്രണയം ഉണ്ടായിരുന്നോ എന്നുള്ളത് കറക്റ്റ് ആയി അറിയില്ല എന്നും അവളുടെ കൂടെ നടന്നിരുന്നവരിൽ ചിലർക്കെല്ലാം ഉണ്ടായിരുന്നത് കണ്ടിട്ടുണ്ട് എന്നല്ലാം അറിയുന്നത് . ഇങ്ങനെ ആണെങ്കിൽ അവള്ക്കും ഉണ്ടാകുമെന്നുറപ്പിച്ച് ആ വിവരം പറയാൻ ചെന്നപ്പോഴാണ് ജാഫറാ കുട്ടിയുടെ ഫോട്ടോയും നോക്കിയിരിക്കുന്നത് കണ്ടത് .
വിവാഹത്തിന് രണ്ട് ദിവസം മാത്രം ബാക്കിയുളള ഈ സമയത്ത് ഇക്കാര്യങ്ങളെല്ലാം ഇവനോടിപ്പോൾ പറഞ്ഞാൽ പിന്നെയവന്റെ അവസ്ഥ ആലോചിക്കാൻ കഴിയാത്ത ഒന്നായിരുന്നു . എങ്ങനെയിത് പറയാതിരിക്കുമെന്ന് ചോദിച്ച് പറയാൻ മനസ്സ് നിർബന്ധിച്ചെങ്കിലും പറയാൻ കഴിഞ്ഞില്ല.
കല്യാണ ദിവസം വന്നെത്തിയിരിക്കുന്നു. അവന്റെ വീട്ടിൽ ആളുകൾക്കിടയിൽ ഒളിഞ്ഞു നടക്കുന്ന എനിക്കായിരുന്നു കൂടുതൽ ടെൻഷൻ . കോളേജിൽ പോയി അന്വേഷിച്ചതും മറ്റും തുറന്നു പറയാതെ നടക്കുന്ന എന്റെ മാനസികാവസ്ഥ ജാഫറിന് മുന്നിൽ മറച്ചു വെക്കാൻ എനിക്ക് കഴിഞ്ഞില്ല. അവന്റെ മുന്നിൽ പെടാതെ ഒഴിഞ്ഞു മാറുന്നതും ഞാൻ പതിവില്ലാതെ ഇടക്കിടക്ക് സിഗരറ്റ് വലിക്കുന്നതും ശ്രദ്ധയിൽപെട്ട അവൻ എന്നെ റൂമിൽ കയറ്റി കാര്യം ചോദിച്ചപ്പോൾ നിർബന്ധിതനായി എല്ലാം പറയേണ്ടി വന്നു.
കേട്ട് കഴിഞ്ഞതും
ഒന്നും പറയാതെ കട്ടിലിൽ തലകുനിച്ചിരിക്കുന്ന അവന്റെയരികിലിരുന്ന് ഞാൻ
" നീ ഒരുങ്ങ് നമുക്ക് വരുന്നിടത്ത് വെച്ച് കാണാം " എന്ന് പറയുമ്പോൾ അകത്തേക്ക് വന്ന കുടുംബക്കാരൻ " നിങ്ങൾ രണ്ടാളും ഇവിടെ എന്തെടുക്കുകയാ ഇറങ്ങണ്ടേ ?? നേരം കുറെയായി " എന്ന് പറഞ്ഞതും അവനെന്നെ ദയനീയമായൊന്നു നോക്കി.
അവനെ വസ്ത്രങ്ങൾ മാറ്റിച്ച് ഞങ്ങൾ കാറിൽ കയറി അവളുടെ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി .
ഞങ്ങളുടെയുള്ളിൽ അനുഭവപ്പെടുന്ന ടെൻഷൻ കൂടെയുള്ളവർ ശ്രദ്ധിക്കാതിരിക്കാൻ അവർ പറയുന്ന തമാശകൾ കേട്ട് ഇടക്കിടക്ക് ഞാനും അവനും വെറുതെ ചിരിച്ച് കൊടുത്തു.
പെണ്ണിന്റെ വീട്ടിലെത്തി വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ ഞാനും കാര്യങ്ങൾ അറിയാവുന്ന മറ്റൊരുത്തനും ചേർന്ന് അവനോട് പറഞ്ഞു "ജാഫറെ നീ പന്തലിലേക്ക് ചെല്ലൂ ഞങ്ങൾ പുറത്തുണ്ടാവും ആരും വരില്ല ധൈര്യായി ചെല്ലെടാ " എന്നൊക്കെ പറഞ്ഞതും തിരിച്ചൊന്നും പറയാതെ അവൻ ആളുകൾ തിങ്ങികൂടി നിൽക്കുന്ന ആ പന്തലിലേക്ക് നടന്നു.
ഈ സമയത്താണ് പെണ്ണിനെ ഒരുക്കി കൊണ്ടുപോകുവാൻ ജാഫറിന്റെ വീട്ടിൽ നിന്നും അങ്ങോട്ട് വന്ന സ്ത്രീകളുടെ കൂടെയുള്ള എന്റെ പെങ്ങളെ വിളിച്ച് വീട്ടിൽ നിന്നും പറഞ്ഞ കാര്യങ്ങൾ ഒരുവട്ടം കൂടി ഓർമ്മിപ്പിച്ചത് " നീ നല്ലോണം ശ്രദ്ധിക്കണം ആരെങ്കിലും അവളുടെ കൂടെ സംശയം തോന്നിപ്പിക്കുന്ന രീതിയിൽ കണ്ടാൽ എന്നെ വിളിക്ക് " എന്ന് പറഞ്ഞ് കൊടുത്ത് ഞങ്ങൾ വീടിന്റെ മുൻവശത്ത് നിന്നു.
സമയം പെട്ടെന്ന് പോകുന്നുണ്ടായിരുന്നു. പന്തലിൽ നിന്നും നിക്കാഹ് കഴിഞ്ഞുള്ള ദുആ ചെവിയിലേക്കെത്തിയതും എന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു.
പെണ്ണും, ചെക്കനും ഇറങ്ങാൻ ഇനി കുറച്ച് മിനുട്ടുകൾ കൂടി മാത്രം അതുവരെ ഒന്നും സംഭവിക്കാഞ്ഞാൽ മതിയായിരുന്നു എന്ന് ചിന്തിച്ച് നിൽക്കുമ്പോഴാണ്
പെട്ടെന്നു പെങ്ങളുടെ കാൾ മൊബൈലിലേക്ക് വരുന്നത് !!
ഫോണെടുത്ത് "എന്താ ?? "എന്ന് ചോദിച്ചതും " ഇക്കാ ആ കുട്ടി ഈ ഇറങ്ങാൻ നേരത്ത് ഒരു കവറുമായി ടെറസ്സിനു മുകളിലെക്കുള്ള ഡോർ തുറന്ന് അങ്ങോട്ട് പോയി …! " എന്ന് കേട്ടതും
അവളോട് കൂടുതലൊന്നും ചോദിക്കാതെ ഫോൺ വെച്ച്
" ഡാ നീ വീടിന്റെ ബാക്കിലേക്ക് ചെല്ല് അവൾ ടെറസ്സിനു മുകളിലുണ്ട് വീടിന്റെ പിറകിലൂടെ ഇറങ്ങാൻ വല്ല വഴിയുമുണ്ടോന്ന് നോക്ക്. ഞാനിപ്പൊ വരാം " എന്ന് കൂടെയുള്ളവനോട് പറഞ്ഞ് പന്തലിലിരിക്കുന്ന ജാഫറിനെയും കൂട്ടി ഞാൻ അവളുടെ വീടിനകത്തേക്ക് നടന്നു.
നടക്കുന്നതിനിടയിൽ " എന്താ ഡാ ?? " എന്നവൻ ഇടറി ചോദിച്ചപ്പോൾ "അവൾ ഡ്രസ്സെല്ലാം എടുത്ത് ടെറസ്സിനു മുകളിലേക്ക് പോയത്രേ . പെങ്ങൾ വിളിച്ച് പറഞ്ഞതാ നീ വാ നമുക്കൊന്ന് നോക്കാം " എന്നും പറഞ്ഞ് കൈ പിടിച്ചപ്പോൾ
കൂടെവരാൻ മടിച്ച് നിൽക്കുന്ന അവന്റെ കയ്യും പിടിച്ച് ആളുകൾക്കിടയിലൂടെ ഞങ്ങൾ അകത്തേക്ക് ചെന്നു.
കല്യാണ ചെക്കനെ പ്രതീക്ഷിക്കാതെ അകത്ത് കണ്ടപ്പോൾ അവനേയും നോക്കി നിൽക്കുന്ന പെണ്ണുങ്ങളെ ശ്രദ്ധിക്കാതെ നിൽക്കുമ്പോഴാണ് അവളുടെ ഉപ്പ അങ്ങോട്ട് വരുന്നത്. ഞങ്ങളുടെ അടുത്തേക്ക് ചിരിച്ച് കൊണ്ടു വന്ന അവരോട് "ഇക്കാ അവളെവിടെ ഇവനെന്തോ ചോദിക്കാനുണ്ട് ?" എന്ന് പറഞ്ഞതും
" ഇവിടെ ഉണ്ടായിരുന്നല്ലോ … മുംതാസ് എവിടെ ? " എന്നുപ്പ അവിടെ നിന്ന അവളുടെ ഉമ്മയോട് അന്വേഷിച്ചപ്പോൾ മുകളിലേക്ക് പോയിട്ടുണ്ടെന്ന് ആരോ അപ്പുറത്ത് നിന്നും പറഞ്ഞത് കേട്ട് മുകളിലേ വാതിലിനടുത്തേക്ക് പോകുന്ന അവളുടെ വീട്ടുകാരെയും നോക്കി ഞാനും അവനും താഴെ നിന്നു.
ഉപ്പ വാതിലിനരികിൽ ചെന്ന് തുറക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല.
" മുംതാസേ നീ എവിടെ ?" എന്നും ചോദിച്ചു വാതിലിൽ മുട്ടി വിളിക്കുന്ന അവളുടെ ഉമ്മയെ കണ്ടപ്പോൾ ജാഫറെന്നോട് ദേഷ്യത്തോടെ പറഞ്ഞു "സന്തോഷായില്ലേ നിനക്ക് ? എല്ലാം അറിഞ്ഞിട്ടും മറച്ചു വെച്ച് എന്നെ ഇങ്ങനെ ഒരവസ്ഥയിൽ കൊണ്ടുവന്നത്തിച്ചപ്പോൾ …!! ".
ഒന്നും പറയാൻ കിട്ടാതെ മിണ്ടാതെ അവനേയും നോക്കി നിൽക്കുമ്പോഴാണ് അവൾ പെട്ടെന്ന് വാതിൽ തുറന്നത്.
"എന്താ ഉമ്മാ ?? " എന്നും ചോദിച്ചു കാര്യമറിയാതെ പുറത്തേക്ക് വന്ന അവളുടെ കോലം കണ്ടതും എന്റെ കണ്ണുകൾക്കെന്തോ വല്ലാത്തൊരൽഭുതം തോന്നി .
ജാഫറിനെ നോക്കിയപ്പോൾ അവനവളെ ആദ്യമായി കാണുന്നത് പോലെയാണ് നോക്കുന്നത്.
മയിലാഞ്ചിയിട്ട കൈകൊണ്ടു നിസ്ക്കാരകുപ്പായം പിടിച്ച്, മൊക്കന അഴിക്കാതെ കാര്യമെന്താണന്നറിയാൻ പുറത്തേക്ക് വന്ന അവളോട് "നീ ഇവിടെ എന്തെടുക്കുവാ…??
പോകണ്ടേ ?? അവർ കാത്തുനിൽക്കുന്നു " എന്നവളുടെ ഉമ്മ ചോദിച്ചതും " ഇറങ്ങുന്നതിനു മുൻപൊരു സുന്നത്ത് നിസ്ക്കരിക്കാൻ ആളൊഴിഞ്ഞ റൂമില്ല ഉമ്മാ അതോണ്ടാ ആരോടും പറയാതെ ഇങ്ങോട്ട് പോന്നത് " എന്നുമ്മയോട് പതുക്കെ പറഞ്ഞ് ഉമ്മയുടെ കൂടെ കോണിപ്പടി ഇറങ്ങുന്ന അവൾ ജാഫറിനെ ഇടങ്കണ്ണിട്ട് നോക്കിയൊന്ന് ചിരിച്ചതും ഞാൻ
അവനെയൊന്നു നോക്കി.
ടെൻഷനുകളൊഴിഞ്ഞ അവന്റെ മുഖം കണ്ടപ്പോഴാണ് എന്റെ മനസ്സിൽ അത് വരെ കെടാതെ പുകഞ്ഞിരുന്ന കനൽ കെട്ടടങ്ങിയത് .
കല്ല്യാണം കഴിഞ്ഞ് പിറ്റേന്നാണ് അവളുടെ ഇഷ്ട്ടമില്ലാതെ പിന്നാലെ നടന്നിരുന്ന ഒരുത്തൻ അവള്ക്ക് വരുന്ന ആലോചനകൾ മുടക്കാൻ ഇങ്ങനെ വിളിച്ചിരുന്ന സത്യം അവളവനോട് പറയുന്നത്.
വിവാഹത്തിനന്ന് പെണ്ണ് ഒളിച്ചോടി പോയ വാർത്തകൾ കേട്ട് പേടിച്ച് നടന്ന തനിക്ക് നല്ലൊരു ജീവിതപങ്കാളിയെയാണ് കിട്ടിയിരിക്കുന്നത് എന്ന സത്യം വിവാഹദിവസം തന്നെ നേരിൽ കണ്ട അവനൊരു ഭാഗ്യവാനാ എന്ന് ഞങ്ങൾ സുഹൃത്തുക്കൾ പറഞ്ഞിരിക്കുമ്പോൾ ഒരുത്തൻ പറഞ്ഞു
" സ്വന്തം വീട്ടുകാരെയൊക്കെ വിട്ട് ഇതുവരെ കാണാത്ത ഒരു വീട്ടിലേക്ക് മണവാട്ടിയായി ഒരുങ്ങി ഇറങ്ങുംബോഴായിരിക്കും ഒരു പെണ്ണിന് സന്തോഷവും, ടെൻഷനും ഒരുമിച്ച് വരുന്നത്. ആ നേരത്ത് വരാനിരിക്കുന്ന പവിത്രമായ ജീവിതം സന്തോഷത്തിലാവാൻ രണ്ട് റകഹത്ത് സുന്നത്ത് നിസ്ക്കരിക്കാൻ മറക്കാത്ത, മടിക്കാത്ത ആ പെണ്ണിനെ പോലെയുള്ളവർ നമ്മൾ ആണുങ്ങൾക്കും ഒരു മാതൃകയാണ് " എന്ന് പറഞ്ഞപ്പോൾ എതിരഭിപ്രായം ഞങ്ങളിൽ ആർക്കുമുണ്ടായിരുന്നില്ല.
സ്നേഹത്തോടെ....
*----------------------------*
Comments
Post a Comment